ദിലീപേട്ടനൊപ്പം ഒരു ബഡ്ഡിപെയര്‍: അജു
മൊയ്തീനും പ്രേമവുമൊക്കെയായി മലയാളസിനിമ മുന്നേറുമ്പോള്‍ പ്രേക്ഷകർ ശ്രദ്ധിക്കാത്ത മറ്റൊരു കാര്യമുണ്ട്. ഇതിനെല്ലാമിടയിൽ കൂടി അധികം ബഹളമൊന്നുമില്ലാതെ അജു വർഗീസ് എന്ന നടൻ തന്റേതായ സ്ഥാനം സിനിമയിൽ അരക്കിട്ടുറപ്പിക്കുകയാണ്. പണ്ട് ജഗതിയില്ലാത്ത സിനിമകളില്ലെന്ന് പറഞ്ഞതു പോലെ ഇന്ന് അജുവില്ലാത്ത മലയാള ചിത്രങ്ങൾ വിരളമാണ്.
തിരക്കും അവസരങ്ങളും കൂടിയതോടെ അജുവിനെതിരെയും ചില ദുഷ്പ്രചാരണങ്ങൾ ആരംഭിച്ചു. അജുവിന് അഹങ്കാരമായെന്നും, സെറ്റില്‍ വൈകിയെത്തുന്നുവെന്നും തുടങ്ങി എന്തിന് പ്രതിഫലം വരെ കുത്തനെ ഉയര്‍ത്തിയെന്നും വാര്‍ത്തവന്നു. എല്ലാത്തിനോടും പ്രതികരിക്കാൻ അജുവിന് താൽപര്യമില്ലെങ്കിലും ചിലതിനൊക്കെ മറുപടി കരുതി വച്ചിട്ടുണ്ട് അദ്ദേഹം.
സെറ്റില്‍ താമസിച്ചെത്തുന്നു ? ശ്രദ്ധിക്കുക ചോദ്യത്തിന് കൂടെ ഒരു ചിഹ്നം ഉണ്ടേ !
(അജു ചിരിക്കുന്നു) ‘‘ഞാന്‍ സെറ്റില്‍ താമസിച്ച് എത്തുന്നു, അഹങ്കാരിയായിരിക്കുന്നു എന്നൊക്കെയാണ് വാര്‍ത്തകള്‍ വന്നത്. ഈ വാര്‍ത്തകളുടെ തലക്കെട്ടിന്‍റെ അവസാനം ഒരു ചോദ്യചിഹ്നം കൂടി അവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന വിദ്വാന്മാര്‍ പ്രേക്ഷകരോട് ചോദിക്കുകയാണ് ഈ വാര്‍ത്ത സത്യമാണോയെന്ന്...അവര്‍ക്കു തന്നെ ഒരുറപ്പില്ല ഈ വാര്‍ത്തകളുടെ കാര്യത്തില്‍. ’’ അജു പറയുന്നു.
വാര്‍ത്ത വായിക്കുന്ന ജനങ്ങളാണോ ഇതിനൊക്കെ ഉത്തരം തരേണ്ടത്. ഒരിക്കലുമല്ല. ഇത്തരം വാര്‍ത്തകള്‍ എന്തിന് വേണ്ടിയാണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഇതാരോ പറഞ്ഞ് കൊടുത്തതുപോലെയാണ് എനിക്ക് തോന്നുന്നത്. ഇത്തരം അപവാദപ്രചരണങ്ങള്‍ വായിച്ചുസമയം കളയുന്നവരല്ല മലയാളികള്‍. അവര്‍ പ്രതീക്ഷിക്കുന്നതും സത്യസന്ധമായ വാര്‍ത്തകളാണ്. അജു കൂട്ടിച്ചേർത്തു.
ദിലീപും കാത്തിരുന്നുവത്രേ ?
അജുവിനായി ദിലീപ് വരെ കാത്തിരുന്നുവെന്നൊക്കെ തട്ടിവിട്ടവരോട് അദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ. അങ്ങനെ സംശയമുള്ളവര്‍ക്ക് ടു കണ്ട്രീസിന്‍റെ നിര്‍മാതാവായ രഞ്ജിത്തേട്ടനോടോ ചിത്രത്തിലെ നായകനായ ദിലീപേട്ടനോടോ സംവിധായകനായ ഷാഫിക്കായോടോ വിളിച്ച് ചോദിക്കാം. അല്ലാതെ വാസ്തവവിരുദ്ധമായ ഇത്തരം വാർത്തകൾ പടച്ചു വിടരുത്.
