കോലക്കുഴൽ വിളിപോലെയീ പ്രിയ ഗാനങ്ങൾ
ബി.
ശ്രീരേഖ
ആലപ്പുഴയിൽ കായൽത്തീരത്തെ ആ ഭംഗിയുള്ള കോട്ടേജിന്റെ മുറ്റത്ത് കായലോളങ്ങളുടെയും മുളങ്കാടുകളുടെയും സംഗീതം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ പുതിയൊരു ഈണത്തിന്റെ കാത്തിരിപ്പിലായിരുന്നു എം. ജയചന്ദ്രൻ. സെല്ലുലോയ്ഡിലെ ഹൃദയഹാരിയായ പാട്ടുകളിലൂടെ, മികച്ച സംഗീത സംവിധായകനുള്ള അവാർഡ് വീണ്ടും നേടിയ ജയചന്ദ്രന്റെ മുഖത്ത് പക്ഷേ, അതിലും വലിയൊരു നേട്ടത്തിന്റെ തിളക്കമാണ്. അപൂർവമായൊരു നേട്ടം. മറ്റൊരു സംഗീത സംവിധായകനും ഒരുപക്ഷേ, അവകാശപ്പെടാനാവാത്ത അംഗീകാരം.
തുടർച്ചയായ ഏഴാം വർഷവും മലയാള സിനിമയിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിനാണ്. 2006—ൽ നോട്ടത്തിൽ കെ. എസ്. ചിത്രയ്ക്ക് അവാർഡ് ലഭിച്ച മയങ്ങിപ്പോയി എന്ന ഗാനം മുതൽ ഈ വർഷം സിതാരയെ മികച്ച ഗായികയാക്കിയ സെല്ലുലോയ്ഡിലെ എനുണ്ടോടീ എന്ന ഗാനം വരെ... ഈ പാട്ടുകളുടെയെല്ലാം ഈണങ്ങൾക്കു പിന്നിൽ മെലഡിയുടെ മാധുര്യത്തോട് ഇഷ്ടക്കൂടുതലുള്ള ഈ സംഗീതസംവിധായകനായിരുന്നു.
ഗായികമാർക്ക് കിട്ടിയ അംഗീകാരങ്ങൾ തനിക്കു ലഭിച്ച അഭിനന്ദനങ്ങൾ പോലെ കാണുകയാണ് ജയചന്ദ്രൻ.
ഓരോ പാട്ടും ഈണമിട്ടു കഴിയുമ്പോൾ ഈണത്തിൽ വരികൾ നിറയുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് അതാരു പാടണം എന്ന്. ജയചന്ദ്രൻ ഓർമിക്കുന്നു. എന്നെ സംബന്ധിച്ച്, പാട്ട് എന്ന കലാസൃഷ്ടിയിൽ വരികളും ഓർക്കെസ്ട്രേഷനും പോലെ പ്രധാനമാണ് പാടുന്ന ശബ്ദം. ഏതൊരു സംഗീതോപകരണവും പോലെ. സംഗീതം ശ്രോതാക്കളിലേക്ക് എത്തിക്കുന്നതിനുള്ള സംഗീത സംവിധായകന്റെ മാധ്യമമാണ് പാട്ടുകാരന്റെ അല്ലെങ്കിൽ പാട്ടുകാരിയുടെ ശബ്ദം.
ഓരോ പാട്ടിനും ഈണമൊരുക്കുമ്പോഴും ഞാനോർക്കുന്നത് സിനിമയിലെ ആ കഥാപാത്രത്തെയാണ്. നോട്ടത്തിലെ മയങ്ങിപ്പോയി എന്ന പാട്ടൊരുക്കുമ്പോൾ ഞാൻ ഓർമിച്ചത് ആരുടെയോ ആർദ്രമായ പ്രണയത്താൽ മയങ്ങിപ്പോയ ഒരു പെൺകുട്ടിയെക്കുറിച്ചാണ്. ബനാറസിലെ ചാന്തുതൊട്ടില്ലേ എന്ന പാട്ട് ചെയ്യുമ്പോൾ മനസിൽ മുഴുവനും ബനാറസിൽ ജനിച്ചു വളർന്ന സുന്ദരിയായ ആ നർത്തകിയായിരുന്നു.
പാടാനെത്തുന്ന ഗായകരോടു ഞാൻ പറയും—എനിക്കു വേണ്ടത് സിനിമയിലെ ആ കഥാപാത്രമാണ്. ആ കഥാപാത്രത്തിന്റെ മനസാണ്, ശബ്ദമാണ്. കഥാപാത്രം വരാനായി ഗായകരെക്കൊണ്ട് ഏതൊക്കെ രീതിയിലുള്ള ശബ്ദവ്യതിയാനം വരുത്തണമെന്ന വിദ്യ എനിക്കു പറഞ്ഞു തന്നത് എന്റെ ഗുരുനാഥൻ ദേവരാജൻ മാസ്റ്ററായിരുന്നു.
അത്ര പൂർണതയോടെ തന്റെ പാട്ടിന്റെ ഗായകരെ കണ്ടെത്തുന്നതു കൊണ്ടാവണം ജയചന്ദ്രന്റെ പാട്ടുകാരെ തേടി അവാർഡുകൾ വന്നെത്തുന്നതും. കഴിഞ്ഞ ഏഴുവർഷം അടുപ്പിച്ച് മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡുകൾ നേടിയ പാട്ടുകളുടെ ഈണങ്ങൾ പിറന്നതും, ആ പാട്ട് പാടാനുള്ള ഗായികയെ കണ്ടെത്തിയതും... മധുരമുള്ള ആ സ്മരണകൾ പങ്കിടുകയാണ് ജയചന്ദ്രൻ.
ആ ഗാനം പാടാൻ മറ്റാർക്കുമാവില്ല
മയങ്ങിപ്പോയി എന്ന പാട്ട് ഉണ്ടായ സന്ദർഭം രസകരമായിരുന്നു. നോട്ടത്തിന്റെ സംവിധായകൻ ശശി പരവൂർ എന്നോടു പറഞ്ഞു: എനിക്ക് മയങ്ങിപ്പോയി മയങ്ങിപ്പോയി എന്നൊരു പാട്ട് വേണം. പ്രണയത്തിൽ വല്ലാതെ മയങ്ങിപ്പോയ ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥയാണ് സിനിമയിൽ. മയങ്ങിപ്പോയി എന്ന വാക്കിന് ഉറങ്ങിപ്പോയി എന്ന അർഥമുണ്ട്. ഇത് അതല്ല. ആരോ എന്നെ മയക്കി എന്ന അർഥമാണ്. ഗാനത്തിന്റെ തുടക്കത്തിലെ വാക്കുകൾ സംവിധായകൻ തന്നെ പറഞ്ഞതിനാൽ ഈണമൊരുക്കുന്നത് എനിക്ക് എളുപ്പമായി. ഈ തുടക്കം വച്ച് ആലോചിച്ചാൽ മതിയല്ലോ.
