online-logo

ചലച്ചിത്രമേളയില്‍ പമ്പ ബസും

അദൃശ്യന്‍

article-image

ശബരിമല സീസണ്‍ കാലയളവില്‍ ചലച്ചിത്രപ്രേമികളുടെ മണ്ഡലകാലമെന്നൊക്കെ പലരും ചലച്ചിത്രമേളയെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ചലച്ചിത്രമേളയും ശബരിമലയും തമ്മിലൊരു ലിങ്കുണ്ടായത് ഇത്തവണത്തെ മേളയിലാണ്. അതും മേള കൊടിയിറങ്ങാന്‍ വെറും ഒരു ദിനം അവശേഷിക്കുമ്പോള്‍. എന്തിനും ഏതിനും പ്രതിഷേധമുയരുന്ന കൈരളി തിയറ്റര്‍ പടികളിലാണ് പമ്പ ബസുമായി ചുറ്റിപ്പറ്റിയൊരു അനാവശ്യ പ്രതിഷേധമുണ്ടായത്. വിഷയം ഇത്രമാത്രം. ചലച്ചിത്രമേള കണ്ട് മടങ്ങാനൊരുങ്ങിയ പത്തനംതിട്ട സ്വദേശിനിയേയും കൂട്ടുകാരിയേയും കെഎസ്ആര്‍ടിസിയുടെ പമ്പ ബസില്‍ കയറ്റിയില്ലത്രേ.

ഇതറിഞ്ഞതോടെ പത്തനംതിട്ടക്കാരിയുടെ കൂട്ടുകാരായ ആണ്‍സിങ്കങ്ങള്‍ പ്ളക്കാര്‍ഡും തൂക്കി കൈരളിപ്പടവിലെത്തിയതാണ്. മുദ്രാവാക്യമുയര്‍ത്തി സിങ്കങ്ങള്‍ അരങ്ങുതകര്‍ത്തതോടെ എതിര്‍വാദവുമായി ചില പ്രതിനിധികളും രംഗത്തെത്തി. സിനിമയുമായി ബന്ധപ്പെട്ടതല്ലാത്ത വിവാദങ്ങള്‍ക്ക് മേളയുടെ തിരുമുറ്റത്ത് സ്ഥാനമില്ലെന്ന് ചാനല്‍ മൈക്കുകള്‍ക്ക് മുന്നില്‍ ഇവര്‍ വാദിച്ചതോടെ വന്‍ പൊലീസ് സന്നാഹം ഇരുപക്ഷത്തിനുമിടയില്‍ ഇടം പിടിച്ചു. വ്രതമനുഷ്്ഠിച്ച് മലയ്ക്കു പോകുന്നവരുടെ പമ്പ ബസില്‍ എതവള്‍ക്കാടാ കേറേണ്ടതെന്ന ചോദ്യവുമായി ഒരു കാവിക്കുറി സിംഹം കൂടി രംഗത്തെത്തിയതോടെ സംഗതി വര്‍ഗീയകലാപത്തിലേക്കു പോകുമെന്ന സാഹചര്യമായി. സാംസ്കാരിക വിനിമയം നടക്കുന്ന മേളയില്‍ എതു വിഷയത്തിലും പ്രതിഷേധമാകാമെന്ന ഒരു ബുജിവാദവും ഇതിനിടെ കേട്ടു. ഉന്തുംതളളും വര്‍ധിച്ചതോടെ ചാനല്‍, പത്ര ക്യാമറാമാന്‍മാര്‍ പൊലീസുകാരെ പോലും വെല്ലുന്ന പുത്തന്‍ തന്ത്രം പ്രയോഗിച്ചു. ക്യാമറകള്‍ മാറ്റി അവര്‍ മാറിനിന്നു. പബ്ളിസിറ്റിയില്ലെന്നു കണ്ടതോടെ പ്രതിഷേധവും മറുപ്രതിഷേധവും കൈരളിപ്പടവു വിട്ടു.

