online-logo

വിപ്ളവമാകും ചലച്ചിത്രമേള

അദൃശ്യന്‍

article-image

കേരളത്തിന്റെ പത്തൊന്‍പതാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരിതെളിയും മുന്‍പ് മേളപ്പുറത്ത് തെളിഞ്ഞതെല്ലാം വിവാദ ട്രെയിലറുകളാണ്. ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തി പ്രതിനിധികളുടെ എണ്ണം നിയന്ത്രിക്കും, ഇംഗീഷ് അറിയാവുന്നവര്‍ മേള കണ്ടാല്‍ മതി തുടങ്ങി ഉയര്‍ന്ന വിവാദങ്ങളുടെ മേളയ്ക്ക് വിരാമമിട്ട് മേള തുടങ്ങുമ്പോള്‍ ഒരു കാര്യം ഉറപ്പ്. ഇത്തവണത്തെ മേള വിപ്ളവമാകും. നല്ല സിനിമകളുടെ വിപ്ളവം എന്ന രീതിയിലോ, പ്രതിനിധികളുടെ പ്രതിഷേധവിപ്ളവത്തിലോ ഇത്തവണ മേളം അവസാനിക്കും. ഇതിലാദ്യത്തെ വിപ്ളവം വരട്ടെയെന്ന ശുഭപ്രതീക്ഷയില്‍ മേളയ്ക്ക് കാതോര്‍ക്കാം.

ഓവര്‍ബ്രിജ് കടക്കാതെ മേള കണ്ടുതീര്‍ക്കാമെന്നതാണ് ഇത്തവണത്തെ വേദി വാസ്തുഫലം. തമ്പാനൂരിലെ റയില്‍വേ പാളങ്ങള്‍ക്ക് ഇപ്പുറത്ത് മാത്രമാണ് ഇത്തവണ മേളയുടെ വേദികള്‍. ശ്രീപത്മനാഭ, അജന്ത തുടങ്ങിയ മുന്‍കാല തിയറ്ററുകള്‍ ഇത്തവണ പട്ടികയിലില്ല. ചലച്ചിത്രമേള ഓവര്‍ബ്രിജിന് ഇപ്പുറം കൊടിയേറുമ്പോള്‍ മറുപുറത്ത് രജനികാന്തിന്റെ പുതുചിത്രം ലിംഗാ തകര്‍ക്കുമെന്നാണ് സൂചന. കലാഭവന്‍, കൈരളി, ശ്രീ, നിള, ന്യൂ തിയറ്ററിലെ മൂന്ന് സ്ക്രീനുകള്‍, ശ്രീകുമാര്‍, ശ്രീവിശാഖ്, ധന്യ, രമ്യ, നിശാഗന്ധി എന്നിവിടങ്ങളാണ് ചലച്ചിത്രമേളയ്ക്ക് വേദിയാവുക. 12 സ്ക്രീനുകളിലാണ് ഇത്തവണ ചിത്രങ്ങളെത്തുകയെങ്കിലും kഫലത്തില്‍ ആറിടങ്ങളിലേക്ക് മേള ഒതുങ്ങുന്ന സ്ഥിതിയാണ്. കൈരളി-ശ്രീ-നിള, ന്യൂ തിയറ്ററിലെ മൂന്ന് സ്ക്രീനുകള്‍, ശ്രീകുമാര്‍-ശ്രീവിശാഖ്, ധന്യ-രമ്യ തിയറ്റര്‍ സമുച്ചയങ്ങളിലാവും തിരക്കേറുകയെന്നത് ഉറപ്പ്. തമ്പാനൂരിന് ചുറ്റുവട്ടത്ത് പരമാവധി സ്ക്രീനുകള്‍ എന്ന സാഹചര്യം പ്രതിനിധികള്‍ക്ക് ഏറെ സഹായകമാകും. മേളക്ക് അരങ്ങുണരുമ്പോള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം വിജയിക്കുമോ എന്ന ആധിയിലാണ് മേള കമ്മിറ്റിക്കാര്‍.

ഒരു ദിവസം മുന്‍കൂറായി ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യണമെന്ന പുതിയ ചട്ടം ഇടിച്ച് തള്ളി മേളക്കൊഴുപ്പില്‍ ചിത്രങ്ങള്‍ കാണുന്ന ചില പതിവു പ്രതിനിധികള്‍ക്ക് അത്ര ഇഷ്ടമായിട്ടില്ല. ധന്യ, നിശാഗന്ധി പ്രവേശനത്തിന് ടിക്കറ്റ് വേണ്ടെന്ന് മേള അധികൃതര്‍ അറിയിച്ചുകഴിഞ്ഞു. ബാക്കി വേദികളില്‍ ദിവസം പരമാവധി മൂന്നു ചിത്രങ്ങളാണ് ബുക്ക് ചെയ്യാനാവുക. ഓണ്‍ലൈന്‍ അത്ര നിശ്ചയമില്ലാത്തവര്‍ക്ക് ബുക്കിങ് സഹായത്തിന് എല്ലാ വേദികളിലും അഞ്ച് കൌണ്ടറുകള്‍ വീതം ഏര്‍പ്പെടുത്താനും തീരുമാനമായി. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ അടുത്ത ദിവസം ചിത്രം തുടങ്ങുന്നതിന് അഞ്ചു മിനിറ്റ് മുന്‍പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. തിയറ്ററിലെത്തി സീറ്റ് നമ്പര്‍ പതിച്ച ടിക്കറ്റ് വാങ്ങിയാല്‍ മാത്രമാകും തിയറ്ററിലേക്ക് പ്രവേശനം. റിസര്‍വ് ചെയ്യാത്ത സീറ്റുകളില്‍ ചിത്രം തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് മാത്രം ബാക്കിയുള്ളവരെ പ്രവേശിപ്പിക്കും. വിപ്ളവോ രക്ഷതുവെന്നാണ് ഇതു കേട്ടതു മുതല്‍ പല പരമ്പരാഗത പ്രതിനിധികളും മൊഴിയുന്നത്. രണ്ടു വര്‍ഷത്തെ ഇടവേള ഒഴിവാക്കി പ്രതിനിധികള്‍ക്ക് വാദിച്ചു കൊഴുപ്പിക്കാവുന്ന ഓപ്പണ്‍ ഫോറം വീണ്ടുമെത്തുന്ന ചലച്ചിത്രമേളയാണ് ഇത്തവണത്തേതെന്ന പ്രത്യേകതയുമുണ്ട്.

ലോകസിനിമാ വിഭാഗത്തില്‍ 37 രാജ്യങ്ങളില്‍ നിന്നായി 60 ചിത്രങ്ങള്‍ ഉള്‍പ്പെടെ 140 ചിത്രങ്ങളാണ് ഇത്തവണ മേളയ്ക്കെത്തുന്നത്. നൂറ്റാണ്ടു പൂര്‍ത്തിയാക്കിയ തുര്‍ക്കി സിനിമയ്ക്ക് അഭിവാദ്യവുമായി കണ്‍ട്രി ഫോക്കസ്, ചൈനീസ്- ഫ്രഞ്ച് സിനിമകളുടെ പ്രത്യേക വിഭാഗം, 23 വനിതാ സംവിധായകരുടെ 26 ചിത്രങ്ങള്‍ തുടങ്ങിയവയ്ക്കു മേമ്പൊടിയായി മേളയുടെ മുന്‍വര്‍ഷത്തെ കണ്‍കണ്ട ദൈവം കിം കി ഡുക്കിന്റെ വണ്‍ ഓണ്‍ വണ്‍ എന്ന ചിത്രവും ഇത്തവണ സ്ക്രീനുകളിലെത്തും. 89, മിത്ത് ഓഫ് ക്ളിയോപാട്ര, ജലാംശം, ആലിഫ്, ഒരാള്‍പൊക്കം, വിദൂഷകന്‍, കാള്‍ട്ടണ്‍ ടവേഴ്സ് തുടങ്ങിയവയുടെ റീലീസിങ്ങും മേളയിലുണ്ടാകും. 14 ചിത്രങ്ങളുടെ മല്‍സര വിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളാണുളളത്. പി.ശേഷാദ്രി സംവിധാനം ചെയ്ത ഡിസംബര്‍ 1, ദേബാഷിഷ് മഹിജയുടെ ഊംഗ, ഒപ്പം രണ്ടു മലയാള ചിത്രങ്ങളും - സിദ്ധാര്‍ത്ഥ് ശിവയുടെ സഹീര്‍, സബിന്‍ ബാബുവിന്റെ അസ്തമയം വരെ. പതിവ് ഫെസ്റ്റിവല്‍ ഓഫിസ് കെട്ടിപ്പൊക്കുന്നതിനു പകരം ഹോട്ടല്‍ ഹൈസിന്തിലാകും ഓഫിസ് എന്നതും ഇത്തവണത്തെ പ്രത്യേകത. രൂപ അഞ്ചു ലക്ഷമാണ് ഈ തീരുമാനത്തിലൂടെ ഫെസ്റ്റിവല്‍ കമ്മിറ്റി ലാഭിച്ചത്. ഒന്‍പതിനായിരത്തോളം ഡെലിഗേറ്റുകള്‍ രജിസ്റ്റര്‍ ചെയ്ത മേളയില്‍ മാധ്യമപ്രവര്‍ത്തകരും ചലച്ചിത്രവിദ്യാര്‍ഥികളും മറ്റും ചേരുമ്പോള്‍ പ്രതിനിധികളുടെ എണ്ണം 10,500 കടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഉദ്ഘാടന ചിത്രമായി ഇറാന്‍ റിക്ളിസിന്റെ ഡാന്‍സിങ് അറബ്സ് ആണ് പ്രദര്‍ശിപ്പിക്കുക. സമാപനദിനത്തില്‍ ഡാന്‍സിങ് പ്രതിനിധികളെ കാണുമെന്ന പ്രതീക്ഷയില്‍ മേളപ്പെരുക്കത്തിന്റെ ഈ ആദ്യ എപ്പിസോഡ് അവസാനിപ്പിക്കുന്നു.

ടീഷര്‍ട്ട് മേള: ഇംഗ്ളീഷ് സബ്ടൈറ്റിലുകള്‍ വായിച്ചറിയാനാകുന്നവര്‍ മാത്രം മേളയ്ക്കെത്തിയാല്‍ മതിയെന്ന വിധത്തില്‍ ഉയര്‍ന്ന്, പിന്നീട് താണ വിവാദത്തിന് ചുവടുപിടിച്ച് ചില സന്ദേശങ്ങളുമായി ടീഷര്‍ട്ടുകളും അണിയറയില്‍ തയ്യാറാവുന്നുണ്ട്. വീ ആര്‍ ഡൂയിങ് എ ഫെസ്റ്റിവല്‍, വീ ആര്‍ ആള്‍വൈസ് വെരി മച്ച് സബ്ടൈറ്റില്‍ തുടങ്ങിയ വാചകങ്ങളുമായി ചില ടീഷര്‍ട്ടുകളും ഓണ്‍ലൈനില്‍ വില്‍പന തുടങ്ങിയിട്ടുണ്ട്..

open-forum