സച്ചിനൊപ്പം ഓടാന്‍ തലസ്ഥാനം

തിരുവനന്തപുരം. ദേശീയ ഗെയിംസിനു മുന്നോടിയായി കേരളം ഒന്നാകെ പങ്കെടുക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നതിനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തലസ്ഥാനത്തെത്തും.

ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണു സച്ചിന്‍. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന സമാപനച്ചടങ്ങുകള്‍ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. ദേശീയ ഗെയിംസിന്റെ പ്രധാന വേദി തലസ്ഥാനത്തായതിനാല്‍ സച്ചിന്‍ തിരുവനന്തപുരത്തു കൂട്ടയോട്ടത്തില്‍ പങ്കെടുക്കണമെന്നാണു സര്‍ക്കാരിന്റെ താല്‍പര്യമെന്നു കായികമന്ത്രി പറഞ്ഞു.2015 ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടക്കുന്ന ദേശീയ ഗെയിംസിന്റെ മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നു ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ് പറഞ്ഞു.

ഗെയിംസിനു കേളികൊട്ടുമായി എത്തുന്ന റണ്‍ കേരള റണ്‍ ആണു ഗെയിംസിന് തൊട്ടു മുന്‍പുള്ള ഏറ്റവും വലിയ പരിപാടി. ഗെയിംസിനു കേരളം ഒറ്റക്കെട്ടാണെന്നു പ്രഖ്യാപിക്കുന്ന റണ്‍ കേരള റണ്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടയോട്ടമായിരിക്കും. ഏഴായിരം പോയിന്റുകളിലായി ദശലക്ഷങ്ങള്‍ ജനുവരി മൂന്നാം വാരത്തിലെ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. ദേശീയ ഗെയിംസിനായുള്ള സുരക്ഷാ സംവിധാനങ്ങളുടെയും തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസ് ഉദ്ഘാടനത്തിനായി ജനുവരി 31നു തലസ്ഥാനത്തെത്തുന്നുണ്ട്.

ഫെബ്രുവരി 14 നു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും എത്തും, വി വി ഐപികള്‍ക്കു പുറമെ രാജ്യത്തെ പ്രധാന സ്പോര്‍ട് താരങ്ങളും മറ്റും പങ്കെടുക്കുന്നതിനാല്‍ പല തട്ടിലുള്ള വന്‍ സുരക്ഷയാണ് ഒരുക്കുന്നത്. ദേശീയ ഗെയിംസിനു മുന്നോടിയായുള്ള ഗാമര്‍ ഇനമായ റണ്‍ കേരള റണ്ണില്‍ ജില്ലയില്‍ 500ല്‍ പരം പോയിന്റുകളില്‍ നിന്നു കൂട്ടയോട്ടം നടക്കും. 200 മുതല്‍ 800 മീറ്റര്‍ വരെയാണു കൂട്ടയോട്ടത്തിന്റെ ദൈര്‍ഘ്യം. നഗരത്തിലെ എല്ലാ വാര്‍ഡുകളിലും കൂട്ടയോട്ടമുണ്ടാകും. കൂട്ടയോട്ടത്തിന്റെ തയാറെടുപ്പിനായി കലക്ടര്‍ എംപിമാരുടെയും എം എല്‍എമാരുടെയും മറ്റു ജനപ്രതിനിധി കളുടേയും യോഗം വിളിച്ചു ചേര്‍ക്കും.

നഗരത്തിലെ സ്വകാര്യ-സര്‍ക്കാര്‍ സ്കൂളുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയില്‍ റണ്‍ കേരള റണ്ണില്‍ പങ്കാളികളാകും. ജില്ലാതലത്തില്‍ ഏറ്റവും ആകര്‍ഷകമായ രീതിയില്‍ കൂട്ടയോട്ടം നടത്തുന്നവര്‍ക്കു സ്പോര്‍ട്സ് വകുപ്പ് പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ റണ്‍ കേരള റണ്ണില്‍ പങ്കാളികളാകുമെന്നു സര്‍ക്കാര്‍ അറിയിച്ചു. 28 വര്‍ഷത്തിനു ശേഷമാണു ദേശീയ ഗെയിംസിനു കേരളം ആതിഥ്യം വഹിക്കുന്നത്.