online-logo

ചുംബനത്തില്‍ 'നോ റിസര്‍വേഷന്‍ മേള'

അദൃശ്യന്‍

article-image

ചുടുചുംബനവും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ അടിസ്ഥാനമാക്കിയ ടിക്കറ്റിങ് സമ്പ്രദായം റദ്ദാക്കലുമായിരുന്നു ശനിയാഴ്ച മേളയിലെ ചര്‍ച്ചാകേന്ദ്രം. ചുംബിക്കും ചുംബിക്കും നിന്നും നടന്നും ചുംബിക്കും എന്ന പ്രഖ്യാപനവുമായി കേരളത്തില്‍ രണ്ടു സ്ഥലത്ത് പരസ്യ ചുംബനമേള നടത്തിയിട്ടും ഫാസിസത്തിനെതിരായ കലി ചുണ്ടുകളില്‍ അവശേഷിക്കുന്ന സംഘമാണ് ചുംബനമേളത്തിന്റെ മൂന്നാം പതിപ്പ് രാജ്യാന്തര മേളയുടെ തിരുമുറ്റത്ത് നടത്തിയത്. ചുരുക്കത്തില്‍ 2014 ല്‍ കേരളത്തിന്റെ ഏറ്റവും പ്രധാന കണ്ടുപിടിത്തമായ ചുംബനസമരത്തെ ചുംബനപ്രേമികളായ ഡെലിഗേറ്റുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തി. ദേവിക, ശ്രീരഞ്ജിനി, അഡ്വ. ഷാഹിന തുടങ്ങിയ കിസ്സിങ്ത്രയമാണ് ഫാസിസത്തെ തോല്‍പ്പിക്കാനുളള ചുംബനമേളയ്ക്ക് നേതൃത്വം നല്‍കിയത്.

പതിനൊന്നു മണിയോടെ കൈരളി തിയറ്റര്‍ പരിസരത്ത് എത്തിയ ഇവര്‍ 'കിസ് ഒാഫ് ലവിനെ ഞാന്‍ പിന്തുണയ്ക്കുന്നു' എന്ന് എഴുതിയ ബാഡ്ജുകള്‍ പരിസരത്തു കൂടിപ്പോയ ഡെലിഗേറ്റുകളുടെ ഉടുപ്പില്‍ കുത്തിക്കൊടുത്തു. കിസ് ഒാഫ് ലവിനെ ഞാന്‍ പിന്തുണയ്ക്കുന്നു എന്നാണോ ഇത് കുത്തിയവര്‍ പിന്തുണയ്ക്കുന്നു എന്നാണോ കുറിപ്പിന്റെ അര്‍ഥമെന്നറിയാത്ത പല പ്രതിനിധികളും ഈ ബാഡ്ജ് ധരിച്ചു നടക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേളയുടെ സ്ക്രീനിനു പുറത്തെ ചുംബന റിയാലിറ്റി ഷോയ്ക്ക് തുടക്കമായത്. കിസ് ഓഫ് ലൌ പ്രവര്‍ത്തകര്‍ മതിമറന്ന് ലിപ്ലോക്കില്‍ ഏര്‍പ്പെട്ടപ്പോള്‍ ചിലര്‍ പരസ്യചുംബനത്തിനെതിരെ ചില്ലറ പ്ളാസ്റ്റിക് കുപ്പിയേറു നടത്തി. നേരിയ ഉന്തും തളളും ഉണ്ടായതൊഴിച്ചാല്‍ സംഗതി ചൂടുപടങ്ങളില്‍ കാണുന്നതിലും ഗംഭീരമായി. പ്രായപൂര്‍ത്തിയായ ആണ് പെണ്ണിനെ ചുംബിക്കുന്ന പരമ്പരാഗത രീതിക്കൊപ്പം പെണ്ണ് പെണ്ണിനെയും ലിപ്ലോക്ക് ചെയ്തതോടെ പാരമ്പര്യവാദമുയര്‍ത്തുന്ന ഫാസിസ്റ്റുകള്‍ക്ക് ഇനി ഓടിയൊളിക്കാമെന്ന സ്ഥിതിയായിരുന്നു കൈരളിപ്പടവുകളില്‍.

