അഴിമതി ഗ്രസിച്ച റഷ്യയുടെ സാമൂഹികയാഥാര്‍ഥ്യം

രാകേഷ് മനോഹരന്‍

മാര്‍വിന്‍ ജോണ്‍ ഹെയ്മാര്‍ എന്ന അമേരിക്കക്കാരന്റെ ജീവിതത്തെ ആസ്പദം ആക്കി എടുത്ത ചിത്രമാണ് ആന്ദ്രേ സ്വഗ്നിസ്തേവ് സംവിധാനം ചെയ്ത റഷ്യന്‍ ചിത്രമായ ലെവിതിയാന്‍. മാര്‍വിന്‍ ആളൊരു സംഭവമാണ്. സര്‍ക്കാരുമായുള്ള പോരാട്ടത്തിനൊടുവില്‍ സഹിക്കെട്ട് ഒരു ആര്‍മര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് മേയറുടെ കെട്ടിടം ഇടിച്ചു തകര്‍ത്തു. അതിനു ശേഷം വെടി വച്ച് സ്വയം മരിച്ചു. ഇതാണ് മാര്‍വിന്റെ കഥ.

എന്തായാലും ലെവിതിയാന്റെ മുഖ്യ കഥ ഇതല്ല എങ്കിലും മാര്‍വിന്‍ തന്റെ വഴി തിരഞ്ഞെടുക്കാന്‍ കാരണമായ സംഭവങ്ങളോട് സാമ്യം പുലര്‍ത്തുന്നു സിനിമയുടെ പ്രമേയവും. അഴിമതി ഗ്രസിച്ച റഷ്യയുടെ സാമൂഹികയാഥാര്‍ഥ്യം പശ്ചാത്തലമാക്കുന്ന ചിത്രമാണ് ലെവിതിയാന്‍. കൊല്യാ തന്റെ രണ്ടാം ഭാര്യയാ ലില്യയോടും മകനോടും ഒപ്പം ആണ് താമസിക്കുന്നത്.കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി മേയര്‍ ആയ റോമന്‍ മാടിനോവ് , കൊല്യായുടെ പൂര്‍വിക സ്വത്തായ സ്ഥലം സര്‍ക്കാരിന് വേണ്ടി വളരെ താഴ്ന്ന വിലയില്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു.

എന്നാല്‍ സ്ഥലത്തിന് അതിലും കൂടുതല്‍ വില ഉണ്ടെന്നുള്ള കൊല്യയുടെ വാദം കോടതി തള്ളുന്നു. കൊല്യയുടെ അഭിഭാഷകന്‍ സുഹൃത്ത് കൂടിയായ ദിമിത്രിയാണ്. കേസില്‍ തോറ്റെങ്കിലും കോടതിയുടെ പുറത്തു വച്ച് സന്ധി ചെയ്യാന്‍ വേണ്ടി മോസ്ക്കോയില്‍ നിന്നും മേയര്‍ക്കു എതിരെ ഉള്ള തെളിവുകളും കൊണ്ടാണ് വന്നിരിക്കുന്നതെന്നും കൊല്യ വിഷമിക്കണ്ടെന്നും ദിമിത്രി പറയുന്നു. ദിമിത്രി റോമനെ കാണുന്നു. തെളിവുകള്‍ കണ്ടതിനു ശേഷം അവര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കാം എന്ന് വാക്ക് കൊടുക്കുന്നു. പിന്നീട് സംഭവിച്ചത് എന്താണ്? അതാണ് ചിത്രത്തിന്റെ കഥ. ലെവിതിയാന്‍ ഒരു ത്രില്ലര്‍ ചിത്രം അല്ല. അത് കൊണ്ട് തന്നെ അസ്വാഭാവികമായി ഉള്ളതൊന്നും സംഭവിക്കുന്നില്ല.

ഏതൊരു ഡ്രാമ ചിത്രം പോലെയും ആണ് ഇതും. എന്നാല്‍ ഈ ചിത്രം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ഒന്നുണ്ട് ദൈവ വിശ്വാസം. ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങള്‍ക്ക് ദൈവ വിശ്വാസം ഉള്ളതായും ഇല്ലാത്തതായും കാണിക്കുന്നുണ്ട്. ദൈവ വിശ്വാസം ഇല്ലാത്തവര്‍ക്ക് ബൈബിളിലെ ജോബിന് സംഭവിച്ചതുമായാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത് എന്ന് തോന്നി. അത് പോലെ തന്നെ അധികാരത്തിന്റെ ശക്തി ദൈവത്തില്‍നിന്നും ഉള്ളതാണ് എന്നൊരു ധ്വനിയും ചിത്രത്തില്‍ ഉടന്നീളം പറയുന്നതായി തോന്നി.