online-logo

അസ്തമിക്കുന്നില്ല; പ്രതിഭയുടെ പുലര്‍കാലം

ജി. പ്രമോദ്

article-image

18 വര്‍ഷമായി മുടങ്ങാതെ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ വഴിത്തിരിവാകേണ്ട വര്‍ഷമായിരുന്നു 2010. മേളയുടെ ചരിത്രത്തിലാദ്യമായി മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം അന്നു ലഭിക്കേണ്ടിയിരുന്നത് ഒരു മലയാളം സിനിമയ്ക്കായിരുന്നു. ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി. മോഹന്‍ രാഘവന്റെ ആദ്യ സംവിധാനസംരംഭം. അര്‍ഹതയുണ്ടായിട്ടും, മല്‍സരത്തില്‍ മുന്നിലെത്തിയിട്ടും അന്നു ദാസനു മാറിനില്‍ക്കേണ്ടിവന്നു. വിദേശ സിനിമകള്‍ മാറ്റുരയ്ക്കുന്നൊരു വേദിയില്‍ മലയാളചിത്രത്തിന് അവാര്‍ഡ് കൊടുക്കുന്നതു മേളയുടെ ഭാവിയെത്തന്നെ ബാധിക്കുമെന്ന ആശങ്കയിലാണു ദാസനു മാറേണ്ടിവന്നത്. സുവര്‍ണ സമ്മാനം കിട്ടിയില്ലെങ്കിലും ചിത്രം കണ്ടവരുടെയെല്ലാം മനസ്സില്‍ മുന്നിലെത്തിയതു ദാസന്‍ തന്നെയായിരുന്നു. നവാഗത സംവിധായകനുള്ള അംഗീകാരംകൊണ്ടു മോഹന്‍രാഘവനു തൃപ്തനാകേണ്ടിവന്നു.

പാലക്കാട്ടെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പതിനൊന്നുവയസ്സുകാരനായ ഒരു കുട്ടിയും അമ്മയും കൂടി കത്തുകളിലൂടെ അച്ഛനെ തേടുന്ന കഥ സാമൂഹിക, രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രേക്ഷകരെ തീവ്രമായി അനുഭവിപ്പിച്ച സിനിമയായിരുന്നു ടി.ഡി. ദാസന്‍. ആ സിനിമയുടെ അംഗീകാരനഷ്ടത്തിന്റെ കഥ ഒറ്റപ്പെട്ടതല്ല. പിന്നീടുള്ള മേളകളിലും മോഹന്‍ രാഘവനെപ്പോലെ പ്രതീക്ഷയര്‍പ്പിക്കാവുന്ന മലയാളി ചെറുപ്പക്കാര്‍ തങ്ങളുടെ സ്വപ്നദൃശ്യങ്ങളുമായി ചലച്ചിത്രമേളയില്‍ എത്തി. മുഖ്യധാരാ സിനിമയുടെ ഭാഗമായിരുന്നില്ല അവര്‍. പാരമ്പര്യത്തിന്റെയോ പൈതൃകത്തിന്റെയോ സമ്പത്തിന്റെയോ പിന്‍ബലം അവര്‍ക്കുണ്ടായിരുന്നുമില്ല. പക്ഷേ, സിനിമ അവര്‍ക്കു ജീവശ്വാസം തന്നെയായിരുന്നു. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഭാവിയും സിനിമയായിരുന്നു. വെള്ളിത്തിരയ്ക്കു ജീവിതം സമര്‍പ്പിച്ചവരായിരുന്നു അവര്‍. അവരില്‍ പലരുടെയും ചിത്രങ്ങള്‍ അംഗീകാരങ്ങള്‍ നേടി. അഭിനന്ദിക്കപ്പെട്ടു. വിദേശ മേളകളിലേക്കു അവര്‍ ക്ഷണിക്കപ്പെട്ടു. അവരുടെ സമര്‍പ്പണത്തിന്റെ വിജയകഥ തുടരുകയാണ്; സ്ക്രീനിലെ ദൃശ്യങ്ങള്‍ അവസാനിച്ചിട്ടും പ്രേക്ഷകരുടെ മനസ്സില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന നല്ലൊരു സിനിമ പോലെ.