ചുംബനസമരത്തിന് മുന്‍പ് മേളയുടെ ഡെലിഗേറ്റ് കാര്‍ഡ് ഉള്ളവരെ അത് പരിശോധിച്ചു മാത്രം കൈരളിപരിസരത്ത് പ്രവേശിപ്പിച്ച പൊലീസ് എന്തുവിലകൊടുത്തും ചുംബനസമരം വിജയിപ്പിക്കുമെന്ന വാശിയും പ്രകടിപ്പിച്ചു. ചില സംഘപരിവാര്‍ സിങ്കങ്ങള്‍ കണ്ണുരുട്ടി മേളപരിസരത്തെ റോഡില്‍ എത്തിയെങ്കിലും പൊലീസിന്റെ വെള്ളം ചീറ്റും യന്ത്രമായ വരുണ്‍ അടക്കമുള്ള സന്നാഹം കണ്ട് മേളപ്പുറത്തെ റോഡില്‍ മണ്ടി നടന്ന ശേഷം കാര്യമായ പ്രശ്നമുണ്ടാക്കാതെ പല്ലുറുമി മടങ്ങി. ചുംബന സമരക്കാരെ പേടിച്ചു മന്ത്രി വി.എസ്. ശിവകുമാര്‍ കൈരളിപരിസരത്ത് എത്താത്തതാണ് ഈ ബഹളത്തിനിടെ ശ്രദ്ധേയമായത്. മേളയ്ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്കു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സൌജന്യ ഉച്ചഭക്ഷണത്തിന്റെ വിതരണ ഉദ്ഘാടത്തിനാണ് മന്ത്രി എത്താമെന്ന് അറിയിച്ചിരുന്നത്. ചുംബനക്കൂട്ടായമയുടെ അരങ്ങുതകര്‍ക്കലിനിടെ മന്ത്രി കൈരളി തിയറ്റര്‍ പരിസരത്തു വന്നാല്‍ മന്ത്രിക്കും ചുടുചുംബനം കിട്ടുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് പൊലീസ് മന്ത്രിയുടെ പരിപാടി റദ്ദാക്കിയത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്നാഥാണു മന്ത്രിയുടെ ചുമതല ഏറ്റെടുത്ത് ചപ്പാത്തി-ചിക്കന്‍ കോംബിനേഷനില്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ സൌജന്യ ഉച്ചഭക്ഷണ വിതരണം തുടങ്ങിവച്ചത്. വിതരണം ചെയ്ത 200 ഭക്ഷണപാക്കറ്റ് നിമിഷനേരം കൊണ്ടു തീര്‍ന്നു. വിദ്യാര്‍ഥിയാണെന്നു തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്ന പ്രതിനിധികള്‍ക്ക് മുന്‍കൂട്ടി കൂപ്പണ്‍ നല്‍കി വേണ്ടത്ര ഭക്ഷണ പായ്ക്കറ്റുകള്‍ എത്തിച്ച് വരുംദിനങ്ങളില്‍ പദ്ധതി കാര്യക്ഷമമാക്കാനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനം. ചലച്ചിത്രമേളയില്‍ രാജ്യാന്തര നിലവാരത്തിലുളള അച്ചടക്കം ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നിര്‍ത്താനുളള ഔദ്യോഗിക തീരുമാനമായിരുന്നു രാവിലെ ചൂടന്‍ വര്‍ത്തമാനം. ഓണ്‍ലൈന്‍ റിസര്‍വേഷന് ഏര്‍പ്പെടുത്തിയ സോഫ്റ്റ്വെയറിലും സെര്‍വറിലുമുണ്ടായ പാളിച്ചയാണ് കൊട്ടിഘോഷിച്ചു ആരംഭിച്ച റിസര്‍വേഷന്‍ നിര്‍ത്തലാക്കാന്‍ മേളയിലെ ഔദ്യോഗിക സംഘമായ ചലച്ചിത്ര അക്കാദമിയെ പ്രേരിപ്പിച്ചത്.