മലര്‍വാടിയിലൂടെ എന്നെ സിനിമയില്‍ കൊണ്ടുവന്ന ആളാണ് ദിലീപേട്ടന്‍. മായമോഹിനിയിലും റിങ് മാസ്റ്ററിലുമൊക്കെ ചെറിയവേഷത്തില്‍ എത്തിയെങ്കിലും ദിലീപേട്ടനൊപ്പം ആദ്യമായി ഒരുമുഴുനീള വേഷത്തിലെത്തുന്ന ചിത്രമാണ് ടു കണ്ട്രീസ്. ദിലീപേട്ടനൊപ്പം ഒരു ബഡ്ഡിപെയര്‍. അത്രയും വലിയ സന്തോഷത്തിലിരിക്കുന്ന എന്നെ ഇത്തരം വ്യാജവാർത്തകൾ വേദനിപ്പിച്ചു.
എന്നെ സംബന്ധിച്ചടത്തോളം ഇതൊക്കെ പുതിയൊരു അനുഭവങ്ങളാണ്. ഒരുപാട് കാര്യങ്ങള്‍ ദിലീപേട്ടനില്‍ നിന്നൊക്കെ പഠിക്കാനുണ്ട്. സത്യത്തില്‍ അദ്ദേഹത്തിനൊപ്പം ഞാന്‍ അഭിനയിക്കുന്നത് തന്നെ ടെന്‍ഷന്‍ അടിച്ചാണ്. അഭിനയത്തിന്‍റെ കാര്യത്തില്‍ അപാരടൈമിങ് ആണ് ദിലീപേട്ടന്. ശൂന്യതയില്‍ നിന്നാണ് ദിലീപേട്ടനും സംവിധായകന്‍ ഷാഫിയുമൊക്കെ കോമഡി ഉണ്ടാക്കുന്നത്. ഞാന്‍ ഇതൊക്കെ നോക്കി നിന്ന് പഠിക്കുകയാണ്.
കൂട്ടുകാരന്‍ നിവിന്‍ പോളിക്കൊപ്പം പ്രതിഫലം?
നിവിന്‍ പോളിക്കൊപ്പം പ്രതിഫലം വാങ്ങുന്നുവെന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. ഇനി ഞാനിത്രയും പ്രതിഫലം മേടിക്കുന്നെന്ന് പറഞ്ഞ് അടുത്ത സിനിമയിലെങ്കിലും ഇത്രയും തുക കിട്ടിയാലോ? ലോട്ടറിയടിച്ചില്ലേ !
നായകനിരയില്‍ നില്‍ക്കുന്ന ഒരു താരത്തിനും കാരക്ടര്‍ റോളുകള്‍ ചെയ്യുന്ന ഒരു നടനും ഒരേപ്രതിഫലം മേടിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് കേട്ട ഉടന്‍ വിശ്വസിക്കുന്നവരല്ല മലയാളി പ്രേക്ഷകര്‍. ഇത്തരം കപടവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് മലയാളികളെ കബളിക്കാന്‍ നോക്കുന്ന ഇത്തരം മാധ്യമങ്ങളോട് എനിക്കൊന്നും പറയാനില്ല.
പുതിയ മൂന്ന് ചിത്രങ്ങള്
സു..സു..സുധീ വാത്മീകം, അടി കപ്യാരേ കൂട്ടമണി, ടു കണ്ട്രീസ് ഈ മൂന്ന് ചിത്രങ്ങളുടെയും ചിത്രീകരണം തുടങ്ങിയത് ഏകദേശം ഒരേസമയത്തായിരുന്നു. കുഞ്ഞിരാമായണത്തിന് ശേഷം ഞാനും ധ്യാനും നീരജ് മാധവും ഒരുമിക്കുന്ന ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ഒരു ചെറിയകഥ. ഹോസ്റ്റലില്‍ നടക്കുന്ന ഒരു സംഭവം. നമ്മുടെ എല്ലാവരുടെയും കൊളേജ് ജീവിതവുമായി ബന്ധപ്പെടുത്താന്‍ പറ്റുന്ന സിനിമയായിരിക്കും അടി കപ്യാരേ കൂട്ടമണി. ഫ്രൈഡേ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി, ആട് എന്നീ സിനിമകള്‍ക്ക് ശേഷം വീണ്ടും ഇവരുമായി ഒന്നിക്കുന്നു. നവാഗതര്‍ക്ക് ഇത്രയധികം അവസരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്ന മികച്ച ബാനര്‍ കൂടിയാണ് ഫ്രൈഡേ.
സിനിമ പൂര്‍ത്തിയാകുന്നതുപോലെ അത് നല്ല രീതിയില്‍ തിയറ്ററുകളിലെത്തുക എന്നതും സംവിധായകന്‍റെ ആഗ്രഹമാണ്. അക്കാര്യത്തിലും ഫ്രൈഡേ ഫിലിംസ് ചെയ്യുന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്.