'യുദ്ധത്തിന്റെ സന്തതികള്‍' ഗോവ മേളയില്‍

1971ലെ ബംഗദേശ് വിമോചന യുദ്ധം പശ്ചാത്തലമാക്കുന്ന 'ചില്‍ഡ്രന്‍ ഓഫ് വാര്‍' ഇന്ത്യയുടെ നാല്‍പത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍. ഉഭയകക്ഷി തലത്തില്‍ ഇന്ത്യ-പാക്ക് ബന്ധം അത്ര സുഖകരമല്ലാതെ മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണ് ചിത്രം മേളയിലെത്തിയതെന്നതാണ് ശ്രദ്ധേയം. ഐഎഫ്എഫ്ഐയുടെ സ്ക്രീനിങ് ഷെഡ്യൂളില്‍ അവസാന നിമിഷമാണ് ചിത്രം കടന്നെത്തിയത്. 1971 ല്‍ ബംഗദേശ് വിമോചന സമരത്തിനിടെ പാക്കിസ്ഥാന്‍ സേന നടത്തിയ നരനായാട്ടും കൂട്ടമാനഭംഗങ്ങളും ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നതാണ് ലഭിക്കുന്ന വിവരം. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മേള അധികൃതര്‍ തയ്യാറല്ല. മൃത്യുഞ്ജയ് ദേവ്രതിന്റെ കന്നി സംവിധാന സംരംഭമായ ചിത്രം ഈ വര്‍ഷം ആദ്യം റിലീസ് ചെയ്തതാണ്. പാക്കിസ്ഥാനിലും ബംഗദേശിലും ചര്‍ച്ചാവിഷയമായ ചിത്രം പാക്കിസ്ഥാനില്‍ നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ ബംഗദേശ് വിജയ ദിനം ആഘോഷിക്കുന്ന ഡിസംബര്‍ 12 ന് ചിത്രം ബംഗദേശില്‍ റീ-റിലീസ് ചെയ്യണമെന്ന ആവശ്യമാണ് അവിടെ നിന്നുയര്‍ന്നത്. ഐഎഫ്എഫ്ഐ വേദിയില്‍ ചിത്രം അവതരിപ്പിക്കാനാകുന്നത് സന്തോഷകരമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ദേവ്രത് പറഞ്ഞു. യുദ്ധക്കുറ്റങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടിയാണ് ചിത്രം വ്യക്തമാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. 1971 ലെ യുദ്ധകാലയളവില്‍ മാനഭംഗത്തിനിരയായ നാലു ലക്ഷം ബംഗദേശ് സ്ത്രീകളുടെ കഥനകഥയാണ് ചിത്രം പരാമര്‍ശിക്കുന്നത്. ബംഗാളി സംസാരിക്കുന്ന മുസ്ലിം ഭൂരിപക്ഷത്തെയും ഹിന്ദു ന്യൂനപക്ഷത്തെയും ഭീതിയിലാഴ്ത്താന്‍ ഈ മാനഭംഗങ്ങള്‍ പാക്ക് സേന എങ്ങനെ ഉപയോഗപ്പെടുത്തിയെന്നതും ചിത്രം ചര്‍ച്ച ചെയ്യുന്നു.

പാക്ക് സേനയുടെ നേതൃത്വത്തില്‍ നടത്തിയ ഈ മാനഭംഗ പരമ്പര നിരവധി ജനനങ്ങള്‍ക്കും ഗര്‍ഭചിദ്രങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും സാമുദായിക ഭ്രഷ്ടിനും എങ്ങനെ കാരണമായന്നതും ചിത്രം പരിശോധിക്കുന്നു. 1971 ലെ വിമോചന സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ക്കെതിരെ ബംഗദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വിചാരണ മുന്നോട്ടു കൊണ്ടുപോകുന്ന കാലം കൂടിയാണിത്.

© Copyright 2014 Manoramaonline. All rights reserved.