തോളും ചെരിച്ച് മനസ്സില്‍ കയറിയ പ്രതിഭ...

സേര

കണ്ണിലൂടെ വന്ന് കവിളുകളെ തഴുകി ചുണ്ടിലേക്ക് ചിരി പടര്‍ത്താന്‍ മോഹന്‍ലാല്‍ എന്ന നടനല്ലാതെ ആര്‍ക്കാണ് കഴിയുക. ഒരു കള്ളച്ചിരി എറിഞ്ഞ് ആരുടെയും മനം മയക്കുന്ന മോഹന്‍ലാല്‍ എന്ന വിസ്മയം എന്നും എപ്പോഴും നമ്മുടെ സ്വകാര്യ അഹങ്കാരം തന്നെയാണ്. ചെങ്കോലും കിരീടവുമില്ലാത്ത ആറാം തന്പുരാനായും വഷളത്തരം കാട്ടുന്ന ആടുതോമയായും മീശ പിരിച്ചെത്തുന്ന കണിമംഗലം ജഗന്നാഥനായും നമ്മള്‍ ആരാധിക്കുന്ന മോഹന്‍ലാലിന്‍റെ തികച്ചും വ്യത്യസതമായ ഭാവങ്ങള്‍ ഒര്‍ത്തെടുക്കുകയാണ് അദ്ദേഹത്തിന് പ്രിയപ്പെട്ടവര്‍.

തോളും ചെരിച്ച് മനസ്സില്‍ കയറിയ പ്രതിഭ - ഫാസില്‍

രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ കടന്നുവന്ന അതേ മോഹന്‍ലാലാണ് എനിക്കിന്നും ലാല്‍. ലാലുമായി ബന്ധപ്പെട്ട രണ്ട് അഭിനയമുഹൂര്‍ത്തങ്ങള്‍ എന്റെ ഓര്‍മ്മയില്‍ നിന്നൊരിക്കലും മായില്ല. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. സിനിമയുടെ ഒടുവില്‍ രോഗിയായ ഗേളിയെ ദുഃഖത്തോടെ ആംബുലന്‍സിലേക്കു പറഞ്ഞയക്കുകയാണ് ലാല്‍. ഗേളിയുടെ സാധനങ്ങള്‍ മുറിയില്‍ നിന്നെടുക്കുമ്പോള്‍ ലാലിന്റെ കൈമാത്രം സീനില്‍ വരുന്ന ഒരു രംഗമുണ്ട്. തികച്ചും വികാരനിര്‍ഭരമായ രംഗത്തില്‍ രണ്ടു കൈകള്‍ മാത്രം അഭിനയിക്കുന്നത് ഞാന്‍ കണ്ടു. എന്റെ കണ്ണുകള്‍ നിറഞ്ഞു. അത്ര ഉജ്വലമായിരുന്നു ആ രംഗം.

മണിച്ചിത്രത്താഴിന്റെ ചിത്രീകരണത്തിനിടയില്‍ വളരെ ദീര്‍ഘമായ സംഭാഷണം ലാല്‍ പറയുന്ന ഭാഗമുണ്ട്. നകുലനോ ഗംഗയോ ഒരാള്‍ മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ എന്ന് ലാല്‍ അതിന്റെകൂടെ പറയും. ക്യാമറ ആക്ഷന്‍ പറഞ്ഞു. ലാല്‍ ഡയലോഗ് തുടങ്ങി. ഇടയ്ക്കിടെ എന്തോ ഒരു അദൃശ്യശക്തി ലാലിനെ ആവേശിച്ചതുപോലെ എനിക്കു തോന്നി. ഞാന്‍ കട്ട് പറഞ്ഞിട്ടും ലാല്‍ അതേ മൂഡില്‍ നില്‍ക്കുകയാണ്. എന്തുപറ്റിയെന്ന് ഞാന്‍ ചോദിച്ചു. എനിക്കൊന്നും ഓര്‍മ്മയില്ല വേണമെങ്കില്‍ വീണ്ടും ചെയ്യാമെന്ന് ലാല്‍ പറഞ്ഞു. അഭിനേതാവ് സ്വയം മറന്ന് കഥാപാത്രമായ അത്തമൊരു മുഹൂര്‍ത്തത്തെ കളയാന്‍ എനിക്കു മനസുവന്നില്ല. അതു തന്നെ സിനിമയില്‍ ഉപയോഗിച്ചു.

