താരാപഥങ്ങള്‍ക്കുമപ്പുറം

ടോണി മാത്യു

ഭൂമിയ്ക്ക് ആയുസ്സുണ്ടോ? ഉണ്ടെങ്കില്‍ എത്രനാള്‍? അല്ലെങ്കില്‍ അങ്ങകലെ നക്ഷത്രങ്ങള്‍ക്കുമപ്പുറം മറ്റൊരു ഭൂമിയുണ്ടോ? ഉണ്ടെങ്കില്‍ എവിടെ ? അവിടെ ജീവന്റെ നിലനില്‍പ്പ് സാധ്യമാണോ? ഇങ്ങനെ അവിശ്വസനീയമായ ഒരുപാട് ചോദ്യങ്ങള്‍... അത്തരമൊരു പശ്ചാത്തലത്തില്‍ നിന്ന് സിനിമയുടെ ശാസ്ത്രതത്വങ്ങള്‍ തന്നെ പൊളിച്ചെഴുതി നിര്‍മിച്ചിരിക്കുന്ന നൊലാന്റെ ചിന്താതീതമായ ദീര്‍ഘവീക്ഷണമാണ് ഇന്റര്‍സ്റ്റെല്ലാര്‍....


നിങ്ങള്‍ സ്വപ്നം കാണുന്നവരല്ലേ? എന്നാല്‍ സ്വപ്നത്തിനുള്ളില്‍ സ്വപ്നം കാണാമെന്ന്, ഇന്‍സെപ്ഷന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി തന്ന സംവിധായകനാണ് ക്രിസ്റ്റഫര്‍ നൊലാന്‍. കേള്‍ക്കുമ്പോള്‍ തന്നെ കൌതുകവും അത്ഭുതവും തോന്നുന്ന പ്രമേയങ്ങള്‍. ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ആശങ്കകളുമൊക്കെയായാകും നൊലാന്‍ ചിത്രങ്ങള്‍ അവസാനിക്കുക. പുതിയ ചിത്രമായ ഇന്റര്‍സ്റ്റെല്ലാറില്‍, ഒരുപക്ഷേ നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറമുള്ള ഉത്തരമായിരിക്കും നൊലാന് പറയാനുണ്ടാകുക. ചോദ്യങ്ങളും സംശയങ്ങളുമുണ്ടാകാം, അതിന് വ്യാഖ്യാനങ്ങളും പലതാകാം...ആകാശത്തിന്റെ അനന്തശൂന്യതയ്ക്കുമപ്പുറം മനുഷ്യരാശിയ്ക്ക് മറുലോകങ്ങളിലേക്കുള്ള പര്യവേക്ഷണമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഇന്റര്‍സ്റ്റെല്ലാറിന്റെ പ്രമേയം.

സമയകാലങ്ങള്‍ക്കകത്തേക്കും പുറത്തേക്കുമുള്ള മനുഷ്യന്റെ യാത്ര-ടൈം ട്രാവല്‍-ആണ് ഇന്റര്‍സ്റ്റെല്ലാറിലെ വിഷയം. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പ് ഭീഷണിയിലാണ്. ഭൂമി മുഴുവന്‍ പൊടിപടലങ്ങള്‍, പൊടിക്കാറ്റ്...ഭക്ഷ്യവിളകളെല്ലാം നാശത്തിന്റെ വക്കിലും...സര്‍വനാശത്തിന്റെ വക്കിലെത്തിയ ഭൂമിയില്‍നിന്ന് മനുഷ്യനു പാര്‍ക്കാന്‍ പുതിയൊരു ഇടംതേടി ബഹിരാകാശത്തിന്റെ അനന്തതയിലേക്കു യാത്ര നടത്തുന്ന നാസയിലെ ഒരുസംഘം ശാസ്ത്രജ്ഞര്‍. ഇതിനായി ലാസറസ് മിഷന്‍സ് എന്നൊരു പദ്ധതി നാസ തയ്യാറാക്കുകയും 12 ശാസ്ത്രജ്ഞരെ മറ്റൊരു ഭൂമി തേടി ബഹിരാകാശത്തേക്ക് അയക്കുകയും ചെയ്യുന്നു.

