online-logo

ചിത്രം ചിത്രം സര്‍വത്ര...കാണാനും വേണം യോഗം

അദൃശ്യന്‍

article-image

മികച്ച ചിത്രങ്ങള്‍ ഏറെ, എന്നാല്‍ ക്യൂ നിന്നും തള്ളിക്കയറിയും അതു കാണാന്‍ യോഗം വേണം. ഇതായിരുന്നു മേളയിലെ ഏക ഞായറാഴ്ചയില്‍ പ്രതിനിധികള്‍ നേരിട്ട വലിയ പ്രതിസന്ധി. ക്യൂ നിന്ന് തന്റേടമുളളവര്‍ സീറ്റുകള്‍ നേടിയപ്പോള്‍ പ്രതിനിധികളുടെ തള്ളിക്കയറ്റത്തില്‍ മേളയിലെ തിയറ്ററിലെ ചില്ലുടയുന്ന കാഴ്ചയ്ക്കും മൂന്നാം ദിനം സാക്ഷ്യം വഹിച്ചു. ന്യൂ തിയറ്ററിന്റെ വരാന്തയുടെ ചില്ലാണ് തള്ളിക്കയറ്റത്തില്‍ ഉടഞ്ഞത്. ന്യൂ തിയറ്ററില്‍ രാവിലെ 11 ന് സജിന്‍ ബാബുവിന്റെ 'അസ്തമയം വരെ' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനു മുന്‍പായിരുന്നു ചില്ലുടയല്‍. സംവിധായകന്‍ ടി.വി. ചന്ദ്രനടക്കമുളളവര്‍ ഒരു മണിക്കൂര്‍ മുന്‍പ് തന്നെ ക്യൂവില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ 11 നുള്ള ഷോയ്ക്കു മുന്‍പുള്ള ഷോ കണ്ടിറങ്ങിയ പ്രതിനിധികള്‍ പുറത്തിറങ്ങി വീണ്ടും തിയറ്ററിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ക്യൂവിലെ പ്രതിനിധികളുമായി ഉന്തും തള്ളും തുടങ്ങി. ഇതിനിടെയാണ് തിയറ്ററിലെ ഗാസുകള്‍ പൊട്ടിയത്. വരിനിന്നവരെ വിരട്ടിയോടിക്കുന്ന സമീപനമാണ് ബഹളമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനും സംഘവും കൈക്കൊണ്ടതെന്ന ആക്ഷേപവുമുയര്‍ന്നു.

എന്തായാലും ക്യൂ നിന്ന പലര്‍ക്കും ചിത്രം കാണാനാകാതെ മടങ്ങാനായിരുന്നു യോഗം. ഇതിലും നല്ലത് ഓണ്‍ലൈന്‍ റിസര്‍വേഷനാണെന്ന അഭിപ്രായമാണ് പല കോണില്‍ നിന്നും ഉയരുന്നത്. പാസു കാട്ടി ബോധ്യപ്പെടുത്തിയാല്‍ മാത്രം തിയറ്ററര്‍ പരിസരത്ത് പ്രവേശനം അനുവദിക്കുന്ന നിലയില്‍ പഴുതടച്ചുളള പ്രകടനമാണ് കേരള പൊലീസ് മേളയുടെ വേദികളില്‍ കാഴ്ചവയ്ക്കുന്നത്. കേരളത്തിന്റെ മേള ഇതുവരെ കണ്ടിട്ടില്ലാത്ത പൊലീസ് ബന്തവസിലാണ് നടക്കുന്നതെങ്കിലും തിയറ്ററില്‍ പ്രവേശനത്തിനു മുന്‍പ് എല്ലാം താറുമാറാവുന്ന സ്ഥിതിയാണ്. കൈരളി തിയറ്ററില്‍ അച്ചടക്കത്തോടെ ക്യൂവില്‍ നില്‍ക്കുന്നവരെ തള്ളിയകറ്റി ബഹളം കൂട്ടി കയറുന്ന സംഘങ്ങളുമേറെ. ഞായര്‍ ദിനത്തില്‍ അല്‍പം രാജ്യാന്തര സാംസ്കാരിക ബന്ധം ലഭിക്കാന്‍ നേരത്തെ തന്നെ ഡെലിഗേറ്റ് പാസെടുത്ത് കുട്ടികളെ ബന്ധുവീടുകളിലാക്കിയെത്തിയ ചില വീട്ടമ്മമാര്‍ ഈ ഉന്തിലും തള്ളിലും കൈരളിപടവില്‍ വീഴുകയും ചെയ്തു. ഇതിനിടെ തിയറ്ററിലെ ഒരു ചില്ലുവാതില്‍ ഇളകി. ഇതിലും നല്ലത് വീട്ടിലിരുന്നു വൈകിട്ടത്തെ ടിവി ചിത്രം കാണുന്നതാണെന്ന് പറഞ്ഞ് വീട്ടമ്മമാരില്‍ പലരും ഒടുവില്‍ മടങ്ങി.