ഈണം ചെയ്തപ്പോൾ കൈതപ്രം സാർ അടുത്ത വരികളായി എഴുതി: നീ വരുമ്പോൾ നിൻ വിരൽ തൊടുമ്പോൾ അഴകിൻ മിഴാവായ് തുളുമ്പിപ്പോയി... ഈ വരികൾ വെറുതേ മൂളി നോക്കിയ നിമിഷം ഞാൻ സംവിധായകനോടു പറഞ്ഞു: ഈ പാട്ട് പാടുന്നത് ചിത്രച്ചേച്ചിയാണ്.
ഞാനങ്ങനെ പറയാൻ കാരണമുണ്ട്. ഈ വരികൾ വളരെ വളരെ മൃദുലമാണ്. നീ വരുമ്പോൾ നിൻ വിരൽ തൊടുമ്പോൾ...അവിടെ ഒരു തൂവൽസ്പർശം പോലെയേ പാടുള്ളൂ. ആ മൃദുലതയ്ക്കു ഭംഗം വരാതെ അതു പാടുവാൻ ചിത്രച്ചേച്ചിക്കേ സാധിക്കൂ. വേറെ ഒരു ഗായികയ്ക്കും പാട്ടുകൊണ്ട് തൊട്ട് ആ വിരൽ സ്പർശം അനുഭവിപ്പിക്കാൻ കഴിയില്ല. ചിത്രച്ചേച്ചിയെ പോലെ. ഞാൻ കണ്ടിട്ടുള്ള ഗായികമാരിൽ വച്ച് ഏറ്റവും വെഴ്സറ്റൈൽ ആയ പാട്ടുകാരിയാരെന്ന് ചോദിച്ചാൽ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കാനില്ല. അതു ചിത്രച്ചേച്ചിയല്ലാതെ മറ്റാരുമല്ല.
ചിത്രച്ചേച്ചിയുമായി എനിക്ക് വ്യക്തിപരമായ അടുപ്പവുമുണ്ട്. വർഷങ്ങൾക്കു മുമ്പ് ചേച്ചിക്കൊപ്പം മദ്രാസിൽ എത്രയോ റെക്കോർഡിങ്ങുകൾക്ക് ഞാൻ കൂടെ പോയിട്ടുണ്ട്. ചേച്ചിയുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അന്നൊക്കെ ചേച്ചി വളരെ അനായാസം പാട്ട് പാടി പഠിച്ച് റെക്കോർഡിങ് മുറിയിൽ ആലപിക്കുന്നതു കണ്ട് ഞാൻ വിസ്മയിച്ചു നിന്നു പോയിട്ടുണ്ട്. ഒരു ദിവസം തന്നെ അനേകം പാട്ടുകൾ ചേച്ചി പാടി റെക്കോർഡ് ചെയ്തിരിക്കുന്നു. അതൊരു റെക്കോർഡാണ്. ഒരു പാട്ട് ചേച്ചിക്കു പഠിക്കാൻ ഒന്നര മണിക്കൂർ മതി. അത്തരം കഴിവ് ദൈവികമായ അനുഗ്രഹമാണ്.
മയങ്ങിപ്പോയി എന്ന പാട്ട് ചേച്ചി പാടിയ നിമിഷങ്ങളിലും ഞാനോർത്തത് പണ്ട് റെക്കോഡിങ്ങുകൾക്ക് ഞാൻ കൂടെ പോയപ്പോൾ കണ്ട ആ ചിത്രച്ചേച്ചിയാണ്. ചേച്ചിയുടെ ആലാപനപാടവത്തിൽ മയങ്ങിപ്പോയി ഞാൻ. ആ ഗാനത്തിനു കിട്ടിയ അവാർഡ് എന്റെ സംഗീതത്തിലെ കഴിവിനപ്പുറം ചേച്ചിയുടെ പ്രതിഭയുടെ സവിശേഷത കൊണ്ടു കിട്ടിയതാണ്.
പ്രണയത്തിന്റെ എല്ലാ തലങ്ങളും ഞാനെന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. പ്രണയനഷ്ടം, പ്രണയസാഫല്യം... എല്ലാം... അതുകൊണ്ട്, പ്രണയ ഗാനങ്ങൾ ചെയ്യുന്നത് എനിക്ക് കുറച്ചുകൂടി അനായാസമായി തോന്നും. മയങ്ങിപ്പോയി ഒരു പ്രണയഗാനമാണ്. ഒരുപാട് പ്രണയിതാക്കൾ ആ പാട്ടിനോടുള്ള ഇഷ്ടത്തെക്കുറിച്ച് എന്നോടു പറഞ്ഞിരിക്കുന്നു. സുഖമുള്ള ഒരാലസ്യത്തെക്കാളുപരി, പോസിറ്റീവായ ഒരവസ്ഥയാണതിൽ. അതുകൊണ്ടാണ് പാട്ട് ആരോഹണത്തിൽ തുടങ്ങിയത്. അലസയായ കാമുകിയല്ല. പ്രണയം ത്രസിക്കുന്ന സ്ത്രൈണഭാവമാണതിൽ. ഈണത്തിലും ആ സ്ത്രൈണത കൊണ്ടു വരാൻ ഞാൻ ശ്രമിച്ചു.
ഈ ഗാനത്തിന് മറ്റൊരു മാധുര്യം കൂടിയുണ്ട്. ആ വർഷം മികച്ച ഗായകനുള്ള അവാർഡ് എനിക്കായിരുന്നു. നോട്ടത്തിലെ ഗാനത്തിന്. അന്ന്, ചിത്രച്ചേച്ചി എന്നെ വിളിച്ച് കുട്ടാ, കൺഗ്രാറ്റ്സ്... എന്നു പറഞ്ഞത് ഞാൻ മനസിൽ താലോലിക്കുന്ന ഒരു സുന്ദര നിമിഷമാണ്.
