അദ്ഭുതപ്പെടുത്തുന്ന പ്രതിഭ



ഷാംദത്ത്

'ഡു യുവര്‍ ഫിലിം ആഫ്റ്റര്‍ മൈ ഫിലിം'- സ്വന്തമായി ഒരു സിനിമയെടുക്കാനുള്ള ശ്രമങ്ങള്‍ സജീവമായി കൊണ്ടുനടക്കുന്നതിനിടെ പ്രമുഖ ഛായാഗ്രാഹകന്‍ ഷാംദത്തിനോട് ഇതുപറഞ്ഞത് സാക്ഷാല്‍ കമല്‍ഹാസന്‍. മുറി നിറയെ കമല്‍ഹാസന്റെ വര്‍ണചിത്രങ്ങള്‍ ഒട്ടിച്ചുവച്ച് വീരാധാനയോടെ നടന്ന പയ്യന്‍സിന് ഇതില്‍പ്പരം അംഗീകാരം വേറെന്ത്? പാലക്കാട്ടെ ആരോമ തിയറ്ററില്‍ കമല്‍ഹാസന്‍ ചിത്രളഅള്‍ക്കു ടിക്കറ്റെടുക്കാന്‍ കാത്തു നിന്ന ആവേശത്തോടെ ഷാംദത്ത് കമലിന്റെ ചിത്രങ്ങള്‍ ക്യാമറയിലാക്കി. ആദ്യം വിശ്വരൂപം 2, ഇപ്പോഴിതാ ഉത്തമവില്ലന്‍. കമലിന്റെ പ്രിയ ഛായഗ്രാഹകരില്‍ ഒരാളായി മാറിയ മലയാളി ഷാംദത്ത് മനോരമ ഓണ്‍ലൈനു വേണ്ടി കമലിനെക്കുറിച്ചെഴുതുന്നു.

.കമല കല
വിശ്വരൂപം രണ്ടിന്റെ സെറ്റ്. പതിനഞ്ചു ദിവസത്തെ തുടര്‍ച്ചയായ ആക്ഷന്‍ സീക്വന്‍സുകള്‍ക്കൊടുവില്‍ ക്ഷീണിച്ചിരിക്കുകയായിരുന്നു കമല്‍സാര്‍. 'ആര്‍ യു ഓകെ സര്‍' അടുത്തെത്തി ചോദിച്ചു. പാന്റ്സ് മുകളിലേക്കു കയറ്റി കാല്‍മുട്ടു കാട്ടിത്തന്നു. ചിത്രീകരണം തുടങ്ങി രണ്ടാംദിവസമേറ്റ പരുക്കു നീരുബാധിച്ചു ഗുരുതരമായിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന ഞങ്ങളെ പോലും അറിയിക്കാതെ, പരുക്ക് ഒളിപ്പിച്ച്, വേദന കടിച്ചമര്‍ത്തി അദ്ദേഹം ഷൂട്ടിങ് തുടര്‍ന്നതെന്തിനെന്നോ? - സഹതാരങ്ങളുടെ സമയം നഷ്ടപ്പെടാതിരിക്കാന്‍ ! ഇതാണ് കമല്‍ഹാസന്‍. സിനിമയോട് ഇത്രയധികം ആത്മാര്‍ഥത കാണിക്കുന്ന ഒരാളുണ്ടാവുമോ എന്ന് അദ്ഭുതപ്പെടുത്തുന്ന പ്രതിഭ.

ചാര്‍ലി ചാപ്ളിനെപോലെ മഹാനായ ഒരു കലാകാരനാകുന്നു കമല്‍ഹാസന്‍. അദ്ദേഹം കാണാത്ത കാഴ്ചകളോ കേള്‍ക്കാത്ത കഥകളോ ഇല്ല. വായിക്കാത്ത പുസ്തകങ്ങളും കുറവ്. കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന അത്ഭുതത്തെ അടുത്തു കിട്ടിയിട്ടു രണ്ടു വ?ഷമെ ആയിട്ടുള്ളു. അനുഭവങ്ങള്‍ ഒരുപാടു കിട്ടുന്ന യാത്ര പോലെയാണു കമല്‍ഹാസനൊപ്പമുള്ള ദിനങ്ങള്‍. അതേക്കുറിച്ചോര്‍ക്കുന്നതും എഴുതുന്നതും പ്രത്യേക സന്തോഷം നല്‍കുന്നു. അദ്ദേഹത്തിന്റെ ജന്മദിന വേളയില്‍ പ്രത്യേകിച്ചും. ഈ 'കമലനുഭവം ' അദ്ദേഹത്തിനുള്ള എന്റെ ജന്മദിന സമ്മാനമാകുന്നു.

.അദ്ദേഹം എല്ലാമാണ്
ലൊക്കേഷനില്‍ ലൈറ്റിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ പാട്ടെഴുതുന്ന തിരക്കിലാവും കമല്‍ഹാസന്‍. സിനിമയ്ക്ക് ആവശ്യമുള്ളതെന്തും ഏത് ആള്‍ത്തിരക്കിനിടയിലും രൂപപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുന്നു. നര്‍ത്തകനായും പാട്ടുകാരനായും അഭിനേതാവവായുമെല്ലാം ഒരുപോലെ തിളങ്ങുന്ന മറ്റൊരാള്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടോ? താരപദവിയിലെത്തുന്നവര്‍ കച്ചവട സിനിമകള്‍ക്കു മാത്രമല്ല, നല്ല സിനിമകള്‍ക്കു വേണ്ടി കൂടി ശ്രമിക്കണമെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ ലളിതജീവിതം നല്‍കുന്നത്.