2013-ലെ ചലച്ചിത്രമേളയില്‍ ഇത്തരത്തില്‍ അംഗീകാരം നേടിയ ചിത്രമായിരുന്നു സുദേവന്റെ ക്രൈം നം. 89. കെ.ആര്‍.മനോജിന്റെ കന്യകാ ടാക്കീസ് എന്ന ചിത്രത്തെക്കുറിച്ചും എടുത്തുപറയണം. 2012 ല്‍ തിയറ്ററിന്റെ ഷട്ടറുകള്‍ ഇടിച്ചുതകര്‍ത്തു പ്രതിനിധികള്‍ കാണുകയും പ്രേക്ഷക വോട്ടെടുപ്പില്‍ മുന്നിലെത്തുകയും ചെയ്തത് ഒരു മലയാള ചിത്രമായിരുന്നു: ജോയ് മാത്യുവിന്റെ ഷട്ടര്‍. പട്ടിക തീരുന്നില്ല. മനോജ് കാനയുടെ ചായില്യം, സിദ്ധാര്‍ഥ് ശിവയുടെ 101 ചോദ്യങ്ങള്‍.... വിദേശ മേളകളില്‍പോലും മലയാളത്തിന്റെ അഭിമാനമായ ചിത്രങ്ങളായിരുന്നു ഇവയൊക്കെ. ഇത്തവണയുമുണ്ട് ഈ വിഭാഗത്തിലുള്‍പ്പെടുത്താവുന്ന ഒരുപിടി ചിത്രങ്ങള്‍. ഇത്തവണത്തെ മല്‍സരവിഭാഗത്തില്‍ രണ്ടു മലയാളം ചിത്രങ്ങളാണുള്ളത്. സിദ്ധാര്‍ത്ഥ് ശിവയുടെ സഹീറും സബിന്‍ ബാബുവിന്റെ അസ്തമയം വരെയും. ഏതാനും മാസങ്ങള്‍ക്കു മുമ്പു കൊറിയയില്‍ നടന്ന ബുസാന്‍ ചലച്ചിത്രോല്‍സവത്തിലായിരുന്നു സഹീറിന്റെ ആദ്യപ്രദര്‍ശനം. ആ മേളയില്‍ തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളം സിനിമയും ഇതുതന്നെയായിരുന്നു.

ഒരു മലയാളി ചെറുപ്പക്കാരന്റെ മനസ്സിന്റെ തകര്‍ച്ചയുടെ കഥ പറയുന്ന ഈ സിനിമ കേരളത്തിലെ അടിച്ചമര്‍ത്തപ്പെട്ട പുരുഷ ലൈംഗികതയുടെ ക്രൂരവും ഹൃദയഭേദകവുമായ ആവിഷ്കാരമാണ്. സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്ലാത്ത ഒരു ദിവസംപോലും കേരളത്തിലില്ല. മിക്കപ്പോഴും കൊച്ചുപെണ്‍കുട്ടികളാണ് ഇരകള്‍. ഒരോ പീഡനവും അതനുഭവിക്കേണ്ടിവരുന്ന ഇരയുടെ മാത്രം ദുരന്തമല്ല; അവര്‍ക്കൊപ്പമുള്ളവരുടേയും ദുരന്തമാണ്. പീഡനങ്ങളുടെ ദുരിതങ്ങളും യാതനകളും ഇരകളുടെ കണ്ണിലൂടെ കാണുന്ന ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായി ഒരു പെണ്‍കുട്ടിയുടെ ദുരന്തം അവളുടെ കൂട്ടുകാരന്റെ കണ്ണിലൂടെ കാണിക്കാന്‍ ശ്രമിക്കുകയാണ് സഹീര്‍ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് ശിവയെന്ന യുവസംവിധായകന്‍. സഹീര്‍ അറബി ഭാഷയിലെ വാക്കാണ്. ഒരിക്കല്‍ പരിചയത്തിലാകുന്ന വസ്തുവില്‍നിന്നോ വ്യക്തിയില്‍നിന്നോ പിന്നീടൊരിക്കലും മോചനം കിട്ടാത്ത അവസ്ഥയാണ് ഈ വാക്കുകൊണ്ട് സംവിധായകന്‍ ഉദ്ദേശിക്കുന്നത്. പ്രതീഷ് മോന്‍ എന്നാണു നായക കഥാപാത്രത്തിന്റെ പേര്. അവന്റെ സഹപാഠിയും കൂട്ടുകാരിയുമാണ് ആശാലത. ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി ആശാലത മരിക്കുന്നു. പ്രതീഷ് മോന്റെ ദുരിതകഥ അവിടെ തുടങ്ങുകയാണ്. അയാളുടെ മനസമാധാനം നഷ്ടപ്പെടുന്നു.

