ഇനിയൊന്ന് ഒാടി നോക്കാം

ഒളിംപ്യന്‍ കെ. ടി. ഇര്‍ഫാന്‍

'നടന്നുനടന്ന്' ചരിത്രത്തിലേക്കു കയറിയ ഒളിംപ്യന്‍ കെ.ടി.ഇര്‍ഫാന്‍ 'ഓടിയോടി' ചരിത്രത്തിന്റെ ഭാഗമാകാന്‍ ആവേശത്തോടെ കാത്തിരിപ്പിലാണ്. ദേശീയ ഗെയിംസിന്റെ ഭാഗമായി ഇരുപതിനു സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ താനും പങ്കെടുക്കുമെന്ന് മലപ്പുറത്തിന്റെ ഒരേയൊരു ഒളിംപ്യനായ ഇര്‍ഫാന്‍ പറഞ്ഞു. 'ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോള്‍ ഞാന്‍.

തിരുവനന്തപുരത്ത് എല്‍എന്‍സിപിഇയിലാണു പരിശീലനം. അതിനിടയിലാണുറണ്‍കേരള റണ്‍ പരിപാടിയെപ്പറ്റി അറിഞ്ഞത്. കേട്ടപ്പോള്‍ മുതല്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കണമെന്ന താല്‍പര്യത്തിലാണ്. എന്തായാലും കേരളത്തിലെ മറ്റു താരങ്ങള്‍ക്കൊപ്പം റണ്‍ കേരള റണ്ണില്‍ ഞാനുമുണ്ടാകും. ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തു ചരിത്ര പുസ്തകത്തില്‍ ഇടംപിടിക്കാനുള്ള സംഘാടകരുടെ തീരുമാനം ഗംഭീരം തന്നെ.

ലണ്ടന്‍ ഒളിംപിക്സില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ പത്താം സ്ഥാനം നേടിയതു മുതല്‍ മലയാളികള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈ ദേശീയ ഗെയിംസില്‍ കേരളത്തിന്റെ ജഴ്സിയില്‍ മല്‍സരിക്കാനിറങ്ങി മെഡല്‍ നേടണമെന്നാണ് ആഗ്രഹം. കേരളത്തിനായി എന്‍ട്രി നല്കാന്‍ സര്‍വീസസ് അനുവദിച്ചാല്‍ ഞാന്‍ രക്ഷപ്പെട്ടു.