ആ ഗാനത്തിന് ചിത്രച്ചേച്ചിക്ക് അവാർഡ് കിട്ടിയപ്പോൾ എനിക്കത് വളരെ വ്യക്തിപരമായ സന്തോഷമായി അനുഭവപ്പെട്ടു. കാരണം, ചിത്രച്ചേച്ചി എന്റെ ചേച്ചിയെപ്പോലെയാണ്. എത്രയോ അവാർഡുകൾ കിട്ടിയിട്ടുള്ള പ്രതിഭാശാലിയായ ഗായിക! ഞാൻ ഈണമിട്ട ഗാനത്തിനും ചിത്രച്ചേച്ചിക്ക് അവാർഡു കിട്ടിയെന്നു പറയുമ്പോൾ ഒരു അനിയൻ ചേച്ചിയെക്കൊണ്ട് പാട്ടു പാടിച്ച് അവാർഡ് കിട്ടിയ അഭിമാനമാണ്.
രാധയുടെ ശബ്ദത്തിൽ ശ്വേത പാടി
കോലക്കുഴൽ എന്ന പാട്ടിന് എന്റെ സംഗീതജീവിതത്തിൽ മറ്റൊരു പാട്ടിനും ഇല്ലാത്ത സ്ഥനമാണ്. ഗുരുവായൂരപ്പന്റെ നിവേദ്യം പോലെയാണ് എനിക്കാ പാട്ട്. കരിയറിൽ ഞാൻ വളരെ താഴ്ന്നു നിന്ന ഒരു സമയമായിരുന്നു അത്. സ്വപ്നങ്ങളൊക്കെ കൈവിട്ടു പോവുകയാണോ എന്നു വേദനിച്ചു നിന്ന സമയം. അങ്ങനെ ഒരു ദിവസമാണ് ലോഹിതദാസ് സാറിന്റെ ഫോൺ വരുന്നത്: പുതുമുഖങ്ങളെ വച്ച് ഞാൻ ചെയ്യുന്ന നിവേദ്യം എന്ന സിനിമയിലെ പാട്ടുകൾ ജയൻ ചെയ്യണം. ഷൊർണൂർ ഗസ്റ്റ് ഹൗസിലേക്കു വരൂ. യാത്ര പുറപ്പെടും നേരം ഞാൻ ഭാര്യ പ്രിയയോടു പറഞ്ഞു. ഈ സിനിമയിലെ പാട്ടുകൾ കൂടി ഹിറ്റായില്ലെങ്കിൽ ഞാൻ വേറെ ജോലി അന്വേഷിക്കേണ്ടി വരും. എന്റെ ജീവിതത്തിന്റെ വഴി പാട്ടല്ലെന്നു നിശ്ചയിക്കാം....
കോലക്കുഴൽ വിളി കേട്ടോ എന്ന പാട്ടിന്റെ ഈണമൊരുക്കും മുമ്പ് ലോഹിസാർ പറഞ്ഞു: ഈണം കേൾക്കുമ്പോൾ രാധയും കൃഷ്ണനും എന്റെ മുന്നിൽ വരണം. ചെറതുരുത്തി ഗസ്റ്റ് ഹൗസിൽ ഒരു വെളുപ്പാൻകാലത്തുണർന്ന് രാധയെയും കൃഷ്ണനെയും അവരുടെ പ്രണയത്തെയും മനസിൽ ധ്യാനിച്ച് ഞാനിരുന്നു. പതിനാലു പല്ലവികളുണ്ടാക്കി. വൈകുന്നേരമായി അപ്പോൾ. സാർ വന്നു. ഓരോ പല്ലവികളുടെയും ഈണം പാടി കേൾപ്പിച്ചു ഞാൻ. സാർ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങിപ്പോയി. ഞാനാകെ വിഷമിച്ചു. ഇതിനപ്പുറം എനിക്ക് ചെയ്യാൻ പറ്റുമോ? ആ തോന്നലായിരുന്നു മനസിൽ. അൽപം കഴിഞ്ഞു സാർ തിരിച്ചു വന്നു. ഇതിപ്പോ ഞാനാ പ്രശ്നത്തിലായത്. ഇതിലേതാണു തിരഞ്ഞെടുക്കേണ്ടതെന്നാണു വിഷമം. അദ്ദേഹം പറഞ്ഞു. അതുകേട്ട് എന്റെ കണ്ണുകൾ ഈറനായി. ഒടുവിൽ ഏറ്റവും പ്രിയപ്പെട്ടതും പാടാൻ ലളിതമായതുമായ ഈണം തിരഞ്ഞെടുത്തു. അദ്ദേഹം തന്നെയാണ് വരികളെഴുതിയത്.
ലോഹിസാർ ചോദിച്ചു: ഈ പാട്ട് ആരുപാടും? സിനിമയിൽ പുതുമുഖങ്ങളാണ്. അതുകൊണ്ട് പാട്ടും പുതിയ ഗായകരെ കൊണ്ട് പാടിക്കാം.
ഞാനപ്പോൾ പറഞ്ഞു. ദാസ് സാറിന്റെ മകൻ വിജയ്യും സുജാതച്ചേച്ചിയുടെ മകൾ ശ്വേതയും പാടിയാലോ?
അതിന് ആഴ്ചകൾക്കു മുമ്പാണ് ഒരു ദിവസം ശ്വേത എന്നെ മദ്രാസിലെ സ്റ്റുഡിയോയിൽ കാണാൻ വരുന്നത്. അന്ന് ശ്വേത പാടിയ ഏതാനും ഗസലുകളുടെ ഒരു സിഡി എന്നെ ഏൽപിച്ച് ഒന്നു കേട്ടു നോക്കുമോ എന്നു ചോദിച്ചിരുന്നു. ഞാൻ ആ പാട്ടുകൾ കേട്ടു നോക്കിയപ്പോൾ ഗംഭീരമായി തോന്നി. ഇത് ശ്വേത തന്നെയാണോ പാടിയതെന്നു പോലും ചിന്തിച്ചു. പിന്നെ ഒരു ദിവസം ശ്വേതയെ വിളിപ്പിച്ചു. സിഡി പകുതി പ്ലേ ചെയ്തിട്ട് ഞാൻ പറഞ്ഞു ബാക്കി ശ്വേത പാടാൻ. ശ്വേതയിൽ ഒരു പ്രതിഭയുള്ള ഗായികയുണ്ടെന്ന് ഞാനന്നാണ് തിരിച്ചറിഞ്ഞത്.
