റണ്‍ കേരള റണ്‍: ആവേശത്തില്‍ തലസ്ഥാനം ഒറ്റക്കെട്ട്

തിരുവനന്തപുരം : കേരളം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസിനു മുന്നോടിയായി സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്ണില്‍ പങ്കുചേരാന്‍ തലസ്ഥാന ജില്ല ഒറ്റക്കെട്ടായി രംഗത്ത്. അവധിദിനമായ ഇന്നലെയും ഒട്ടേറെ ക്ളബ്ബുകളും റസിഡന്റ്സ് അസോസിയേഷനുകളും കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തു. റണ്‍ കേരള റണ്ണിനു കുതിപ്പേകാന്‍ അരുവിക്കര ജി.വി. രാജാസ്പോര്‍ട്സ് സ്കൂളിലെ 330 കായിക വിദ്യാര്‍ഥികളുമുണ്ടാകും. റണ്‍ കേരള റണ്ണില്‍ സജീവമായി പങ്കുെടുക്കാന്‍ ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് അസോസിയേഷന്‍സ് തിരുവനന്തപുരം ഫ്രാറ്റ് തീരുമാനിച്ചതിനു പിന്നാലെ ഒട്ടേറെ അസോസിയേഷനുകള്‍ പേര് റജിസ്റ്റര്‍ ചെയ്തു.

നെഹ്റു യുവ കേന്ദ്രയില്‍അഫിലിയേറ്റ് ചെയ്ത കലാ-കായിക സംഘടനകളും റജിസ്റ്റര്‍ചയ്തവയില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക പരിശീലന കേന്ദ്രങ്ങളിലൊന്നായ അരുവിക്കരയിലെ ജി.വി. രാജാ സ്പോര്‍ട്സ് സ്കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന 330 കായികതാരങ്ങള്‍ കൂട്ടയോട്ടത്തിന് ആവേശമേകാനെത്തും. നഗരത്തിലെ സ്കൂളുകളിലും കോളജുകളിലും കൂട്ടയോട്ടത്തില്‍ പങ്കെടുക്കാനുള്ള കുട്ടികളുടെ തയാറെടുപ്പുകള്‍ തുടങ്ങി. ഈ മാസം 20നു രാവിലെ 10.30നാണു റണ്‍ കേരള റണ്‍ അരങ്ങേറുക. സംസ്ഥാനത്തങ്ങോളമിങ്ങോളം ഏഴായിരം കേന്ദ്രങ്ങളിലാണു കൂട്ടയോട്ടം സംഘടിപ്പിച്ചിട്ടുള്ളത്.

ജില്ലയില്‍ മാത്രം അഞ്ഞൂറോളം കേന്ദ്രങ്ങളുണ്ടാകും. ജില്ലയില്‍ മാത്രം 10 ലക്ഷം പേരെ പങ്കെടുപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നു റണ്‍ കേരള റണ്ണിന്റെ ജില്ലാ തലസംഘടനാച്ചുമതല വഹിക്കുന്ന മന്ത്രി വി.എസ്. ശിവകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയാവുകയാണ്. പഞ്ചായത്ത്തലത്തില്‍ സമിതികള്‍ രൂപീകരിച്ചു സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കാനാണു ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്തു നടക്കുന്ന കൂട്ടയോട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും പങ്കെടുക്കും. കൂട്ടയോട്ടത്തില്‍ പങ്കെടുക്കാനുള്ള റജിസ്ട്രേഷന്‍ തുടരുകയാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ള, റസിഡന്റ്സ് അസോസിയേഷനുകള്‍, സാമൂഹിക-സാംസ്കാരിക സംഘടനμകള്‍, സ്കൂളുകള്‍, കോളജുകള്‍, ക്ളബ്ബുകള്‍എന്നിവയ്ക്കു 0471 -2165355 എന്ന നമ്പറില്‍ രാവിലെ 10 മുതല്‍വൈകിട്ട് അഞ്ചുവരെ വിളിച്ചു പേര് റജിസ്റ്റര്‍ ചെയ്യാം.