നിഴല്‍ തെളിച്ചങ്ങളുടെ 'ഇഡ'

കെ.രമേഷ്

സങ്കീര്‍ണമായ രണ്ടു സ്ത്രീ വ്യക്തിത്വങ്ങളെ ഇരുളിന്റെയും വെളിച്ചത്തിന്റെയും ലാളിത്യത്തില്‍ വെള്ളിത്തിരയില്‍ തനിമ ചോരാതെ സന്നിവേശിപ്പിച്ച ചലച്ചിത്രവിസ്മയം - പവല്‍ പൌലികോവ്സ്കിയുടെ സംവിധാനമികവില്‍ മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്കര്‍ നേടിയ ഇഡ എന്ന പോളിഷ് ചിത്രത്തെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ തുടങ്ങി അഞ്ച് യൂറോപ്യന്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ എഴുപതോളം രാജ്യാന്തര പുരസ്കാരങ്ങള്‍ നേടി ഓസ്കറിനെത്തിയ ചിത്രം ഓസ്കര്‍ പുരസ്കാരപ്രതീക്ഷ നിറവോടെ കാത്തു.

1962 ലെ പോളണ്ടാണ് ഇഡയുടെ കഥാപശ്ചാത്തലം. രണ്ടാംലോകമഹായുദ്ധകാലത്തെ ജര്‍മന്‍ അധിനിവേശ വേളയില്‍ അനാഥയായ ഒരു കത്തോലിക്ക യുവതി കന്യാസ്ത്രീയാകാന്‍ ഒരുങ്ങുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. കന്യാസ്ത്രീ പട്ടം ഏറ്റുവാങ്ങുന്നതിനു മുന്‍പ് അന്ന എന്ന ഈ യുവതി തന്റെ അമ്മപെങ്ങള്‍ വാന്‍ഡയെന്ന ലോകത്ത് തനിക്കറിയാവുന്ന ഏകബന്ധുവിനെ കാണാന്‍ യാത്ര തിരിക്കുന്നു. ആഘോഷജീവിതത്തിന്റെ വക്താവായ, തന്നിഷ്ടക്കാരിയായ വാന്‍ഡയും എല്ലാം ദൈവത്തിലര്‍പ്പിക്കാന്‍ തീരുമാനിച്ച ഇഡയും തമ്മില്‍ ഉരുത്തിരിയുന്ന ആശയസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ തുടക്കത്തിലെ പ്രതിപാദ്യവിഷയം. പാപം ചെയ്തും വഴിവിട്ടു ജീവിക്കാതെയും ഏങ്ങനെ പശ്ചാത്താപവിവശതയുടെ പരിവേഷമുള്ള കന്യാസ്ത്രീയാവാന്‍ ആകുമെന്ന പരിഹാസപൂര്‍ണവും ഒപ്പം കുഴക്കുന്നതുമായ ചോദ്യവും ലിന്‍ഡയില്‍ നിന്ന് ഇഡ കേള്‍ക്കുന്നുണ്ട്.

ഹോട്ടലിലെ നിശാപാര്‍ട്ടിയില്‍ സാക്സഫോണ്‍ വായിക്കുന്ന ലിസ് എന്ന യുവാവില്‍ അഭിരമിക്കാന്‍ പോലും ലിന്‍ഡ അവളെ ഉപദേശിക്കുന്നു. പോളണ്ടില്‍ കമ്യൂണിസ്റ്റു ഭരണത്തില്‍ ജഡ്ജിയായിരുന്ന വാന്‍ഡ ഭരണകൂടവിരുദ്ധത ആരോപിച്ച് നിരവധി കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് മരണശിക്ഷ വിധിച്ചവളാണ്. ഇരുവരും തമ്മിലെ ആശയസംഘര്‍ഷങ്ങള്‍ക്കിടെ താന്‍ ഒരു ജൂതയാണെന്നും തന്റെ യഥാര്‍ഥ പേര്് ഇഡ ലെബന്‍സ്റ്റീന്‍ എന്നാണെന്നും അന്ന തിരിച്ചറിയുന്നു. അഭയം നല്‍കിയ ഒരു ക്രൈസ്തവ കുടുംബം തന്റെ മാതാപിതാക്കളെ വധിച്ചെങ്കിലും കുഞ്ഞായിരുന്നതിനാല്‍ ഇഡയെ ഒരു പുരോഹിതന് കൈമാറുകയായിരുന്നുമെന്ന സത്യമാണ് അന്ന അറിയുന്നത്. ജൂതയായ ഇഡ എങ്ങനെ കത്തോലിക്കാ മതത്തിനു കീഴില്‍ കന്യാസ്ത്രീയാവുമെന്ന ആശയക്കുഴപ്പവും ഇതോടെ ഉടലെടുക്കുന്നു. വാന്‍ഡയും അന്നയും അന്നയുടെ മാതാപിതാക്കളുടെ മരണരഹസ്യം തേടി ഒരു യാത്ര തിരിക്കുന്നു.