.മനസില്‍ കാണുന്ന സിനിമ
സിനിമ വിജയിപ്പിക്കാന്‍ ഏറ്റവും അധ്വാനിക്കുന്നത് ആരാകുമെന്നത് സിനിമാ നിരൂപകര്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍, കമല്‍ഹാസനുള്ള ലൊക്കേഷനാണെങ്കില്‍ ഉത്തരത്തിനു വേറെ തലപുകയ്ക്കേണ്ടി വരില്ല. ഓരോ സിനിമയ്ക്കു വേണ്ടിയും അത്രയധികം മുന്നൊരുക്കം നടത്തും. സംഗീത സംവിധായകനോ ക്യാമറാമാനോ സൌണ്ട് എന്‍ജിനീയറോ ആരുമാട്ടെ എല്ലാവര്‍ക്കും അരികിലെത്തി തന്റേതായ 'ഇംപ്രവൈസേഷന്‍' നല്‍കും. ഷൂട്ട് ചെയ്തു കഴിഞ്ഞ സീക്വന്‍സുകള്‍ പല ആവര്‍ത്തി കണ്ടു പലവട്ടം എഡിറ്റ് ചെയ്ത് പരമാവധി പെര്‍ഫക്ട് ആക്കും. ഇഗോയില്ലാത്ത അപൂര്‍വം സിനിമാക്കാരിലൊരാള്‍.

.സൈലന്‍സ് പ്ളീസ്
സിനിമയില്‍ നിന്നു കിട്ടിയ പണം സിനിമയില്‍ തന്നെ നിക്ഷേപിച്ച്, അതുവഴി നൂറുകണക്കിനു പേര്‍ക്ക് ജീവിതമാര്‍ഗം നല്‍കുന്നുവെന്നതും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. സൂപ്പര്‍ നടനായാലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായാലും ജോലിക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നതാണ് നയം. നോ സെല്‍ഫോണ്‍, നോ ഗസ്റ്റസ്, നോ സ്മോക്കിങ്, സൈലന്‍സ് പ്ളീസ്- കമല്‍ഹാസന്റെ ലൊക്കേഷനുകളില്‍ ഉറപ്പായും കാണുന്ന ഇത്തരം ബോര്‍ഡുകള്‍ മതി അദ്ദേഹം സിനിമയ്ക്ക് കൊടുക്കുന്ന ഗൌരവം മനസിലാക്കാന്‍. ലളിതമായ ഇടപഴകലും ബഹുമാനം കലര്‍ന്ന സംസാരവും ആരെയും ആകര്‍ഷിക്കും. മുന്നില്‍ നില്‍ക്കുന്ന ആള്‍ ഉള്ളതു കൊണ്ടാണ് ഞാന്‍ നിലനില്‍ക്കുന്നതെന്ന തിരിച്ചറിവാണ് കമല്‍ഹാസന്റെ മഹത്വം. അദ്ദേഹത്തിന്റെ മനുഷ്യത്വം കലര്‍ന്ന ഇടപെടലുകള്‍ക്ക് ഒപ്പം ജോലിചെയ്തിട്ടുള്ളവര്‍ എത്രയോ തവണ സാക്ഷിയായിട്ടുണ്ടാവും.

.സ്വപ്നം പോലെ
സുഹൃത്ത് സാനു വര്‍ഗീസായിരുന്നു വിശ്വരൂപം ഒന്നിന്റെ ഛായഗ്രാഹകന്‍. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട തിരക്കിനിടെ, വിശ്വരൂപം രണ്ടിനു വേണ്ടി എന്റെ പേര് നിര്‍ദേശിച്ചതും സാനു തന്നെ. ഞാന്‍ ക്യാമറ ചെയ്ത അറബിക് ചിത്രമായ 'ബഹ്റിനി ടെയില്‍', തെലുങ്ക് ചിത്രമായ 'സാഹസം' എന്നിവയുമായാണ് കമല്‍സാറിനെ ആദ്യം കാണാന്‍ ചെന്നത്. ഏറെനേരം സംസാരിച്ചു. വര്‍ക്കു കണ്ട് അദ്ദേഹം ചോദിച്ചത് ' അപ്പോള്‍ അടുത്ത പരിപാടിയെന്താ' എന്നായിരുന്നു. സ്വന്തമായി ഒരു സിനിമ എന്ന ആഗ്രഹം പറഞ്ഞപ്പോള്‍, 'ഡു യുവര്‍ ഫിലിം ആഫ്റ്റര്‍ മൈ ഫിലിം'എന്നായിരുന്നു പ്രതികരണം. സ്വപ്നത്തിലെന്ന പോലെ കേട്ട വാക്കുകള്‍ക്ക് വല്ലാത്തൊരു ഊര്‍ജം ഉണ്ടായിരുന്നു.

സിനിമയ്ക്കായി ഇനിയുമേറെ ചെയ്യാനുണ്ടെന്നു ചുറ്റുമുള്ളവരോട് തന്റെ ജീവിതം കൊണ്ടു ഓര്‍മിപ്പിക്കുന്ന കമല്‍സാര്‍ ഇന്ത്യന്‍ സിനിമയ്ക്ക് എന്നും ഊര്‍ജമാണ്. (തയ്യാറാക്കിയത് റൂബിന്‍ ജോസഫ് )  

Other Stories

അദ്ഭുതപ്പെടുത്തുന്ന പ്രതിഭ

ആറു മുതല്‍ അറുപത് വരെ

തങ്കത്തിളക്കമുള്ള അഭിനയചാതുര്യം

© Copyright 2014 Manoramaonline. All rights reserved.