ഓണപ്പാട്ടുകളിലെ ചെമ്പരത്തി
ഷാജൻ സി
മാത്യു
നിങ്ങളുടെ പാട്ടുകൾ കേട്ടിട്ടുണ്ട്. കൊള്ളാം. പക്ഷേ, കുറച്ചുകൂടി നന്നാകാനുണ്ട്.’ തനിക്കു ശരിയെന്നു തോന്നുന്ന കാര്യം ആരുടെ മുന്നിലും തുറന്നു പറയാൻ മടിയില്ലാത്ത ശ്രീകുമാരൻ തമ്പി, സംഗീത സംവിധായകൻ എം. ജയചന്ദ്രനോട് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകളാണിത്.
അന്നു സംഗീത ലോകത്തു ജയചന്ദ്രൻ പിച്ചവച്ചു തുടങ്ങിയിട്ടേയുള്ളൂ. ഗോപീ സുന്ദരം,
ഹരിചന്ദനം എന്നീ ആൽബങ്ങളിലൂടെയുള്ള എളിയ പരിശ്രമങ്ങൾ മാത്രം. തന്റെ ജീവിതത്തിലെ
ആദ്യത്തെ ഓണം ആൽബത്തിനു പാട്ടെഴുതി തരണമെന്ന് ആവശ്യപ്പെട്ട് തമ്പി സാറിനെ കാണാൻ
ചെന്നതായിരുന്നു എം. ജയചന്ദ്രൻ. ആ അനുഭവം അദ്ദേഹം ‘മനോരമ’യോടു
പങ്കുവയ്ക്കുന്നു.
‘അക്കരെ ചെമ്പരത്തി
ഇക്കരെ തമ്പുരാട്ടി
വെള്ളിമണി തുന്നിത്തുന്നി
കിള്ളിയാറ് തുള്ളിത്തുള്ളി’
എന്നീ നാലു വരി എഴുതി തന്നിട്ട് അദ്ദേഹം പറഞ്ഞു. ഇതിനു സംഗീതം ചെയ്തുകൊണ്ടു
വാ... അതു നോക്കിയിട്ടു ബാക്കി എഴുതാം. ഞാൻ അന്നു രാത്രി മുഴുവൻ
ചിത്രച്ചേച്ചിയുടെ വീട്ടിലിരുന്ന് വിവിധ ട്യൂണുകൾ ഉണ്ടാക്കി. അതിൽ മെച്ചപ്പെട്ട
ഏതാനും ചിലതു പിറ്റേന്നു രാവിലെ തമ്പി സാറിനെ കേൾപ്പിച്ചു. അതിൽ ഒരെണ്ണം
അദ്ദേഹത്തിന് ഇഷ്ടമായി.’ ജയചന്ദ്രൻ പറഞ്ഞു. ആ ഈണമാണ് ഇന്നു റിയാലിറ്റി ഷോകളിലെ
ഉൽസവഗാന റൗണ്ടിലെ പ്രിയഗാനമായ ‘അക്കരെ ചെമ്പരത്തി...’
അങ്ങനെയാണു ഗായിക കെ.എസ്. ചിത്രയുടെ ഉടമസ്ഥതയിലുള്ള ഓഡിയോ ട്രാക്സ് എന്ന
കസെറ്റ് കമ്പനിയുടെ ‘തിരുവോണപ്പാട്ട്’(1996) എന്ന ആൽബം പിറക്കുന്നത്. എത്ര
സുഗന്ധമെൻ അങ്കണത്തിൽ, പൊന്നും തിടമ്പുകൾ, ആടിവന്നഭിഷേകം, ആറൻമുളയമ്പലത്തിൽ,
ഓളങ്ങൾ തുള്ളുമ്പോൾ, ഒന്നു നീ മിഴി, പാടി പോകും, പാട്ടിന്റെ പാട്ടുമായ്
എന്നിവയായിരുന്നു മറ്റു ഗാനങ്ങൾ. എല്ലാം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു.
പി. ജയചന്ദ്രനും കെ.എസ്. ചിത്രയും ചേർന്നു ഗാനങ്ങൾ ആലപിച്ചു. ഇതിലെ പാട്ടുകൾ
പാടിയ ശേഷമാണ് ‘എം. ജയചന്ദ്രൻ ഭാവി വാഗ്ദാനമാണ്’ എന്നു പി. ജയചന്ദ്രൻ ടെലിവിഷൻ
അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്.