അതുപോലെ, ദാസ് സാറിന്റെ മകന്റെ ശബ്ദം കേൾക്കുമ്പോഴും ആ ശബ്ദത്തിന് ഞാനേറ്റവുമിഷ്ടപ്പെടുന്ന ഗായകന്റെ — ദാസ് സാറിന്റെ— ശബ്ദവുമായി ഏതൊക്കെയോ സമാനതകളുണ്ടെന്നു തോന്നിയിട്ടുണ്ട്.
ഈ കാരണം കൊണ്ടാണ് ലോഹിസാർ പുതിയ ഗായകരെക്കുറിച്ചു പറഞ്ഞപ്പോൾ ഞാൻ വിജയിന്റെയും ശ്വേതയുടെയും പേരുകൾ പറഞ്ഞത്. ഒരിക്കലും ദാസ് സാറിന്റെ മകൻ എന്നോ സുജാതച്ചേച്ചിയുടെ മകൾ എന്നോ ഉള്ള പരിഗണന കൊണ്ടല്ല.
ഞാനവരെക്കൊണ്ട് പാടിപ്പിച്ചു. പക്ഷേ, ആദ്യം പാടിയത് റെക്കോർഡ് ചെയ്തു കേൾപ്പിച്ചപ്പോൾ ലോഹിസാറിനിഷ്ടമായില്ല. ഇതിൽ എന്റെ രാധയും കണ്ണനുമില്ല എന്നു പറഞ്ഞു അദ്ദേഹം. വീണ്ടും വീണ്ടും പാടിപ്പിച്ച് ഒടുവിൽ അവർ സുന്ദരമായി പാടി. ലോഹിസാർ മനസിൽ സങ്കൽപിച്ചതുപോലെ. രാധയുടെയും കണ്ണന്റെയും ശബ്ദത്തിൽ....
ഒരുപാടു തവണ പാട്ട് പാടിപ്പിച്ചിട്ടാണ് ഞാൻ ഒരു പാട്ടിന്റെ റെക്കോർഡിങ്ങിലേക്കെത്തുക. പുതിയ കാലത്തെ റെക്കോർഡിങ് രീതിയോട് എനിക്കു തീരെ യോജിപ്പില്ല. പണ്ടൊക്കെ സംഗീത സംവിധായകനും ഗായകരുമിരുന്ന് പാട്ട് വീണ്ടും വീണ്ടും പാടി റിഹേഴ്സലെടുത്ത് അഞ്ചാറു ദിവസം കൊണ്ടായിരുന്നു റെക്കോർഡിങ്. ഗായകർ അപ്പോഴേക്കും പാട്ടിന്റെ വരികൾ പൂർണമായും കാണാതെ പഠിച്ചിരിക്കും. പാട്ടുമായി ആ പരിചയം— അക്വെയ്ന്റൻസ്— ഉണ്ടായിരിക്കും. അന്നത്തെ പാട്ടുകൾക്ക് ആ പൂർണതയുണ്ടായിരുന്നു. പുതിയ ഗായകരെ കൊണ്ട് പാടിക്കുമ്പോൾ ഞാനും ആ പൂർണതയ്ക്കായിട്ടാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയാറല്ല.
അവർക്കിരുവർക്കും ആ ഗാനത്തിന് അവാർഡു കിട്ടിയപ്പോൾ എനിക്കനുഭവപ്പെട്ടത് ഒരു അധ്യാപകനു തോന്നുന്ന സന്തോഷമാണ്. കാരണം, അവർക്ക് രണ്ടുപേർക്കും മുന്നിൽ ചൂരലുമായി നിൽക്കുന്ന ഒരു മാഷിനെ പോലെയായിരുന്നു ഞാൻ. വളർന്നു വരുന്ന ഒരു ഗായകനെ സംബന്ധിച്ച് തന്റെ സ്വരം എങ്ങനെ ഉപയോഗിക്കണമെന്ന് ഒരു സംഗീത സംവിധായകനിൽ നിന്നു ലഭിക്കുന്ന മാർഗനിർദേശങ്ങൾ വളരെ വിലപ്പെട്ടതാണ്. വിജയ്ക്ക് ആ തരത്തിൽ ധാരാളം ഉപദേശങ്ങൾ നൽകാനും കഴിഞ്ഞു. പാട്ടു പാടിക്കുന്ന സമയത്തു ശ്വേതയേയും ഞാനൊരുപാടു വഴക്കു പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ ശ്വേതയുടെ കണ്ണു നിറയും. പക്ഷേ, അതുകണ്ട് ഉള്ളിൽ വിഷമം തോന്നിയാലും പുറമേ ഞാൻ ഗൗരവം നടിക്കും.
ആ അവാർഡിന്റെ ഊഷ്മളചിത്രം പോലെ ഒരു ഫൊട്ടോഗ്രഫുണ്ട്. സംസ്ഥാന അവാർഡ് ചടങ്ങിന് ദാസ് സാറും സുജാതച്ചേച്ചിയും വന്നിരുന്നു. ദാസ് സാർ, സുജാതച്ചേച്ചി, വിജയ്, ശ്വേത, ഞാൻ.... ഞങ്ങളഞ്ചുപേരുമുള്ള ആ അപൂർവ ഫൊട്ടോഗ്രഫ് ഞാൻ വളരെ പ്രിയപ്പെട്ടതായി സൂക്ഷിക്കുന്നു.
മൂവന്തിയുടെ വിഷാദമുള്ള പാട്ട്
ടി. വി. ചന്ദ്രൻ സാറിന്റെ വിലാപങ്ങൾക്കപ്പുറം എന്ന സിനിമയ്ക്കായി മുള്ളുള്ള മുരിക്കിൻമേൽ എന്ന പാട്ടിന്റെ ഈണമൊരുക്കിയപ്പോൾ എപ്പോഴത്തെയും പോലെ ഞാൻ ആലോചിച്ചു. ഇതാരു പാടണം? ആരു പാടിയാൽ ഏറ്റവും മനോഹരമാകും? അപ്പോൾ മഞ്ജരിയുടെ പേര് എന്റെ മനസിലേക്കു വന്നു. അതിനുള്ള പല കാരണങ്ങളുമുണ്ടായിരുന്നു. മഞ്ജരി വളരെ പ്രതിഭയുള്ള കുട്ടിയാണെന്ന് ദാസ് സാർ ആയിടയ്ക്ക് എന്നോടു പറഞ്ഞിരുന്നു. ദാസ് സാർ അപൂർവമായേ ഒരാളിനെക്കുറിച്ച് അങ്ങനെ പറയാറുള്ളൂ.
