online-logo

ടിക്കറ്റിങ് കല്ലുകടിയില്‍ പല്ലുറുമി മേള

അദൃശ്യന്‍

article-image

ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തി കേരളത്തിന്റെ സ്വന്തം ചലച്ചിത്രമേളയ്ക്ക് ഒരു ചിട്ടവട്ടം നല്‍കാനുള്ള സംഘാടകരുടെ ശ്രമം തുടക്കത്തില്‍ പാളുന്നതായിരുന്നു ഉദ്ഘാടനദിനത്തിലെ ഹൈലൈറ്റ്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിലുണ്ടായ പാളിച്ചകളാണ് മേളയുടെ തുടക്കദിനത്തില്‍ കല്ലുകടിയായത്. രാവിലെ ഒന്‍പതു മുതല്‍ ഓണ്‍ലൈനിലൂടെ റിസര്‍വ് ചെയ്യാനാകുമെന്നായിരുന്നു സംഘാടകര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ രാവിലെ മുതല്‍ തന്നെ ഈ സംവിധാനം തകരാറിലായി. ഓണ്‍ലൈനില്‍ റിസര്‍വ് ചെയ്യാനാകാത്ത പല പ്രതിനിധികളും സീറ്റെണ്ണത്തിന്റെ ആധിയില്‍ മേളയുടെ മുഖ്യവേദിയായ കൈരളി തിയറ്റര്‍ സമുച്ചയത്തില്‍ സംഘാടകര്‍ ഏര്‍പ്പെടുത്തിയ തിയറ്റര്‍ റിസര്‍വേഷനില്‍ ക്യൂ പിടിച്ചു. വിദേശപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഒന്നരമണിക്കൂറോളം നിര നിന്നാണ് ശനിയാഴ്ചത്തെ പ്രദര്‍ശനത്തിനുള്ള ടിക്കറ്റുകള്‍ നേടിയെടുത്തത്.

ബവ്റിജസ് ക്യൂവിനെ വെല്ലുന്ന ക്യൂ മേളപ്പരിസരത്ത് വാര്‍ത്ത തേടിയെത്തിയ ചാനല്‍ ക്യാമറകള്‍ക്കും വിരുന്നായി. മീഡിയ സെല്‍ ഉദ്ഘാടനത്തിന് കൈരളിപ്പരിസരത്തെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കെ.സി.ജോസഫിന്റെയും സാന്നിധ്യത്തില്‍ ഇത്തവണ മേളയിലെ പ്രതിഷേധങ്ങളുടെ ഉദ്ഘാടനവും നടന്നു. മൂന്നു സിനിമ മാത്രം റിസര്‍വ് ചെയ്യാനാകൂ എന്ന നിബന്ധന നീക്കുക, അശാസ്ത്രീയ റിസര്‍വേഷന്‍ സംവിധാനം ഒഴിവാക്കുക എന്ന പോസ്റ്ററുമേന്തിയാണ് ചിലര്‍ പ്രതിഷേധമുയര്‍ത്തി മന്ത്രിമാര്‍ക്ക് മുന്നില്‍ തള്ളിക്കൂടിയെത്തിയത്. നിയമസഭയില്‍ മന്ത്രി മാണിക്കെതിരെ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധം കണ്ട് മനസ് വെറുത്ത് കൈരളി പരിസരത്ത് അല്‍പം കാറ്റു തേടിയെത്തിയ മന്ത്രിമാരും പ്രതിഷേധത്തില്‍ വലഞ്ഞു. ഇക്കാര്യം സംഘാടകരോട് മന്ത്രിമാര്‍ തല്‍സമയം ഉന്നയിച്ചപ്പോള്‍ ലോകത്ത് എതൊരു മേളയും റിസര്‍വ് ചെയ്താണ് കാണുന്നതെന്നും ഇവിടെയും കാര്യം രാജ്യാന്തര നിലവാരത്തിലാക്കേണ്ടേ എന്നായിരുന്നു സംഘാടകസംഘത്തിന്റെ മറുപടി.