ആൽബം പൂർത്തിയാക്കിയശേഷം ഇതിലെ ‘എത്ര സുഗന്ധമെൻ...’ എന്ന ഗാനം തന്റെ ഗുരുവായ
ദേവരാജനെ കേൾപ്പിക്കാനായി എം. ജയചന്ദ്രൻ ചെന്നു. പാട്ട് കേട്ടശേഷം
‘നന്നായിരിക്കുന്നു’ എന്ന ദേവരാജന്റെ വാക്കുകൾ ഇപ്പോൾ ഓർക്കുമ്പോൾ പോലും
ജയചന്ദ്രന് വിസ്മയം തീരുന്നില്ല. കാരണം അദ്ദേഹത്തെപ്പോലൊരു പ്രതിഭയ്ക്ക് ഒരു
ഈണം ഇഷ്ടപ്പെടുക ഒട്ടും എളുപ്പമല്ലല്ലോ.
അദ്ദേഹം ഒരു ചെറിയ തിരുത്തുകൂടി പറഞ്ഞു. ‘എത്ര സുഗന്ധമെൻ അങ്കണത്തിൻ എൻ പൂക്കാ
മുല്ലയും പൂവണിഞ്ഞു.’ എന്ന രീതിയിലാണു ഞാൻ സംഗീതം നൽകിയത്. ‘പൂക്കാമുല്ല’
ഒരുമിച്ചായിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ശരിയാണല്ലോ എന്ന് എനിക്കും തോന്നി. പക്ഷേ, അപ്പോഴേക്കും കസെറ്റിന്റെ ജോലികൾ
പൂർത്തിയായിരുന്നു.’ ജയചന്ദ്രൻ പറഞ്ഞു. ഗായകൻ ജയചന്ദ്രന്റെ ഏറ്റവും നല്ല
ഓണപ്പാട്ടായി ‘എത്ര സുഗന്ധ’ത്തെ പരിഗണിക്കുന്നവരുണ്ട്.
പ്രസന്നമായ, ഒതുക്കമുള്ള ഈണമാണ് ഈ ആൽബത്തിലെ എല്ലാ ഗാനങ്ങൾക്കും. ‘അക്കരെ
ചെമ്പരത്തി...’ മാത്രം അൽപ്പം കൂടി ഊർജസ്വലതയോടെ വേറിട്ടു നിൽക്കുന്നു.
ഓണപ്പാട്ടുകളുടെ തമ്പുരാനായ ശ്രീകുമാരൻ തമ്പിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന
രചനാഭംഗി ഈ ആൽബത്തിന്റെ ശോഭ കൂട്ടുന്നു. അതുകൊണ്ടുതന്നെയാണ് രണ്ടു പതിറ്റാണ്ടു
കഴിഞ്ഞിട്ടും ഇന്നും ഇതിലെ എല്ലാ പാട്ടുകളും പ്രിയങ്കരങ്ങളായിരിക്കുന്നത്.
ഓണപ്പാട്ടുകളുടെ തന്റെ ആദ്യ ആൽബം ചിത്ര നിർമിക്കുക, ജയചന്ദ്രനും ചിത്രയും
ആലപിക്കുക, ശ്രീകുമാരൻ തമ്പിയുടെ വരികൾ ലഭിക്കുക, ദേവരാജന്റെ നല്ല വാക്കു
കേൾക്കുക – എം. ജയചന്ദ്രൻ ഭാഗ്യവാൻ തന്നെ.
നല്ലതു മാത്രം നല്ലതെന്നു പറയുന്ന മറ്റൊരു സംഗീത സംവിധായകൻ കൂടി ഈ ആൽബത്തിലെ
ഒരു പാട്ടിനെപ്പറ്റി മികച്ച അഭിപ്രായം രേഖപ്പെടുത്തി. മറ്റാരുമല്ല, ജോൺസൺ!
ചിത്ര പാടിയ ‘പൊന്നും തിടമ്പുകൾ...’ എന്ന പാട്ടാണ് ജോൺസണെ ആകർഷിച്ചത്.
മലയാളത്തിലെ മികച്ച കംപോസിങ്ങുകളിൽ ഒന്നാണ് ഈ ഗാനമെന്ന് അദ്ദേഹം
അഭിപ്രായപ്പെട്ടു. ‘ഗന്ധർവ സംഗീതം’ എന്ന റിയാലിറ്റി ഷോയിൽ കണ്ണൂർ സ്വദേശിനി എം.
ഹർഷചന്ദ്രന്റെ ആലാപനം കേട്ടശേഷമാണ് ജോൺസൺ ഈ അഭിപ്രായം പറഞ്ഞത്.