ഒഎന്‍വിയുടെ വരികള്‍, ജയചന്ദ്രന്റെ ഈണം.. റണ്‍ കേരള റണ്ണിന്റെ തീം സോങ്

ദേശീയ ഗയിംസിനു മുന്നോടിയായി 20നു നടക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന്റെ തീം സോങ് എഴുതിയിരിക്കുന്നതു മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവി ഒഎന്‍വി കുറുപ്പ്.അദ്ദേഹത്തിന്റെ വരികള്‍ക്ക് ഈണമിടുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍.

അകലങ്ങളില്‍ നിന്ന് അകലങ്ങളിലേക്ക് ഇതിലേ പായുക നമ്മള്‍..എന്നു തുടങ്ങുന്ന ഗാനമാണ് ഒഎന്‍വി എഴുതിയിരിക്കുന്നത്. പ്രശസ്ത ഗായകന്‍ ഹരിചരണും സംഘവും ചേര്‍ന്ന് ഇത് ആലപിക്കുന്നു.വാതിലില്‍ ആ വാതിലില്‍...,മഴയില്‍ പൂ മഴയില്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ മലയാള സിനിമയില്‍ പ്രശസ്തനായ ഹരിചരണ്‍ അടുത്ത കാലത്തിറങ്ങിയ കാവ്യതലൈവന്‍ എന്ന ചിത്രത്തില്‍ എ.ആര്‍.റഹ്മാന്‍ ഈണമിട്ട അഞ്ചു പാട്ടുകള്‍ പാടിയിരുന്നു.

അഴലിന്റെ ആഴങ്ങളില്‍... ആലപിച്ച നിഖില്‍ മാത്യു, കസിന്‍സ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ യാസിന്‍ നിസാര്‍, ജിതിന്‍ എന്നിവര്‍ തീം സോങ് ആലപിക്കാനായി ഹരിചരണിനൊപ്പം ഉണ്ടാകും.ഇതിനു പുറമേ കുട്ടികളുടെ കോറസും പാടുന്നുണ്ട്. ഈ ഗാനത്തിന് ഈണമിടുന്നതോടെ എം.ജയചന്ദ്രന്‍ സംഗീത സംവിധായകന്‍ എന്നനിലയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.20 കൊല്ലം മുമ്പ് ഒരു ജനുവരി മാസമായിരുന്നു ജയചന്ദ്രന്‍ ആദ്യ ഗാനത്തിന് ഈണമിട്ടത്.120 സിനിമകളും അദ്ദേഹം പൂര്‍ത്തിയാക്കിക്കഴിഞ്ഞു..

യുവാക്കളെയും മുതിര്‍ന്നവരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ഗാനമാണ് താന്‍ ഒരുക്കുന്നതെന്ന് എം.ജയചന്ദ്രന്‍ പറഞ്ഞു.ഏതു പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാനും ഏറ്റു പാടാനും സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ ഈണം. റണ്‍ കേരള റണ്‍ നടക്കുന്ന 20ന് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും ഈ ഗാനം ഉയരും. ഗാനത്തിനു ശേഷമായിരിക്കും കൂട്ടയോട്ടം നടക്കുക.