അബുവിനെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല

സൂര്യ വി.

ഹൃദയത്തിൽ നന്മ മാത്രം സൂക്ഷിക്കുകയും അത് സഹജീവികളെ അനുഭവിപ്പിക്കുകയും ചെയ്യുന്ന ഒരുപിടി മനുഷ്യരുടെ കഥയായിരുന്നു സലിം അഹമ്മദിന്‍റെ ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രം. 2011 ലെ ഓസ്കാർ പുരസ്കാരത്തിന്റെ മികച്ച വിദേശചിത്രങ്ങളുടെ മത്സരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക ചലച്ചിത്ര എൻട്രിയായി നാമനിര്‍ദ്ദേശം കിട്ടിയിരുന്നെങ്കിലും ചുരുക്കപ്പട്ടികയിൽ ചിത്രത്തിനു സ്ഥാനം നേടാനായില്ല. ഇന്ത്യന്‍ സിനിമകളെ ഓസ്കറില്‍ നിന്നും തഴയുന്നതിന്‍റെ കാരണങ്ങള്‍ സലിം അഹമ്മദ് പറയുന്നു.

‘ഒരു സിനിമ നിര്‍മിക്കുന്നതിലും ചെലവാണ് നിര്‍മ്മിച്ച സിനിമയുമായി ഓസ്കര്‍ വേദിയില്‍ പോകുന്നത്. നമ്മുടെ സിനിമ ജൂറി അംഗങ്ങളെ കൊണ്ടു നടന്ന് കാണിക്കണം. അവര്‍ കണ്ടുവെന്ന് ഉറപ്പുവരുത്തണം. അതിന് കൃത്യമായ മാര്‍ക്കറ്റിംഗ് ആവശ്യമാണ്. അന്യഭാഷകളില്‍ നിന്നുള്ള സിനിമകള്‍ക്ക് ഇതിനായി കമ്പനികള്‍ തന്നെയുണ്ട്. നമ്മുടെ സിനിമയെ അങ്ങനെ സഹായിക്കാന്‍ ആരുമില്ല. ഒരു ഒറ്റയാള്‍ പോരാട്ടമാണ് നടത്തിയത്. സര്‍ക്കാരുമായി ബന്ധപ്പെട്ട ചലച്ചിത്ര അക്കാദമി പോലുള്ളവ സഹായിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഇതിലും ഉയരത്തില്‍ ആദാമിന്റെ മകന്‍ എത്തിയേനേ. സലിം പറയുന്നു.

ഓസ്‌ക്കാര്‍ നോമിനേഷന്‍ പ്രഖ്യാപിക്കുന്നത് സെപ്തംബര്‍ ഒക്ടോബര്‍ മാസത്തിലാണ്. നമ്മുടെ ഇവിടെ ഈ വിവരം അറിയുമ്പോഴേക്കും നവംബര്‍ ആകും. ഇതിനാല്‍ മുന്‍ഒരുക്കത്തിനുള്ള സമയവും കുറവാണ്. പുറംരാജ്യങ്ങളില്‍ ഇതിനോടകം ധാരാളം ഫിലിം ഫെസ്റ്റിവല്‍ നടക്കും. ഓസ്‌കര്‍ നോമിനേഷന്‍ നേടിയ സിനിമകള്‍ ജൂറി അംഗങ്ങള്‍ക്ക് കാണാനുള്ള അവസരം കൂടിയാണിത്. ഇവിടെ ആകെ രണ്ടു ഫിലിം ഫെസ്റ്റിവലുകളല്ലേ ഒള്ളൂ.

ഇന്ത്യന്‍ സിനിമ എന്നാല്‍ ഹിന്ദി സിനിമ എന്നാണ് പുറത്തുള്ളവരുടെ ധാരണ. ഗോവന്‍ ഫിലിം ഫെസ്റ്റിവലിലൊക്കെ നമ്മുടെ മലയാളസിനിമയ്ക്കായി ഒന്നു രണ്ടു സ്റ്റാള്‍ തുറന്നാല്‍ തന്നെ നല്ല മലയാളം സിനിമകള്‍ കാണാനുള്ള അവസരം അവിടെ എത്തുന്നവര്‍ക്കുണ്ടാകും. നമ്മുടെ സിനിമ കലാമൂല്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കൃത്യമായ മാര്‍ക്കറ്റിംഗും സര്‍ക്കാരിന്റെ സഹായവുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ ആദാമിന്റെ മകന്‍ അബു, ദ സെപ്പറേഷനെ പിന്‍തള്ളി ഓസ്‌കര്‍ ശില്പത്തില്‍ മുത്തമിട്ടേനേ. രണ്ടും ഒരേ പ്രമേയം പങ്കുവെക്കുന്ന സിനിമകളായിരുന്നല്ലോ. സലിം അഹമ്മദ് വ്യക്തമാക്കി.