കൈരളിപ്പടവില്‍ തിരക്കുനിയന്ത്രിക്കാന്‍ സംഘാടകര്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ബാരിക്കേഡ് പൊളിയുന്ന കാഴ്ചയും അത് പുനഃസ്ഥാപിക്കുന്ന കാഴ്ചയും ആവര്‍ത്തിച്ചു. നിയമസഭയില്‍ ഇറങ്ങിപ്പോക്ക് ട്രെന്‍ഡാകുന്ന കാലത്ത് ചലച്ചിത്രമേളയിലെ മീറ്റ് ദ് ഡയറക്ടര്‍ പരിപാടിയില്‍ നിന്നൊരു മിനി ഇറങ്ങിപ്പോക്കിനും മേള ഞായറാഴ്ച സാക്ഷ്യം വഹിച്ചു. സംവിധായകന്‍ രഞ്ജിത്താണ് ഇറങ്ങിപ്പോക്ക് നടത്തിയത്. ശനിയാഴ്ച പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ സംവിധായകരായ എം. അതീയപത്ര, മനോജ് മിഷിഗണ്‍, സജിന്‍ ബാബു, രാജ് അമിത് കുമാര്‍ എന്നിവര്‍ക്കൊപ്പമാണു രഞ്ജിത് വേദിയിലെത്തിയത്. പുതുമുഖ സംവിധായകര്‍ക്കൊപ്പം ഇരുന്നു അരമണിക്കൂര്‍ കഴിഞ്ഞിട്ടും രഞ്ജിത്തിന് സംസാരിക്കാന്‍ പരിപാടിയുടെ അവതാരകന്‍ അവസരം നല്‍കിയില്ല. ഒടുവില്‍ ഊഴമെത്തിയപ്പോഴാകട്ടെ 'ഞാന്‍' എന്ന സ്വന്തം ചിത്രം സംബന്ധിച്ച ചോദ്യത്തിനു പകരം മലയാള ചലച്ചിത്രങ്ങളുടെ അപചയത്തിന് കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് രഞ്ജിത്തിനു നേരിടേണ്ടി വന്നത്. സ്വന്തം ചിത്രത്തെക്കുറിച്ച് സംസാരിക്കാനെത്തിയ രഞ്ജിത് അനവസരത്തിലെ ചോദ്യങ്ങളെക്കുറിച്ച് ഒരു ഉദാഹരണകഥ പറഞ്ഞ ശേഷം 'ക്ഷമിക്കണം ഇനി ഈ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല' എന്നു പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. കൈരളിപ്പരിസരത്തെ സ്ഥിരം കലാപരിപാടികള്‍ ഞായറാഴ്ചയും തുടര്‍ന്നു. കിസ് ഓഫ് ലൌ പ്രവര്‍ത്തകര്‍ ഒരുക്കിയ തെരുവുനാടകം കാണാന്‍ ആളു കൂടിയെങ്കിലും നാടകത്തില്‍ കിസ്സില്ല എന്ന സൂചന ലഭിച്ചതോടെ പ്രതിനിധികള്‍ കൂട്ടം തെറ്റിയകന്നു.

മലയാളികളുടെ സ്വന്തം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് മലയാളം സബ്ടൈറ്റില്‍ വേണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്ളക്കാര്‍ഡേന്തി ചില പ്രതിനിധികള്‍ മേളപ്പടിയില്‍ അണിനിരന്നു. വെനീസിലും ഫ്രാന്‍സിലും ഇറ്റാലിയനിലും ഫ്രഞ്ചിലും സബ്ടൈറ്റില്‍ കാട്ടുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ മേളയില്‍ മലയാളം സബ്ടൈറ്റില്‍ എന്ന വാദമുഖമാണ് ഇവര്‍ ഉയര്‍ത്തിയത്. തിക്കിലും തിരക്കിലും സീറ്റുകിട്ടാതെ മേളപ്പടിയില്‍ വിശ്രമിച്ച ഡെലിഗേറ്റുകള്‍ക്ക് സബ്ടൈറ്റില്‍ വിഷയം സജീവചര്‍ച്ചയ്ക്കു വഴിമരുന്നായി. മേള കൊഴുക്കുന്നതിനിടെ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും മാധ്യമവിദ്യാര്‍ഥികള്‍ക്കും ചലച്ചിത്ര പ്രൊഡ്യൂസര്‍മാര്‍ ഏര്‍പ്പെടുത്തിയ സൌജന്യ ഭക്ഷണ വിതരണം കയ്യടി നേടുകയാണ്. തിങ്കളാഴ്ച ചിക്കന്‍ ബിരിയാണി വിതരണം ചെയ്യുമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാഗ്ദാനം. മലയാള സിനിമയില്‍ ചില പ്രൊഡ്യൂസര്‍മാര്‍ നിര്‍മിച്ച, കണ്ടം വന്ന ചിത്രങ്ങള്‍ക്ക് പ്രായശ്ചിത്തമായി മേളവേദിയില്‍ നടത്തുന്ന അന്നദാന നേര്‍ച്ചയാണിതെന്നും ചില വിരുതന്മാര്‍ പറഞ്ഞു പരത്തുന്നുണ്ട്. രണ്ടു വര്‍ഷത്തിനുശേഷം രാജ്യാന്തര ചലച്ചിത്രോല്‍സവ വേദിയിലേക്ക് ഓപ്പണ്‍ ഫോറം മടങ്ങിയെത്തിയ കാഴ്ചയും ഞായറാഴ്ചയുണ്ടായി.

