online-logo

മീന കന്തസ്വാമി മായയാകുന്നതെങ്ങനെ?

മീന കന്തസ്വാമി (നടി, എഴുത്തുകാരി )

article-image

പ്രശസ്ത എഴുത്തുകാരി കമല സുരയ്യ ഒരിക്കല്‍ ഇങ്ങനെയെഴുതി ''വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു യഥാര്‍ഥ കവിതയുടെ ശക്തി ഞാനനുഭവിച്ചത് മീന കന്തസാമിയുടെ പദ്യങ്ങള്‍ വായിച്ചപ്പോഴാണ്. എഴുത്തിന്റെ ലോകത്ത് വാനോളമുയര്‍ന്ന മീന കന്തസാമി എന്ന യുവ സാഹിത്യകാരി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഒരാള്‍പൊക്കം എന്ന ജനകീയ സിനിമയിലൂടെ ക്യാമറയുടെ മുന്നിലെത്തുന്നു. വിവാദങ്ങളെ ഭയക്കാതെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നഖശിഖാന്തം പോരാടുന്ന മീനയുടെ ആദ്യ കഥാപാത്രവും സ്വാതന്ത്യ്രത്തെ ഇഷ്ടപ്പെടുന്ന ശക്തയായ ഒരു സ്ത്രീയാണ്. മീന കന്തസാമി മനോരമ ഓണ്‍ലൈനിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ നിന്ന്.

.എഴുത്തില്‍ നിന്ന് സിനിമയിലേക്കുള്ള കടന്ന് വരവ് എങ്ങനെയായിരുന്നു?

'ഒരാള്‍പൊക്കം എന്ന സിനിമയുടെ സ്ക്രിപ്റ്റ് ആദ്യ വായനയില്‍ത്തന്നെ ഇഷ്ടമായി. ഞാനും കൂട്ടുകാരും ചേര്‍ന്നാണ് വായിച്ചത്. ആ തിരക്കഥ സിനിമയാക്കുമ്പോള്‍ വളരെ നന്നായിരിക്കുമെന്ന് തോന്നി . അങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയത്. . ' ഒരാള്‍പൊക്കം ത്തിലെ കഥാപാത്രം എങ്ങനെയുള്ളതാണ്? മായ എന്നാണ് ഞാനവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സ്വാതന്ത്യ്രം ഇഷ്ടപ്പെടുന്ന, യാത്രകളെ സ്നേഹിക്കുന്ന വളരെ ബോള്‍ഡായ ഒരു സ്ത്രീയാണ് മായ.

. മീനയുമായി മായയ്ക്ക് എന്തെങ്കിലും സാമ്യമുണ്ടോ?

പൂര്‍ണമായും അത് ഞാന്‍ തന്നെയാണ് പറയാന്‍ കഴിയില്ല. ജീവിതത്തില്‍ പ്രണയവും വിരഹവുമൊക്കെ അനുഭവിച്ച എല്ലാവര്‍ക്കും പെട്ടെന്ന് മനസിലാക്കാന്‍ കഴിയും മായ എന്ന ക്യാരക്ടറിനെ.

. മീനയുടെ പല കവിതകളിലും സ്ത്രീ എന്നും ഒരു പ്രമേയമാണ് - അവളുടെ പല ഭാവങ്ങള്‍ അവള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം. അതുതന്നെയാണോ ഈ കഥാപാത്രത്തെ ഇഷ്ടപ്പെടാനുള്ള കാരണം?

തീര്‍ച്ചയായും. എന്റെ മിക്ക കവിതകളിലും സ്ത്രീയുടെ മനസുണ്ട്. ഒന്നും മറച്ചു വയ്ക്കാതെ തുറന്നു പറയുന്ന സ്ത്രീകള്‍. മായയും അത്തരത്തിലൊരു കഥാപാത്രമായതുകൊണ്ടാണ് എനിക്ക് പെട്ടെന്ന് മായയെ ഉള്‍ക്കൊള്ളാന്‍ സാധിച്ചത്. .

 ക്യാമറയുടെ മുന്നില്‍ ആദ്യമായാണോ?