ജീവിതത്തിലെ ദിശാബോധം ഇല്ലാതെയാകുന്നു. മനസ്സിന്റെ സമനില നഷ്ടപ്പെടുന്ന പ്രതീഷ്മോന്‍ കാണുന്ന ഓരോ വസ്തുവിലും വ്യക്തിയിലും പ്രിയപ്പെട്ട ആശാലതയെ തേടുന്നു. ഒടുവില്‍ ഒരു തുണിക്കടയില്‍ പ്രദര്‍ശനത്തിനുവച്ചിരിക്കുന്ന ബൊമ്മയില്‍ അയാള്‍ നഷ്ടപ്പെട്ട കാമുകിയെ കണ്ടെത്തുകയാണ്. തിയറ്റര്‍ ആര്‍ട്ടിസ്റ്റായ ജിത്തു ജോണി, ജിജോയ് പി.ആര്‍, മാലതി മേനോന്‍, ദിലീഷ് ഫിലിപ് എന്നിവരാണു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസ്തമയം വരെ ( അണ്‍ ടു ദ് ഡസ്ക് ) സജിന്‍ ബാബു എന്ന ചെറുപ്പക്കാരന്റെ ആദ്യസിനിമയാണ്. ഷോര്‍ട് ഫിലിമുകളിലൂടെ അംഗീകാരവും അഭിനന്ദനവും ഏറ്റുവാങ്ങിയ സജിന്റെ ചെറുചിത്രങ്ങള്‍ മുംബൈ ഫിലിം ഫെസ്റ്റിവലുകളിലേക്കുള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അസ്സീസ്സിയിലെ ഫ്രാന്‍സിസ് പുണ്യവാളന്റെ ത്യാഗനിര്‍ഭരമായ ജീവിതത്തില്‍നിന്നു പ്രചോദനം നേടിയ ഒരു വ്യക്തിയെ ദൈനംദിനജീവിതത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയെടുത്തിരിക്കുന്ന ഈ ചിത്രത്തില്‍ കാണാം. വ്യക്തിയും മതവും തമ്മിലുള്ള സംഘര്‍ഷാത്മകമായ ബന്ധമാണു ചിത്രത്തിന്റെ പ്രധാനവിഷയം. സെമിനാരി വിദ്യാര്‍ഥിയായ ഒരു ചെറുപ്പക്കാരന്റെ ആത്മീയ യാത്ര. കൊലപാതകവും പിന്നീട് ശവരതിയും അവനില്‍ ആരോപിക്കപ്പെടുന്നു. ആസക്തികള്‍, കുറ്റബോധം എന്നിവയിലൂടെ കടന്നുപോകുന്ന അവനില്‍ പ്രതികാരം എങ്ങനെ ആളിപ്പടരുന്നുവെന്നു ചിത്രം മനശാസ്ത്രപരമായി ചിത്രം വിശകലനം ചെയ്യുന്നു. പ്രതികാരം വീട്ടാനുള്ള ശ്രമങ്ങള്‍ അവനെ നയിക്കുന്നതു കൊടുംകാടുകളുടെ വന്യതയിലേക്കാണ്.

നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ പൂര്‍വവിദ്യാര്‍ഥിയായ സനല്‍ അമന്‍ ആണു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോസഫ് മാപ്പിളച്ചേരി എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റിനൊപ്പം ചിത്രത്തിലഭിനയിച്ചിരിക്കുന്ന മറ്റുള്ളവര്‍ നവാഗതരാണ്. ജോസ് ജോണും സജിന്‍ബാബും ഒത്തുചേര്‍ന്നാണു തിരക്കഥ. കാര്‍ത്തിക് മുത്തുകുമാര്‍ ക്യാമറ. ദൃശ്യകലയില്‍ പരീക്ഷണങ്ങളുടെ പുത്തന്‍ അധ്യായങ്ങള്‍ രചിക്കുന്നവരാണ് ഈ ചെറുപ്പക്കാര്‍. ഇവര്‍ മലയാളത്തിന്റെ അഭിമാനമാണ്. ഇവരുടെ ചിത്രങ്ങള്‍ മല്‍സരിക്കുന്നത് സാങ്കേതിവിദ്യയിലും ഭൌതികസാഹചര്യങ്ങളിലും കേരളത്തേക്കാള്‍ വളരെമുന്നില്‍നില്‍ക്കുന്ന വിദേശരാജ്യങ്ങളിലെ ചിത്രങ്ങളുമായിട്ടാണ്. മല്‍സരവിഭാഗത്തിലുള്‍ര്‍പ്പെട്ടു എന്നതുതന്നെ ഇവര്‍ക്കുള്ള അംഗീകാരമാണ്. ഇനിയും ഇവര്‍ക്കു മുന്നോട്ടുപോകാന്‍ കഴിയും. ടി. ഡി. ദാസന്‍ എന്ന ഒറ്റചിത്രത്തിലൂടെ ഭാവിവാഗ്ദാനം എന്നു വിലയിരുത്തപ്പെട്ട മോഹന്‍ രാഘവനു കാലം കാത്തുവച്ചത് അകാലമരണമായിരുന്നു. മോഹനു സാക്ഷാത്കരിക്കാന്‍ കഴിയാതെപോയ മോഹങ്ങള്‍ മലയാളത്തിന്റെ പുതുതലമുറയ്ക്കു നിറവേറ്റാന്‍ കഴിയട്ടെ. അതിന്റെ വേദിയാകട്ടെ പത്തൊന്‍പതാമതു രാജ്യാന്തര ചലച്ചിത്രമേള. .

open-forum