എം ജയചന്ദ്രനും ശ്രേയ ഘോഷാലും ഒന്നിച്ച സൂപ്പർഹിറ്റ് ഗാനങ്ങൾ
അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ മമ്മൂട്ടി ചിത്രമായ ബിഗ് ബിയിലൂടെയാണ് ശ്രേയ ഘോഷാലിന്റെ മധുരശബ്ദം ആദ്യമായി മലയാളത്തിൽ മുഴങ്ങുന്നതെങ്കിലും എം ജയചന്ദ്രന്റെ മനോഹര ഗാനങ്ങളാണ് ശ്രേയ ഘോഷാലിനെ മലയാളത്തിന്റെ പ്രിയ ഗായികയാക്കിമാറ്റിയത്. എം ജയചന്ദ്രന്റെ ഈണവും ശ്രേയ ഘോഷാലിന്റെ ആലാപന ശൈലിയും ഒത്തു ചേർന്നപ്പോൾ മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് ലഭിച്ചിട്ടുള്ളത്.
ചാന്തു തൊട്ടില്ലേ... ബനാറസ്
ഇരുവരും ആദ്യമായി ഒന്നിച്ച ഗാനത്തിലൂടെ തന്നെ ശ്രേയയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ചു. നേമം പുഷ്പരാജിന്റെ സംവിധാനത്തിൽ വിനീത്, ദേവൻ, കാവ്യ മാധവൻ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ചിത്രമാണ് ബനാറസ്. ഗിരീഷ് പുത്തഞ്ചേരിയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.
ചെമ്പരത്തി കമ്മലിട്ടു... മാണിക്യക്കല്
അനിൽ പനച്ചൂരാന്റെ വരികൾക്ക് എം ജചയചന്ദ്രൻ ഈണം നൽകിയ പ്രണയ ഗാനമാണ് ചെമ്പരത്തി കമ്മലിട്ടു. ശ്രേയ ഘോഷാലും രവി ശങ്കറും ചേർന്നാലപിച്ചിരിക്കുന്ന ഗാനം മാണിക്യക്കല്ല് എന്ന ചിത്രത്തിലേതാണ്. പൃഥ്വിരാജ്, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രം 2011 ലാണ് പുറത്തിറങ്ങിയത്.
കണ്ണോരം ചിങ്കാരം... രതിനിർവ്വേദം
ശ്രേയ ഘോഷാലിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം രണ്ടാവട്ടം നേടിക്കൊടുത്ത ഗാനമാണ് കണ്ണോരം ചിങ്കാരം. 1978 - ൽ പത്മരാജന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ രതിനിർവേദം എന്ന മലയാള ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് 2011 - ൽ പുറത്തിറങ്ങുന്ന രതിനിർവ്വേദം. മുരുകൻ കാട്ടാക്കടയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.
പാട്ടിൽ ഈ പാട്ടിൽ... പ്രണയം
ശ്രേയ ഘോഷാലിന്റെ ശബ്ദമാധുര്യം വളരെ അധികം ഉപയോഗിച്ചിട്ടുള്ള ‘പാട്ടിൽ ഈ പാട്ടിൽ‘ എന്ന ഗാനം പ്രണയം എന്ന ബ്ലസി ചിത്രത്തിലേതാണ്. മലയാളിയുടെ പ്രിയ കവി ഒ എൻ വിയുടെ വരികളും എം ജയചന്ദ്രന്റെ ഈണവും ശ്രേയയുടെ ആലാപനവും ചേർന്നപ്പോൾ ഗാനം സൂപ്പർഹിറ്റ്.
കിളികൾ പാടുമീ ഗാനം... സ്വപ്ന സഞ്ചാരി
2011-ൽ പുറത്തിറങ്ങിയ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലേതാണ് കിളികൾ പാടുമീ ഗാനം. വിജയ് യേശുദാസും ശ്രേയ ഘോഷാലും ചേർന്നു പാടിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ജയറാമും സവൃത സുനിലും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ ഗാനം അക്കാലത്ത് മാത്രമല്ല ഇന്നും ആളുകൾക്ക് പ്രിയപ്പെട്ടതാണ്.
ചം ചം ... മല്ലൂ സിംഗ്
ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷത്തിലെത്തി വൈശാഖ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മല്ലൂസിംഗ്. ചിത്രത്തിലെ അടിച്ചുപൊളി ഗാനമാണ് ചം ചം നീ പാടാതെ.. മുരുകൻ കാട്ടാക്കട എഴുതിയ ഗാനം ആലപിച്ചത് കെ ജെ യേശുദാസും ശ്രേയ ഘോഷാലും ചേർന്നാണ്.
നിലാവേ നിലാവേ... ചട്ടക്കാരി
പമ്മന്റെ നോവലിനെ ആധാരമാക്കി തോപ്പിൽ ഭാസി തിരക്കഥയെഴുതി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത് 1974 ൽ പുറത്തിറങ്ങിയ ചട്ടക്കാരിയുടെ പുനരാവിഷ്കാരമായ ചട്ടക്കാരിയിലെ ഗാനമാണ് നിലാവേ നിലാവേ. രാജീവ് ആലുങ്കലിന്റെ വരികൾ സുധീപ് കുമാറും ശ്രേയ ഘോഷാലും ചേർന്നാണ് പാടിയത്.
നാട്ടുമാവിലൊരു മൈന.. നയൺ വൺ സിക്സ് 916
പ്രദർശന വിജയം നേടാതെ പോയ 916 എന്ന ചിത്രത്തിലെ ഹിറ്റായ ഗാനമാണ് നാട്ടുമാവിലോരു മൈന. റഫീഖ് അഹമ്മദിന്റെ വരികൾ ശ്രേയ ഘോഷാലാണ് പാടിയിരിക്കുന്നത്.
കൊലുസ് തെന്നി തന്നി... കസിൻസ്
കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്തും ഒന്നിച്ച ചിത്രം കസിൻസിലെ അടിച്ചുപൊളി ഗാനമാണ് കൊലുസ് തെന്നി തെന്നി. മുരുകൻ കാട്ടാക്കടയുടെ വരികൾ ആലപിച്ചിരിക്കുന്നത് യാസിൻ നിസാറും ടിപ്പുവും ശ്രേയയും ചേർന്നാണ്.
കണ്ണോണ്ട് ചൊല്ലണ്... എന്ന് നിന്റെ മൊയ്തീൻ
സമാനതകളില്ലാത്ത കാഞ്ചനമാലയുടേയും മൊയ്തീന്റേയും പ്രണയം പറഞ്ഞ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെയാണ് കണ്ണോണ്ട് ചൊല്ലണ് എന്ന പ്രണയഗാനം. കണ്ണോണ്ട് ചൊലുന്ന പ്രണയത്തെ ശബ്ദം കൊണ്ട് മനോഹരമാക്കിയിരിക്കുന്നത് വിജയ് യേശുദാസും ശ്രേയ ഘോഷാലും ചേർന്നാണ്. റഫീഖ് അഹമ്മദ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.
കാത്തിരുന്നു കാത്തിരുന്നു... എന്ന് നിന്റെ മൊയ്തീൻ
എന്ന് നിന്റെ മൊയ്തീനിലെ മനോഹരമായൊരു വിരഹ ഗാനമാണ് കാത്തിരുന്നു കാത്തിരുന്നു. റഫീഖ് അഹമ്മദിന്റെ വിരഹം തുളുമ്പുന്ന വരികളുടെ ഭാവം ഉൾക്കൊണ്ട് ശ്രേയ അതിമനോഹരമായാണ് ഗാനം ആലപിച്ചിരിക്കുന്നത്.