മനസ്സിലെ മണിമാരന്‍, മൊഞ്ചുള്ള മണവാട്ടി

രാജശ്രീ സത്യപാല്‍

കാത്തു കാത്തിരുന്നൊരു കല്ല്യാണം. വധു മലയാളികള്‍ ഏറെ സ്നേഹിച്ചൊരു പെണ്‍കൊടി. വരന്‍ മലയാളത്തിന്റെ ന്യൂജനറേഷന്‍ ഹീറോ. ഇതില്‍ ആരോടാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്നേഹം? നസ്രിയയും ഫഹദു വിവാഹിതരാവുകയാണ്. താര വിവാഹങ്ങള്‍ പലതുകഴിഞ്ഞെങ്കിലും മലയാളത്തില്‍ നായകനും നായികയും തിളങ്ങിനില്‍ക്കുന്ന കാലത്ത് ഇങ്ങനെ ഒരു വിവാഹം നടന്നിട്ട് കുറച്ചു കാലമായി. സംവൃതാ സുനിലും നവ്യാ നായരുമൊക്കെ വിവാഹം കഴിച്ചെങ്കിലും ഇവര്‍ മാത്രമായിരുന്നു സിനിമയില്‍ നിന്ന്.

വരന്‍മാര്‍ പുറത്തുള്ളവരായിരുന്നുേ. അമലാ പോള്‍ അടുത്തിടെ വിവാഹിതയായെങ്കിലും അതൊരു തമിഴ് ചുവയുള്ള കല്ല്യാണമായിരുന്നു. റിമ കല്ലിങ്കലും ആഷിഖ് അബുവും വിവാഹിതരായെങ്കിലും അത് ആര്‍ഭാടങ്ങളില്ലാത്ത മാതൃകാ വിവാഹമായിരുന്നു. മീരാ ജാസ്മിന്റെ വിവാഹവും അടുത്തിടെ കഴിഞ്ഞു. ബിജു മേനോനും സംയുക്തയുമാണ് ആഘോഷ പൂര്‍വം വിവാഹം കഴിച്ച താര ദമ്പതികള്‍. ഇത് കഴിഞ്ഞിട്ട് വര്‍ഷം പന്ത്രണ്ട് ആയി. മലയാളത്തിലെ യുവാക്കളുടെ പ്രിയങ്കരിയാണ് നസ്രിയ എന്ന കുസൃതിക്കുടുക്ക. ഫഹദ് മലയാളി സുന്ദരികളുടെ സൂപ്പര്‍ ഹീറോ.

വിവാഹത്തോടെ നസ്രിയ വെള്ളിത്തിരയോട് ബൈ പറയുമോ എന്നത് ആരാധകര്‍ക്ക് വിഷമമുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ വിവാഹത്തില്‍ മലയാളി പ്രേക്ഷകര്‍ക്ക് അല്‍പം നിരാശയുണ്ടായിരുന്നു. എങ്കിലും വിവാഹ വാര്‍ത്തയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. നസ്രിയയെ ഫഹദിന്റെ പെണ്ണായി തന്നെ എല്ലാവരും കണ്ടു തുടങ്ങി. ബാംഗൂര്‍ ഡെയ്സ് എന്ന ചിത്രത്തിലെ ഭാര്യഭര്‍ത്താക്കന്‍മാരായുള്ള അഭിനയവും വന്‍ജനപ്രീതി നേടി. നസ്രിയയെ വരവേല്‍ക്കാന്‍ ഫാസില്‍ കുടും ബം ഒരുങ്ങിക്കഴിഞ്ഞു. വീട് മോടിയാക്കി, ഫഹദ് മൊഞ്ചത്തിക്കായി പുതിയ കാര്‍ വാങ്ങി.

ഭാവി മരുമകളെ ഇത്രയധികം സ്നേഹിക്കുന്ന ഒരു പിതാവിനേയും നാം ഫാസിലില്‍ കണ്ടു. എല്ലാ പെണ്‍കുട്ടികള്‍ക്കും അസൂയ തോന്നുന്ന ഒരു അമ്മായിയച്ഛന്‍. നസ്രിയയെക്കുറിച്ച് പറയുമ്പോള്‍ ഫാസിലിന് നൂറ് നാവാണ്. ഇത്രയും പോസ്റ്റീവ് എനര്‍ജിയുള്ള ഒരു കുട്ടിയെ ഫഹദിന് നായികയായി കിട്ടിയത് ഭാഗ്യമായി കരുതുന്നു എന്ന് വരന്റെ അച്ഛന്‍ പറയുമ്പോള്‍ ഏത് പെണ്‍കുട്ടിക്കും അസൂയ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ.