വെബ്സൈറ്റ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: ദേശീയ ഗെയിംസിനു മുന്നോടിയായുള്ള റണ്‍ കേരള റണ്ണിന്റെ വെബ്സൈറ്റ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, നടന്‍ മോഹന്‍ലാല്‍,ദേശീയ ഗെയിംസ് സിഇഒ: ജേക്കബ് പുന്നൂസ് എന്നിവര്‍ ചേര്‍ന്നു പ്രകാശനം ചെയ്തു. റണ്‍ കേരള റണ്ണുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, അറിയിപ്പുകള്‍, ഫോട്ടോ, വിഡിയോ ഗാലറിതുടങ്ങിയവ വെബ്സൈറ്റിലുണ്ടാകും.

രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി റജിസ്ട്രേഷന്‍ സൗകര്യവും വെബ്സൈറ്റ് ഒരുക്കുന്നുണ്ട്. റണ്‍ കേരള റണ്ണിനായുള്ള ട്വിറ്റര്‍, ഫേസ്ബുക്ക് പേജിനും വന്‍പ്രതികരണമാണുള്ളത്. സംസ്ഥാനത്തെ ഏഴായിരം കേന്ദ്രങ്ങളില്‍ ഈ മാസം 20നു രാവിലെ10.30നാണു റണ്‍ കേരള റണ്‍കൂട്ടയോട്ടം. ആയിരക്കണക്കിനു സ്ഥാപനങ്ങള്‍ ഇതിനകം റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി.

തലസ്ഥാനത്ത് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. 20നു രാവിലെ 10.30 മുതല്‍ 11.30 വരെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു ജനങ്ങള്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളാകുമെന്നും പരിസ്ഥിതിക്കു കേരളം നല്‍കുന്ന സമ്മാനം കൂടിയായിരിക്കും ഈ ഒരു മണിക്കൂറിന്റെ കാര്‍ബണ്‍ ക്രെഡിറ്റെന്നും മന്ത്രിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ദേശീയ ഗെയിംസില്‍ കേരളം ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനവുമായുള്ള റണ്‍ കേരള റണ്‍ ചരിത്രസംഭവമാകുമെന്ന് ഉറപ്പാണ്. കൂട്ടയോട്ടത്തില്‍ പങ്കെടുക്കാനായി സമൂഹത്തിന്റെ വിവിധമേഖലയിലുള്ളവര്‍ മുന്നോട്ടുവരുന്നുണ്ട്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവര്‍ക്കും ഒറ്റക്കെട്ടായി പങ്കെടുക്കാവുന്ന മറ്റൊന്ന് റണ്‍ കേരള റണ്ണിനു സമാനമായി ഇല്ലെന്നും മന്ത്രി പറഞ്ഞു. പ്രായവ്യത്യാസമില്ലാതെ
എല്ലാവര്‍ക്കും പങ്കെടുക്കുന്നതിനായി 200 മീറ്റര്‍ മുതല്‍ 800 മീറ്റര്‍ വരെയാണു റണ്‍.