കൈരളിപ്പടവിലെ പബ്ളിസിറ്റി സാധ്യത മുന്‍നിര്‍ത്തി രംഗത്തെത്തുന്നവരില്‍ പ്രതിനിധികള്‍ മാത്രമല്ല ചലച്ചിത്ര പ്രവര്‍ത്തകരുമുണ്ട്. കൈരളി തിയറ്ററിനു മുന്നില്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചലച്ചിത്ര താരങ്ങളുടെ അമ്മ സംഘടന പ്രവര്‍ത്തകരുമാണ് രാവിലെ പബ്ളിസിറ്റി പ്രകടനം നടത്തിയത്. ആവശ്യം ഇത്രമാത്രം - വിനോദ നികുതി കുറയ്ക്കുക, തിയറ്ററുകളില്‍ ടിക്കറ്റിങ് യന്ത്രം ഏര്‍പ്പെടുത്തുക, വാരാന്ത്യങ്ങളില്‍ ടിക്കറ്റ് നിരക്കു കൂട്ടാന്‍ അനുവദിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണം. ഇക്കാര്യങ്ങള്‍ കാട്ടി മുഖ്യമന്ത്രിക്കും സിനിമാ മന്ത്രിയായ തിരുവഞ്ചൂരിനും നിവേദനം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ അടൂര്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുമെന്നോ മറ്റോ പ്രഖ്യാപനമുണ്ടായാല്‍ ഇരിക്കട്ടെ അതിന്റെ ക്രെഡിറ്റ് സിനിമാ സംഘടനകള്‍ക്കുമെന്ന നിലയിലായിരുന്നു പ്രകടനം.

പാക്കിസ്ഥാനില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട കുരുന്നുകള്‍ക്ക് ആദരാഞ്ജലിയുമായി ബിജെപി പ്രവര്‍ത്തകരും കൈരളി തിയറ്ററിനു മുന്നിലെത്തി. ഒറ്റപ്പെട്ട ചില കവിതാലാപനം, നാടന്‍പാട്ടു കൈക്കൊട്ടി താളമിടല്‍ ഒഴിച്ചാല്‍ കൈരളിപ്പടവുകളില്‍ വിടപറയലിന്റെ നനകണ്ണുകളായിരുന്നു ഏറെയും. സമാപനദിനത്തിനു നില്‍ക്കാതെ പലരും നാട്ടിലേക്കുള്ള യാത്ര പറച്ചിലിന്റെ വിരഹമൂഡിലായിരുന്നു. സോഷ്യല്‍ മീഡിയ തരംഗമാകുന്ന കാലത്ത് മേളയിലെ ഒരു പെണ്‍പ്രതിനിധിയുടെ ചിത്രത്തിന് ഫേസ്ബുക്കില്‍ മോശം കമന്റ് എഴുതിയതില്‍ കൈരളിപ്പടവില്‍ രാവിലെ ചെറുസംഘര്‍ഷവുമുണ്ടായി. നിര്‍മാതാവ് ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ ചിലര്‍ കൈരളിപ്പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റില്‍ പെണ്‍കുട്ടിയുമായെത്തി പരാതി പറഞ്ഞെങ്കിലും പൊലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടണമെന്നു പറഞ്ഞ് പൊലീസുകാര്‍ ഒഴിഞ്ഞുമാറി.