ഹോട്ടൽ മുറിയിൽ വച്ച്, മുള്ളുള്ള മുരിക്കിൻ മേൽ.... എന്ന വരികളെഴുതുന്ന നേരത്ത് ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി പെട്ടെന്ന് ചോദിച്ചു എന്നോട്. ഞാനൊരു കുട്ടീടെ കാര്യം പറഞ്ഞിരുന്നില്ലേ നിന്നോട്. ഇതുവരെ ആ കുട്ടിക്ക് ഒരവസരം കൊടുത്തില്ലല്ലോ. മഞ്ജരിയുടെ കാര്യമാണ് ഞാൻ പറഞ്ഞത്.
മഞ്ജരിയുടെ കുടുംബവുമായി ഗിരീഷേട്ടന് അടുപ്പമുണ്ടായിരുന്നു. അതു കേട്ടപ്പോൾ ഞാൻ ചിന്തിച്ചു. കുറച്ചുനാൾ മുമ്പ് ദാസ് സാർ പറഞ്ഞു. മഞ്ജരിയുടെ അച്ഛനെയും എനിക്കു നല്ല പരിചയമുണ്ട്. അദ്ദേഹവും മകളുടെ കാര്യം മുമ്പെന്നോടു സൂചിപ്പിച്ചിരുന്നു. ഇതാ ഇപ്പോ ഗിരീഷേട്ടനും പറയുന്നു അപ്പോൾ, ഈ പാട്ടു പാടേണ്ടത് മഞ്ജരിയാണ്.
പാട്ട് ആരു പാടണം എന്ന കാര്യത്തിൽ ടി. വി. ചന്ദ്രൻ സാർ എനിക്ക് പൂർണ സ്വാതന്ത്യ്രം തന്നിരുന്നു. അങ്ങനെ ഞാൻ മഞ്ജരിയെ വിളിച്ചു. റെക്കോർഡിങ് ചെന്നൈയിൽ വച്ചായിരുന്നു. മഞ്ജരി അമ്മയുമൊന്നിച്ച് റെക്കോർഡിങ്ങിനെത്തി.
മുള്ളുള്ള മുരിക്കിൻമേൽ മൂവന്തി പടർത്തിയ മുത്തുപോലെ തുടുത്തൊരു പനിനീര്.....
കാറ്റൊന്ന് അനങ്ങിയാൽ കരൾനൊന്തു പിടയുന്ന കണ്ണാടിക്കവിളത്ത് കണ്ണുനീര്...
മാടപ്രാവിന്റെ മനസുള്ള നിന്റെ മാറിൽ മൈലാഞ്ചിച്ചോര കൊണ്ട് വരച്ചതാര്... ഒരു കവിത പോലെ സുന്ദരമായ ഗാനമായിരുന്നു അത്.
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ, പീഡനങ്ങൾക്കിരയായ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന സിനിമയായിരുന്നു വിലാപങ്ങൾക്കപ്പുറം. എന്റെ അവാർഡ് പാട്ടുകളിൽ ഏറ്റവും സങ്കീർണമായ കോമ്പോസിഷനായിരുന്നു ഈ പാട്ടിന്റേത്. മഞ്ജരി നന്നായി കഠിനാധ്വാനം ചെയ്തു തന്നെ പാടി.
മഞ്ജരിക്ക് ആ ഗാനം അവാർഡ് സമ്മാനിച്ചപ്പോൾ ഞാനും ഉള്ളിൽ സന്തോഷിക്കുകയായിരുന്നു.
എന്നെ അദ്ഭുതപ്പെടുത്തിയ ശ്രേയ
മലയാളിയാണെങ്കിലും ബനാറസിൽ ജനിച്ചു വളർന്നവളാണ് അവൾ. നൃത്തം രക്തത്തിൽ അലിഞ്ഞവൾ. അവൾ പ്രണയത്തിലാണ്. ബനാറസിൽ ജീവിക്കുന്നവളായതിനാൽ അവൾ ഒരിക്കലും കൃത്യമായി മലയാളം പറയില്ല. അൽപം ഹിന്ദി സ്പർശമുള്ള മലയാളമായിരിക്കും. അതിനാൽ അവളുടെ പ്രണയാർദ്രമായ മനസിലെ പാട്ടിനും വേണം ആ ഹിന്ദി സ്പർശം. ബനാറസ് എന്ന ചിത്രത്തിലെ നായികയെക്കുറിച്ചും ഗാനരംഗത്തെക്കുറിച്ചും സംവിധായകൻ പറഞ്ഞപ്പോൾ ഞാനാലോചിച്ചത് അതൊക്കെയാണ്.
ചാന്തുതൊട്ടില്ലേ എന്ന പാട്ടു പാടാൻ വേറൊരു നാട്ടിലെ പാട്ടുകാരിയെ വേണം എന്നു ഞാനാലോചിക്കുന്നത് അങ്ങനെയാണ്. സാധനാ സർഗം എന്ന ഗായികയുടെ പേരാണ് എന്റെ മനസിലേക്കു വന്നത്. സാധന പാടിയ ചില പാട്ടുകൾ—പ്രത്യേകിച്ചും എ. ആർ. റഹ്മാന്റെ ഈണത്തിൽ പാടിയ സ്നേഹിതനേ സ്നേഹിതനേ—എന്റെ പ്രിയഗാനമായിരുന്നു.
സാധനാജിയെ വിളിച്ചു. അവരെ കൊണ്ടു പാടിക്കാൻ മുംബൈയിൽ പോയി. മുംബൈയിൽ റെക്കോർഡിങ്ങിനു തൊട്ടുമുമ്പ് സാധന പാട്ടു പാടിനോക്കുകയാണ്. പക്ഷേ, അവരുടെ മലയാളം ഉച്ചാരണം എത്ര ശ്രമിച്ചിട്ടും ശരിയാവുന്നതേയില്ല. തൊട്ടില്ലേ...എന്ന വാക്ക് ഉച്ചരിക്കുന്നതാണ് ഏറ്റവും പ്രശ്നം. ഇത്ര ദൂരെ വന്ന് റെക്കോർഡിങ് സ്റ്റുഡിയോയും ബുക്ക് ചെയ്തിട്ട്... ഹിന്ദി ടച്ചുള്ള പാട്ടു വേണമെന്നാശിച്ചെങ്കിലും മലയാളം ഉച്ചാരണം വികലമാകാൻ പാടില്ലല്ലോ. എന്റെ മുഖം തെളിയാതിരിക്കുന്നത് സാധനയും ശ്രദ്ധിച്ചു. ഒടുവിൽ ഞാൻ പറഞ്ഞു: സാധനാജി, ഡിക്ഷൻ പ്രോബ്ലം ഉണ്ട്. നമുക്ക് പിന്നീടൊരിക്കൽ നോക്കിയാലോ....?
