അഭിനയകലയുടെ ഉസ്താദ്

നിഖില്‍

മീശ പിരിച്ചും, തോള്‍ ചെരിച്ചും, കള്ളച്ചിരി ചിരിച്ചും മലയാളികള്‍ക്കൊപ്പം 36 വര്‍ഷം സഞ്ചരിച്ച മഹാത്ഭുതം. അച്ഛനോടു തോന്നുന്ന ബഹുമാനം, ഏട്ടനോട് തോന്നുന്ന സ്നേഹം, ഒരു മകനോടു തോന്നുന്ന വാല്‍സല്യം, ഭര്‍ത്താവിനോടു തോന്നുന്ന പ്രേമം ഇവയ്ക്കൊക്കെ ഒറ്റ പേരെ ഉള്ളു. മോഹന്‍ലാല്‍. നമ്മളിലൊരാളായ നമ്മുടെ സ്വകാര്യ അഹങ്കാരമായ ആ നടനവിസ്മയത്തെ നാം സ്നേഹപൂര്‍വം വിളിച്ചു. ലാലേട്ടന്‍. ഏഴു വയസ്സുകാരനും എഴുപതു വയസ്സുകാരനും ഒരു പോലെ ആരാധിക്കുന്ന മലയാള സിനിമയുടെ ആറാം തമ്പുരാന്‍. വില്ലനായി കടന്നു വന്ന് മലയാളി മനസ്സിലെ നായകനായി മാറിയ മഹാപ്രതിഭ. ആക്ഷനും, കോമഡിയും, സെന്റിമെന്റ്സും, ഡാന്‍സും, പാട്ടുമൊക്കെ ഇതു പോലെ വഴങ്ങുന്ന ഒരു നടന്‍ മലയാളത്തിലെന്നല്ല ബോളിവുഡിലോ അങ്ങ് ഹോളിവുഡിലോ പോലും ഉണ്ടാകുമോയെന്നു സംശയമാണ്.

മോഹന്‍ലാലിനെ പോലെ നമ്മെ തല തല്ലി ചിരിപ്പിച്ച മറ്റൊരു നടനുണ്ടോ? മുണ്ടു മടക്കി കുത്തി മീശ പിരിച്ചാല്‍ അദ്ദേഹത്തെ വെല്ലാന്‍ ആണൊരുത്തന്‍ കേരളത്തില്‍ വേറെ കാണുമോ? കിരീടത്തിലെ സേതുമാധവനൊപ്പം കരയാത്ത മലയാളികളുണ്ടോ? അതുകൊണ്ടാവണം പിന്‍ഗാമികളില്ലാത്ത താരസിംഹാസനത്തിന്റെ അധിപനായി അദ്ദേഹം ഇപ്പോഴും വിരാജിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങള്‍ മോഹന്‍ലാലിനു മാത്രം അവകാശപ്പെട്ടതാണ്. ചിത്രവും കിലുക്കവും കിരീടവും 20-ാം നൂറ്റാണ്ടും നരസിംഹവും എന്നു വേണ്ട ചരിത്രമായി മാറിയ ദൃശ്യം പോലും ഇൌ അഭിനയ വിസ്മയത്തിനു സ്വന്തം.

1978-ല്‍ തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും വഴിത്തിരിവാകുന്നത് ഫാസിലിന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ വേഷം. അവിടെ നിന്നിങ്ങോട്ട് പല ഭാഷകളിലായി 355-ഒാളം ചിത്രങ്ങള്‍. നാല് ദേശീയ അവാര്‍ഡുകളും, പദ്മശ്രീയും, ലെഫ്റ്റനന്റ് കേണല്‍ പദവിയുമുള്‍പ്പടെ എണ്ണമറ്റ പുരസ്കാരങ്ങള്‍. വിലമതിക്കാനാവാത്ത അനേക ലക്ഷം ആരാധകര്‍. സ്വന്തം മോനെ മറന്നാലും മോനെ ദിനേശാ എന്ന ഡയലോഗ് നാം മറക്കുമോ? ഇനി ഹോളിവുഡില്‍ നിന്നു സ്റ്റണ്ട് മാസ്റ്റര്‍ വന്നാലും ആട് തോമായുടെ മുണ്ട് പറിച്ചടിയോളം എത്തുമോ അത്? താളവട്ടത്തിലെ വിനുവിന്റെ നിഷ്കളങ്കത മലയാളത്തിലെ വേറെ ഏതു കഥാപാത്രത്തിനുണ്ട്?

ഡോക്ടര്‍മാര്‍ പലര്‍ വന്നു പോയെങ്കിലും സണ്ണി ഡോക്ടര്‍ മനസ്സില്‍ നിന്നു പോകുമോ?അങ്ങനെ എത്രയെത്ര അനശ്വര കഥാപാത്രങ്ങള്‍. സിനിമ മോശമാണ് പക്ഷെ ലാലേട്ടന്റെ കഥാപാത്രം തകര്‍ത്തു എന്ന കമന്റ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് മാത്രം അവകാശപ്പെട്ടതാണ്. പകരം വയ്ക്കാനാകാത്ത ഒന്നല്ല, ഒരു പിടിയല്ല, ഒട്ടനവധി കഥാപാത്രങ്ങള്‍. നല്ലൊരു എഴുത്തുകാരന്‍. സജീവമായി സാമൂഹിക പ്രശ്നങ്ങളിലിടപെടുന്ന കര്‍ത്തവ്യബോധമുള്ള ഒരു പൌരന്‍. ഒരു നടനെന്നതിലപ്പുറം മോഹന്‍ലാല്‍ എന്ന മനുഷ്യനെ തിരിച്ചറിയാന്‍ അദ്ദേഹം നടത്തിയ ഇൌ സാമൂഹ്യ ഇടപെടലുകള്‍ ധാരാളം. ഒരാളെ പോലെ ഒമ്പതു പേരുണ്ടെന്നാണ് പറച്ചിലെങ്കിലും ലാലേട്ടാ നിങ്ങളെ പോലെ വേറാരും കാണില്ല. വിശേഷണങ്ങള്‍ ചൊരിഞ്ഞാല്‍ ഇൌ സ്ഥലം മതിയാവില്ല അതിന്. പക്ഷെ ഒന്നു പറയാം താങ്കളാണ് അഭിനയകലയുടെ ഉസ്താദ്. അരെ... വാഹ്.