online-logo

സീറ്റില്ല, ലൈറ്റില്ല; ഓടാനില്ല ഓട്ടോയും

അദൃശ്യന്‍

article-image

നാലാം ദിനത്തിനു തിരശീല വീഴുമ്പോള്‍ സിനിമ കാണാന്‍ ആവശ്യത്തിനു സീറ്റില്ലെന്ന ഹൈലൈറ്റ് പരിഭവം തന്നെയാണ് പ്രതിനിധികളില്‍ കത്തിപ്പടരുന്നത്. നല്ല പടത്തിന് ഇടിച്ചു കയറിച്ചെന്നാലും സമാധാനമായി ഇരുന്നു കാണാന്‍ സീറ്റില്ല. ഇരുന്നും നിന്നും ആവേശത്തോടെ സിനിമ കാണുന്ന ഓള്‍ഡ് ജെന്‍ രീതിക്കൊന്നും നിലനില്‍പ്പില്ല. സീറ്റില്ലെങ്കില്‍ കൈരളപ്പടവില്‍ എത്തി വാട്സാപ്പിലും ഫേസ്ബുക്കിലും സ്മാര്‍ട്ട്ഫോണുകളിലൂടെ ജീവിതചിത്രം വരയ്ക്കുന്ന ന്യൂജന്‍ കാലമാണിത്. ബിഗ് സ്ക്രീനിനു മുന്നില്‍ കൂട്ടായ്മയുടെ കണ്ണുകളില്‍ സിനിമ കണ്ടിറങ്ങി അതേക്കുറിച്ച് ചര്‍ച്ച ചെയ്ത് ആവേശം കൊള്ളുന്ന കാലമൊക്കെ പോയി. സിനിമ തിയറ്ററില്‍ കാണാനായില്ലെങ്കില്‍ ബീമാപ്പള്ളിയില്‍ നിന്നും സിഡി വാങ്ങി ലാപ്പില്‍ കാണാമെന്നു പറയുന്നവരാണ് പുതു തലമുറക്കാര്‍.

ചുംബനസമരം കൂടി മേളയില്‍ അരങ്ങേറിയതോടെ വീട്ടിലും നാട്ടിലും ചലച്ചിത്രമേള എന്നുരിയാടുന്നതു പോലും നാണക്കേടാവുന്ന കാലമാണിത്. സര്‍ക്കാരിന്റെ ചെലവുചുരുക്കലിനു ചുവടുപിടിച്ച് ചെലവു ചുരുക്കല്‍ മേള കൂടിയായി ചലച്ചിത്രമേള മാറുന്ന കാഴ്ചയുമുണ്ട്. സര്‍വത്ര ചെലവു ചുരുക്കുന്ന സംഘാടകര്‍ പ്രതിനിധികളുടെ കൂടി എണ്ണം കുറച്ച് മേള ഭംഗിയായി നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നു. ഫെസ്റ്റിവല്‍ ഓഫിസ് സമീപത്തെ നക്ഷത്രഹോട്ടലിലേക്കു മാറ്റിയതോടെ അഞ്ചു ലക്ഷം രൂപ ചലച്ചിത്ര അക്കാദമി ലാഭിച്ചെങ്കിലും മേളയിലെ പ്രധാന ദിവ്യന്മാരുടെ സാന്നിധ്യമാണ് തിയറ്റര്‍ പരിസരത്ത് നഷ്ടമായത്. നാഥനില്ലാത്ത മേളയെന്ന അവസ്ഥ ചിലപ്പോഴൊക്കെ തോന്നാനും ഫെസ്റ്റിവല്‍ ഓഫിസിന്റെ കൂടുമാറ്റം കാരണമാകുന്നു. വിദേശപ്രതിനിധികളുടെയും മറ്റും ഹോട്ടല്‍ ബുക്കിങ് കൂടുമെന്ന ഉറപ്പിലാണ് സൌജന്യമായി ഫെസ്റ്റിവല്‍ ഓഫിസ് ഹോട്ടലില്‍ സ്ഥാപിക്കാന്‍ ഹോട്ടലുകാരും തയ്യാറായത്. ഫെസ്റ്റിവലിലെ ചാക്കുസഞ്ചി 20 രൂപ ലാഭം നേടാന്‍ കൊല്‍ക്കത്തയില്‍ നിര്‍മിച്ച സംഘാടകര്‍, ചെലവുചുരുക്കലിന്റെ ഭാഗമായി ഇത്തവണ സൌജന്യ ഓട്ടോറിക്ഷകളും നിയന്ത്രിച്ചു. പെണ്‍ ഡെലിഗേറ്റുകള്‍ക്കായി സൌജന്യ ഷീ ടാക്സിയും കുടുംബശ്രീ ട്രാവല്‍സും മറ്റും ഓടിത്തിമിര്‍ത്ത മുന്‍ മേളയില്‍ നിന്ന് ഭിന്നമായി ഇത്തവണ ഡെലിഗേറ്റുകളെ വഹിക്കാന്‍ സൌജന്യ ഓട്ടോകള്‍ മാത്രമാണുള്ളത്.

മുന്‍ മേളയില്‍ 35 ഫെസ്റ്റിവല്‍ ഓട്ടോറിക്ഷ രംഗത്തുണ്ടായിരുന്നെങ്കില്‍ ഇത്തവണ രംഗത്ത് 15 മാത്രം. കൈരളി തിയറ്റര്‍ പരിസരത്ത് ഇവ പ്രത്യക്ഷപ്പെട്ടത് മേളയുടെ നാലാം ദിനത്തിലും. ചെലവു ചുരുക്കലിന്റെ ഭാഗമായി വരും ദിനങ്ങളില്‍ ഈ ഓട്ടോകളും സംഘാടകര്‍ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഡെലിഗേറ്റുകള്‍ക്ക് കാല്‍നടപ്പാച്ചില്‍ മാത്രമാകും ശരണം. 1100 രൂപയാണ് ഒരു ഓട്ടോറിക്ഷയ്ക്കായി ഫെസ്റ്റിവല്‍ സംഘാടകര്‍ ഇത്തവണ നല്‍കാന്‍ തീരുമാനിച്ചത്. മുന്‍വര്‍ഷങ്ങളില്‍ കഴുത്തിലിടാന്‍ ഒരു പാസും സൌജന്യ ഉച്ചഭക്ഷണവും നല്‍കിയെങ്കില്‍ ഇത്തവണ അതുമില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പരാതി പറയുന്നു. കനത്ത പൊലീസ് കാവലിനിടെ മേളപ്പരിസരത്ത് പാസില്ലാത്തവരെ അടുപ്പിക്കാത്തതിനാലാണ് ഫെസ്റ്റിവല്‍ സ്പെഷല്‍ ഓട്ടോകള്‍ ഇതുവരെ ആരും കാണാതെ സമീപത്തെ ഇടവഴിയില്‍ മറഞ്ഞു കിടന്നതെന്നാണ് ഇവര്‍ പറയുന്നത്.

കനത്ത പൊലീസ് വലയത്തില്‍ മേള നടത്തുന്നത് സംബന്ധിച്ച് ആക്ഷേപം വിവിധ മാധ്യമങ്ങളില്‍ ഉയര്‍ന്നതോടെ തിങ്കളാഴ്ച മുതല്‍ മേളപ്പരിസരത്തെ ശ്വാസം മുട്ടിക്കുന്ന കാഴ്ചയായ പൊലീസു സംഘത്തെ കാര്യമായി കാണാനില്ല. കൈരളി തിയറ്റര്‍ സമുച്ചയത്തിനു സമീപത്തു നിന്നും ബസ്സ്റ്റാന്‍ഡിലോ, റയില്‍വേ സ്റ്റേഷനിലോ രാത്രി പോകണമെങ്കില്‍ തിയറ്ററിലെ ഇരുട്ടിനെ വെല്ലുന്ന ഇരുട്ടില്‍ വേണം സഞ്ചാരമെന്നതാണ് മേളപ്പുറത്തെ ദുസ്ഥിതി. നഗരസഭയും റോഡ് നിര്‍മാണ കമ്പനിയും തമ്മിലെ പടലപ്പിണക്കത്തിനിടെ ഈ വഴിയിലുള്ള പോസ്റ്റിലൊന്നും ലൈറ്റില്ല. ഇക്കാര്യത്തില്‍ ഒരു പ്രതികരണമെടുക്കാമെന്നു കരുതി നിയമസഭാ കൌണ്‍സിലര്‍മാരെ വിളിച്ചപ്പോള്‍ ഇത്തവണ സൌജന്യ പാസ് കിട്ടാത്തതിനില്‍ ചലച്ചിത്ര മേള എന്നു കേള്‍ക്കുന്നതു തന്നെ അവര്‍ക്ക് 'അരോചക' മേളയാണ്. ചുരുക്കത്തില്‍ രാത്രി വൈകി കൈരളിപ്പരിസരത്തു നിന്നു സിനിമ വിട്ടിറങ്ങി താമസസ്ഥലങ്ങളിലേക്കു പോകുന്ന പെങ്ങന്മാരുടെ മാനം ഈശ്വരോ രക്ഷതു എന്ന നിലയിലും. പിന്നിട്ട മേളകളുടെ ഹരമായ കിം കി ഡുക്കിന്റേതായി ഇത്തവണ മേളയിലെത്തിയ ഏക ചിത്രമായ വണ്‍ ഓണ്‍ വണ്ണിന് കൂറ്റന്‍ തള്ളലാണ് തിങ്കളാഴ്ച ന്യൂ തിയറ്റര്‍ പരിസരത്തുണ്ടായത്. വൈകിട്ട് ആറരയ്ക്ക് പ്രദര്‍ശിപ്പിച്ച ചിത്രം കാണാനായി എത്തിയവരെക്കൊണ്ട് അഞ്ചു മണിക്കു തന്നെ തിയറ്റര്‍ പരിസരം നിറഞ്ഞു. അടിപൊട്ടുമെന്ന സൂചന ലഭിച്ചതോടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ പ്രത്യേക അഭ്യര്‍ഥന പരിഗണിച്ച് നാല്‍പതോളം പൊലീസുകാര്‍ സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ തളളിനിന്ന പ്രതിനിധികള്‍ അയ്യോ പാവങ്ങളായി. ഒരു തിയറ്ററിലെ പ്രദര്‍ശനത്തിനു ശേഷം തിയറ്റര്‍ വിടാതെ അടുത്ത പ്രദര്‍ശനത്തിനായി ഇരിക്കുന്ന വിരുതന്മാരും ഇത്തവണ കൂടിയിട്ടുണ്ട്.

മല്‍സരവിഭാഗത്തിലെ ഒഡിയ ചിത്രം ഊംഗ കാണാന്‍ മന്ത്രിമാര്‍ എത്തിയതാണ് തിങ്കളാഴ്ചത്തെ വ്യത്യസ്തമാര്‍ന്ന കാഴ്ച. സിനിമയുടെ ചുമതലയുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി വി.എസ്.ശിവകുമാറുമാണ് തിയറ്ററില്‍ ചിത്രം കാണാനെത്തിയത്. മേളയുടെ അഞ്ചാം ദിനത്തില്‍ ലോകസിനിമാവിഭാഗത്തില്‍ 18 ചിത്രങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 46 ചിത്രങ്ങള്‍ സ്ക്രീനുകളിലെത്തും. മലയാളത്തിന്റെ ഹാസ്യചക്രവര്‍ത്തി സഞ്ജയന്റെ ജീവിതം ചിത്രീകരിക്കുന്ന 'വിദൂഷകന്‍', സുമിത്രാ ഭാവെയുടെ വാസ്തുപുരുഷ്്, എന്‍.കെ. മുഹമ്മദ്് കോയ സംവിധാനം ചെയ്്ത 'ആലിഫ്്, മാസ്റ്റര്‍ ഇന്‍ ഫോക്കസ്് വിഭാഗത്തില്‍ ഡാനിസ്് തനോവിക്കിന്റെ 'ഐസ്് ഓഫ്് വാര്‍' തുടങ്ങിയവയാണ് പ്രതിനിധികള്‍ക്കായി ചൊവ്വാഴ്ച കാത്തുവയ്ക്കുന്നത്.

മൂത്തവര്‍ ചൊല്ലും: പ്രതിനിധികളെ കുറയ്ക്കാന്‍ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി നല്‍കിയ നിര്‍ദ്ദേശം സോഷ്യല്‍ മീഡിയയിലും മറ്റും അടച്ചാക്ഷേപിച്ചവരില്‍ പലരും ഉന്തിലും തളളും സീറ്റു കിട്ടാതെ മടങ്ങുമ്പോള്‍ അടൂര്‍ സാര്‍ അന്നു പറഞ്ഞതിലും കാര്യമുണ്ടെന്ന തിരിച്ചറിവിലാണ്. അല്ലെങ്കിലും മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും...പിന്നേം കയ്ക്കും.

open-forum