കുറുമ്പു നിറഞ്ഞ മകനോടുള്ള വാല്‍സല്യമാണ് എന്നും - കവിയൂര്‍ പൊന്നമ്മ

ഏതു വര്‍ഷമെന്നോ ഏതു ചിത്രമെന്നോ ഞാനോര്‍ക്കുന്നില്ല. മദ്രാസില്‍ താമസിക്കുന്ന കാലം. ഞാനന്ന് എ വി എം സ്റ്റുഡിയോയില്‍ നിന്നു ഡബ്ബിംഗ് കഴിഞ്ഞിറങ്ങുമ്പോള്‍ ബാലചന്ദ്രമേനോന്റെ കൂടെ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. പുതിയ പയ്യനാണ്. നമുക്കൊരു പാട്ടു കാണാം എന്നു പറഞ്ഞ് മേനോന്‍ എന്നെ ക്ഷണിച്ചു. ഞാന്‍ പാട്ടുകണ്ടു. അംബികയും ലാലുമൊത്തുള്ള പാട്ടാണ്. അതു കണ്ടപ്പോഴേ ഞാന്‍ പറഞ്ഞു. ഇവനാണ് അടുത്ത സൂപ്പര്‍സ്റ്റാറെന്ന്. അത്ര നല്ല ബോഡിറിഥമായിരുന്നു ആ പാട്ടില്‍. പിന്നിടെത്രയോ ചിത്രങ്ങളില്‍ ഞങ്ങള്‍ അമ്മയും മകനുമായി. ഇപ്പോഴും എത്രയോ പേരുടെ അമ്മ വേഷമിട്ടിട്ടും ലാലേട്ടന്റെ അമ്മ എന്ന് എന്നെ വിളിക്കാനാണ് പ്രേക്ഷകര്‍ക്കിഷ്ടം. ജീവിതത്തില്‍ അമ്മയും മകനുമായിരുന്നെങ്കില്‍ എന്നു പറഞ്ഞുള്ള എത്ര കത്തുകള്‍ എനിക്ക് കിട്ടാറുണ്ടെന്നോ. ലാലിനിത്രയും വയസായെങ്കിലും എന്റെ വാല്‍സല്യം നിറഞ്ഞ കൂട്ടുകാരനാണവന്‍. കുറുമ്പു നിറഞ്ഞ മകനോടുള്ള വാല്‍സല്യമാണ് എന്റെ മനസു നിറയെ.

