online-logo

വിലപേശാനുള്ള ജീവിതങ്ങള്‍

ജി. പ്രമോദ്

article-image

ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ നിന്നുയരുന്ന നെടുവീര്‍പ്പാണ് വിദര്‍ഭ. പ്രതീക്ഷകള്‍ കതിരണിയാന്‍ കാത്തിരുന്ന ഒരു ജനസമൂഹത്തിന്റെ സ്വപ്നങ്ങള്‍ കത്തിചാമ്പലായ തരിശുപാടം; മഹാരാഷ്ട്രയുടെ കാര്‍ഷികമണ്ണ്. അവിടെ നിന്നുയരുന്നത് ഉപേക്ഷിക്കപ്പെട്ട കാര്‍ഷികവിളകളുടെ ചീഞ്ഞഗന്ധം മാത്രമല്ല; പ്രിയപ്പെട്ടവരുടെ ചിതയില്‍ നിന്നുയരുന്ന ശവഗന്ധം കൂടിയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദര്‍ഭ വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ കാരണമായത് കര്‍ഷകരുടെ ആത്മഹത്യയെത്തുടര്‍ന്നാണ്. ജീവനോപാധി നഷ്ടപ്പെട്ടപ്പോള്‍ നൂറുകണക്കിനു കര്‍ഷകരാണ് ഉറ്റവരോടും ഉടയവരോടും യാത്രപോലും പറയാതെ ജീവിതം അവസാനിപ്പിച്ചത്. പതിവുപോലെ സര്‍ക്കാരുകള്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു. പ്രത്യേക പാക്കേജുകള്‍ വാരിച്ചൊരിഞ്ഞു. പക്ഷേ കര്‍ഷകന്റെ കണ്ണീര്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല. അന്തമില്ലാതെ പരന്നുകിടക്കുന്ന വിദര്‍ഭയിലെ പാടശേഖരങ്ങള്‍ക്കു പറയാന്‍ അനേകം കഥകളുണ്ട്. ഒരു വീടിന്റെയോ കുടുംബത്തിന്റെയോ ഒരു ബന്ധത്തിന്റെയോ മാത്രം കഥയല്ലത്. ഇന്ത്യയുടെ നെല്ലറയായിരുന്ന , ഫലഭൂയിഷ്ടമായിരുന്ന ഒരു പ്രദേശത്തിന്റെ വിലാപമാണത്. കാര്‍ഷികവൃത്തിയിലൂടെ ജീവിതം കരുപ്പിടിപ്പിച്ച ഒരു ജനസമൂഹത്തിന്റെ നിലയ്ക്കാത്ത നിലവിളിയാണ്.

ഇന്ത്യയിലെ കാര്‍ഷിക ഗ്രാമങ്ങളുടെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത പട്ടിണിയുടെയും, നിറഞ്ഞ വയറുമായി ഉറങ്ങുന്നതു സ്വപ്നംകണ്ട പാവപ്പെട്ടവരുടെയും ദുരന്തേതിഹാസമാണ്. ഇത്തവണ ഇന്ത്യന്‍ വെള്ളിത്തിര കണ്ട മികച്ച സിനിമകളിലൊന്നു ക്യാമറ തിരിക്കുന്നത് ഈ ദുരന്ത ദൃശ്യങ്ങളിലേക്കാണ്- ഏക് ഹസാര്‍ച്ചി നോട്ട് ( ആയിരം രൂപ നോട്ട് ). ശ്രീഹരി സാഥേയുടെ മറാത്തി സിനിമ. ചിത്രത്തിന്റെ സംവിധാനമികവിന്റെ പേരില്‍ ഗോവയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ സാഥേയെ ആദരിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശ ചലച്ചിത്രമേളകളിലും സാഥേയ്ക്ക് അംഗീകാരങ്ങള്‍ ലഭിച്ചു.