മേള തുടങ്ങിയ വെള്ളിയാഴ്ച ഡെലിഗേറ്റുകളില്‍ പലര്‍ക്കും ഓണ്‍ലൈനായി ചിത്രങ്ങള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാനായില്ല. ഓണ്‍ലൈനില്‍ റിസര്‍വ് ചെയ്തവരാകട്ടെ അതിന്റെ പ്രിന്റൌട്ട് കൊണ്ടുവരണമെന്ന നിബന്ധന പാലിച്ചുമില്ല. റിസര്‍വേഷന്‍ കിട്ടാത്തവര്‍ തിയറ്ററുകളില്‍ ഇടിച്ചുകയറിയതോടെ രാവിലെ മുതല്‍ തിയറ്ററുകളില്‍ അടിപൊട്ടുമെന്ന നിലയായി. ഇങ്ങനെപോയാല്‍ തുടര്‍ദിനങ്ങളില്‍ തിയറ്ററുകളില്‍ സംഘര്‍ഷമുണ്ടാകുമെന്ന തിരിച്ചറിവിലാണ് സംഘാടകര്‍ റിസര്‍വേഷന്‍ വേണ്ടെന്നു വച്ചത്. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം പ്രവേശനമെന്ന നിലയില്‍ തിയറ്ററില്‍ കയറാമെന്ന മുന്‍കാല രീതിയാണ് തിയറ്ററുകളില്‍ ഇതോടെ നടപ്പായത്. റിസര്‍വേഷന്‍ സമ്പ്രദായം നീക്കിയതോടെ ഇടിച്ചുതള്ളിക്കയറിയാണ് പ്രതിനിധികള്‍ മേള ആഘോഷമാക്കിയത്. പ്രദര്‍ശനത്തിന് അരമണിക്കൂര്‍ മുന്‍പ് തന്നെ പല തിയറ്ററുകളും നിറഞ്ഞുകവിയുന്ന കാഴ്ചയാണ് പിന്നീടുണ്ടായതും. മികച്ചതെന്ന് പേരുകേട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലെ സീറ്റെണ്ണത്തിലെ കുറവും ഇതിനിടെ ചര്‍ച്ചാവിഷയമാവുന്നുണ്ട്. കൈരളി തിയറ്റര്‍(440), ശ്രീ(312), നിള(261), ന്യൂ സ്ക്രീന്‍ വണ്‍(545), ന്യൂ സ്ക്രീന്‍ ടു(200), ന്യൂ സ്ക്രീന്‍ ത്രീ(173), കലാഭവന്‍(410), ശ്രീകുമാര്‍(999), ശ്രീവിശാഖ്(535) തുടങ്ങിയാണ് മേളയിലെ പ്രധാന തിയറ്ററുകളിലെ സീറ്റുനില. ചലച്ചിത്ര അക്കാദമി ചെയര്‍മാന് ചീത്തവിളി കേട്ട ദിനമെന്ന ദുഷ്പേരോടെയാണ് മേളയുടെ രണ്ടാം ദിനം കൊടിയിറങ്ങുന്നത്.

കൈരളിയില്‍ ഉച്ചയ്ക്ക് പ്രദര്‍ശിപ്പിച്ച ഗേള്‍ അറ്റ് മൈ ഡോര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്‍പ് ചെയര്‍മാന്‍ അറ്റ് ദ് ഡോര്‍ എന്ന ഉപമ പോലെ തിയറ്റര്‍ വാതില്‍ക്കലെത്തിയ ചെയര്‍മാന്‍ ടി.രാജീവ്നാഥാണ് പ്രതിനിധികളുടെ നിര്‍ദ്ദയമായ ചീത്തവിളിക്ക് ഇരയായത്. നിലത്തിരുന്ന് സിനിമ കാണരുതെന്ന് ചെയര്‍മാന്‍ പറഞ്ഞതാണ് വിനയായത്. പച്ചത്തെറി നിഘണ്ടുവിലെ ക, ത, പ തുടങ്ങിയ വാക്കുകളിലാണ് പ്രതിനിധികള്‍ ചെയര്‍മാനെ മൂടിയത്. മേള നടത്താന്‍ ആവില്ലെങ്കില്‍ രാജിവച്ച് പോടാ എന്ന വിളി കൂടിയായപ്പോള്‍ അതു താനല്ലയോ ഇത് എന്ന വര്‍ണത്തില്‍ ആശങ്കയുമായി ഉള്‍പ്രേക്ഷ വീണ്ടുവിചാരത്തോടെ ചെയര്‍മാന്‍ തിയറ്റര്‍ വിട്ടിറങ്ങി. ചലച്ചിത്രതാരങ്ങളായ മണിയന്‍പിള്ള രാജു, പ്രകാശ് ബാരെ, മൈഥിലി, മുത്തുമണി, സംഗീതാ മോഹന്‍ തുടങ്ങിയവരുടെ സാന്നിധ്യം ശനിയാഴ്ച മേളയ്ക്ക് ചെറുതായി താരനിറം പകര്‍ന്നു. മേളയ്ക്കെത്തിയ സംവിധായകരായ ടി.വി.ചന്ദ്രന്‍, സുവീരന്‍ തുടങ്ങിയവരെ ചലച്ചിത്ര വിദ്യാര്‍ഥികളായ ചില ഡെലിഗേററുകള്‍ സംശയങ്ങളുമായി പൊതിഞ്ഞു. മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച എ ഗേള്‍ അറ്റ് മൈ ഡോര്‍, ദ് ബ്രൈറ്റ് ഡേ, ദേ ആര്‍ ഡോഗ്സ് എന്നീ ചിത്രങ്ങളും ലോകസിനിമാ വിഭാഗത്തിലെത്തിയ ദ് ട്രീ, ഫീല്‍ഡ് ഓഫ് ഡോഗ്സ്, ബേര്‍ഡ് പീപ്പിള്‍, ദ് ബ്ളൂ റൂം, മക്മല്‍ബഫിന്റെ ദ് പ്രസിഡന്റ് തുടങ്ങിയവയും പ്രതിനിധികള്‍ നിറഞ്ഞ മനസോടെയാണ് ഏറ്റുവാങ്ങിയത്. അതേസമയം, മലയാള സിനിമ ഇന്ന് വിഭാഗത്തിലെത്തിയ ഒരാള്‍ പൊക്കം, ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മിത്ത് ഓഫ് ക്ളിയോപാട്ര എന്നീ ചിത്രങ്ങള്‍ സമിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്. മേളയോട് അനുബന്ധിച്ചുളള മുഖാമുഖം പരിപാടിക്ക് മേളയിലെ സമഗ്രസംഭാവനയ്്ക്കുള്ള പുരസ്കാര ജേതാവായ മാര്‍ക്കോ ബല്ലോക്കിയോ, ഇറാന്‍ ചിത്രമായ ദ് ബ്രൈറ്റ് ഡേയുടെ സംവിധായകന്‍ ഹുസൈന്‍ ഷഹാബി, ഒരാള്‍പൊക്കത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തുടങ്ങിയവരുടെ മുഖാമുഖത്തോടെ ന്യൂ തിയറ്ററില്‍ തുടക്കമായി. തിരക്കഥ നന്നെങ്കില്‍ ചലച്ചിത്രങ്ങള്‍ക്ക് സംഗീതമേ വേണ്ടെന്ന നിലപാടാണ് ഹുസൈന്‍ ഷഹാബി മുഖാമുഖത്തില്‍ ഉയര്‍ത്തിയത്.

