തങ്കത്തിളക്കമുള്ള അഭിനയചാതുര്യം



ഷജില്‍ കുമാര്‍

തങ്കത്തിളക്കമുള്ള അഭിനയചാതുര്യം

മലയാളസിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയമായ ദൃശ്യം തമിഴ് പതിപ്പില്‍ നായകനായെത്തുന്നത് ഉലകനായകന്‍ കമല്‍ഹാസനാണ്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തൊടുപുഴയിലും കമല്‍ എത്തിയിരുന്നു. സിനിമയില്‍ കമല്‍ഹാസനുമായി പ്രവര്‍ത്തിച്ച അനുഭവം ജീത്തു ജോസഫ് പങ്കുവക്കുന്നു.

. കമലുമൊത്തുള്ള വിശേഷം?
വളരെ നല്ല അനുഭവമാണ് അദ്ദേഹത്തോടൊപ്പം. എല്ലാത്തിനോടും വലിയ ആകാക്ഷ കാണിക്കുന്നയാള്‍. ഒരിക്കല്‍ പോലും ഒരു ഇടപെടലും നടത്താതെ നമ്മുടെ നിര്‍ദേശങ്ങള്‍ക്കൊപ്പം മാത്രം അഭിനയിച്ചു ഫലിപ്പിക്കുകയാണദ്ദേഹം. പലരും പറഞ്ഞിരുന്നു, കമല്‍ സാര്‍ പലകാര്യത്തിലും ഇടപെടും, തിരുത്തല്‍ വരുത്തും എന്നൊക്കെ. പക്ഷേ, ഷോട്ട് കഴിഞ്ഞാല്‍ മോണിറ്ററിന്റെ ഭാഗത്തേക്കു പോലും വരാറില്ല അദ്ദേഹം. പലപ്പോഴും നിര്‍ബന്ധിച്ചപ്പോള്‍ മാത്രം മോണിറ്ററിലേക്ക് കണ്ണുപായിച്ചു അദ്ദേഹം. ( എന്റെ ചിത്രങ്ങളില്‍ അഭിനയിച്ചവരാരും അവരുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനോ ഇടപെടാനോ വന്നിട്ടേയില്ല.).

. ഗൌതമിയും കമലും, തമിഴില്‍ അതൊരു മാര്‍ക്കറ്റിങ് കോംബിനേഷന്‍ ആയിരിക്കും, അല്ലേ?
ശരിയാണ്. തമിഴ് മാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ ഇൌ കോംബിനേഷന്‍ വരുന്നതു വാര്‍ത്തയും ആഘോഷവുമാണ്. ദൃശ്യത്തിന്റെ കഥയ്ക്കു ചേര്‍ന്നു പോകുന്ന ഇഴചേരലുണ്ട് അവരുടെ പൊരുത്തത്തിന്. ഗൌതമിയെ കമലിന്റെ ഭാര്യയാക്കുകയെന്ന തീരുമാനം ക്ളിക്കാവും എന്നുറപ്പായിരുന്നു.

. എങ്ങനെയുണ്ട് തമിഴ്ശൈലി?
മലയാളത്തില്‍ അഭിനയത്തിന്റെ മിതത്വം കൊണ്ടാണു ലാലേട്ടന്‍ അദ്ഭുതപ്പെടുത്തിയത്. തമിഴിന്റെ ചില വൈകാരിക പ്രകടനങ്ങളുടെ പ്രത്യേകതകളാവാം, കമല്‍ സാര്‍ വികാരപരമായി ഭാവങ്ങളെ തീക്ഷ്ണമാക്കുന്നു. ഇതു കഥയെ വൈകാരികമായ മറ്റൊരു തലത്തിലേക്കു കൈപിടിച്ചുയര്‍ത്തുന്നു എന്നു വേണമെങ്കില്‍ പറയാം. മലയാളത്തിന്റെ ദൃശ്യത്തില്‍ പൊട്ടിത്തെറികളെക്കാള്‍ ഒതുക്കിവച്ച രോഷവും സങ്കടങ്ങളുമാണുള്ളത്. തമിഴില്‍, വൈകാരിക സംഘര്‍ഷങ്ങളുടെയും സങ്കടങ്ങളുടെയും നടുക്കടലില്‍പെട്ട പ്രതീതിയാണ്. ഇതു കഥയെ കൂടുതല്‍ തീവ്രാനുഭവമാക്കുമെന്നുറപ്പാണ്. ഇവിടെയാണു കമല്‍സാര്‍ എന്ന നായകന്റെ അഭിനയചാതുര്യം തങ്കത്തിളക്കമുള്ളതാണെന്നു തിരിച്ചറിയുന്നത്. മലയാളത്തില്‍ കണ്ട ദൃശ്യമല്ല തമിഴില്‍ പിറവിയെടുക്കുന്നത്. അതിലെ അവതരണവും അഭിനയവും അനുഭവവുമെല്ലാം വ്യത്യസ്തമാണ്.

Other Stories

അദ്ഭുതപ്പെടുത്തുന്ന പ്രതിഭ

ആറു മുതല്‍ അറുപത് വരെ

തങ്കത്തിളക്കമുള്ള അഭിനയചാതുര്യം

© Copyright 2014 Manoramaonline. All rights reserved.