മുഖംമൂടി അണിഞ്ഞ താരങ്ങള്‍

രാകേഷ് മനോഹരന്‍

കഴിഞ്ഞ വര്‍ഷത്തില്‍ ഇറങ്ങിയ മികച്ച സിനിമകളില്‍ ഒന്നാണ് ഭാവിയില്‍ ക്ളാസിക്കായി മാറിയേക്കാവുന്ന ഈ ചിത്രം എന്ന് നിസംശയം പറയാം. ബ്ളാക്ക് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രമാണ് ബേര്‍ഡ് മാന്‍. ഒരു സൂപ്പര്‍ഹീറോ കഥാപാത്രത്തെ അവതരിപ്പിച്ച് ഒരുകാലത്ത് തിളങ്ങി നിന്ന താരത്തെ പിന്നീട് ലോകമറിയാതെ പോകുന്പോള്‍ ആ നടനിലുണ്ടാകുന്ന മാനസ്സികസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് ബേര്‍ഡ്മാന്‍ പറയുന്നത്.

മുഖമൂടിയുടെ പുറകില്‍ ഒളിച്ചിരുന്ന് പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിയ ബേര്‍ഡ്മാന്‍ എന്ന അതിമാനുഷിക കഥാപാത്രത്തെ മാത്രം ലോകം സ്വീകരിക്കുകയും റിഗന്‍ എന്ന നടനെ ലോകം വിസ്മരിക്കുകയും ചെയ്തു. ഇന്നയാള്‍ക്ക് സ്വന്തമായുള്ളത് ആ പഴയ മുഖംമൂടിയെ സ്നേഹിച്ച കുറെ ആരാധകരും, തകര്‍ന്ന കുടുംബവും. ആ അവസ്ഥ ഒരു നടന്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ ഉള്ള അയാളുടെ അവസരം നശിപ്പിക്കുന്നു. ഒരു പക്ഷേ താന്‍ അവതരിപ്പിച്ച കഥാപാത്രം പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിയിട്ടും താന്‍ അതിന്റെ അടുത്ത് പോലും അറിയപ്പെടുന്നില്ല എന്ന വിഷമം ആണ് റിഗനെ തിയറ്റര്‍ നാടകങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നത്. അയാള്‍ക്ക് ലോകത്തിന്റെ മുന്നില്‍ സ്വയം താരം ആകാന്‍ ഉള്ള അവസാന അവസരം ആയിരിക്കുമത്.

നാടകങ്ങളിലൂടെ തന്നിലെ എഴുത്തുകാരനെയും സംവിധായകനെയും ലോകത്തിന് പരിചയപ്പെടുത്തുക. ഇതിലൂടെ തനിക്ക് കിട്ടാതെപോയ പേരും പ്രശസ്തിയും സ്വന്തമാക്കുകയാണ് റിഗന്റെ ലക്ഷ്യം. മുന്‍പ് താന്‍ ചെയ്ത ബേര്‍ഡ്മാന്‍ എന്ന കഥാപാത്രത്തിന്റെ ആത്മാവ് എപ്പോഴും തനിക്കൊപ്പമുണ്ടെന്ന് റിഗന്‍ വിശ്വസിക്കുന്നു. എന്നാല്‍ അതൊരു രഹസ്യമായി റിഗന്‍ കൊണ്ടുനടക്കുന്നു. ആമറോസ് പെറോസ്, 21 ഗ്രാംസ്, ബാബേല്‍, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അലജാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റോയുടെ മറ്റൊരു മനോഹരസൃഷ്ടി. സാങ്കേതികതികവിലും കലാമൂല്യത്തിലുമെല്ലാം മുന്നിട്ട് നില്‍ക്കുന്ന ബേര്‍ഡ്മാന്‍ ഇനാരിറ്റോയുടെ മറ്റൊരു ക്ളാസിക്ക് കൂടിയാണ്. എഡ്വാര്‍ഡ് ന്യൂട്ടന്റെ മൈക്ക് എന്ന കഥാപാത്രമാണ് ബേര്‍ഡ്മാന്റെ മറ്റൊരു പ്രത്യേകത.

നാടകത്തില്‍ സഹതാരമായി അഭിനയിക്കാന്‍ എത്തിയ മൈക്ക് എന്ന കഥാപാത്രം റീഗന്റെ ആത്മവിശ്വാസത്തിന്റെ കടയ്ക്കല്‍ ആണ് കത്തി വയ്ക്കാന്‍ ശ്രമിക്കുന്നത്. പേര്‍സണല്‍ ഈഗോയില്‍ സഞ്ചരിക്കുന്ന റീഗന്റെ ജീവിതത്തില്‍ മൈക്ക് എന്ന പ്രശസ്ത സ്റ്റേജ് കലാകാരന്റെ സാമിപ്യം അലോസരപ്പെടുത്തുന്നുണ്ട്. സിനിമ ക്രിട്ടിക്സിനു നേര്‍ക്ക് പോലും റീഗന്റെ രോഷാഗ്നി ചെന്നെത്തുന്നു. അത് വ്യക്തമായി തബിത എന്ന റിവ്യൂ എഴുത്തുകാരിയും ആയുള്ള സംഭാഷണത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.സംഭാഷണം ചുവടെ കൊടുക്കുന്നു.സിനിമയില്‍ വളരെയധികം ഇഷ്ടപ്പെട്ട രംഗം ആയിരുന്നു ഇത്. തബിത പിറ്റേന്ന് ആദ്യ അവതരണം നടക്കാന്‍ പോകുന്ന നാടകത്തെ കുറിച്ച് തലേ ദിവസം നടത്തിയ മുന്‍ വിധിയില്‍ റീഗന്‍ അസ്വസ്ഥന്‍ ആകുന്നു.

റീഗന്റെ ജീവിതം പ്രേക്ഷകന്റെ മുന്നിലേക്ക് അവതരിപ്പിക്കുമ്പോള്‍ അയാളുടെ പുതിയ ഉദ്യമം വിജയിച്ചോ എന്നറിയാന്‍ ഉള്ള ആഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകും.ആ ശ്രമങ്ങളുടെ ശേഷിച്ച കഥയാണ് ബാക്കി ചിത്രം.തീര്‍ച്ചയായും സിനിമ സ്നേഹികള്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ് ബേര്‍ഡ്മാന്‍. ഹോളിവുഡ് സിനിമയുടെ നേര്‍ക്ക് അല്ലെങ്കില്‍ അമാനുഷിക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു പ്രശസ്തി ആര്‍ജിച്ച കലാകാരന്മാരുടെ ഒരു പക്ഷേ ലോകം അറിയാത്ത മറ്റൊരു മുഖം ആണ് ഈ ചിത്രം.