അവർക്കും കാര്യം മനസിലായി. ഓക്കെ എെ കാൻ അണ്ടർസ്റ്റാൻഡ് എന്നു പറഞ്ഞ് സാധനാജി മടങ്ങി. ഞാൻ എന്തുചെയ്യണമെന്നോർത്ത് വിഷമിച്ചിരിക്കുന്ന സമയത്താണ് സൗണ്ട് എൻജിനീയർ ചോദിക്കുന്നത്: ശ്രേയയെ വിളിച്ചു കൂടെ? ശ്രേയാ ഘോഷാലിനെ?
അപ്പോൾ ചില പാട്ടുകൾ എന്റെ ഓർമയിലെത്തി. പ്രിയാബോലെ, മുൻപേ വാ എൻ അൻപേ വാ.... എല്ലാം എന്റെ പ്രിയപ്പെട്ട പാട്ടുകളാണ്. സൗണ്ട് എൻജിനീയർ ശ്രേയയെ ഫോണിൽ വിളിച്ച് എന്റെ കയ്യിൽ തന്നു. ഞാൻ കാര്യങ്ങൾ സംസാരിച്ചു. ശ്രേയ പറഞ്ഞു: ഏതായാലും ഇന്നു ഞാൻ ഫ്രീയല്ല. നാളെ നമുക്ക് പാടി നോക്കാം. അങ്ങനെയാണ് ഞാൻ ആദ്യമായി ശ്രേയ ഘോഷാൽ എന്ന ഗായികയുമായി സംസാരിക്കുന്നത്.
പിറ്റേന്ന് സ്റ്റുഡിയോയിൽ വന്ന് ചാന്തുതൊട്ടില്ലേ എന്ന പാട്ടു പാടിയ ശ്രേയ എന്നെ അദ്ഭുതപ്പെടുത്തി. അത്ര മനോഹരമായാണ് ശ്രേയ ആ ഗാനം ആലപിച്ചത്. പാട്ടിന്റെ ഓരോ വരിയുടെയും വാക്കിന്റെയും അർഥം ചോദിച്ചു മനസിലാക്കിയാണ് അവർ പാടിയത്. പ്രിയനൊരാൾ ഇന്നു വന്നുവോ ആ വരി പാടിയപ്പോൾ പാട്ടിലേക്ക് ശ്രോതാവിനെ വലിച്ചടുപ്പിക്കും പോലെ തോന്നി. ആ പാട്ട് ശ്രേയ ഞാൻ പ്രതീക്ഷിച്ചതിലും മനോഹരമായി പാടിയപ്പോൾ ഞാൻ പറഞ്ഞു— ഈ സിനിമയിൽ തന്നെ മധുരം ഗായതി മീര എന്നൊരു പാട്ടുണ്ട്.
എനിക്ക് ആ പാട്ട് പാടണമെന്നാഗ്രഹമുണ്ട്. പക്ഷേ, അതിനു മുമ്പ് അതു പഠിക്കണം. അതിന് ഒരാഴ്ച സമയം തരണം. ശ്രേയ പറഞ്ഞു.
ഞാനതു കേട്ട് കൂടുതൽ അദ്ഭുതപ്പെടുകയാണ് ചെയ്തത്. ഇത്രയും സമർപ്പണം! ഒരാഴ്ചയ്ക്കു ശേഷം വീണ്ടും മുംബൈയിൽ വന്ന് സ്റ്റുഡിയോ ബുക്ക് ചെയ്ത് പാടിക്കുന്നതിൽ സാമ്പത്തിക ചെലവേറെയുണ്ട്. പക്ഷേ, ശ്രേയയെന്ന ഗായികയുടെ ആവേശം കണ്ടപ്പോൾ ഞാൻ എതിരു പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞ് ഞാൻ വീണ്ടുമെത്തി. അന്ന് റെക്കോർഡിങ് സ്റ്റുഡിയോയിൽ മുഴുവൻ വരികളും കാണാതെയാണ് ശ്രേയ പാടിയത്. എന്റെ സങ്കൽപങ്ങൾക്കിണങ്ങും പോലെ പാടുന്ന, സംഗീതപരമായി എനിക്ക് ഹാർമണിയുള്ള ഒരു ഗായികയെ എനിക്കപ്പോൾ ലഭിക്കുകയായിരുന്നു.
ശ്രേയയ്ക്ക് ആ ഗാനത്തിന് അവാർഡ് ലഭിച്ചപ്പോൾ അത് സന്തോഷം ഇരട്ടിപ്പിക്കുന്ന അനുഭവമായി. ശ്രേയയ്ക്ക് അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. പിന്നീട് രതിനിർവേദത്തിലെ ഗാനം പാടാൻ ശ്രേയ വന്ന സമയത്ത് ഞാനും ശ്രേയയും ഒന്നിച്ച് ചലച്ചിത്ര അക്കാദമിയുടെ ഓഫിസിൽ പോയാണ് ആ അവാർഡ് വാങ്ങിയത്.
പ്രണയത്തിൽ വീണ്ടും
പ്രണയത്തിലെ പാട്ടിന്റെ സന്ദർഭം ബ്ലെസിയേട്ടൻ പറയുമ്പോൾ തന്നെ ഹരം തോന്നി. ഒരു സംഗീത സംവിധായകനെ ആകർഷിക്കുന്ന ഗാനസന്ദർഭമാണത്. ബ്ലെസിയേട്ടൻ മുറി വിട്ടിറങ്ങിയപ്പോൾ ഞാൻ ചിന്തയിലാണ്ടു. പെട്ടെന്ന് എന്റെ ചുണ്ടത്തേക്ക് ഒരീണം ഒഴുകി വരികയായിരുന്നു.
നാനാ.....നാ നാനാ......നനനാനാ.......നനനാനാ....