എന്നാല്‍ പിന്നീടിവരുമായുള്ള വിനിമയബന്ധം നാസയ്ക്ക് നഷ്ടപ്പെടുകയും പതിറ്റാണ്ടുകള്‍ക്കു ശേഷം ഇവരില്‍ മൂന്നുപേരില്‍ നിന്നുള്ള ഒരു സന്ദേശം നാസയ്ക്കു ലഭിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ അവിചാരിതമായി നാസയില്‍ എത്തിപ്പെടുന്ന മുന്‍ നാസ പൈലറ്റും കര്‍ഷകനുമായ കൂപ്പറിന്റെയും മകള്‍ മര്‍ഫിന്റെയും കഥയിലൂടെയാണ് ഇന്റര്‍സ്റ്റെല്ലാര്‍ മുന്നോട്ട് പോകുന്നത്. തന്റെ മക്കളുടെ ഭാവി ഓര്‍ത്ത് നാസയുടെ ദൌത്യത്തില്‍ കൂപ്പര്‍ പങ്കാളിയാകുന്നു, മുന്‍പ് പോയ മൂന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ വിവരങ്ങള്‍ നാസയ്ക്ക് കൈമാറുകയാണ് കൂപ്പറിന്റെ ദൌത്യം.

കൂപ്പറിനും സംഘത്തിനും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വേണം ഭാവിയില്‍ മറ്റു ഗ്രഹങ്ങളിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള സാധ്യതകളെക്കുറിച്ച് നാസയ്ക്ക് ചിന്തിച്ച് തുടങ്ങാന്‍. മകള്‍ പോകരുതെന്ന് നിര്‍ബന്ധിച്ചിട്ടും അത് വകവെക്കാതെ കൂപ്പര്‍ യാത്രയാകുകയാണ്. നാസ ഗവേഷകര്‍ പുതുതായി കണ്ടെത്തിയ വോം ഹോളിന്റെ സഹായത്തോടെ നക്ഷത്രപഥങ്ങള്‍ക്കിടയിലെ മഹാദൂരങ്ങള്‍താണ്ടി കൂപ്പറും സംഘവും നടത്തുന്ന മഹായാത്രയാണ് ഇന്റര്‍സ്റ്റെല്ലാറിന്റെ ഇതിവൃത്തം.

(കഥയിലേക്ക് പോകുന്നതിന് മുന്‍പായി ആദ്യം തന്നെ മനസ്സിലാക്കേണ്ട ചില വസ്തുതകള്‍. എന്താണ് ഇന്റര്‍സ്റ്റെല്ലര്‍- ഇന്റര്‍സ്റ്റെല്ലര്‍ എന്നാല്‍ നക്ഷത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നത് എന്ന് അര്‍ഥം. രണ്ടോ അതിലധികമോ നക്ഷത്രങ്ങള്‍ക്കിടയിലെ ദൂരമാണ് ഇന്റര്‍സ്റ്റെല്ലര്‍ സ്പേസ് എന്നറിയപ്പെടുന്നത്.

ഇത് സൌരയൂഥത്തിലെ ഗോളങ്ങള്‍ക്കിടയിലെ ദൂരം പോലെയല്ല. സൌരയൂഥത്തിലെ ഗോളങ്ങള്‍ക്കിടയിലെ ദൂരത്തേക്കാള്‍ എത്രയോ ആയിരം മടങ്ങാണു നക്ഷത്രങ്ങള്‍ക്കിടയിലെ ദൂരം. അതിനെ നാം പ്രകാശവര്‍ഷം എന്നാണു പറയുക. ഇതുപ്രകാരം ഒരു നക്ഷത്രത്തില്‍നിന്നു മറ്റൊന്നിലേക്കുള്ള ദൂരം നമ്മുടെ സമയസങ്കല്‍പം അനുസരിച്ച് ആയിരക്കണക്കിനു വര്‍ഷങ്ങളുടെ യാത്രയായിരിക്കും. ഇപ്പോഴത്തെ ബഹികാശ സഞ്ചാര സാങ്കേതികവിദ്യ പ്രകാരം ഇത്രയുംവേഗം സാധ്യമല്ല. അതാവശ്യമായ ഉൌര്‍ജവും സാധ്യമല്ല. അതിനാല്‍ നാം പ്രകാശവേഗത്തിലുള്ള സഞ്ചാരം സങ്കല്‍പ്പിക്കുകയാണു ചെയ്യുക. ക്രിസ്റ്റഫര്‍ നൊലാന്റെ സിനിമയില്‍ ഇത്തരമൊരു പ്രകാശവേഗ സഞ്ചാരമാണു ഭാവന ചെയ്യുന്നത്. .