സുന്ദരമായ ഫ്രെയിമുകളില്‍ ഒരു റോഡ് മൂവിയെ ഓര്‍മിപ്പിക്കുന്ന ചാരുതയിലേക്ക് ചിത്രം ഇവിടെ വഴിമാറുകയാണ്. ഇഡയുടെ മാതാപിതാക്കള്‍ പണ്ട് താമസിച്ച വീട്ടിലുള്ളത് ഫെലിക്സ് എന്ന പോളണ്ടുകാരനും കുടുംബവുമാണ് . അവരാകട്ടെ ഇഡയുടെ മാതാപിതാക്കളുട മരണം സ്ഥിരീകരിക്കാന്‍ തയ്യാറുമല്ല. ആവര്‍ത്തിച്ചുളള അഭ്യര്‍ഥനകള്‍ക്കും ലിന്‍ഡയുടെ ഭീഷണികള്‍ക്കുമൊടുവില്‍ മാതാപിതാക്കളുടെ വീട്ടിന്മേല്‍ ഇഡ അവകാശം ഉന്നയിക്കില്ലെന്നും മാതാപിതാക്കളെ കൊന്നതില്‍ ഫെലിക്സിനെയും കുടുംബത്തെയും നിയമത്തിനു മുന്നില്‍ പഴിചാരില്ലെന്നുമുളള വ്യവസ്ഥയില്‍ അവര്‍ക്ക് ഫെലിക്സ് കാട്ടിനുള്ളിലെ കുഴിമാടം കാട്ടിക്കൊടുക്കുന്നു.

തീരെച്ചെറിയ കുഞ്ഞായതിനാല്‍ ഇഡയെ ക്രൈസ്തവരുടെ മഠത്തില്‍ ഏല്‍പ്പിച്ചത് വിവരിക്കുന്ന ഫെലിക്സ്, ഇഡയുടെ മാതാപിതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന ലിന്‍ഡയുടെ ഏക മകന്റെ മരണവും സ്ഥിരീകരിക്കുന്നു. അല്‍പം മുതിര്‍ന്ന കുഞ്ഞായതിനാല്‍ കൊലപാതകവിവരം പുറത്തറിയുമെന്ന സന്ദേഹമാണ് ലിന്‍ഡയുടെ മകനെ കൊല്ലാനിടയാക്കുന്നത്. ഭൌതികാവശിഷ്ടങ്ങള്‍ ശേഖരിച്ച് അവ സമീപത്ത് ജൂതര്‍ക്കുള്ള ശ്മശാനത്തിലെ കല്ലറയിലേക്ക് നീക്കിയ ശേഷം ഇഡയും വാന്‍ഡയും മടങ്ങുന്നു. ലൌകികതയോടുളള ലിന്‍ഡയുടെ ഒടുങ്ങാത്ത അഭിനിവേശത്തില്‍ മനംമടുത്ത് ഇഡ കന്യാസ്ത്രീ മഠത്തിലേക്ക് മടങ്ങുകയാണ്.

എന്നാല്‍ ഒരു വേള മാനസികമായി അടുത്ത ഇഡയുടെയും ലിന്‍ഡയുടെയും മനസുകള്‍ അസ്തിത്വത്തിന്റെയും കണ്ടെത്തലുകളുടെയും പുതിയ അറിവുകളില്‍ വീണ്ടും സംഘര്‍ഷങ്ങളിലേക്ക് വഴിമാറുകയാണ്. ജൂതയായിരിക്കെ കന്യാസ്ത്രീയാവുകയെന്ന ആത്മസംഘര്‍ഷത്തിനൊപ്പം ലൌകികതയുടെയും ആത്മീയതയുടെയും വേര്‍വരമ്പ് കണ്ടെത്താനാകാതെ ഇഡ കുഴങ്ങുമ്പോള്‍, തിരിച്ചുവരുമെന്ന് ഏറെ പ്രതീക്ഷിച്ച ഏകമകന്റെ മരണത്തിന്റെ സ്ഥിരീകരണം നല്‍കുന്ന ഒറ്റപ്പെടലിന്റെ ആന്തരിക സംഘര്‍ഷത്തിലാണ് ലിന്‍ഡ. മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ കന്യാസ്ത്രീ പട്ടം ഏറ്റുവാങ്ങാനാവാതെ ഇഡ മഠത്തില്‍ തുടരുന്നു. അവളെ തേടിയെത്തുന്നതാകട്ടെ മരണത്തില്‍ അഭയം കണ്ടെത്തിയ വാന്‍ഡയുടെ വാര്‍ത്തയും. മഠത്തില്‍ നിന്ന് വാന്‍ഡയുടെ വീട്ടിലേക്ക് ഇഡ മടങ്ങിയെത്തുന്നു പൂര്‍ണമായും അനാഥയായി മാറുന്ന ഇഡ, ആത്മീയതയ്ക്ക് വിട നല്‍കി ലൌകികതയിലേക്ക് വഴിമാറുന്ന നിറകാഴ്ചകളാണ് പിന്നീട്.