കള്ളക്കുറുമ്പന്‍ - സത്യന്‍ അന്തിക്കാട്

എന്റെ മൂന്ന് ഭാഗ്യങ്ങളെപ്പറ്റി ഞാന്‍ എപ്പോഴും പറയാറുണ്ട്. ഒന്ന്, യേശുദാസിന്റെ കാലഘട്ടത്തില്‍ ജീവിക്കാന്‍ സാധിച്ചുവെന്നത്. മറ്റൊന്ന് ഇളയരാജയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചുവെന്നത് പിന്നെ സംവിധാനകുപ്പായമണിഞ്ഞ് എനിക്ക് മോഹന്‍ലാലിനെ കാമറയ്ക്ക് മുന്നില്‍ നിര്‍ത്താനായെന്നത്... സംവിധായകരോട് ഇത്ര നന്നായ് സഹകരിക്കുന്ന നടന്മാര്‍ വളരെ വിരളമാണ്. എന്നെ സംബന്ധിച്ച് ലാല്‍ എനിക്കൊരു പ്രചോദനമാണ്. ഒരു തീം ഇട്ടു കൊടുത്താല്‍ നമ്മള്‍ ആഗ്രഹിക്കുന്നതിലും നന്നായ് ലാല്‍ അത് അവതരിപ്പിച്ചു കാണിക്കും. ഈശ്വരന്‍ ലാലിന് കനിഞ്ഞ് കൊടുത്ത ഒരു അനുഗ്രഹമാണ് അഭിനയം. ഒരു കഥാപാത്രത്തെ അറിയാന്‍, മനസിലാക്കാന്‍, അവതരിപ്പിക്കാന്‍ ലാലിന് ഏറെ ദിവസങ്ങളൊന്നും ആവശ്യമില്ല. ചിലപ്പോള്‍ സെറ്റില്‍ വരുമ്പോഴായിരിക്കും ലാല്‍ ആ കഥാപാത്രത്തെക്കുറിച്ച് കേള്‍ക്കുന്നത്, പിന്നെ വളരെ ജോളിയായ് കാമറയ്ക്ക് മുന്നില്‍ ഞാന്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ നന്നായ് അവതരിപ്പിച്ചു പ്രതിഫലിപ്പിക്കും. മോഹന്‍ലാല്‍ എന്നു കേള്‍ക്കുമ്പോഴേ എനിക്ക് ഓര്‍മ വരുന്നത് എന്റെയടുത്ത് ലാല്‍ കാട്ടികൂട്ടുന്ന കുറുമ്പുകളാണ്. ലാല്‍ എന്നും എനിക്ക് ഒരു ഭാഷണിയാണ്...

ഏത് ഫോണ്‍ കോള്‍ വന്നാലും വളരെ പേടിച്ചാണ് ഞാന്‍ അറ്റന്റ് ചെയ്യുന്നത്, കാരണം സ്ഥിരമായ് എന്നെ ഫോണില്‍ വിളിച്ച് പറ്റിക്കുന്ന ഒരാളാണ് ലാല്‍. പലപ്രാവശ്യം പല പേരില്‍ എന്നെ വിളിച്ച് സംസാരിക്കുകയും ഒടുവില്‍ ഞാന്‍ ലാലാണെന്ന് പറയുകയും ചെയ്യുമ്പോള്‍ തോന്നുന്ന ഒരു ജാള്യത ഇത് പറയുമ്പോള്‍ പോലും എന്റെ മുഖത്ത് ഉണ്ടോ എന്നൊരു സംശയം.

എന്റെ ഭാഗ്യദേവത എന്ന ചിത്രം റിലീസായ അന്ന് നടന്ന ഒരു സംഭവം പറയാം. രാത്രി പത്തര ആയപ്പോള്‍ എന്റെ ലാന്റ് ഫോണ്‍ റിങ് ചെയ്യുന്നു. ഫോണ്‍ എടുത്തപ്പോള്‍ ഒരുപാട് പ്രായമുള്ള ഒരാളുടെ ശബ്ദം:-'സര്‍ ഞാനൊരു റിട്ട. അധ്യാപകനാണ്. ഭാഗ്യദേവതയില്‍ ഒരു വേഷം തരാമെന്ന് പറഞ്ഞിട്ട് പറ്റിച്ചു കളഞ്ഞല്ലോ! എന്നാലും സാറേ ഞാന്‍ ഏറെ പാടുപെട്ടു കേട്ടോ ലൊക്കേഷനില്‍ എത്താനും വീട്ടിലേക്ക് മടങ്ങാനുമൊക്കെ...' ഞാന്‍ പറഞ്ഞു ' അത് തിരക്കില്‍ ഞാന്‍ മറന്നു പോയിട്ടാവും.' ഉടനെ അയാള്‍ കുശലാന്വേഷണമായി:-അല്ലാ സാറിന്റെ മക്കളൊക്കെ ഇപ്പോള്‍ എന്തു ചെയ്യുന്നു? അധികമാകുന്നുവെന്ന്തോന്നിയപ്പോള്‍ ഞാന്‍ പറഞ്ഞു:- ' ഫോണ്‍ വയ്ക്കടോ! ' പിന്നെയും സംസാരം തുടര്‍ന്നപ്പോള്‍ ഞാന്‍ കട്ട് ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ വീണ്ടും റിങ് റിങ്!! എടുത്തപ്പോള്‍ ഇയാള്‍ തന്നെയാണ്, ' അല്ല സാറേ സാറെന്താ കട്ട് ചെയ്തത്, എനിക്കിനിയും ചോദിക്കാനുണ്ട്? അടുത്ത സിനിമയില്‍ ആരാണ് ഹീറോ? സിനിമ ഏതാണെന്ന് പോലും ഞാന്‍ തീരുമാനിച്ചിട്ടില്ല, എന്റെ മറുപടി അല്ല സാറേ... അയാള്‍ വീണ്ടും തുടങ്ങി.