ഇതോടെ മേളയിലെ ക്രമസമാധാനത്തിന് എന്തിനു പൊലീസ് അണ്ണാ എന്നു പറഞ്ഞ് ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെ ഫേസ്ബുക്കില്‍ കമന്റിട്ട് വെറുക്കപ്പെട്ടവനെ പിടിക്കാനിറങ്ങി. ഫൊട്ടോഗ്രഫര്‍ കൂടിയായ കുറ്റവാളിയെ മേളപ്പരിസരത്ത് നിന്നു തന്നെ കണ്ടെത്തി അയാളെക്കൊണ്ട് പെണ്‍കുട്ടിയോടു ക്ഷമ പറയിപ്പിച്ചാണ് പ്രശ്നം അവസാനിപ്പിച്ചത്. ഇതുകൊണ്ടും അരിശം തീരാത്ത ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ അയാളുടെ ഡലിഗേറ്റ് പാസ് പിടിച്ചെടുത്ത് സംഘാടകരെ ഏല്‍പ്പിക്കുകയും ചെയ്തു. ബഹുദൂരം അതിവേഗം മുന്നേറുന്ന സര്‍ക്കാരിന്റെ ക്രമസമാധാന വിഷയങ്ങള്‍ കൂടി ചലച്ചിത്രപ്രവര്‍ത്തകരെ ഏല്‍പ്പിച്ചാല്‍ ഞൊടിയിടയില്‍ കേരളം സുന്ദരം എന്ന തരത്തിലായിരുന്നു സിനിമാപ്രവര്‍ത്തകരുടെ ഇടപെടല്‍. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രതിനിധികള്‍ ഏറെ താല്‍പര്യത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായ ദ് പോസ്റ്റ്മാന്‍സ് വൈറ്റ് നൈറ്റ്സ് പ്രദര്‍ശിപ്പിക്കാന്‍ ആകാതെ പോയതായിരുന്നു ഏഴാം ദിനത്തില്‍ മേളയിലെ ബ്ളാക്ക്മാര്‍ക്ക്. നിശാഗന്ധിയില്‍ വൈകിട്ട് ഏഴിനാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നത്.

സാങ്കേതിക തടസം കാരണം ചിത്രത്തിന്റെ പാസ്വേഡ് നല്‍കിയിട്ടും പ്രൊജക്റ്ററിലെ സെര്‍വറിലേക്ക് ചിത്രം പകര്‍ത്താനാകാത്തതാണ് പ്രദര്‍ശനത്തെ ബാധിച്ചത്. ഏഴര വരെ കാത്തിരുന്നിട്ടും പ്രശ്നം പരിഹരിക്കാനാകാത്തതോടെ കം ടു മൈ വോയിസ് എന്ന ചിത്രം പകരം പ്രദര്‍ശിപ്പിച്ചു. അവസാനനിമിഷം മാത്രം സാങ്കേതിക പ്രശ്നങ്ങള്‍ അറിയിക്കുന്ന ടെക്നിക്കല്‍ വിങ് അംഗങ്ങളുടെ മനോഭാവത്തില്‍ മേളയില്‍ ചിത്രങ്ങളുടെ ചുമതലയുളള ഇന്ദു ശ്രീകണ്ഠ്, അടൂര്‍ ഗോപാലകൃഷ്ണന്റെയും സൂര്യ കൃഷ്ണമൂര്‍ത്തിയുടെയും സാന്നിധ്യത്തില്‍ വിമര്‍ശനമറിയിക്കുന്നതും നിശാഗന്ധിയുടെ പിന്നില്‍ ഇതിനിടെ കാണാനായി. അടൂര്‍ ഗോപാലകൃഷ്ണന്റെ 11 സിനിമകളിലെ ചില ദൃശ്യങ്ങള്‍ ഒരു കാന്‍വാസില്‍ കോറിയിട്ട് നടുവില്‍ സാക്ഷാല്‍ ശ്രീകൃഷ്ണനെ പോലെ അടൂരിനെയും വരച്ച ചിത്രവുമായി ചിത്രകാരി നടത്തിയ പ്രദര്‍ശനവും ഏഴാംദിനം കൈരളിപ്പടവില്‍ അരങ്ങേറി.

