വീണ്ടും നയാഗ്ര, ഒപ്പം ദിലീപും
റെഞ്ചി കുര്യാക്കോസ്
മൂന്നു പതിറ്റാണ്ടിനു ശേഷം മലയാള സിനിമയിൽ വീണ്ടും നയാഗ്ര വെള്ളച്ചാട്ടം ചിത്രീകരിക്കുകയാണ്.ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ‘ടൂ കണ്ട്രീസ്’ എന്ന സിനിമയിലൂടെയാണ് നയാഗ്രയുടെ വശ്യ സൗന്ദര്യം വീണ്ടും തിരശീലയിലെത്തുക.
കഥയ്ക്ക് ആവശ്യമെങ്കിൽ ചിത്രീകരണത്തിനായി എന്തും ഒരുക്കിക്കൊടുക്കുന്ന എം.രഞ്ജിത്താണ് ഈ ചിത്രത്തിന്റെ നിർമാതാവ്.45 ദിവസം ‘ടൂ കണ്ട്രീസി’ന്റെ ഷൂട്ടിങ് കാനഡയിലായിരുന്നു.
ദിലീപും മമത മോഹൻദാസും പാടി അഭിനയിക്കുന്ന ‘വെളു വെളുത്തൊരു പെണ്ണ്.....’ എന്ന ഗാനം നയാഗ്രയുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കാനാണ് ഇവർ അവിടെയെത്തിയത്.
മുൻപ് ‘ഏഴാംകടലിനക്കരെ’ എന്ന ചിത്രത്തിലെ ‘സുരലോക ജലധാര ഒഴുകിയൊഴുകി..’എന്ന ഗാനം നയാഗ്രയുടെ പശ്ചാത്തലത്തിൽ എടുത്തിരുന്നു.
നയാഗ്ര വിശാലമായി ചിത്രീകരിക്കുന്നതിന് ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ രഞ്ജിത്ത് തീരുമാനിച്ചതാണ്.പക്ഷേ ചിത്രീകരണ സമയമായപ്പോൾ പ്രശ്നമായി.നയാഗ്രയ്ക്കു മുകളിൽ എപ്പോഴും വെള്ളത്തുള്ളികൾ സൃഷ്ടിക്കുന്ന മൂടൽ മഞ്ഞുണ്ട്.അതിനെക്കാൾ വളരെ ഉയർന്നു പറക്കാനേ ഹെലികോപ്റ്റിന് അനുവാദമുള്ളൂ.താഴേക്കു വന്നാൽ മൂടൽ മഞ്ഞിൽ കുടുങ്ങി ഹെലികോപ്റ്റർ അപകടത്തിൽ പെടും.വളരെ ഉയരത്തിൽ നിന്നു നയാഗ്ര ചിത്രീകരിച്ചാൽ താഴെ നിൽക്കുന്ന ദിലീപിനെയും മമതയെയും കിട്ടില്ല.ഈ സാഹചര്യത്തിൽ അവർ ഹെലികോപ്റ്റർ വേണ്ടെന്നു വച്ചു.
നയാഗ്ര എന്ന അത്ഭുതം കാണാൻ പതിനായിരക്കണക്കിന് ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയിട്ടുണ്ട്.ഷൂട്ടിങ്ങിനായി അവരെ മാറ്റുക അസാധ്യമാണെന്ന് സംഘത്തിനു ബോധ്യമായി.വെള്ളച്ചാട്ടം ഭംഗിയായി ചിത്രീകരിക്കുന്നതിന് പ്രത്യേക ജിമ്മി ജിബ് തയാറാക്കി നിർത്തിയിരുന്നു.അത് ഉയർന്നു പൊങ്ങി വട്ടമിട്ടു കറങ്ങി മുഴുവൻ ചിത്രീകരിക്കും.പക്ഷേ അതിൽ ക്യാമറ ഉറപ്പിച്ചതോടെ പ്രശ്നമായി.ഫോക്കസ് ശരിയാകുന്നില്ല.
നയാഗ്ര നന്നായി ചിത്രീകരിക്കണമെങ്കിൽ ഉയരത്തിൽ നിന്നുള്ള ഷോട്ടുകൾ വേണം.
എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ചിരിക്കുമ്പോൾ സ്റ്റെഡി ക്യാം ഓപ്പറേറ്ററായ ബ്രിട്ടീഷുകാരൻ ജോ ഡിയാൻകോ ആശ്വസിപ്പിച്ചു.‘അവതാർ’ ഉൾപ്പെടെ പല ഹോളിവുഡ് ചിത്രങ്ങൾക്കും സ്റ്റെഡി ക്യാം പ്രവർത്തിപ്പിച്ചിട്ടുള്ളയാളാണ് ജോ.സ്റ്റെഡി ക്യാം അരയിൽ ഉറപ്പിച്ച് ജോ മുകളിലേക്ക് വലിഞ്ഞു കയറി.ഒപ്പം യൂണിറ്റ് അംഗമായ കണ്ണനും.ഒരടി പോലും വീതിയില്ലാത്ത സ്ഥലത്തു കൂടിയാണ് മുകളിലേക്ക് കയറുന്നത്.താഴേക്കു പതിച്ചാൽ പിന്നെ പൊടി പോലും ലഭിക്കില്ല.എല്ലാവരും ശ്വാസമടക്കിപ്പിടിച്ചാണ് നോക്കിയിരുന്നത്.പക്ഷേ അതൊന്നും വകവയ്ക്കാതെ ഉയരങ്ങളിൽ നിന്നുള്ള ഷോട്ടുകൾ അവർ അനായാസം എടുത്തു കൊണ്ടിരുന്നു.ചിത്രീകരണം പൂർത്തിയായപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരേയായത്.
