online-logo

പാക്ക് തേങ്ങലില്‍ വിതുമ്പി മേള

അദൃശ്യന്‍

article-image

മേളപ്പുറത്തെ പ്രാദേശിക പ്രകടനങ്ങള്‍ക്കപ്പുറം ഒരു കാര്യത്തിലെങ്കിലും രാജ്യാന്തര നിലവാരത്തിലേക്ക് മേള ഉയര്‍ന്ന കാഴ്ചയോടെയായിരുന്നു ആറാം ദിനം സമാപിച്ചത്. രാത്രി ഒന്‍പതു മണിയോടെ പ്രധാന വേദിയായ കൈരളി തിയറ്ററിന്റെ പടവുകളിലായിരുന്നു രാജ്യാന്തരതലത്തില്‍ ഞെട്ടലുളവാക്കിയ വാര്‍ത്തയുടെ പ്രതികരണവുമായി മേള ഡെലിഗേറ്റുകളുടെ മെഴുകുതിരി കൊളുത്തല്‍. പാക്കിസ്ഥാനില്‍ താലിബാന്റെ വെടിയേറ്റു മരിച്ച സ്കൂള്‍ കുട്ടികളെയോര്‍ത്താണ് മേളയില്‍ അനുസ്മരണം അരങ്ങേറിയത്. നാലഞ്ച് പ്രതിനിധികള്‍ പൊടുന്നനെയെത്തി അനുശോചന സൂചകമായി മെഴുകുതിരി കൊളുത്തിയതിനു പിന്നാലെ മറ്റു പ്രതിനിധികളും ഒപ്പം കൂടി മെഴുകുതിരികളുമായി നിലകൊള്ളുകയായിരുന്നു. മേളപ്പടികളിലും മെഴുകുതിരി കൊളുത്തി അവര്‍ ഭീകരതയ്ക്കെതിരെ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി.

വടക്കന്‍ ജില്ലകളില്‍ നിന്നെത്തുന്ന പ്രതിനിധികളില്‍ പലരും മടക്കയാത്രയ്ക്കു പതിവായി തുടക്കമിടുന്നത് മേളദിനങ്ങളിലെ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമാണെങ്കില്‍ കെഎസ്ആര്‍ടിസി പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പലരും ബുധനാഴ്ച രാത്രിയോടെയാണ് വീടുകളിലേക്കുളള യാത്ര തുടങ്ങിയത്. മടക്കയാത്ര നീട്ടിയതോടെ വീണു കിട്ടിയ ദിനത്തില്‍ പരമാവധി ചിത്രങ്ങള്‍ കണ്ടു മടങ്ങാനുളള മൂഡിലായിരുന്നു ഇവര്‍. ഇത്തവണ തുടക്കം മുതല്‍ മേള നേരിടുന്ന പ്രതിനിധികളുടെ തള്ളിക്കയറ്റം ആറാം ദിനത്തിലും തുടര്‍ന്നു. പ്രതിനിധികളുടെ പ്രതിഷേധത്തില്‍ രാജ്യാന്തര മേളയിലെ ഒരു ചിത്രം മുക്കാല്‍ മണിക്കൂറോളം വൈകി പ്രദര്‍ശിപ്പിക്കേണ്ടി വന്ന ദുരവസ്ഥയ്ക്കും മേള സാക്ഷിയായി. അഞ്ചാം ദിനത്തില്‍ മക്മല്‍ബഫ് ചിത്രം ദ് പ്രസിഡന്റിന്റെ പ്രദര്‍ശനത്തിനുണ്ടായ ബഹളത്തിന്റെ മിനിപതിപ്പാണ് ന്യൂ തിയറ്റര്‍ സ്ക്രീന്‍ രണ്ടില്‍ ആറാം ദിനം അരങ്ങേറിയത്. ഹോപ് എന്ന ചിത്രത്തിനായി ഒന്നര മണിക്കൂറോളം ക്യൂ നിന്നു കയറിയ പ്രതിനിധികളെക്കാത്തിരുന്നത് നേരത്തെ തന്നെ ഇരിപ്പിടങ്ങള്‍ നിറഞ്ഞ തിയറ്ററാണ്. 173 സീറ്റു മാത്രമുള്ള തിയറ്ററില്‍ വൊളന്റിയര്‍മാരുടെ ഇഷ്ടക്കാര്‍ പിന്‍വാതില്‍ പ്രവേശനം നേടിയതാണ് വിഷയമായത്.