വരും ദിനങ്ങളില്‍ ഇതിനു മറുപടി കാട്ടാമെന്ന മുറുമുറുപ്പുമായാണ് പ്രതിഷേധക്കൂട്ടം മടങ്ങിയത്. തുടര്‍ദിനങ്ങളില്‍ മേളപ്പരിസരത്ത് പ്രതിഷേധവര്‍ഷമുണ്ടാകുമെന്നതിന്റെ മേഘപ്പെരുക്കമാണ് പ്രതിനിധികളില്‍ പലരുടെയും പ്രതികരണങ്ങളില്‍ നിറഞ്ഞതും. ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോള്‍ കാണാന്‍ നല്ല ചേല് എന്ന ആപ്തവാക്യം ഓര്‍മിപ്പിക്കുംവിധം യുഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിക്കും മേളയിലെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തടസം സര്‍ക്കാരിന്റെ പോരായ്മയാണെന്ന സൂചനയുണര്‍ത്തി ഡിവൈഎഫ്ഐയുടെ ചെറുപ്രകടനവും ഇതിനു പിന്നാലെ കൈരളിപരിസരത്തുണ്ടായി. കാര്യമെന്തായാലും തുടക്കദിനത്തിലെ പ്രതിഷേധം പ്രതിനിധികള്‍ക്ക് ചില സഹായനടപടികള്‍ക്കും വഴിതെളിച്ചു. ഒരു ദിനം മാത്രം മൂന്‍കൂര്‍ റിസര്‍വേഷന്‍ എന്നതിനു പകരം രണ്ടു ദിവസം മുന്‍കൂര്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മേളയുടെ ഉപദേശക സമിതി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. വിവിധ തിയറ്ററുകളില്‍ റിസര്‍വേഷന് ഏര്‍പ്പെടുത്തിയ കൌണ്ടറുകള്‍ നാല്‍പതില്‍ ഏറെയാക്കുമെന്ന മന്ത്രി തിരുവഞ്ചൂരിന്റെ പ്രസ്താവനയും പിന്നാലെയെത്തി.

മേളയില്‍ ഡെലിഗേറ്റുകളായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൌജന്യ ഉച്ചഭക്ഷണം നല്‍കാന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചതാണ് മേളപ്പരിസരത്തെ കൊതിയൂറും വര്‍ത്തമാനം. ഡെലിഗേറ്റ് പാസ് കാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണ പാക്കറ്റ് നല്‍കാനാണ് തീരുമാനം.എതിര്‍പ്പ് എന്നും മണത്തു പിടിച്ച് ബഹുദൂരം മുന്നേറുന്ന മുഖ്യന്‍, നിയമസഭ സമ്മേളിക്കുന്ന കാലത്ത് തിരുവനന്തപുരത്തെ മേളയിലെ റിസര്‍വേഷന്‍ പാളിച്ച അടിയന്തര പ്രമേയമായി പോലും വന്നേക്കുമെന്ന ചിന്തയില്‍ വൈകിട്ട് നിശാഗന്ധിയിലെ ഉദ്ഘാടനപ്രസംഗത്തില്‍ ഒരു മുന്‍കൂര്‍ ജാമ്യവുമെടുത്തു. മേള നടത്തിപ്പില്‍ സര്‍ക്കാരിനു പങ്കില്ല. മേളയ്ക്ക് അടിസ്ഥാന സൌകര്യം ഒരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മുന്‍കാല മേളകളിലെന്ന പോലെ മേളയുടെ മുടക്കമില്ലാ പ്രഖ്യാപനമായ ഫെസ്റ്റിവല്‍ കോംപ്ളക്സ് പ്രഖ്യാപനം ഇത്തവണയും ഉണ്ടായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ഇത്തവണ ഈ പ്രഖ്യാപനം നടത്താനുള്ള യോഗം.

ഉദ്ഘാടന ചിത്രമായ ഡാന്‍സിങ് പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബല്ലോച്ചിയോസമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കൈപ്പറ്റിയതായിരുന്നു ആദ്യദിനത്തിലെ ഊഷ്മളക്കാഴ്ച. നമസ്കാരം പറയാനുളള മര്യാദ മറക്കുന്ന മലയാളികള്‍ക്ക് മുന്നില്‍ നമസ്കാരം എന്ന വാചകവുമായാണ് ബല്ലോച്ചിയോ മറുപടി പ്രസംഗം തുടങ്ങിയത്. എല്ലാ സ്ക്രീനുകളിലും മേള നിറഞ്ഞാടിത്തുടങ്ങുന്ന ശനിയാഴ്ച ദിനത്തിന് സ്വാഗതമോതി മേളയുടെ ആദ്യദിനത്തിന് നല്ല നമസ്കാരം. ചുംബന്‍ മേള: ചുംബനസമരം ട്രെന്‍ഡ്സെറ്ററായ പുതിയ കാലത്ത് ചുംബനമില്ലാതെ എന്തു മേള എന്ന ആശയവുമായി ഫേസ്ബുkക്കിലെ കിസിങ് കൂട്ടായ്മ മേളപ്പരിസരത്ത് ചുംബന റിയാലിറ്റി ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ചുംബിച്ചു ക്രമസമാധാനം ലംഘിക്കുന്നവരെയും ചുംബനം കണ്‍മുന്നില്‍ കണ്ടാല്‍ കലിയിളകുന്നവരെയും സ്റ്റേഷനിലെത്തിച്ച് മതിയാവോളം 'സ്നേഹചുംബനം' നല്‍കി വിടാനാണ് സിറ്റി പൊലീസിന്റെ തീരുമാനമെന്ന് അറിയുന്നു.

open-forum