വ്യക്തിപരമായി ആരെയും ആക്ഷേപിക്കാതെ, ചര്‍ച്ചകളെ രാഷ്ട്രീയവല്‍ക്കരിക്കാതെ നമുക്ക് മുന്നേറാമെന്ന ചിന്തയാണ് ഓപ്പണ്‍ ഫോറത്തിനു തുടക്കമിട്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പകര്‍ന്നത്. എന്നാല്‍ പഴയ വീറുംവാശിയുമില്ലാതെ തണുപ്പന്‍ മട്ടിലാണ് ഓപ്പണ്‍ ഫോറം മുന്നേറിയത്. പ്രാദേശിക ഭാഷാ ചലച്ചിത്രങ്ങള്‍ രാജ്യാന്തര വേദികളിലേക്ക് എന്ന ഉത്തരാധുനിക വിഷയം കൂടിയായതോടെ പ്രതിനിധികളില്‍ പലരും കോട്ടുവായിട്ട് മടങ്ങി. ആസ്ക് എ ക്വസ്റ്റ്യന്‍, ആസ്ക് എ ക്വസ്റ്റ്യന്‍ എന്ന് പ്രതിനിധികളെ വെല്ലുവിളിച്ച മോഡറേറ്റര്‍ ഒടുവില്‍ തോല്‍വിയടഞ്ഞ് പിന്‍മാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മേളയുടെ ആവേശമായ കിം കി ഡുക്കിന്റെ ചിത്രമെത്തുന്നുവെന്ന പ്രത്യേകതയാണ് തിങ്കളാഴ്ച മേളയ്ക്കുളളത്. കിമ്മിന്റെ പുതിയ സിനിമയായ വണ്‍ ഓണ്‍ വണ്‍ വൈകിട്ട് ആറരയ്ക്കു ന്യൂ തിയറ്ററിലെ സ്ക്രീന്‍ ഒന്നിലാണു പ്രദര്‍ശിപ്പിക്കുക. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുളള സുവര്‍ണമയൂരം നേടിയ ലെവിയാതന്‍ നിശാഗന്ധിയിലെ പ്രതിനിധികള്‍ക്ക് വിരുന്നാകും. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ കന്നട ചിത്രം ഡിസംബര്‍ ഒന്ന്, മലയാളി സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയുടെ സഹീര്‍, ദേബാഷിഷ് മഖിജയുടെ ഊംഗ, മൊറോക്കയില്‍ നിന്നെത്തിയ ദ് നാരോ ഫ്രെയിം, ജപ്പാനില്‍ നിന്നുളള സമ്മര്‍ ക്യോട്ടോ എന്നീ മല്‍സര വിഭാഗ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും തിങ്കളാഴ്ചയാണ്. തുര്‍ക്കി ചിത്രം ശിവാസ്, ഫ്രാന്‍സില്‍ നിന്നുളള ഗുഡ്ബൈ ടു ലാംഗ്വേജ് തുടങ്ങി ഏറെ മികച്ച അഭിപ്രായം കിട്ടിയ ചിത്രങ്ങളും തിങ്കളാഴ്ച പ്രതിനിധികളെ കാത്തിരിക്കുന്നു.

'ടോര്‍ച്ചര്‍' ലൈറ്റ്: സംഘാടനത്തിലെ പാളിച്ച മുതലെടുത്തെന്ന വണ്ണം പതിവുതെറ്റിച്ച് പൊലീസ് മേളപ്പരിസരത്ത് അല്‍പം ഓവറായി പെരുമാറുന്നതായും ആരോപണമുയരുന്നുണ്ട്. ശനിയാഴ്ച രാത്രി ഒന്‍പതിന് കൈരളിയിലെ പ്രദര്‍ശനത്തിനിടെ ബഹളമുണ്ടാക്കിയവരെ കണ്ടെത്താന്‍ പൊലീസ് തിയറ്ററിനുള്ളിലും കയറി. ബഹളമുണ്ടാക്കുന്നവരെ കണ്ടെത്താന്‍ തിയറ്ററിനുളളില്‍ ഇരുട്ടത്തിരിക്കുന്നവരുടെ മുഖത്ത് പൊലീസ് ടോര്‍ച്ചടിച്ചു നോക്കുന്ന കാഴ്ചയും കൌതുകമായി.

open-forum