വാക്കുതര്‍ക്കങ്ങള്‍ക്കിടെ പൊലീസെത്തിയെങ്കിലും നിയന്ത്രിച്ചാലും നിയന്ത്രിച്ചില്ലെങ്കിലും തന്‍ തൊപ്പി പോക്കാകുമെന്ന ഉള്‍വിളിയില്‍ അവര്‍ പതിയെ പിന്‍വലിഞ്ഞു. വീ വാണ്ട് ജസ്റ്റിസ് എന്ന പ്രതിഷേധ മുദ്രാവാക്യവും ഇതിനിടെ തിയറ്ററിനുള്ളില്‍ അലയടിച്ചു. കൈകാല്‍വിട്ട പ്രതിഷേധത്തിലേക്കു ബഹളം കടന്നാല്‍ അടുത്തിടെ കോടികള്‍ മുടക്കി മൂന്നു സ്ക്രീനുകളാക്കിയ ന്യൂ തിയറ്ററിന്റെ അവസ്ഥയെന്താകുമെന്നോര്‍ത്ത് തിയറ്റര്‍ ഉടമയുടെ പ്രതിനിധികളും രംഗത്തെത്തി. പ്രതിഷേധത്തിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച് ശ്രദ്ധ തിരിക്കാമെന്ന മുന്‍ദിന രീതിയും ഇതിനിടെ ഫലം കാണാതെ പോയി. പ്രൊജക്ടറിനു മുന്നില്‍ ഷെഡ്യൂള്‍ കോപ്പിയുയര്‍ത്തി പ്രദര്‍ശനം തടസപ്പെടുത്തുന്ന കാഴ്ചയും ഉണ്ടായി. കൂടുതല്‍ സീറ്റുകളുള്ള തിയറ്ററില്‍ തുടര്‍പ്രദര്‍ശനം കൂടി നടത്താമെന്ന് സംഘാടകരില്‍ പിടിയുളള ഒരു പ്രതിനിധി മൈക്കില്‍ ഉണര്‍ത്തിച്ചതോടെയാണ് പ്രദര്‍ശനം പുനരാരംഭിക്കാനായത്. പ്രതിഷേധങ്ങള്‍ കൈവിട്ടു പോകുന്നതില്‍ മേളയുമായി സഹകരിക്കുന്ന സ്വകാര്യ തിയറ്ററുകള്‍ക്കും പ്രതിഷേധമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അടുത്ത മേളയ്ക്ക് തിയറ്ററുകള്‍ നല്‍കേണ്ടെന്നാണ് ന്യൂ തിയറ്റര്‍ ഉടമയുടെ തീരുമാനമെന്നും അറിയുന്നു.

അഞ്ചാം ദിനത്തില്‍ ശ്രീ തിയറ്ററില്‍ പ്രതിഷേധത്തിനിടെയാക്കിയ ദ് പ്രസിഡന്റ് എന്ന ചിത്രം മേളയുടെ സമാപനദിനത്തില്‍ കൈരളിയില്‍ ഒരു വട്ടം കൂടി പ്രദര്‍ശിപ്പിക്കുമെന്ന അറിയിപ്പും ഇതിനിടെ എത്തി. മേളയില്‍ കഥ, തിരക്കഥ മോഷണ വിവാദവും ആറാം ദിനം ഉടലെടുത്തു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത മല്‍സരവിഭാഗ ചിത്രം സഹീര്‍ എന്ന ചിത്രത്തിന്റെ കഥ തന്റെ മോര്‍ണിക് എന്ന ലഘുചിത്രത്തിന്റേതു തന്നെയെന്നു കാട്ടി തിരുവനന്തപുരം സ്വദേശി കൂടിയായ ശ്രീരാഗാണ് രംഗത്തുവന്നത്. കഴിഞ്ഞ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ തിരക്കഥ ശില്‍പശാലയില്‍(സ്ക്രിപ്റ്റ് പിച്ചിങ) ഈ കഥ രജിസ്റ്റര്‍ ചെയ്തിരുന്നതായും ശ്രീരാഗ് പറഞ്ഞതോടെ വീണു കിട്ടിയ വിവാദത്തിന്റെ ചോരമണത്ത് ടിവി മാധ്യമങ്ങളും ഇതിനു പിന്നാലെയായി. മേളപ്പടിയില്‍ ലാപ്ടോപ്പില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കണ്ട ചില പ്രതിനിധികളും ഇരുചിത്രങ്ങളും തമ്മിലെ സാമ്യം കണ്ട ആശങ്കയില്‍ ഉള്‍പ്രേക്ഷ രേഖപ്പെടുത്തിയതോടെ സിദ്ധാര്‍ഥ് ശിവ തന്നെ നേരിട്ടെത്തി ലഘുചിത്രം വീക്ഷിച്ചു.

