അയണ്‍ ലേഡിയ്ക്ക് ഓസ്കറില്‍ റെക്കോര്‍ഡ്

ഏറ്റവും കൂടുതല്‍ തവണ ഓസ്കറില്‍ നാമനിര്‍ദ്ദേശം ലഭിച്ച താരമെന്ന ബഹുമതി ഇനി മെറില്‍ സ്ട്രീപ്പിന് സ്വന്തം. 19 തവണയാണ് ഹോളിവുഡിലെ സൂപ്പര്‍നടിക്ക് ഓസ്കറില്‍ നാമനിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ഇന്‍ ടു ദ വുഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കര്‍ നോമിനേഷന്‍ ഈ വര്‍ഷം ലഭിച്ചതോടെയാണ് ഈ റെക്കോര്‍ഡ് മെറില്‍ തന്റെ പേരിലാക്കിയത്.

പാട്രിക അര്‍ക്വൈറ്റ് ( ബോയ് ഹുഡ് ) , എമ്മ സ്റ്റോണ്‍ ബേര്‍ഡ് മാന്‍, ലോറ ഡെണ്‍ (വൈല്‍ഡ് ), കൈറ നൈറ്റ്ലി ( ദ ഇമിറ്റേഷന്‍ ഗെയിം) എന്നിവരോടാണ് ഈ വര്‍ഷം മെറില്‍ മത്സരിക്കുന്നത്. അഭിനയം മാത്രമല്ല ഇത്തവണ തന്റെ സംഗീതവൈഭവവും താരം ചിത്രത്തില്‍ പ്രകടമാക്കുന്നുണ്ട്. എല്ലാം ഒത്തുവന്നാല്‍ നാലാമത്തെ ഓസ്കാറാകും മെറില്‍ വീട്ടിലേക്ക് കൊണ്ടുപോകുക.

അയണ്‍ ലേഡി എന്ന ചിത്രത്തിലെ അഭിനയത്തിന് 2012ലും 1983ല്‍ സോഫീസ് ചോയിസിലെ അഭിനയത്തിനും മികച്ച നടിക്കുള്ള ഓസ്കര്‍. ക്രാമര്‍ വേഴ്സസ് ക്രാമറില്‍ മികച്ച സഹനടിക്കുള്ള ഓസ്കര്‍ പുരസ്കാരം. മെറില്‍ സ്ട്രീപ് കഴിഞ്ഞാല്‍ 12 നോമിനേഷനുകളുമായി ജാക്ക് നിക്കോള്‍സണും കാതറിന്‍ ഹെപ്ബേണുമാണ് തൊട്ടുപുറകില്‍. ആല്‍പച്ചീനോയ്ക്ക് എട്ട് തവണയും, റോബര്‍ട്ട് ഡെ നീറോയ്ക്ക് ഏഴ് തവണയും ഓസ്കര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.