ഒന്നും മിണ്ടാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു...വീണ്ടും ഫോണ്‍ ബെല്‍ മുഴങ്ങി... ഇയാളെക്കൊണ്ട് വല്യ ശല്യമായല്ലോ എന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ എടുത്തപ്പോള്‍ അത് മനോരമയില്‍ നിന്നും ഉണ്ണി വാര്യര്‍ ആയിരുന്നു. 'എന്താ ഉണ്ണി വിശേഷിച്ച്? 'ഞാന്‍ ചോദിച്ചു. ' എന്നാലും ലാലിനോട് ഇങ്ങനെയൊന്നും ചെയ്യണ്ടായിരുന്നു. മോശമായിപോയി കെട്ടോ! ' ഉണ്ണി പറഞ്ഞു .... കാര്യമൊന്നുമറിയാതെ കുറച്ച് നേരം ഞാന്‍ ആലോചിച്ചിരുന്നപ്പോള്‍ വീണ്ടും ഫോണ്‍ എന്നാലും ഇത് വല്യ കഷ്ടമാണ് കെട്ടോ, ഇതെത്രാമത്തെ പ്രാവശ്യമാണ്, എന്നിട്ടും എന്നെ മനസിലായില്ലല്ലോ? ശ്ശെ, കഷ്ടം! അത് മോഹന്‍ലാല്‍ ആയിരുന്നു!

ഇന്നും ആ പിടി വിട്ടിട്ടില്ല - മുകേഷ്

വളരെ വ്യത്യസ്തമായൊരു ജനനമാണ് ലാലിന്റേത്. പത്തനംതിട്ടയിലെ തറവാട്ടില്‍ ലാല്‍ ജനിച്ചപ്പോള്‍ സ്ത്രീകള്‍ കുരവയിടുകയുണ്ടായി. പെണ്‍കുട്ടിയാണെങ്കില്‍ കുരവയിടുക എന്ന ഒരു ആചാരം അവിടെ പതിവാണ്. തലയില്‍ നിറയെ മുടിയുമായ് ജനിച്ച ലാലിനെ പെണ്‍കുട്ടിയായ് എല്ലാവരും തെറ്റുധരിട്ടു. പിന്നീടാണ് ആണ്‍കുട്ടിയാണെന്ന് തിരിച്ചറിയുന്നത്. അന്ന് ഒരു തെറ്റുധരിക്കുകയാണുണ്ടായതെങ്കിലും ആ സ്ത്രൈണഭാവം ലാലില്‍ ഇന്നും ഉള്ളതായ് എനിക്ക് തോന്നിയിട്ടുണ്ട്. ഭരതനാട്യം പഠിക്കാത്ത ലാല്‍ കമലദളത്തില്‍ നടനമോഹനലഹരിയില്‍ ആടിതിമിര്‍ത്തില്ലേ... അനായാസം ഭാവങ്ങള്‍ മാറ്റിമറിക്കാറില്ലേ...