ചിത്രങ്ങള്‍ തമ്മില്‍ സാമ്യമുണ്ടെന്ന് പറഞ്ഞ സിദ്ധാര്‍ഥ് ശിവയാകട്ടെ ഇത് യാദൃച്ഛികമാകാമെന്നും ഒപ്പം തന്റെ ചിത്രങ്ങള്‍ക്ക് പല ചിത്രങ്ങളുടെയും ആശയരൂപീകരണം കാണാമെന്നും ബൌദ്ധികബുദ്ധിയില്‍ പറഞ്ഞതോടെ കേട്ടു നിന്ന പ്രതിനിധികള്‍ കിക്കിലുക്കം കിലുകിലുക്കം ഉത്തരത്തില്‍ ചത്തിരിക്കും എന്ന അവസ്ഥയിലായി. കഴിഞ്ഞമേളയില്‍ തിരക്കഥ പിച്ചിങ്ങിന് നേതൃത്വം നല്‍കിയ നടന്‍ രവീന്ദ്രനും പുതുമുറ സംവിധായകരുടെ ഈ ചോരണ വിവാദത്തിലെ പരസ്പരം ചാരല്‍ സംഭാഷണത്തിന് കൈരളിപ്പടവില്‍ ഇടനില നിന്നു. ഒടുവില്‍ കൈകൊടുത്ത് ഇരുസംവിധായകരും പിരിഞ്ഞതോടെ ഇപ്പോള്‍ ആരു ശശിയായി എന്ന ആശങ്കയില്‍ പ്രതിനിധികളും കൂട്ടം വിട്ടു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഉച്ചയോടെ കൈരളി തിയറ്റര്‍ കോംപ്ളക്സിലെത്തിയതായിരുന്നു ആറാം ദിനത്തിലെ കൌതുകക്കാഴ്ച. ചാരക്കേസ് സംബന്ധിച്ച് താന്‍ രചിക്കുന്ന പുസ്തകം സിനിമയാക്കാനുളള സാധ്യതകള്‍ അദ്ദേഹം മാധ്യമങ്ങളുമായി പങ്കിടുകയും ചെയ്തു. മേള കൊടിയിറങ്ങാന്‍ ദിനം രണ്ടു മാത്രം ശേഷിക്കേ വരവുചെലവു കണക്കുകള്‍ ടാലിയാക്കാനുളള പെടാപാടിലാണ് സംഘാടകര്‍. ഇത്തവണ നാലരക്കോടി രൂപയുടെ ബജറ്റ് മാത്രമാണ് മേളയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചത്.

ചിത്രങ്ങളുടെ എണ്ണം കുറയാനും സൌജന്യ ഓട്ടോ പോലുളള സൌകര്യങ്ങള്‍ കുറയ്ക്കാനും മേള സംഘാടകരെ നിര്‍ബന്ധിതരാക്കിയത് ഈ ചെലവുചുരുക്കല്‍ നടപടിയാണെന്നും അറിയുന്നു. ഡെലിഗേറ്റ് ഫീസിനത്തിലും മറ്റും ലഭിച്ച 35 ലക്ഷത്തോളം രൂപ വച്ചാണ് തട്ടിക്കൂട്ടിയെങ്കിലും ചില്ലറ ചെലവുകള്‍ നടത്തുന്നത്. ചുരുങ്ങിയ ചെലവിലാണ് ഇത്തവണ മേളയിലെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തെങ്കിലും മികച്ച ചിത്രങ്ങളാണ് പലതും എന്നതു മാത്രമാണ് ആശ്വാസം. സമാപനദിനമടുക്കുമ്പോള്‍ ബില്ലുകള്‍ കൊടുത്തു തീര്‍ക്കാതെ മുണ്ടു മുറുക്കി നില്‍ക്കുന്ന മേളയുടെ മുണ്ടുരിയാതെ നോക്കാന്‍ മന്ത്രിസഭയുടെ പ്രത്യേക ഫണ്ടിനായി ചലച്ചിത്ര അക്കാദമിയുടെ ശ്രമങ്ങളും അണിയറയില്‍ സജീവമാണ്. ട്രാക്ക് 143, ഹോപ്, സര്‍ക്കസ് കൊളംബിയ, ഡിസംബര്‍ ഒന്ന്, സമ്മര്‍ ക്യോട്ടോ, വണ്‍ ഫോര്‍ ദ് റോഡ്, ദി നാരോ ഫ്രെയിം ഓഫ് മിഡ്നൈറ്റ്, കിം കി ഡുക്ക് ചിത്രം വണ്‍ ഓണ്‍ വണ്‍, നാലാം പ്രദര്‍ശനത്തിനെത്തിയ എ ഗേള്‍ അറ്റ് മൈ ഡോര്‍ തുടങ്ങിയ ചിത്രങ്ങള്‍ എന്നീ ചിത്രങ്ങള്‍ ആറാം ദിനത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധനേടി. ഡെലിഗേറ്റുകളുടെ മടക്കയാത്ര സജീവമാകുമ്പോള്‍ അവസാനദിനങ്ങളില്‍ കാര്യമായ തിരക്കില്ലാതെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടന സംഘം.