വോം ഹോള്‍-നാസ ബഹിരാകാശത്ത് കണ്ടെത്തുന്ന വോം ഹോളില്‍ കൂടിയാണ് ഇത്തരമൊരു പ്രകാശവേഗ സഞ്ചാരം ഇവര്‍ സാധ്യമാക്കുന്നത്. ഒരു സൌരയുഥത്തില്‍ നിന്നു മറ്റൊന്നിലേക്കുള്ള ദൂരം എളുപ്പത്തില്‍ സാധ്യമാക്കുന്നതിനുള്ള കുറുക്കുവഴിയാണ് വോം ഹോള്‍. .

ബ്ളാക്ക് ഹോള്‍-ബഹിരാകാശത്തിലെ ഗുര്‍ത്വാകര്‍ഷണം ഏറ്റവും കൂടിയ സ്ഥലമാണ് ബ്ളാക്ക് ഹോള്‍. അവിടെ എത്തിച്ചേരുന്ന പ്രകാശത്തിനുപോലും ഈ സ്ഥലത്തിന്റെ ആകര്‍ഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യമല്ല.)

'എ ഫാദേഴ്സ് ഫിലിം എന്നാണ് നോളന്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. ഒരു അച്ഛനും മകളും തമ്മിലുള്ള അസാധാരണമായ ബന്ധത്തിന്റെ കഥ തന്നെയാണ് ഇത്. കാലത്തിന് പോലും മായ്ക്കാന്‍ പറ്റാത്ത ഒരു പക്ഷേ നിര്‍വചിക്കാനാകാത്തത് അങ്ങനെ പറയുന്നതാകും ഉചിതം, തന്റെ ഏറ്റവും വ്യക്തിപരമായ സിനിമയും ഇതാണെന്ന് നൊലാന്‍ പറയുന്നു. ഇങ്ങനെ പറയാന്‍ ഒരു കാരണം കൂടിയുണ്ട്. നൊലാന്റെ മകള്‍ ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. തിയററ്റിക്കല്‍ ഫിസിസ്റ്റായ കിപ് തോണിന്റെ വര്‍ക്കുകളെ ആധാരമാക്കിയാണ് നോളന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഗ്രാവിറ്റേഷണല്‍ ഫിസിക്സിലും ആസ്ട്രോഫിസിക്സിലും വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം ഈ ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ്.

സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ ആദ്യകാലശ്രേണിയില്‍പ്പെടുന്ന സിനിമാചരിത്രത്തിലെ നാഴികകല്ലാണ് 1968ല്‍ പുറത്തിറങ്ങിയ 2001 എ സ്പേസ് ഒഡീസി. ഈ ചിത്രത്തിന്റെ ശക്തമായ സ്വാധീനം നൊലാനില്‍ ഉണ്ടായിട്ടുണ്ട്. സൌരയുഥം കീഴടക്കാനൊരുങ്ങുന്ന മനുഷ്യരെയായിരുന്നു 2001 എ സ്പേസ് ഒഡീസിയില്‍ കാണിച്ചത്. നൊലാന്റെ ദീര്‍ഘവീക്ഷണം തന്നെയാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഫിഫ്ത്ത് ഡൈമന്‍ഷന്‍ എന്ന സയന്‍സിന്റെ അങ്ങേയറ്റത്തെ വസ്തുത, അദ്ദേഹം തന്റെ ദീര്‍ഘവീക്ഷണത്തിലൂടെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിലെ ഒാരോ ദൃശ്യങ്ങളും കാണികളില്‍ അമ്പരപ്പും ജിജ്ഞാസയും ഉണര്‍ത്തും. സര്‍വനാശത്തിന്റെ ഭീഷണി മുന്നില്‍നില്‍ക്കുമ്പോഴും പ്രത്യാശയോടെ മുന്നോട്ടുപോകാനുള്ള മാനവരാശിയുടെ ആത്മധൈര്യമാണ് പടത്തിന്റെ വികാരം. കൂപ്പറായി എത്തുന്നത് പ്രശസ്ത നടന്‍ മാത്യു മിഖൊനെഹിയാണ്. ദല്ലാസ് ബയേഴ്സ് ക്ളബ് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരം സ്വന്തമാക്കിയ നടനാണ് മാത്യൂ മിഖൊനെഹി. മര്‍ഫിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മക്കെന്‍സി ഫോയ് ആണ്. ജെസീക്ക ചെസ്റ്റൈന്‍, ആന്‍ ഹാത്തവേ, ജോണ്‍ ലിത്ഗോ, മൈക്കിള്‍ കെയ്ന്‍ തുടങ്ങിയവരാണ് മുഖ്യ അഭിനേതാക്കള്‍. മാട്ട് ഡാമന്റെ അതിഥി വേഷവും ഗംഭീരമാക്കി.