അതെ. സ്കൂളിലും കോളജിലുമൊക്കെ എഴുത്തില്‍ മാത്രമേ പയറ്റിയിട്ടുള്ളൂ. അഭിനയത്തില്‍ ഒരു മുന്‍പരിചയവും ഇല്ല.

. സിനിമ ഒരു കരിയറായി കൊണ്ടു പോകുവാന്‍ ആഗ്രഹിക്കുന്നുണ്ടോ?

ഇല്ല. സിനിമയില്‍ അഭിനയിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നില്ല. ഞാനൊരു എഴുത്തുകാരിയാണ് അതുകൊണ്ട് തന്നെ എഴുത്തിലായിരിക്കും ഇനിയും ശ്രദ്ധിക്കുന്നത്.

. മലയാള സിനിമകള്‍ കണ്ടിട്ടുണ്ടോ? എറ്റവും ഇഷ്ടപ്പെട്ട ഒരു മലയാള സിനിമയെപ്പറ്റി പറയാമോ?

കേരളവുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പറയുക ബുദ്ധിമുട്ടാണ്. ഏറ്റവുമൊടുവില്‍ കണ്ടത് 'തട്ടത്തിന്‍ മറയത്താ'ണ്. വളരെയധികം ഇഷ്ടപ്പെട്ടു.

. ആദ്യ സിനിമയ്ക്കായി എന്തെങ്കിലും പ്രത്യേക ഒരുക്കങ്ങള്‍?

പ്രത്യേക ഒരുക്കങ്ങള്‍ ഒന്നുമില്ല. ഡയറക്ടര്‍ പറയുന്നതനുസരിച്ച് ചെയ്യുക എന്നതാണ് ഇപ്പോള്‍ മനസില്‍. എങ്കിലും അല്‍പം പേടിയുണ്ട്.

. ക്രൌഡ് ഫണ്ടിങ്ങിനെക്കുറിച്ച് എന്താണ് അഭിപ്രായം?

അതൊരു നല്ല ചിന്തയാണ്. ഒരുപാട് ആളുകളുടെ പ്രയത്നഫലമായി ഒരു സിനിമയുണ്ടാകുന്നത് ഒരു നല്ല കാര്യമല്ലേ.

. സമൂഹത്തിലെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നയാളാണ് മീന. ആ നിലയില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ടെക്നോളജിയില്‍ ഇന്ത്യ വളരെ മുന്നിലാണ്. എന്നാല്‍ സ്ത്രീയോടുള്ള പെരുമാറ്റത്തില്‍ നമ്മളിന്നും യാഥാസ്ഥിതികരാണ്. ഡല്‍ഹി കേസ് മുതല്‍ തരുണ്‍ തേജ്പാലിന്റെ കേസ് വരെ എടുത്ത് നോക്കൂ. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടി വരികയാണ്. പ്രതികരിക്കാന്‍ ഭയമാണ് ആളുകള്‍ക്ക്. അക്കാര്യത്തില്‍ കേരളത്തിലെ സ്ത്രീകളോട് എനിക്ക് ബഹുമാനമാണ്. പ്രതികരിക്കാന്‍ തയാറാണവര്‍. ജസീറയുടെ കാര്യം തന്നെയെടുക്കൂ. മണല്‍ മാഫിയക്കെതിരായി എത്ര ശക്തമായാണവര്‍ പ്രതിഷേധിക്കുന്നത്.

. ഒരാള്‍പൊക്കം സ്ത്രീകേന്ദ്രികൃത സിനിമയാണോ?

സ്ത്രീ കേന്ദ്രീകൃതമെന്ന് പൂര്‍ണമായി പറയാന്‍ സാധിക്കില്ല. സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചാണിത് പറയുന്നത്. പ്രണയവും വിരഹവും ഒരു സ്ത്രീയുടെയും പുരുഷന്റെയും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിവൃത്തം. ആദ്യ സിനിമയ്ക്ക് ശേഷം എഴുത്തിലേക്ക് തിരിച്ചു നടക്കാനാഗ്രഹിക്കുന്ന മീനയുടെ 'മായ' എന്ന കഥാപാത്രവും മീനയുടെ കവിതകളെപ്പോലെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. തയാറാക്കിയത്- എലിസബത്ത് തോമസ്

open-forum