ഏഴാം ദിനത്തില്‍ ലോകസിനിമാ വിഭാഗത്തില്‍ ലവ് ബാറ്റില്‍സ്, സൈലന്‍സ് ആന്‍ഡ് ക്രൈ, പോസ്റ്റ്മാന്‍സ് വൈറ്റ് നൈറ്റ്, ഫയേഴ്സ് ഓണ്‍ ദ് പ്ളെയിന്‍ തുടങ്ങിയ ചിത്രങ്ങളാണ് ആദ്യ പ്രദര്‍ശനത്തിനെത്തുക. സമ്മര്‍ക്യോട്ടോ, ഒബ്ളിവിയന്‍ സീസണ്‍, വണ്‍ ഫോര്‍ ദ റോഡ്്, സഹീര്‍, റഫ്യൂജിയാഡോ, നാരോ ഫ്രെയിം ഓഫ്് മിഡ്് നൈറ്റ്്, അസ്തമയം വരെ, ദ ബ്രൈറ്റ്് ഡേ, മാന്‍ ഓഫ്് ക്രൌഡ്് തുടങ്ങിയ ചിത്രങ്ങളുടെ അവസാനവട്ട പ്രദര്‍ശനവും. ലോകസിനിമാ വിഭാഗത്തില്‍ ആകെ 22 ചിത്രങ്ങള്‍ ഉള്‍പ്പെടെ 46 ചിത്രങ്ങളാണ്് ഏഴാംദിനത്തില്‍ സ്ക്രീനുകളില്‍ എത്തുക.

ഡാന്‍സിങ് തമ്പി: ആറാം ദിനത്തില്‍ ഡാന്‍സര്‍ തമ്പി അവതരിപ്പിച്ച നര്‍ത്തനങ്ങളായിരുന്നു മേളപ്പുറത്തെ കളര്‍ഫുള്‍ക്കാഴ്ച. സിനിമ മ്യൂസിയം അടിയന്തരമായി സ്ഥാപിക്കാനാണ് 11 മണിക്ക് കൈരളിപ്പടവിനു മുന്നില്‍ പൌഡര്‍ പൂശി യാചകനായും പൌഡര്‍ മാറ്റി രാജ്കപൂറായും തമ്പി നൃത്തം ചവിട്ടിയത്. ക്ളാസിക്കല്‍ ബാലെയെ പോലും അതിശയിപ്പിക്കുന്ന രൂപപരിണാമമാണ് മൂന്നാം ഡാന്‍സിനായി ഡാന്‍സര്‍ തിരഞ്ഞെടുത്തത്. ടോപ്പിനുളളില്‍ ബ്രാ ധരിച്ച് അതിനുളളില്‍ നിറയെ പഞ്ഞി തിരുകി ഡാന്‍സര്‍ 'സരിത നായര്‍ നൃത്ത'മെന്ന പേരില്‍ പുതുനൃത്ത മുറകള്‍ അവതരിപ്പിച്ചപ്പോള്‍ യുവ ഡെലിഗേറ്റുകള്‍ അത് കയ്യടിയോടെ സ്വാഗതം ചെയ്തു. വേഷമഴിച്ച് മേല്‍വസ്ത്രമില്ലാതെ ഡാന്‍സര്‍ മടങ്ങാനൊരുങ്ങിയപ്പോള്‍ ഒരു കമന്റ് ഉയര്‍ന്നു കേട്ടു. 'ഇയാളെന്തിനാ വെറുതെ പഞ്ഞിവച്ചത്'.

open-forum