അഭിനയമല്ല, സത്യമായും സംവിധായകനാണ്

സിനിമ ദിലീഷിനെ മുറുക്കെപ്പിടിച്ച മട്ടാണ്. ആദ്യം സഹസംവിധായകനും അസോഷ്യേറ്റ് സംവിധായകനുമായി. പിന്നെ നടനായി. ഇനി സംവിധായകൻ– ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ ആ ക്രെഡിറ്റും സ്ക്രീനിൽ നിറയും. ദിലീഷ് പോത്തൻ പറയുന്നു.

അയാൾ ഞാനല്ല

ആഷിക് അബുവിന്റെ സോൾട്ട് ആൻഡ് പെപ്പറിലെ ചെറിയ വേഷത്തിലൂടെയാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്. പക്ഷേ, അതിനും എത്രയോ മുൻപു സിനിമയിൽ എത്തിപ്പെട്ടയാളാണു ഞാൻ. സഹ സംവിധായകനും അസോഷ്യേറ്റുമായി ഒട്ടേറെപ്പേർക്കൊപ്പം പ്രവർത്തിച്ചു. സോൾട്ട് ആൻഡ് പെപ്പർ സിനിമയിൽ ശ്യാം പുഷ്കരനൊപ്പം തിരക്കഥയെഴുതിയതു ഞാനല്ല. പലരും അങ്ങനെയാണു കരുതുന്നത്. ദിലീഷ് നായരാണു ശ്യാമിനൊപ്പം തിരക്കഥ എഴുതിയിരുന്നത്. ഇരുവർക്കുമൊപ്പം വൈറ്റിലയിലെ വീട്ടിൽ ഏറെക്കാലം താമസിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളായതിനാൽ ഇരുവരും വിളിച്ച റോളിൽ അഭിനയിച്ചു. ആഷിക് അബുവിനെയും മറ്റും പരിചയപ്പെടുന്നത് അങ്ങനെയാണ്. ആഷിക്കിന്റെ അടുത്ത ചിത്രം മുതൽ ഒപ്പം കൂടുകയും ചെയ്തു.

ആദ്യം കംപ്യൂട്ടർ, പിന്നെ തിയറ്റർ

കംപ്യൂട്ടർ സയൻസിൽ ഡിഗ്രിയൊക്കെ ചെയ്ത സമയത്തേ സിനിമാ മോഹമാണ്. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന സമയത്തു ഷോർട്ട് ഫിലിമുകൾ. സിനിമ ഗൗരവമായി കാണുകയെന്ന ലക്ഷ്യത്തോടെയാണു ജോലിയിൽ നിന്ന് ഒരു വർഷത്തെ ഇടവേള എടുക്കാൻ തീരുമാനിച്ചത്. നാട്ടിലെത്തിയ സമയത്ത് ഏതാനും സുഹൃത്തുക്കൾക്കൊപ്പം ചില ടെലിവിഷൻ പ്രൊഡക്‌ഷനുകളിൽ ഒപ്പം നിന്നതോടെ തീരുമാനിച്ചു ഇതാണു വഴിയെന്ന്. അന്നെല്ലാം സംവിധാനമായിരുന്നു തലയിൽ. ആ മേഖലയിലാണു പ്രവർത്തിച്ചതും. അഭിനയം അവിചാരിതമായി വന്നതാണ്. കാലടി സംസ്കൃത സർവകലാശാലാ ക്യാംപസിൽ എംഎ തിയറ്റർ പഠിക്കാൻ ചേർന്നു. ആ സമയത്താണു സോൾട്ട് ആൻഡ് പെപ്പറിലേക്കു വഴി തുറന്നത്. എംജി സർവകലാശാലാ ക്യാംപസിൽ നിന്നുള്ള എംഫിൽ ബിരുദവുമുണ്ടു തിയറ്ററിൽ.

മഹേഷും ദിലീഷും

ഇടുക്കി ഗോൾഡിന്റെ ഷൂട്ടിങ് സമയത്താണു ശ്യാം പുഷ്കരൻ തന്റെ നാട്ടിൽ സംഭവിച്ച ഒരു കഥ പറഞ്ഞത്. പിന്നെ ചർച്ചകളിലൂടെയാണു മഹേഷിന്റെ പ്രതികാരം രൂപപ്പെടുന്നത്. ഇടുക്കി ഗോൾഡിന്റെ ഷൂട്ടിങ് ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലായിരുന്നു. മഹേഷിന്റെ പ്രതികാരവും ആ നാട്ടിലേക്കു പറിച്ചു നട്ടുവെന്നു മാത്രം. ഒരു നാടിന്റെ വിശുദ്ധിയും ഭംഗിയുമെല്ലാം സിനിമയിലുമുണ്ട്. ലളിതമായ കഥ, ഒരു പ്രണയം, പ്രതികാരം. ഇതെല്ലാം നാട്ടിൽ പുറത്തു നമ്മൾ കാണുന്നതാണ്. ഹ്യൂമറിന്റെ മേമ്പൊടിയിലാണു കഥ പറഞ്ഞിരിക്കുന്നത്.

ഫഹദാണ് എന്റെ മഹേഷ്

അവിചാരിതമായാണ് ഈ സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. കഥയും നിർമാതാവായി ആഷിക് അബു എത്തുന്നതുമെല്ലാം അങ്ങനെ തന്നെ. സിനിമയ്ക്ക് ഒരു കൊമേഴ്സ്യൽ മുഖമുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരത്തിലേക്കു ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തതിൽ കൊമേഴ്സൽ വാല്യൂ ഘടകമായിട്ടില്ല. കഥയ്ക്കും കഥാപാത്രങ്ങൾക്കും ചേർന്നവരെയാണു തിരഞ്ഞെടുത്തത്. സിനിമയിൽ 90 ശതമാനം ആളുകളും പുതുമുഖങ്ങളാണ്.

ആഷിക് എന്ന തണൽ

ശ്യാം പുഷ്കരൻ ആദ്യമായി ഒറ്റയ്ക്ക് എഴുതുന്ന ചിത്രമാണിത്. മറ്റൊരാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം ആഷിക് അബുവിന്റെ കമ്പനി ഏറ്റെടുക്കുന്നതും ആദ്യം. 22 ഫീമെയിൽ മുതൽ ആഷികിന്റെ എല്ലാ സിനിമകളിലും ഞാൻ അസോഷ്യേറ്റ് ആണ്. പല സിനിമകളിലും നല്ല വേഷങ്ങളും ചെയ്തു. യാത്ര നല്ല സിനിമകളിലേക്ക് അടുത്ത ചിത്രത്തിലേക്ക് ഒരുപാടു ദൂരമുണ്ട്. അതിന്റെ ഇടവേളയിൽ തീർച്ചയായും അഭിനയിക്കും. കാണാൻ അൽപം സീരിയസാണെങ്കിലും ഒപ്പം താമസിച്ചിരുന്നപ്പോൾ ഞാൻ പറഞ്ഞ തമാശകൾ കേട്ടിട്ടാകണം ശ്യാമും ദിലീഷും സോൾട്ട് ആൻഡ് പെപ്പറിലെ വേഷം തന്നത്. ഗ്യാങ്സ്റ്റർ എന്ന സിനിമയിൽ വേറിട്ടൊരു രൂപത്തിലുമെത്തി.