ലോകോത്തരനിലവാരമുള്ള പല നടന്മാരിലും ഞാന്‍ ഈ സവിശേഷത കണ്ടിട്ടുണ്ട്. ലാലിന് അറിയാത്തതായ് ഒന്നുമില്ല, പാചകം, സംഗീതം, നൃത്തം, നാടകം, അഭിനയം അങ്ങിനെ ഒരു വെടിക്കുള്ള മരുന്നെല്ലാം ലാലിന് വശമാണ്. അതുകൊണ്ട് അത്ര പെട്ടെന്നൊന്നും ലാലിനെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല. വീടും പരിസരവും എപ്പോഴും വൃത്തിയായി ഇരിക്കണമെന്നത് ലാലിന് നിര്‍ബന്ധമാണ്. അത് ലാലിന്റെ വീടെന്നില്ല, ആരുടെയാണെങ്കിലും. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ എന്റെ വീട്ടില്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ശരിക്കും ടെന്‍ഷനാണ്. എത്ര സമയമില്ലെങ്കിലും ഞാന്‍ വീടെല്ലാം തൂത്തുതുടച്ച് എല്ലാം അടുക്കിപെറുക്കി യഥാസ്ഥാനത്ത് വയ്ക്കും. എന്നാലും ലാലിന് എന്തെങ്കിലും കിട്ടും... ഞങ്ങള്‍ തമ്മിലുള്ള സൌഹൃദം ആരംഭിക്കുന്നത് ഞങ്ങള്‍ ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ സെറ്റിലാണ്. അന്ന് ലാല്‍ എല്ലാവരോടും സംസാരിച്ച് നില്‍ക്കുകയാണ്.... അക്കൂട്ടത്തില്‍ നിന്നെല്ലാം മാറി ഞാന്‍ നില്‍ക്കുന്നു. പെട്ടെന്ന് ഓടിവന്ന് എന്നെ കെട്ടിപിടിച്ച് എന്താ മാറി നില്‍ക്കുന്നത്, ചേര്‍ന്ന് നില്‍ക്കൂ എന്നും പറഞ്ഞ് ലാല്‍ എന്നെ ചേര്‍ത്തുപിടിച്ചു. ആ പിടി ഇന്നും വിട്ടിട്ടില്ല...

കൊച്ചു സ്വപ്നം പോലെ ലാലിന്റെ മുതുക് - സുരേഷ് ഗോപി

മോഹന്‍ലാലിനെ ഞാന്‍ ആദ്യമായി കാണുന്നതു കൊല്ലത്തു ചിന്നക്കടയില്‍ വച്ചാണ്. അന്ന് ലാലിനെ കണ്ടുവെന്നു പറയുന്നതിനെക്കാള്‍. ലാലിന്റെ മുതുകു കണ്ടു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഒരു കൊച്ചുസ്വപ്നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചിന്നക്കടയിലെ kകാസെറ്റ് കടയില്‍ നടക്കുമ്പോള്‍ അതുവഴി സ്കൂട്ടറില്‍ പോയതായിരുന്നു ഞാന്‍. രണ്ടാമത്തെ നിലയില്‍ ഷൂട്ടിങ്ങിന്റെ ബഹളവും തിരക്കും കണ്ട് എത്തി നോക്കി. അപ്പോള്‍ ലാല്‍ പിന്തിരിഞ്ഞു നിന്നു ഷര്‍ട്ട് ഊരുകയാണ്. മുഖം കാണാന്‍ പറ്റിയില്ല. പിന്നീട് ലാലിനെ ഞാന്‍ കാണുന്നത് സിനിമയില്‍ അവസരത്തിനായി അലഞ്ഞ കഷ്ടപ്പാടിന്റെ നാളുകളിലാണ്. '85ല്‍ തിരുവനന്തപുരത്ത് ടി പി ബാലഗോപാലന്‍ എം എയുടെ ചിത്രീകരണം നടക്കുന്നു. എന്തെങ്കിലും വേഷമുണ്ടോയെന്ന് അറിയാന്‍ സിനിമക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ എല്ലാ ദിവസവും ഞാന്‍ പോകും.