ചിത്രീകരണം തുടങ്ങിയതോടെ വിദേശികളുടെ സഹകരണം ഷൂട്ടിങ് സംഘത്തിനു ബോധ്യമായി.ആരും പറയാതെ തന്നെ അവർ ക്യാമറയ്ക്കു മുന്നിൽ നിന്നു മാറി നിന്നു.മലയാളം പാട്ടിനൊപ്പം അഭിനയിക്കുന്ന താരങ്ങളെ അവർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പ്രശസ്ത ക്യാമറാമാൻ രവി കെ.ചന്ദ്രന്റെ പുത്രൻ സന്താന കൃഷ്ണനാണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ .നയാഗ്രയുടെ താഴെയുള്ള രംഗങ്ങൾ എടുക്കുന്നതിനായി സംവിധായകൻ ഷാഫിയും നിർമാതാവ് രഞ്ജിത്തും ക്യാമറാമാനും കൂടി ബോട്ടിൽ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയി.വലിയ മഴ പെയ്യുന്ന പോലുള്ള അവസ്ഥയാണ് താഴെയെന്ന് രഞ്ജിത്ത് പറയുന്നു.പക്ഷേ വളരെ ഭംഗിയായി മുകളിൽ നിന്നും താഴെ നിന്നും നയാഗ്രയുടെ ഭംഗി ഒപ്പിയെടുത്തിട്ടാണ് വൈകുന്നേരം അവർ മടങ്ങിയത്.
ടൂ കൺട്രീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി നടീനടന്മാർ ഉൾപ്പെടെ 30 അംഗ സംഘമാണ് കാനഡയിലേക്ക് പോയത്. .ദിലീപിനും മമതയ്ക്കും പുറമേ മുകേഷ്,അജു വർഗീസ്,സുരാജ് വെഞ്ഞാറമ്മൂട്,അശോകൻ,ഷ്രിൻഡ,ലെന,വിനയ പ്രസാദ്,തിരക്കഥാകൃത്ത് റാഫി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
കൊച്ചിയിൽ നിന്നു ദോഹയിലേക്കും അവിടെ നിന്നു മോൺട്രിയലിലേക്കും 20 മണിക്കൂർ നീണ്ട വിമാന യാത്ര.20 ദിവസം ഓട്ടവയിലെ വീടുകളിലും നഗരപ്രദേശത്തുമായിരുന്നു ഷൂട്ടിങ്.ചിത്രീകരണ സംഘത്തിൽ ബ്രിട്ടീഷ്,ആഫ്രിക്കൻ വംശജരായ ഏതാനും പേർ കൂടി അവിടെ വച്ചു ചേർന്നു.അവിടെ യൂണിറ്റിൽ ജോലി ചെയ്യാൻ ആളിനെ ലഭിക്കാൻ ബുദ്ധിമുട്ടാണ്.ഒരാളിന്റെ ദിവസക്കൂലി ഇന്ത്യൻ കറൻസിയിലേക്ക് ആക്കുമ്പോൾ 25000 രൂപയോളം വരുമെന്നത് രഞ്ജിത്ത് ഞെട്ടലോടെയാണ് കണക്കു കൂട്ടിയിരുന്നത്.ഈ സാഹചര്യത്തിൽ സംവിധായകൻ ഷാഫി ഉൾപ്പെടെ എല്ലാവരും എല്ലാ ജോലിയും ചെയ്യുന്നുണ്ടായിരുന്നു.കഠിനാധ്വാനം മൂലം എല്ലാവരും തളരുമ്പോൾ ദിലീപിന്റെയും മുകേഷിന്റെയും സുരാജിന്റെയും തമാശകളായിരുന്നു ആശ്വാസം.
യുഎസ് അതിർത്തിക്കു സമീപമുള്ള ബ്രൂക്ക് വില്ലിൽ കോടതി രംഗം ചിത്രീകരിക്കാനായി യഥാർഥ കോടതി തന്നെയാണ് അവർക്കു ലഭിച്ചത്.
പുരാതനമായ കോടതി മന്ദിരത്തിലെ മറ്റു മുറികളിൽ വിചാരണ നടക്കുന്നുണ്ട്.ചിത്രീകരണത്തിന്റെ മൂന്നാം ദിവസമായപ്പോൾ സമീപത്തുള്ള കോടതികളിൽ കുപ്രസിദ്ധരായ കുറെ കുറ്റവാളികളെ കൊണ്ടു വരുന്നുണ്ടെന്നും ആരും കെട്ടിടത്തിനു പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് ലഭിച്ചു.എന്തെങ്കിലും സംശയം തോന്നിയാൽ വെടി വയ്ക്കുന്നത് അവിടെ പതിവാണ്.ഇതു മൂലം അൻപതോളം ജൂനിയർ ആർട്ടിസ്റ്റുകൾക്കു മുഴുവൻ മുന്നറിയിപ്പ് നൽകി.മൂന്നാം നിലയിലെ കോടതിക്കുള്ളിൽ നിന്നു പുറത്തിറങ്ങാൻ പേടിയായിരുന്നു.തല പുറത്തു കാട്ടിയാൽ വെടി പൊട്ടിയാലോ. ഒരു ദിവസം മുഴുവൻ പുറത്തിറങ്ങാതെയാണ് ചിത്രീകരണം നടത്തിയതെന്നു രഞ്ജിത്ത് അനുസ്മരിക്കുന്നു.