അമൃത കുടുംബമാകെ റണ്‍ കേരള റണ്ണിലേക്ക്

കരുനാഗപ്പള്ളി : ദേശീയ ഗെയിംസിനു മുന്നോടിയായി കേരള സര്‍ക്കാരും നാഷനല്‍ ഗെയിംസ് ഓര്‍ഗനൈസിങ് കമ്മിറ്റിയും ചേര്‍ന്നു സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം ചരിത്ര സംഭവമായിമാറുമെന്നു മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി.

റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ അമൃത വിദ്യാലയങ്ങളിലെയും അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാലയുടെ കീഴിലുള്ള മുഴുവന്‍ ക്യാംപസുകളിലെയും വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുക്കും.അമൃത കുടുംബങ്ങളിലെ മുഴുവന്‍ പേരും അതതു പ്രദേശത്തു നടക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ ഭാഗഭാക്കാകുമെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസിന്റെ ആവേശം ഓരോരുത്തരിലും എത്തിക്കാന്‍ കേരളം ഒന്നായി നടത്തുന്ന കൂട്ടയോട്ടത്തിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.