നിര്‍മാതാവ് ടി. കെ. ബാലചന്ദ്രനെ കണ്ട് അഭിനയിക്കാന്‍ ചാന്‍സ് ചോദിക്കുകയാണ് ലക്ഷ്യം. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് ഹോട്ടലില്‍ പോകാന്‍ പറ്റിയില്ല. അന്ന് എന്റെ സുഹൃത്തിന്റെ അമ്മയ്ക്കു ഹൃദയശസ്ത്രക്രിയ ആയിരുന്നതു കൊണ്ട് രക്തം കൊടുക്കാന്‍ പോയതായിരുന്നു ഞാന്‍ എന്റെ കഷ്ടകാലം എന്നു വേണം പറയാന്‍. എനിക്കു പറ്റുന്ന വേഷം അന്നാണ് വന്നത്. നിര്‍മാതാവ് ടി കെ ബി എന്നെ അന്വേഷിച്ചപ്പോള്‍ ഞാനില്ല. പകരം മറ്റാരോയോ അഭിനയിപ്പിച്ചു. പിറ്റേന്ന് ചാന്‍സ് ചോദിച്ചു ലൊക്കേഷനില്‍ ചെന്നപ്പോള്‍ നിര്‍മാതാവ് എന്നോടു വല്ലാതെ ക്ഷോഭിച്ചു. പടത്തിലെ നായകനായ ലാല്‍ അവിടെ പത്രം വായിച്ച് ഇരിപ്പുണ്ട്. കൊല്ലത്തെ വലിയ ഡിസ്ട്രിബ്യൂട്ടറുടെ മകനാണ്. പറ്റിയ റോള്‍ വന്നപ്പോള്‍ ആളിനെ കാണാന്‍ ഇല്ല. എന്നു ടി.കെ.ബി ഉച്ചത്തില്‍ പറഞ്ഞു. അതുകേട്ട് ലാല്‍ പത്രത്തില്‍ നിന്നു ശ്രദ്ധതിരിച്ച് എന്നെയൊന്നു നോക്കി. ഞാനാകെ ചമ്മി എന്നെ ചീത്തവിളിച്ചതിനെക്കാള്‍, ലാലിന്റെ മുന്നില്‍ വച്ചു വഴക്കു പറഞ്ഞതിലാണ് ഏറെ വിഷമം തോന്നിയത്. പക്ഷേ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടില്‍ ലാല്‍ പത്രം വായന തുടര്‍ന്നതേയുള്ളൂ.

പിന്നീട് കൊച്ചിയില്‍ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴാണ് ലാലിനെ വീണ്ടും കാണുന്നത്. സംവിധായകന്‍ തമ്പി കണ്ണന്താനം എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിക്കൊടുത്തപ്പോള്‍ ഞാന്‍ പണ്ട് ചീത്തവിളി കേട്ട കാര്യം പറഞ്ഞു. അതൊന്നും ഓര്‍മയില്ലെന്നായിരുന്നു ലാലിന്റെ മറുപടി. അന്നു ഞാനും മോഹന്‍ജോസും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. വൈകിട്ട് മോഹനെ ഭക്ഷണം കഴിക്കുന്നതിനു ലാല്‍ വിളിച്ചു. സുരേഷും വരില്ലേ എന്നു ചോദിച്ചതിനാല്‍ ഞാനും കൂടെ പോയി. പഴയ കല്‍പക ടൂറിസ്റ്റ് ഹോമിലെ (ഇപ്പോഴത്തെ എറണാകുളം പി. വി. എസ് ആശുത്രി) ലാലിന്റെ മുറിയില്‍ ഞങ്ങള്‍ മൂവരും ഭക്ഷണം കഴിച്ചിരിക്കവേ ലാല്‍ പറഞ്ഞു. വിരോധമില്ലെങ്കില്‍ സുരേഷിന് ഇവിടെ കിടക്കാം. അന്നു ഞാന്‍ ലാലിന്റെ മുറിയിലാണ് കിടന്നത്. പിന്നീട് എന്നും സന്ധ്യയാകുമ്പോള്‍ ഉറക്കം ഇവിടെയല്ലേ എന്നു ലാല്‍ വിളിച്ചു ചോദിക്കാറുണ്ടായിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങള്‍ തമ്മില്‍. ലാലിന്റെ തുടര്‍ന്നുള്ള എല്ലാ സിനിമകളിലും എനിക്കൊരു വേഷമുണ്ടായിരുന്നു.