റണ്‍ കേരള റണ്‍: മുഴുവന്‍ വിദ്യാലങ്ങളും പങ്കെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം. ദേശീയ ഗെയിംസിനെ സ്വാഗതം ചെയ്യുന്നതിനുള്ള റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളും പൊലീസ്, സേനാവിഭാഗങ്ങള്‍, എന്‍സിസി, സ്റ്റുഡന്റ് പൊലീസ് തുടങ്ങിയവയും സഹകരിക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടയോട്ടങ്ങളിലൊന്നായി ഇതു മാറും. പാറശാല മുതല്‍ മഞ്ചേശ്വരം വരെ ഏഴായിരം പോയിന്റുകളിലായിട്ടാണു കേരളം ഒരേ നിമിഷം ചലിക്കുക. ഒരേ ലക്ഷ്യത്തിനായി ദശലക്ഷക്കണക്കിനാളുകള്‍ പല കേന്ദ്രങ്ങളിലായി ഒരേ സമയം കൂട്ടയോട്ടം നടത്തുന്നതു രാജ്യത്തുതന്നെ അപൂര്‍വമായിരിക്കും. കേരളത്തിന്റെ കായിക മഹിമയും സ്പോര്‍ട്സിനോടുള്ള ആഭിമുഖ്യവും കൂട്ടായ്മയും ലോകത്തെ വിളിച്ചറിയിക്കുന്നതായിരിക്കും കൂട്ടയോട്ടം.

ഇതു നടക്കുന്ന ട്രാക്കുകള്‍ക്കു പ്രാദേശികമായി സ്പോര്‍ട്സ് താരങ്ങളുടെയും മറ്റു പ്രമുഖരുടെയും പേരിടാം. ഓരോ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടയോട്ടം ഏകോപിപ്പിക്കുന്നതിനു പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിക്കും. ഓരോ പോയിന്റിലും കായിക പ്രേമിയായ ഒരാളുടെ നേതൃത്വത്തിലായിരിക്കും കൂട്ടയോട്ടം നടക്കുക. സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, സ്ഥാപന മേധാവികള്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ഈ നേതൃത്വം ഏറ്റെടുക്കണമെന്നു സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നവര്‍ ദേശഭക്തിഗാനം ആലപിച്ചശേഷം ദേശീയ ഗെയിംസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്രതിജ്ഞാവാചകം ചൊല്ലും. പരിസ്ഥിതിയോടുള്ള ഐക്യദാര്‍ഢ്യവും ഇതിന്റെ ഭാഗമാണെന്നു മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു.