online-logo

പ്രസിഡന്റിനു മുന്നില്‍ നില്‍പ് സമരം

അദൃശ്യന്‍

article-image

മികച്ച ചിത്രങ്ങളുണ്ടെങ്കിലും തിയറ്ററുകളിലെ തിരക്കുകൂട്ടല്‍ കാരണം സ്വസ്ഥമായി അവ കാണാനാകാതെ റിലേ ഓട്ടം പരിശീലിക്കുന്ന പ്രതിനിധികളായിരുന്നു അഞ്ചാം ദിനത്തിലെ മേളക്കാഴ്ച. കലാമേന്മയുള്ള ചിത്രങ്ങള്‍ പലതുണ്ടെങ്കിലും അവ കാണണമെങ്കില്‍ ജാതകത്തില്‍ ചുരുങ്ങിയത് ഗജകേസരിയോഗമെങ്കിലും വേണം. ക്യൂവില്‍ നിന്ന് തിയറ്റര്‍ പടിതൊടും മുന്‍പേ തിയറ്റര്‍ നിറയുന്നതു കാരണം ചിത്രങ്ങളുടെ അഭിപ്രായം കേട്ടല്ല ഇപ്പോള്‍ പല പ്രതിനിധികളുടെയും സിനിമ കാണല്‍. ഒന്‍പതു മണിക്കു ഷോ തുടങ്ങുന്ന കൈരളിയിലോ ന്യൂ തിയറ്റര്‍ സ്ക്രീന്‍ വണ്ണിലോ ആദ്യമെത്തും. സീറ്റില്ലെങ്കില്‍ പിന്നെ ശ്രീ, ന്യൂവിലെ സ്ക്രീന്‍ ടുവിലേക്കാണ് നെട്ടോട്ടം. അവിടെയും കിട്ടിയില്ലെങ്കില്‍ ഒന്‍പതരയ്ക്കു ഷോ തുടങ്ങുന്ന നിള, ന്യൂവിലെ സ്്ക്രീന്‍ ത്രീ എന്നിവയില്‍ സീറ്റിനായി ഭാഗ്യപ്പരീക്ഷണം. ഇങ്ങനെ രാത്രി വൈകുവോളം തുടരുന്ന ഹാഫ് മാരത്തണിനിടെ ഭാഗ്യജാതകം ഉണ്ടെങ്കില്‍ നല്ല ചിത്രങ്ങള്‍ കാണാം. രണ്ടര മണിക്കൂര്‍ ക്യൂ നിന്ന ശേഷം തിയറ്ററില്‍ കയറുമ്പോള്‍ ആദ്യം തന്നെ പകുതിയോളം സീറ്റുകള്‍ നിറഞ്ഞിരുന്നാല്‍ എന്തു ചെയ്യും? ഏതു ഇടിച്ചാല്‍ പോലും ചിരിക്കും ഡെലിഗേറ്റായാലും കലി തോന്നിപ്പോകും.

പ്രശസ്ത ഇറാന്‍ സംവിധായകന്‍ മൊഹ്സിന്‍ മക്മല്‍ബഫിന്റെ ദ് പ്രസിഡന്റ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ച ശ്രീ തിയറ്ററിലാണ് രാവിലെ 11.45 ന് മേളയില്‍ പ്രതിനിധികളുടെ പ്രതിഷേധം അലയടിക്കുന്ന സംഭവവികാസങ്ങളുണ്ടായത്. കൈരളി, നിള, ശ്രീ തിയറ്ററുകളിലേക്ക് മുന്‍വശത്തു കൂടി പ്രതിനിധികളെ പ്രവേശിപ്പിക്കുന്ന പതിവു രീതിക്കു പകരം നിള, ശ്രീ തിയറ്ററുകളിലേക്കു തിയറ്റര്‍ സമുച്ചയത്തിന്റെ പിന്‍ഭാഗത്തുകൂടിയാണ് ഇത്തവണ ഡെലിഗേറ്റുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ദ് പ്രസിഡന്റ് കാണാനായി പകല്‍ വെയിലേറ്റ് ക്യൂ നിന്ന പലരും തിയറ്ററില്‍ കയറും മുന്‍പ് തന്നെ അക്കാദമിയില്‍ കാര്യമായ പിന്‍വാതില്‍ പിടിയുള്ള ചില സിനിമാപ്രവര്‍ത്തകരും ഒട്ടിപ്പിടി തരുണീമണി സംഘവും മറുവഴിയിലൂടെ പ്രവേശിക്കുകയായിരുന്നു. ക്യൂ നിന്നു കയറിയ ഡെലിഗേറ്റുകളാവട്ടെ വിട്ടു കൊടുക്കാനും തയ്യാറായില്ല. പിന്‍നിരയില്‍ 'വിയര്‍പ്പൊഴുക്കാതെ ഇരിക്കുന്ന പാര്‍ട്ടികള്‍ക്കു'(വിഐപി) മുന്നില്‍ നിവര്‍ന്നുനിന്ന് അവര്‍ സിനിമ കണ്ടു. കയ്യില്‍ പത്രം നിവര്‍ത്തിവച്ചും സ്ക്രീനിങ് ഷെഡ്യൂള്‍ ഉയര്‍ത്തിയും മറ്റും തിയറ്ററിനുള്ളില്‍ പ്രതിനിധികള്‍ അപ്രതീക്ഷിതമായ നടത്തിയ ഈ നില്‍പ് സമരത്തിനിടെ ചിത്രം ഒരു തവണ നിര്‍ത്തിയെങ്കിലും പ്രതിഷേധം അതിരുകടക്കുമെന്നു തോന്നിയതോടെ സിനിമ വീണ്ടുമിട്ട് തിയറ്ററിലെ ശ്രദ്ധതിരിക്കുകയായിരുന്നു.

ബഹളം ശമിപ്പിക്കാന്‍ ഇടപെട്ട മേളയുടെ ഉപദേശക സമിതി അംഗം കൂടിയായ പന്തളം സുധാകരന്‍ കൂക്കുവിളിക്കിടെ തിയറ്റര്‍ വിട്ടിറങ്ങി. നാണംകെട്ട സീറ്റുപിടിത്തം നടത്തിയ ചില സിനിമാക്കാരാകട്ടെ ഇതിനിടെ ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഇരുട്ടില്‍ സ്ഥലം കാലിയാക്കുകയും ചെയ്തു. കൂടുതല്‍ കാശു നല്‍കി ചിത്രം നിശാഗന്ധിയില്‍ ഒരു ഷോ കൂടി നടത്തുമെന്നാണ് ഇതേക്കുറിച്ച് സംഘാടകരുടെ വിശദീകരണം. കൈരളിപ്പടവില്‍ പതിവു ഓള്‍ഡ് ജെന്‍ ലിക്വറുകള്‍ നിന്നു കറങ്ങുന്നതൊഴിച്ചാല്‍ മറ്റു പ്രകടനങ്ങളൊന്നുമുണ്ടായില്ല. ലിക്വറുകള്‍ക്ക് ഹരം കൂട്ടാന്‍ കവിത പാടിയും മറ്റും ചില ന്യൂ ജെന്‍ കൂട്ടങ്ങളും ഒപ്പംകൂടി. നടന്‍ മനോജ് കെ ജയനായിരുന്നു കൈരളിപ്പടവുകളില്‍ അഞ്ചാം ദിനത്തിലെ കളര്‍ഫുള്‍ താരം. തലസ്ഥാനത്തു തന്നെ നടക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടവേളയ്ക്കിടെയാണ് താരം മേളയ്ക്കെത്തിയത്. പുതുതലമുറ സംവിധായകരായ എബ്രിഡ് ഷൈന്‍, സിദ്ധാര്‍ഥ് ശിവ തുടങ്ങിയവരുടെ സാന്നിധ്യം ന്യൂ ജെന്‍ പ്രതിനിധികള്‍ ആഘോഷമാക്കി. പോളിഷ് സംവിധായകനായ ക്രിസ്തോഫ് സനൂസിയുടെ ഫോറിന്‍ ബോഡി, ഊംഗ, ദ് ട്രീ, മിസ് വയലന്‍സ്, നോ വണ്‍സ് ചൈല്‍ഡ്, ദ് ട്രൈബ് എന്നീ ചിത്രങ്ങള്‍ നിറഞ്ഞ തിയറ്ററുകളാണ് ഏറ്റുവാങ്ങിയത്.

മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ഹാസ്യസാഹിത്യകാരന്‍ സഞ്ജയന്റെ അവസാനദിനങ്ങള്‍ പശ്ചാത്തലമാക്കിയെത്തിയ വിദൂഷകന്റെ ആദ്യപ്രദര്‍ശനമായിരുന്നു പ്രത്യേകത. സംവിധായകന്‍ വി.കെ. പ്രകാശ് പ്രധാന നടനായി രംഗത്തെത്തിയ ചിത്രം സമ്മിശ്രപ്രതികരണമാണ് ഉളവാക്കിയത്. മേളയുടെ ആറാം ദിവസത്തില്‍ ഒന്‍പതു ചിത്രങ്ങള്‍ ആദ്യപ്രദര്‍ശനത്തിനെത്തും. മല്‍സരവിഭാഗത്തില്‍ നിന്നുള്ള 12 ചിത്രങ്ങളുള്‍പ്പെടെ 45 ചിത്രങ്ങളാണ്് സ്ക്രീനുകളിലെത്തുക. മല്‍സരവിഭാഗത്തില്‍ പ്രേക്ഷകരുടെ ഇഷ്ടചിത്രത്തിനുള്ള ഓഡിയന്‍സ്് വോട്ടിങ് ബുധനാഴ്ച ഉച്ചയ്്ക്ക്് തുടങ്ങും. മേള അവസാനിക്കുന്ന 19നു 12 മണി വരെ കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ വോട്ട്് ചെയ്യാന്‍ കൈരളിയില്‍ മൂന്നു കൌണ്ടറുകളും ന്യൂ തിയറ്ററില്‍ രണ്ടു കൌണ്ടറുകളുമാണുണ്ടാകുക. ഡെലിഗേറ്റുകള്‍ക്കും മാധ്യമ പ്രതിനിധികള്‍ക്കും മാത്രമേ വോട്ടു ചെയ്യാന്‍ അവസരമുളളു..

ഡാന്‍സിങ് തമ്പി: 'ഡാന്‍സിങ് അറബ്സ്'് ഉദ്ഘാടന ചിത്രമായത് കൊണ്ടാണോ എന്നറിയില്ല, വേറിട്ട പ്രതിഷേധങ്ങളുടെ സ്വന്തം ഡാന്‍സര്‍ തമ്പി ഇത്തവണ മേളപ്പരിസരത്ത് പ്രകടനത്തിന് എത്തും എന്നതാണ് ചൂടുള്ള വര്‍ത്തമാനം. ടയറിനുളളിലൂടെ കടക്കാന്‍ ശ്രമിച്ച് ഊരാക്കുടുക്കില്‍ പ്രകടനം അവസാനിപ്പിച്ചു നാണംകെട്ട ശേഷം ആരുമറിയാതെ മറഞ്ഞു കഴിഞ്ഞ ഡാന്‍സര്‍ ആരും പ്രതീക്ഷിക്കാത്ത സര്‍പ്രൈസ് പ്രകടനമാകും അവതരിപ്പിക്കുകയെന്നാണ് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്താകും സര്‍പ്രൈസ് എന്ന തുടര്‍ചോദ്യത്തിന് ഡാന്‍സറെ നൃത്തം ചവിട്ടിക്കാനൊരുങ്ങുന്നവരുടെ മറുപടി ഇതാ... സ്ത്രീവേഷമാണു ചേട്ടാ...ആരോടും പറയരുത്. .

open-forum