നാടോടിക്കഥകളിലെ രാജകുമാരി

രാകേഷ് മനോഹരന്‍

ദ ടേല്‍ ഓഫ് ബാംബൂ കട്ടര്‍ എന്ന നാടോടി കഥയെ ആസ്പദം ആക്കിയാണ് ദ ടേല്‍ ഓഫ് പ്രിന്‍സസ് കഗുയ എന്ന അനിമേഷന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഒരു അനിമേഷന്‍ ചിത്രം ആയിരുന്നിട്ടു കൂടി കഥയില്‍ നല്ല പ്രാധാന്യം ലഭിക്കാന്‍ കാരണം വാ മൊഴിയില്‍ വികസിച്ച കഥ ആയതിനാല്‍ ആകും. നാടോടി കഥകള്‍ കാലത്തെ അതിജീവിച്ചു ഇപ്പോള്‍ അനിമേഷന്‍ രൂപങ്ങളില്‍ എത്താന്‍ ഉള്ള ഒരു കാരണം ഇതിന്‍റെ സ്വീകാര്യതയാകാം.

മിയാടുസ്കോ എന്ന മുള വെട്ടുകാരന്‍ ഒരു ദിവസം പ്രകാശിക്കുന്ന ഒരു മുള മരം കണ്ടു.അയാള്‍ അതിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അതില്‍ നിന്നും ഒരു കുഞ്ഞു രാജകുമാരി വരുന്നത് കണ്ടു.അയാള്‍ ആ രാജകുമാരിയെ തന്‍റെ കയ്യില്‍ എടുത്തു.അയാള്‍ വീട്ടിലേക്കു അവളെ ഉള്ളം കയ്യില്‍ വച്ച് കൊണ്ട് ഓടി.മക്കള്‍ ഇല്ലാതിരുന്ന അയാള്‍ ആ രാജകുമാരിയെ തന്‍റെ ഭാര്യയെ കാണിച്ചു.അവരുടെ കയ്യില്‍ എത്തിയ ഉടന്‍ ആ രാജകുമാരി ഒരു കൊച്ചു കുഞ്ഞായി മാറി.ജനിച്ചു വീണ ഒരു കുട്ടിയായി മാറിയ അവള്‍ക്കു മിയാടുസ്ക്കൊയുടെ ഭാര്യ മുലപ്പാള്‍ നല്‍കുന്നു.അവള്‍ അങ്ങനെ അവരുടെ മകളായി അവിടെ ജീവിക്കുന്നു. എന്നാല്‍ അവളുടെ വളര്‍ച്ച പെട്ടന്നായിരുന്നു.നോക്കി നില്‍ക്കുമ്പോള്‍ തന്നെ അവള്‍ വളര്‍ന്നു വലുതായി. മിയാടുസ്ക്കോ "രാജകുമാരി" എന്നവളെ വിളിച്ചെങ്കിലും ആ ഗ്രാമത്തിലെ മറ്റു കുട്ടികള്‍ അവളെ "മുളയില്‍ നിന്നും വന്ന കുട്ടി" എന്ന് വിളിച്ചു.

എന്നാല്‍ മിയാടുസ്ക്കൊയ്ക്ക് ഒരു കാര്യം അറിയാമായിരുന്നു.അവള്‍ അവിടെ ജനിക്കെണ്ടാവല്‍ അല്ലായിരുന്നു.അവള്‍ ഒരു രാജകുമാരി ആണ്.ഒരു രാജകുമാരിയെ പോലെ അവളെ വളര്‍ത്തണം.അതിനായി പിന്നീട് മുളയില്‍ നിന്നും കിട്ടിയ സ്വര്‍ണവും ആയി നഗരത്തില്‍ ഒരു കൊട്ടാരം പനിയുവാനായി അയാള്‍ പോകുന്നു.മുളയില്‍ നിന്നും ജനിച്ച ആ പെണ്‍ക്കുട്ടിയുടെ ബാക്കിയുള്ള ജീവിതം ആണ് പിന്നീട് ഉള്ള സിനിമ. ഫാന്റസി ആണ് കഥയുടെ പ്രമേയം എങ്കിലും പലപ്പോഴും വൈകാരികമായി ഒരു അടുപ്പം ഈ ചിത്രത്തിനോട് പ്രേക്ഷകന് തോന്നുന്നത് പോലെ തോന്നി.

ഇന്ത്യ പോലെ നാടോടി കഥകള്‍ക്ക് ഒരു ക്ഷാമവും ഇല്ലാത്ത രാജ്യത്ത് നിന്നും ഇത്തരത്തില്‍ ഉള്ള ചിത്രങ്ങള്‍ വന്നിരുന്നു എങ്കില്‍ എത്ര നന്നായേനെ എന്ന് കരുതി. ഈ ജാപനീസ് ചിത്രം അവതരിപ്പിച്ചതിലും അധികം അത്ഭുതങ്ങള്‍ ലോക സിനിമയില്‍ കാണിക്കുവാന്‍ ആ ചിത്രങ്ങള്‍ക്ക് ആകും എന്ന് പ്രതീക്ഷിക്കുന്നു. കാരണം അത്ര സമ്പുഷ്ടം ആണ് നമ്മുടെ നാടോടി കഥാ ശാഖ.