അഞ്ചു മിനിറ്റ് കൊണ്ട് പല്ലവിയുടെ ഒരു രൂപമുണ്ടാക്കി. അത് ബ്ലെസിയേട്ടനെ കേൾപ്പിച്ചു. ഇഷ്ടപ്പെടുമോ എന്ന ടെൻഷനുണ്ടായിരുന്നു. ആ പല്ലവി കേട്ടയുടനെ ബ്ലെസിയേട്ടൻ എന്റെ കൈപിടിച്ചു. ഇതു തന്നെയാണ് എനിക്കു വേണ്ടിയിരുന്നത്... എന്നു പറഞ്ഞ്. അങ്ങനെയാണ് പാട്ടിൽ ഈ പാട്ടിൽ എന്ന ഗാനത്തിന്റെ ഈണത്തിന്റെ പിറവി.
ഒഎൻവി സാറിന്റേതാണ് വരികൾ. ഈണത്തിനൊപ്പം സാർ വരികൾ എഴുതുമോ എന്ന ടെൻഷനും ഉണ്ടായിരുന്നു. ഒഎൻവി സാറിന്റെ ഭാര്യയെ ആദ്യം വിളിച്ച് ഞാൻ എന്റെയുള്ളിലെ ആ ടെൻഷൻ പറഞ്ഞു: എനിക്കൊരു പേടിയുണ്ട്, സാർ ഈണത്തിനനുസരിച്ച് വരികൾ എഴുതുമോയെന്ന്... പേടിച്ചതു പോലെ ഒന്നും സംഭവിച്ചില്ല. സാർ മനോഹരമായി തന്നെ അതിന്റെ വരികൾ എഴുതി— പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ...ഈ വരികൾ വായിച്ചപ്പോൾ തന്നെ ഞാൻ ബ്ലെസിയേട്ടനോടു പറഞ്ഞു: ഈ പാട്ട് പാടുന്നത് ശ്രേയയായിരിക്കും. ഒരുപാട് വികാരങ്ങൾ ആ പാട്ടിൽ വരുന്നുണ്ട്. പാട്ടിന്റെ റെക്കോർഡിങ്ങിനായി മുംബൈയിൽ ചെന്നപ്പോൾ ശ്രേയ പറഞ്ഞത് ഓർക്കുന്നു. ഈ പാട്ട് എനിക്കു നന്നായി പാടാൻ സാധിച്ചാൽ ഞാൻ പാടിയ ഏറ്റവും നല്ല പാട്ടുകളിൽ ഒന്നായിരിക്കും ഇത്.
പക്ഷേ, ചില വെല്ലുവിളികൾ ഉണ്ടായിരുന്നു. പ്രണയമൊരസുലഭമധുരമാം നിർവൃതി എന്ന വരി. ഈ വരി ഒരു മറുനാടൻ ഗായികയെ സംബന്ധിച്ച് പൂർണതയോടെ പാടി ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും നിർവൃതി എന്ന വാക്ക്.
ഈ വാക്ക് പറയാൻ ശ്രേയ നന്നേ ബുദ്ധിമുട്ടി. നിർവൃതിയുടെ സ്ഥലത്ത് ഓർക്കെസ്ട്രേഷൻ ഇല്ല. അവിടെ നിശബ്ദതയാണ്. അതിനാൽ നിർവൃതിയുടെ ഉച്ചാരണം തെറ്റാനും പാടില്ല. ആ വാക്കിന്റെ പൂർണതയ്ക്കു വേണ്ടി മാത്രം ശ്രേയയെ കൊണ്ട് ആ വരി ഒരുപാടൊരുപാട് തവണ ഞാൻ പാടിപ്പിച്ചു. ഒടുവിൽ ശ്രേയ സൗണ്ട് എൻജിനീയറോട് പറഞ്ഞു— ഹീ ഈസ് ഗോയിങ് ടു കിൽ മീ വിത്ത് ദിസ് സോങ്. ആ ആത്മാർഥതയുടെ പ്രതിഫലം പോലെ ഒരിക്കൽ കൂടി മലയാളത്തിലെ മികച്ച ഗായികയാവാൻ ശ്രേയയ്ക്കു കഴിഞ്ഞു.
അനിയത്തിയെ പോലെ രാജലക്ഷ്മി
രാജലക്ഷ്മിയുമായി എനിക്ക് ഒരുപാട് വർഷക്കാലത്തെ അടുപ്പമുണ്ട്. ഒരു അനിയത്തിയുമായുള്ള അടുപ്പം. രാജി എന്നെ ഒരിക്കൽ ഫോൺ വിളിച്ചപ്പോൾ വേദന നിറഞ്ഞ ഒരനുഭവം പങ്കിട്ടു. ഒരു റിയാലിറ്റിഷോയിൽ ഗസ്റ്റ് ആയി പാടാൻ പോയതായിരുന്നു രാജി. അവിടെ വച്ച് രാജിയെക്കാൾ വളരെ ചെറുപ്പമുള്ള വളരെ പ്രശസ്തയായ ഒരു ഗായികയും അമ്മയും രാജിയോടു ചോദിച്ചു: അല്ല, രാജിക്കും ഈ റിയാലിറ്റി ഷോയിൽ മത്സരിച്ചു നോക്കാമായിരുന്നില്ലേ? സമ്മാനമായി ഒരു ഫ്ളാറ്റൊക്കെ കിട്ടാനുള്ള ചാൻസുണ്ടല്ലോ?
രാജി എത്ര സീനിയറാണ്! വർഷങ്ങളായി ഗാനമേളകളിൽ പാടുന്നു. രാജിയെക്കാൾ വളരെ ജൂനിയറാണ് ആ ഗായിക. ഒരാൾ എസ്റ്റാബ്ലിഷ്ഡ് ആയെന്നു കരുതി അങ്ങനെ ആവാത്ത ഒരാളെ കുറച്ചു കാണാൻ പാടില്ല. രാജിയുടെ അനുഭവം എന്നെയും വളരെ വേദനിപ്പിച്ചു. ഒരവസരം വരുമ്പോൾ രാജിക്ക് ചാൻസ് കൊടുക്കണമെന്ന് ഞാൻ മനസിലുറപ്പിച്ചു. അങ്ങനെ ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലെ നല്ല മാമ്പൂപ്പാടം, കഥ സംവിധാനം കുഞ്ചാക്കോയിലെ നീലക്കൂവള മിഴികൾ എന്ന പാട്ടും രാജി പാടി. രാജിയുടെ ശബ്ദത്തിന്റെ മാധുര്യമാണ് എനിക്ക് ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയിട്ടുള്ളത്. വളരെ ലോലമായ, ഒരു കാറ്റ് വkന്നു തൊടും പോലുള്ള ശബ്ദം. ജനകനിലെ ഒളിച്ചിരുന്നേ...എന്ന പാട്ടും രാജി അസലായി പഠിച്ച് ആലപിച്ചു. പക്ഷേ, ആ പാട്ടിന് സ്റ്റേറ്റ് അവാർഡ് കിട്ടുമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല. എന്റെ പാട്ടുകൾക്ക് സംസ്ഥാന അവാർഡ് കിട്ടിയ നിമിഷങ്ങളിൽ ഏറ്റവുമധികം സന്തോഷം തോന്നിയത് രാജിക്ക് അവാർഡ് കിട്ടിയപ്പോഴാണ്. ഒരു അനിയത്തി വളരുമ്പോൾ ഒരു ചേട്ടനു തോന്നുന്ന സന്തോഷമാണ് എനിക്കു തോന്നിയത്. ഒരു ഗാനമേളപ്പാട്ടുകാരിയെന്ന് ഒതുക്കപ്പെട്ടിരുന്ന രാജിക്ക് അർഹമായ അംഗീകാരം ലഭിക്കാൻ ആ അവാർഡ് നിമിത്തമായെന്നു തിരിച്ചറിയുമ്പോൾ ആ സന്തോഷം ഇരട്ടിക്കുന്നു.