വാന്‍ഡയുടെ വസ്ത്രങ്ങളും അണിച്ചൊരുക്കലുകളുമെടുത്തണിഞ്ഞ് ഹോട്ടലിലെത്തുന്ന അവള്‍ ലിസ് എന്ന തനിക്കായി ലിന്‍ഡ കാട്ടിത്തന്ന സാക്സഫോണ്‍ വാദകനുമായി പ്രണയത്തിലാവുന്നു. മദ്യപിച്ച്, പുകയൂതി വിപരീതവ്യക്തിത്വത്തിലേക്ക് ചേക്കേറുന്ന ഇഡ അയാളുമൊത്തു രമിക്കുകയും ചെയ്യുന്നു. വിവാഹം ചെയ്ത് കുട്ടികളുമൊക്കെയായി സാധാരണ കുടുംബജീവിതം നയിക്കാന്‍ തന്റെ ജീവിതത്തിലേക്ക് ലിസ് അവളെ ക്ഷണിക്കുകയാണ്. ലൌകികതയിലേക്ക് ഇഡയ്ക്ക് മനപരിവര്‍ത്തമുണ്ടായെന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉളവാക്കുന്നുവെങ്കിലും ദൈവവിളിക്ക് കാതുകൊടുത്ത് മഠത്തിലേക്ക് ഇഡ മടങ്ങുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. രണ്ടു വ്യക്തികളുടെ ജീവിതദുരന്തങ്ങള്‍ കാവ്യാത്മകമെന്നപോലെ, ദൃശ്യചാരുത ഒട്ടും വാര്‍ന്നുപോകാതെ പ്രേക്ഷകരില്‍ സന്നിവേശിപ്പിക്കുകയെന്ന സങ്കീര്‍ണദൌത്യമാണ് 82 മിനിറ്റ് മാത്രം നീളുന്ന ഇഡ എന്ന ചിത്രത്തിലൂടെ പൌലികോവ്സ്കി സാധ്യമാക്കുന്നത്.

കഥാതന്തുവിന്റെ മികവിന് ബിംബകേന്ദ്രീകൃതം എന്ന സങ്കേതമായി വെള്ളിത്തിരയില്‍ ഏറെ ഉതകുന്ന ബ്ളാക് ആന്‍ഡ് വൈറ്റ് രീതിയില്‍ ചിത്രീകരിച്ചിട്ടും പുറം ചിത്രീകരണത്തിലെ ഓരോ സീനും ഒരു ചുമര്‍ചിത്രത്തിന്റെ ചാരുതയാണ് പ്രേക്ഷകര്‍ക്ക് പകരുന്നത്. ഷോട്ടുകള്‍ അതിചലനാത്മകമല്ലെങ്കില്‍ കൂടി അവ സ്ഥായിയായി പ്രേക്ഷകനൊപ്പം ഒരിടത്ത് നിലകൊണ്ട് ചുറ്റുമുള്ള സങ്കീര്‍ണതകളെല്ലാം ലളിതമായി കണ്ടും പകര്‍ന്നും തരികയാണെന്നു തോന്നും. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളണ്ടിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അതിഭാവുകത്വമുള്ള ദൃശ്യങ്ങള്‍ ഉപയോഗിക്കാതെ തന്നെ തരിപോലും വാര്‍ന്നുപോകാതെ പ്രേക്ഷകരിലെത്തുന്നു. ബൃഹത്തായ പശ്ചാത്തല സംഗീതമില്ലാതെ മൌനത്തിന്റെ അതിസാന്നിധ്യത്തിലൂടെയാണ് ചിത്രത്തിന്റെ പ്രയാണം. മൌനത്തിന് ഇത്ര സംവദിക്കാനാകുമോ എന്നു പോലും ഒരു വേള നാം സംശയിച്ചു പോകും.

