ഓടിക്കയറാം, ചരിത്രത്തിലേക്ക്

തികണ്ണൂര്‍. കേരളം കണ്ട ഏറ്റവും വലിയ കൂട്ടയോട്ടത്തിന് ഇനി ആഴ്ചകള്‍ മാത്രം. രാജ്യത്തിന്റെ ഔദ്യോഗിക കായികമേളയായ ദേശീയ ഗെയിംസിനു കേരളം ഒരിക്കല്‍ കൂടി വേദിയാവുന്ന അഭിമാനദിനങ്ങളെ വരവേല്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണു റണ്‍ കേരള റണ്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ജനുവരി 21 നു രാവിലെ പത്തിനു സംസ്ഥാനത്തെ ഏഴായിരത്തോളം കേന്ദ്രങ്ങളിലായി ജനലക്ഷങ്ങള്‍ കൂട്ടയോട്ടത്തില്‍ അണിനിരക്കും. ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ സച്ചിന്‍ തെന്‍ഡുല്‍ക്കറും ഈ ഓട്ടത്തില്‍ പങ്കാളിയാകും.

പ്രമുഖ കായിക താരങ്ങള്‍ക്കു പുറമേ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ സിനിമാമേഖലകളിലെ പ്രമുഖരും വിവിധ കേന്ദ്രങ്ങളില്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളാവും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എണ്ണൂറോളം കേന്ദ്രങ്ങളിലാണ് കൂട്ടയോട്ടം. ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സ്കൂളുകള്‍, കോളജുകള്‍, ക്ളബ്ബുകള്‍, പി ടി എകള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റസ് അസോസിയേഷനുകള്‍ എന്നിവ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും, നെഹ്റു യുവകേന്ദ്ര, യുവജനക്ഷേമ ബോര്‍ഡ് തുടങ്ങിയവയും സഹകരിക്കുന്നു.

റണ്‍ കേരള റണ്ണില്‍ കുട്ടികളുടെ പങ്കാളിത്തമുറപ്പിക്കാന്‍ സ്കൂളുകളിലും കോളജുകളിലും ദേശീയ ഗെയിംസ് വോളന്റിയര്‍മാര്‍ സന്ദര്‍ശനം തുടങ്ങിയിട്ടുണ്ട്. ജനുവരി 21 നു രാവിലെ എല്ലാ കേന്ദ്രങ്ങളിലും ഒരേ സമയത്താണു കൂട്ടയോട്ടം. മാരത്തണ്‍ മാതൃകയിലാണ് ഓട്ടമെങ്കിലും പ്രതീകാത്മകമായ ഒരു കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണ് ഓടുക.

ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയാണു ദേശീയ ഗെയിംസ്. സംസ്ഥാനത്ത് 29 സ്റ്റേഡിയങ്ങളിലായി 11,500 കായികതാരങ്ങള്‍ മത്സരിക്കാനിറങ്ങുന്നുണ്ട്. കേരളത്തില്‍ ദേശീയ ഗെയിംസ് ഇതു രണ്ടാം തവണയാണെങ്കിലും കണ്ണൂര്‍ വേദിയാവുന്നത് ആദ്യമായാണ്.
ബാസ്ക്കറ്റ്ബോള്‍, ഗുസ്തി മല്‍സരങ്ങളാണു കണ്ണൂരില്‍ നടക്കുക

അത്യാധുനിക സൌകര്യങ്ങളുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം കോംപ്ളക്സ് ദേശീയ ഗെയിംസിനു വേണ്ടി കണ്ണൂര്‍ മുണ്ടയാട് ഒരുങ്ങിക്കഴിഞ്ഞു. ഉത്തര മലബാറിന്റെ കായിക വളര്‍ച്ചയിലൊരു കുതിച്ചു ചാട്ടത്തിന് ഈ ദേശീയ ഗെയിംസും മുണ്ടയാട് സ്റ്റേഡിയവും വഴിയൊക്കുമെന്നാണു കായികപ്രേമികളുടെ പ്രതീക്ഷ. ആ കുതിപ്പിലേക്കുള്ള ചുവടുവയ്പാണു റണ്‍ കേരള റണ്‍. ആ ചുവടുവയ്പില്‍ നമുക്കും ചേരാം. വരൂ... നമുക്കു ചരിത്രത്തിലേക്ക് ഓടിക്കയറാം.