റോസിയുടെ നിഷ്കളങ്ക സ്വരം
1930—ലെ എന്നു തോന്നിക്കുന്ന ഒരു ശബ്ദം വേണം. കമലിന്റെ സെല്ലുലോയ്ഡിലെ ഏനുണ്ടോടീ എന്ന ഗാനം ഒരുക്കുന്ന നേരം ഞാനൊരുപാട് ആലോചിച്ചു. ആർക്കാണ് ആ ശബ്ദമുള്ളത്? ഒടുവിൽ മൂന്ന് ഗായികമാരുടെ പേര് എന്റെ മനസിൽ തെളിഞ്ഞു. അതിലൊന്ന് സിതാരയായിരുന്നു.
ഈ മൂന്നു പേരോടും ഞാൻ പറഞ്ഞു: നിങ്ങളെ മൂന്നു പേരെ കൊണ്ട് ഈ പാട്ട് പാടിച്ചു നോക്കുകയാണ്. അതിൽ ഏറ്റവും പൂർണതയോടെ പാടുന്ന ആളിനെയാവും സെലക്ട് ചെയ്യുക. സിതാര പാടിത്തുടങ്ങിയപ്പോൾ തന്നെ എനിക്ക് തോന്നി. ഏനുണ്ടോടീ..... എന്ന പാട്ട് സിനിമയിൽ പാടുന്നത് സിതാരയാണ്.
മുമ്പൊരിക്കൽ സിതാര ഒരു ടെലിവിഷൻ പരിപാടിയിൽ ഒരു മറാത്തി ഗാനം ആലപിക്കുന്നത് ഞാൻ അതിശയത്തോടെ കേട്ടിരുന്നിട്ടുണ്ട്. വളരെ മനോഹരമായിരുന്നു സിതാരയുടെ ആലാപനം. സെല്ലുലോയ്ഡിലെ പാട്ട് ആരു പാടണമെന്നു ചിന്തിച്ചപ്പോൾ സിതാരയെ ഓർക്കാൻ കാരണവും അന്നു കേട്ട ആ മറാത്തി ഗാനമാണ്. സിതാര എന്ന ഗായികയുടെ ഏറ്റവും വലിയ ഗുണമായി എനിക്കു തോന്നുന്നത് ഒരുപാട് പാട്ടുകൾ കേൾക്കുകയും അത് ആലപിച്ചു നോക്കുകയും ചെയ്യുന്ന സ്വഭാവമുണ്ടെന്നതാണ്. ഒരു ഗായികയെ സംബന്ധിച്ച് ഏറ്റവും വലുതാണ് സാധനയിലൂടെയും പരിശീലനത്തിലൂടെയുംതന്റെ കഴിവുകൾ വളർത്തുന്നതിനുള്ള മോഹം.
ഏനുണ്ടോടീ പാടുമ്പോൾ ഞാൻ സിതാരയെ ഓർമിപ്പിച്ചു: ഇത് ഹൃദയം തുറന്നു പാടണം. അനാവശ്യ ശബ്ദനിയന്ത്രണമൊന്നുമില്ലാതെ പാടണം. ഇതുവരെ സ്വന്തം മുഖം പോലും കണ്ണാടിയിൽ കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടി, പൊട്ടിയ ഒരു കണ്ണാടിത്തുണ്ടിൽ തന്റെ മുഖം കണ്ട് കൂട്ടുകാരിയോടു ചോദിക്കുകയാണ് എനിക്കിത്ര ചന്തമുണ്ടോയെന്ന്. ആ നിഷ്കളങ്കത പാട്ടിൽ വരണം...
സിതാര ഇതെല്ലാമുൾക്കൊണ്ട് സുന്ദരമായി തന്നെ പാടി. പാട്ടിൽ ആ നിഷ്കളങ്കത വന്നു. പലരും ആ പാട്ട് കേട്ട് ചോദിച്ചു: ങേ, ഇത് സിതാരയാണോ പാടിയത്. അതു തന്നെ വലിയ അംഗീകാരമായി തോന്നിയെനിക്ക്. ഗായികയെ തിരച്ചറിയാനാവാത്ത വിധം സിനിമയിലെ കഥാപാത്രത്തിന്റെ വ്യക്തിത്വം ആ പാട്ടിൽ തെളിഞ്ഞു നിൽക്കുകയാണ്.
ഈ അംഗീകാരങ്ങൾ പോലെ തന്നെ എനിക്കു പ്രിയപ്പെട്ടതാണ് കാറ്റേ കാറ്റേ പാടിയ വിജയലക്ഷ്മിക്കു കിട്ടിയ പ്രത്യേക ജൂറി പരാമർശവും. വിജയലക്ഷ്മി എന്നെ പതിവായി ഫോണിൽ വിളിക്കാറുണ്ടായിരുന്നു. ഫോണിലൂടെ ചിലപ്പോൾ ഞാൻ ഒരു പാട്ട് ക്ലാസ് തന്നെ എടുക്കാറുണ്ട്. ആരെയും ഞാനെന്റെ ശിഷ്യരായി കരുതാറില്ല. പക്ഷേ, വിജയലക്ഷ്മിയോടുള്ളത് ഒരു ശിഷ്യയോടു തോന്നുന്ന വാത്സല്യമാണ്.