സമകാലിക ഇന്ത്യയുടെ സാമൂഹിക യാഥാര്‍ഥ്യം പ്രതിഫലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് മഹാരാഷ്ടയിലെ വിദര്‍ഭ പ്രദേശത്തെ വിദൂരമായൊരു ഗ്രാമത്തിലാണ്. പരോബുധിയെന്നാണ് പ്രധാനകഥാപാത്രത്തിന്റെ പേര്. സാധാരണജീവിതം നയിക്കുന്ന ഒരു വീട്ടമ്മയാണവര്‍. കൃഷിയിലൂടെ ജീവിക്കാനുള്ള വരുമാനം കണ്ടെത്തിയിരുന്ന അവരുടെ ജീവിതം തകര്‍ത്തത് മകന്റെ ആത്മഹത്യയാണ്. ചെറുപ്പക്കാരനായ, കുടുംബത്തിനു താങ്ങാകേണ്ട മകന്‍ ജീവിതം അവസാനിപ്പിച്ചതോടെ പരോബുധിയുടെ ജീവിതം ദുരിതത്തിലായി. ആ സമയത്താണ് പ്രദേശത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നഗരത്തില്‍ നിന്നും കീശ നിറയെ കാശും മുഖം നിറയെ പുഞ്ചിരിയുമായി രാഷ്ട്രീയക്കാര്‍ ഗ്രാമീണരെ വല വീശിപ്പിടിക്കാന്‍ എത്തുകയായി. തങ്ങള്‍ക്കു വോട്ടുചെയ്താല്‍ ഗ്രാമീണരുടെ എല്ലാ ദുരിതങ്ങളും അവസാനിപ്പിക്കുമെന്ന് അവര്‍ വീണ്ടും വാഗ്ദാനങ്ങള്‍ നിരത്തി. ബുധിയുടെ ജീവിതദുരിതത്തെപ്പറ്റി അറിഞ്ഞ ഒരു രാഷ്ട്രീയനേതാവ് അവരെ കാണാനെത്തി. അവരുടെ ദുരന്തം അറിഞ്ഞ അയാള്‍ ഏതാനും ആയിരം രുപനോട്ടുകള്‍ അവരുടെ കയ്യില്‍വച്ചുകൊടുത്തു. ബുധിക്ക് അതു നിരസിക്കാനാവുമായിരുന്നില്ല.

നോട്ടുകളുമായി അയല്‍ക്കാരിയോടൊപ്പം അവര്‍ അടുത്തുള്ള പട്ടണത്തിലേക്കു സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നു. അവിടെ അവരെ കാത്തുനിന്നത് അന്വേഷ ഉദ്യോഗസ്ഥന്റെ ചാരക്കണ്ണുകളായിരുന്നു. ദുരിതം വിതച്ച ജീവിതത്തില്‍ നിന്നു മോഹനവാഗ്ദാനത്തിന്റെ പ്രലോഭനത്തില്‍പ്പെട്ടുപോയ ബുധിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളാണ് ഈ ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്നും സിനിമ - വീഡിയോ പഠനത്തില്‍ ബിരുദം സ്വന്തമാക്കിയ ശ്രീ ഹരി സാഥേ 2013 ല്‍ 'ഇറ്റ് ഫെല്‍റ്റ് ലൈക് ലവ്' എന്ന ചിത്രം നിര്‍മിച്ചിരുന്നു. ആയിരം രൂപ നോട്ട് അദ്ദേഹത്തിന്റെ പ്രഥമ സംവിധാന സംരംഭമാണ്. അനേകം ചെറുചിത്രങ്ങള്‍ നിര്‍മിച്ച മികവുമായാണ് സാഥേ സംവിധാനരംഗത്തേക്കു വന്നിരിക്കുന്നത്. ഉഷാ നായിക്, സന്ദീപ് പഥക്, ഗണേഷ് യാദവ്, ശ്രീകാന്ത് യാദവ് എന്നിവരാണു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കൃത്രിമമായ ശബ്ദങ്ങളോ പശ്ചാത്തല സംഗീതമോ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല. വിദര്‍ഭയുടെ പതിഞ്ഞതാളത്തിലുള്ള സ്വാഭാവിക ശബ്ദങ്ങളും പ്രകൃതിയുമാണ് ചിത്രത്തിന്റെ ആത്മാവ്.

ഗോവയില്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഈ ചിത്രം തിരുവനന്തപുരത്തും വിദേശപ്രതിനിധികള്‍ക്കുള്‍പ്പെടെ മികച്ച ദൃശ്യവിരുന്നാകുമെന്നാണ് പ്രതീക്ഷ. ഹസാര്‍ച്ചി നോട്ടിനൊപ്പം ആറു ചിത്രങ്ങള്‍ കൂടിയുണ്ട് ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍. രണ്ടു ബംഗാളി ചിത്രങ്ങള്‍: മനോജ് മിച്ചിഗന്റെ 89, ശേഖര്‍ ദാസിന്റെ ദ് ടെല്‍ ഓഫ് നയന്‍ചാമ്പ. മൂന്നു ഹിന്ദി ചിത്രങ്ങള്‍: രാജ് അമിത് കുമാറിന്റെ ബ്ലെമിഷ്ഡ് ലൈറ്റ് , അനന്ത് നാരായണ്‍ മഹാദേവന്റെ ഗോര്‍ ഹരി ദസ്താന്‍, അദ്യേപാര്‍ഥ രാജന്റെ ദ് മിത്ത് ഓഫ് ക്ളിയോപാട്ര. ഒരു തമിഴ് സിനിമ : അരുണ്‍കുമാറിന്റെ പന്നൈയാറും പദ്മിനിയും.

open-forum