ഗസ് ഹൂ എന്ന പേരില്‍ ഒളിഞ്ഞിരിക്കുന്ന സായിപ്പ് മേളപ്പരിസരത്തെ പല മതിലുകളില്‍ വരച്ച സ്പ്രേ പെയിന്റ് ചിത്രങ്ങളാണ് മറ്റൊരു കലാ വര്‍ത്തമാനം. ഇപ്പോള്‍ വെടിവയ്ക്കുമെന്ന ഭാവത്തില്‍ പ്രേംനസീര്‍ തോക്കുമായി ജെയിംസ് ബോണ്ടിന്റെ രൂപത്തില്‍, സാരിയുടുത്ത് സ്വര്‍ണാഭരണമണിഞ്ഞ മര്‍ലിന്‍ മണ്‍റോ തുടങ്ങിയ ക്രിയേറ്റീവുകളാണ് സായിപ്പ് വരച്ചുകൂട്ടിയത്. കൊച്ചി ബിനാലെയ്ക്കു മുന്‍പ് അവിടെ പല മതിലുകളിലും ഇത്തരം വേലകള്‍ കാട്ടിയിട്ടുളള ഈ സായിപ്പ് ഗസ് ഹൂ എന്ന പേരില്‍ മാത്രം അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. മുഖം പോലും ആരും അറിയരുതെന്ന നിര്‍ബന്ധവുമുണ്ട്. പടം വരയ്ക്കിടെ പ്രതിനിധികളില്‍ പലരും ചിത്രമെടുക്കാനെത്തിയപ്പോള്‍ മുഖം വരരുതെന്ന് സായിപ്പ് വിശദീകരിച്ചെങ്കിലും പലര്‍ക്കും അതു മനസിലായില്ല. സായിപ്പ് വരയ്ക്കുന്ന ചിത്രം നന്നെങ്കിലും ഇത്ര ജാഡ നന്നല്ലെന്ന വാദത്തിലാണ് ഇതോടെ പ്രതിനിധികളില്‍ പലരും സായിപ്പിന്റെ കൂട്ടുവെട്ടിയത്. പിന്നിട്ട മേളകളുടെ ആവേശമായ കിം കി ഡുക്കിന്റെ വണ്‍ ഓണ്‍ വണ്‍ എന്ന പുത്തന്‍ ചിത്രം കാണാന്‍ ആരും തിരക്കുകൂട്ടാത്തതും ശ്രദ്ധേയമായി. ശ്രീകുമാറില്‍ ചിത്രത്തിന്റെ മൂന്നാം പ്രദര്‍ശനത്തിന് പല സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതും കണ്ടു.

സമാപനദിനത്തിലേക്ക് മേള കടക്കുമ്പോള്‍ മികച്ച പല ചിത്രങ്ങളുടെയും ഓര്‍മകളും പേറിയാണ് ഭൂരിപക്ഷം പ്രതിനിധികളും മടങ്ങുന്നത്. പ്രതിനിധികളുടെ എണ്ണത്തിനനുസരിച്ച് സീറ്റുകളില്ലാത്തതിനാല്‍ ഉണ്ടായ തിരക്കുകൂട്ടലിന്റെ കല്ലുകടിയും പലര്‍ക്കുമുണ്ട്. മേളയുടെ സമാപനച്ചടങ്ങില്‍ തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ഗേ സെയ് ലാന്‍ ആണു മുഖ്യാതിഥി. വൈകിട്ട് നാലരയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ പി. സദാശിവമാണ് അവാര്‍ഡുകള്‍ സമ്മാനിക്കുക. ഗവര്‍ണര്‍ക്കു പുറമെ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അവാര്‍ഡ് ദാനത്തിനു ശേഷം കലാമണ്ഡലം അവതരിപ്പിക്കുന്ന മോഹിനിയാട്ടം നടക്കും. തുടര്‍ന്നു സുവര്‍ണ ചകോരം നേടുന്ന സിനിമ പ്രദര്‍ശിപ്പിക്കും.

'മുറിഞ്ഞമേള' വരുന്നു, നിലമ്പൂര്‍ വഴി കോട്ടയത്തേക്ക്: തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിനിധികളുടെ തിരക്ക് ഒഴിവാക്കാന്‍ അഞ്ചു ദിവസം നീളുന്ന മേഖലാ ചലച്ചിത്ര മേളകള്‍ നടത്താന്‍ അക്കാദമി തീരുമാനിച്ച വിവരമാണ് ഏഴാം ദിനത്തിലെ ഹൈലൈറ്റ് വര്‍ത്തമാനം. മലബാറിലും മധ്യതിരുവിതാംകൂറിലുമാണ് മേളകള്‍. മലബാറിലെ മേള നിലമ്പൂരില്‍ ഫെബ്രുവരി 20ന് തുടങ്ങും. ഐഎഫ്എഫ്കെയിലെ 50 ചിത്രങ്ങളാണ് ഈ മേളകള്‍ക്കെത്തുക. കോട്ടയത്തെ മേഖലാ മേളയുടെ തീയതി നിശ്ചയിച്ചിട്ടില്ല..

open-forum