ഹോട്ടല്‍ ഹൈസിന്തില്‍ ഫിലിം മാര്‍ക്കറ്റിനും തുടക്കമായി. വിദേശ രാജ്യങ്ങളിലെ മേളകളില്‍ മലയാള ചിത്രങ്ങള്‍ പ്രമോട്ട്് ചെയ്യുന്നതിനുളള അവസരമാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മലയാളസിനിമയുടെ ചരിത്രത്തിലേക്ക് കണ്ണോടിച്ച് ആയിരം പൂര്‍ണ ചന്ദ്രന്മാരെ കണ്ട മലയാള സിനിമ ഫോട്ടോ പ്രദര്‍ശനവും കനകക്കുന്ന്് കൊട്ടാരത്തില്‍ തുടങ്ങിയതോടെ മേള ഹൈപിച്ചിലായി. മേള രണ്ടാം ദിനം പിന്നിടുമ്പോള്‍ സിനിമയുടെ ഷെഡ്യൂള്‍ മാറ്റം യഥാസമയം അറിയിക്കാനോ ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ വേണ്ടത്ര വിതരണം ചെയ്യാനോ സംവിധാനമില്ലാത്തതാണ് പരാതിയുയര്‍ത്തുന്നത്. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ കണ്ടതായി ഇനിയും ആരും അറിയിച്ചിട്ടില്ല. ഇത്തരമൊരു സാധനം ഇറങ്ങുന്നുവെന്ന വാദമുണ്ടെന്നല്ലാതെ ഒരിടത്തും കിട്ടാനില്ല. ഫെസ്റ്റിവല്‍ ഓഫിസ് സമീപത്തെ ഹോട്ടലിലേക്കു മാറ്റി അഞ്ചു ലക്ഷം ലാഭിച്ച സംഘാടകര്‍ ഇന്‍വിസിബിള്‍ ഫെസ്റ്റിവല്‍ ബുക്കിലൂടെ ലക്ഷങ്ങളുടെ വാനിഷിങ് ആക്റ്റ് നടത്തുകയാണോ എന്ന സംശയവും ഉയരുന്നുണ്ട്.

കിസ്സ് കവിത: ചലച്ചിത്രമേളയിലെ ചുംബനക്കൂട്ടായ്മയുടെ പശ്ചാത്തലത്തില്‍ യുഎസില്‍ താമസമാക്കിയ തിരുവനന്തപുരം സ്വദേശിനിയായ കവയിത്രി ഡോണ മയൂര ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ ശ്രദ്ധനേടുകയാണ്. ''സ്നേഹിക്കയില്ല ഞാന്‍ ചുംബനസമരത്തെ ചുംബിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും...''

open-forum