ജൂസ് ജൂസ് ജൂസ്... കുമ്മട്ടിക്കാ ജൂസ്... മമ്മൂട്ടിക്കാക്കിഷ്പ്പെട്ട കുമ്മട്ടിക്കാ ജൂസ്...മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ സൗബിന്റെ ഡയലോഗ് ആണിത്. പ്രേമത്തിലെ പി.ടി സാർ മുതൽ ചാർലിയിലെ കള്ളൻ വരെയുള്ള കഥാപാത്രങ്ങളിലും രസകരമായ ഇത്തരം ഡയലോഗുകള്‍ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.
‘മഹാ ബോറാണ് സാറേ, അയ്യോ പകലെനിക്ക് വഴി തെറ്റും ചേച്ചീ...ഇങ്ങനെ ഓർത്തെടുക്കാൻ നിരവധി ഡയലോഗുകൾ സൗബിൻ സൃഷ്ടിച്ചു. മഹേഷിന്റെ പ്രതികാരത്തിൽ ക്രിസ്പിൻ എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത്.
ഫാസിൽ സാർ, റാഫി–മെക്കാർട്ടിൻ, അമൽ നീരദ്, സിദ്ദിഖ് തുടങ്ങിയവരോടൊപ്പമെല്ലാം അസിസ്റ്റന്റ് ആയി പ്രവർത്തിച്ച സൗബിൻ ചുരുങ്ങിയ സിനിമകളിലെ അഭിനയപ്രകടനം കൊണ്ട് ഏവരുടെയും പ്രിയതാരമായി മാറി.
പുതിയ ചിത്രത്തിൽ ഫഹദിന്റെ കൂട്ടുകാരനാണ് സൗബിൻ. മഹേഷിന്റെ ഭാവന സ്റ്റുഡിയോയുടെ അടുത്തുള്ള ബേബി ആർട്സ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പയ്യനായാണ് അഭിനയിച്ചിരിക്കുന്നത്. ഒരു മുഴുനീള കഥാപാത്രമാണ്. അനുരാഗ കരിക്കിൻവെള്ളം, ഡാർവിന്റെ പരിണാമം, മുത്തുഗൗവ്, ഹലോ നമസ്തേ, കലി എന്നിവയാണ് പുതിയ ചിത്രങ്ങൾ.