ക്രിസ്റ്റഫര്‍ നൊലാനും സഹോദരന്‍ ജോനാഥന്‍ നൊലാനും ചേര്‍ന്നാണ് ഇന്റര്‍സ്റ്റെല്ലറിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഡാര്‍ക്ക് നൈറ്റിലും ഡാര്‍ക്ക് നൈറ്റ് റൈസസിലും ജോനാഥന്‍ തിരക്കഥാസഹായി ആയിരുന്നു. 2006ല്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗാണ് ഇന്റര്‍സ്റ്റെല്ലര്‍ സിനിമയുടെ പദ്ധതിക്കു തുടക്കമിട്ടത്. പിന്നീട് നൊലാന് ഇൌ പദ്ധതി കൈമാറുകയായിരുന്നു. നൊലാന്റെ സ്ഥിരം ഛായാഗ്രാഹകനായ വാലി ഫിസ്റ്ററിന് ഇന്റര്‍സ്റ്റെല്ലാറില്‍ പ്രവര്‍ത്തിക്കാനുളള ഭാഗ്യം ഇക്കുറി ഉണ്ടായില്ല, ട്രാന്‍സെന്‍ഡന്‍സിന്റെ തിരക്കുകള്‍ കാരണമാണ് വാലി ഫിസ്റ്ററിന് ചിത്രത്തില്‍ വര്‍ക്ക് ചെയ്യാന്‍ സാധിക്കാതിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അത്രയും തന്നെ കഴിവുള്ള ഹൊയ്ട് വാന്‍ ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

ഡിസൈന്‍സ്, സെറ്റ്, വിഷ്വല്‍ ഇഫക്റ്റ്സ്, പശ്ചാത്തലസംഗീതം ഇവയെല്ലാം സിനിമയെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങളാണ്. എടുത്തുപറയേണ്ടത് ഹാന്‍സ് സിമ്മറെന്ന അതുല്യ സംഗീതഞ്ജന്റെ കഴിവുതന്നെ. സിനിമയോട് ഏറ്റവും ഇഴചേര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലസംഗീതം പ്രേക്ഷകനെ വേറൊതു തലത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നു. ചിത്രത്തിലെ ഓരോ ഷോട്ടും, സ്വീകന്‍സും അര്‍ത്ഥ പൂര്‍ണ്ണവും , അനിവാര്യവുമായ അര്‍ഥങ്ങള്‍ സൃഷ്ടിക്കുന്നവയാണ്.

വാല്‍ക്കഷ്ണം: മെമന്റോ, ബാറ്റ്മാന്‍ സീരീസ്, ഇന്‍സെപ്ഷന്‍ തുടങ്ങിയചിത്രങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഈ ചിത്രം ഒരു സാധാപ്രേക്ഷകന് ദഹിക്കാന്‍ പാടായിരിക്കും. ഒരുപക്ഷേ സ്റ്റീഫന്‍ ഹോക്കിങ്സ് ഈ സിനിമ കാണാനിടയായാല്‍ തികച്ചും സത്യസന്ധമായ ഒരു നിരൂപണം നടത്തിയേക്കാം.