സങ്കീര്‍ണതകള്‍ ഉളവാക്കുന്ന രണ്ട് വ്യക്തിത്വങ്ങളെ കേന്ദ്രീകരിക്കുമ്പോഴും ചിത്രത്തിലെ ഒരു ദൃശ്യം പോലും അനാവശ്യമായില്ലെന്ന തിരിച്ചറിവാണ് സംവിധായകന്‍ പകരുന്നത്. ആത്മീയതയ്ക്കും ഭൌതികതയ്ക്കുമിടയില്‍ അന്ന എന്ന ഇഡയുടെ മാനസികകൂടുമാറ്റങ്ങള്‍ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ ശക്തമായ ദൃശ്യഭാഷയിലൂടെ സംവിധായകന്‍ വിജയിക്കുകയും ചെയ്യുന്നു. മഠത്തിനു മുന്നില്‍ സ്ഥാപിക്കാനുള്ള യേശുദേവന്റെ പ്രതിമ മഞ്ഞുപെയ്യുന്ന പശ്ചാത്തലത്തില്‍ മറ്റു കന്യാസ്ത്രീകള്‍ക്കൊപ്പം തോളില്‍ ചുമന്നുകൊണ്ടു പോകുന്ന ഇഡ, ആത്മീയതയുടെ ഒറ്റപ്പെടല്‍ നിറഞ്ഞ ലോകമെന്ന പോലെ ഉയര്‍ന്നു കാണുന്ന കന്യാസ്ത്രീ മഠത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കൊപ്പമുള്ള ചെറുസംഘര്‍ഷങ്ങളുടെ ചെറുപെട്ടിയുമേന്തി മഠത്തില്‍ നിന്നു യാത്രയാവുന്ന ഇഡ, മാതാപിതാക്കളെ മൂടിയ കുഴിമാടം തേടി ദുരൂഹതയുറങ്ങുന്ന കാടരികിലേക്ക് ജീവിതവിശാലതയുടെ പാടം പിന്നിട്ട് ഫെലിക്സും ലിന്‍ഡയുമൊത്ത് പ്രവേശിക്കുന്ന ഇഡ, മാതാപിതാക്കളുടെ ശേഷിപ്പുകള്‍ തേടി ലിന്‍ഡയുമൊത്തുള്ള കാര്‍യാത്രയ്ക്കിടെ വിടാതെ ഒപ്പം കൂട്ടുന്ന ആത്മീയതയുടെ കുരിശടി കണ്ടിറങ്ങി വന്ദിക്കുന്ന ഇഡ, കന്യാസ്ത്രീ വസ്ത്രത്തില്‍ നിന്ന് ലിന്‍ഡയുടെ വേഷത്തില്‍ ചേക്കേറി ലൌകികതയുടെ സൌന്ദര്യം തുളുമ്പുന്ന ഇഡ തുടങ്ങി കഥാപാത്ര കേന്ദ്രീകൃതമാകുമ്പോഴും പശ്ചാത്തലദൃശ്യങ്ങളുടെ ചാരുതയിലൂടെ അവ പ്രേക്ഷകനില്‍ സന്നിവേശിപ്പിക്കുന്ന ആശയങ്ങള്‍ കൊണ്ടു കൂടി ചിത്രത്തിലെ സീനുകള്‍ വേറിട്ടുനില്‍ക്കുന്നു.

ഫ്രാന്‍സില്‍ ബോക്സോഫിസില്‍ ഏറ്റവും കൂടുതല്‍ കലക്ട് ചെയ്ത പോളിഷ് ചിത്രം കൂടിയാണ് ഇഡ. 2014 ല്‍ ഇംഗീഷ് ഇതരഭാഷാ ചിത്രങ്ങളിലെ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുളള ബാഫ്ത പുരസ്കാരവും ഇഡയ്ക്കായിരുന്നു. നവംബറില്‍ ഗോവയിലെ അരങ്ങേറിയ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയിലും ഇഡ ഏറെ അനുവാചകശ്രദ്ധ നേടി. ഇഡയിലൂടെ പവല്‍ പൌലികോവ്സ്കി ഓസ്കറിലേക്ക് ആദ്യ നോമിനേഷനിലൂടെ തന്നെ നേട്ടം കൊയ്ത സംവിധായകന്‍ കൂടിയായി. 2005 ല്‍ മൈ സമ്മര്‍ ഓഫ് ലൌ എന്ന ചിത്രത്തിലൂടെ മികച്ച ബ്രിട്ടീഷ് ചിത്രത്തിനുള്ള ബാഫ്ത പുരസ്കാരം നേടിയിട്ടുള്ള പൌലികോവ്സ്കി 2001 ല്‍ ലാസ്റ്റ് റിസോര്‍ട്ട് എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ബാഫ്തയും നേടിയിട്ടുണ്ട്. നിരവധി തവണ നോമിനേഷനുകള്‍ എത്തിയിട്ടുണ്ടെങ്കിലും പോളണ്ടിന് ആദ്യത്തെ ഓസ്കര്‍ പുരസ്കാരം കൂടിയാണ് ഇഡ സമ്മാനിക്കുന്നതും.