ഞാനുമുണ്ട് കൂടെ

എം.ഹംസ എംഎല്‍എ
പാലക്കാട്: ദേശീയ ഗെയിംസിനു കേരളം ഒരിക്കല്‍ കൂടി വേദിയാകുകയാണ്. മലയാളികള്‍ ഏറെ സന്തോഷത്തോടുംഅഭിമാനത്തോടെയുമാണ് ഇതിനെ കാണുന്നത്. ഒളിംപിക്സ് മാതൃകയില്‍ ഒരു ദേശീയ ഗെയിംസ് നടത്തുകയെന്നതാണു നമ്മുട ലക്ഷ്യം. ഇതു രണ്ടാം തവണയാണു കേരളത്തിലേക്കു ദേശീയ ഗെയിംസ് കടന്നുവരുന്നത്. കായിക ലോകത്ത് ഇന്ത്യയുടെ സ്ഥാനം വളരെ അഭിമാനകരമാണ് എന്നു പറയാനാവില്ല.

കായിക ലോകത്തിന്റെ ഭൂപടത്തില്‍ മുന്‍ നിരയില്‍ തന്നെ നമുക്ക് സ്ഥാനം പിടിക്കേണ്ടതുണ്ട്. നടക്കാന്‍ പോകുന്ന ദേശീയ ഗെയിംസ് അതിനു വേദിയാകുമെന്ന് ഉറപ്പുണ്ട്. ഇന്ത്യയെക്കാള്‍ പിന്നിലുള്ള രാഷ്ട്രങ്ങള്‍ പോലും ഒളിംപിക്സില്‍ സ്വര്‍ണവേട്ട നടത്തുമ്പോള്‍ വിരലിലെണ്ണാവുന്ന മെഡലുകള്‍ മാത്രമാണ് നമുക്ക് ലഭിക്കുന്നത്. ഇതില്‍ഇ ന്ത്യന്‍ കായിക ലോകത്തിനു ദു:ഖമുണ്ട്. ഒളിംപിക്സില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യാനുളള പരിശീലന വേദി കൂടിയാണ് ദേശീയ ഗെയിംസ്.

മല്‍സരം ആരോഗ്യകരമാക്കാനും മൂല്യാധിഷ്ഠിതമാക്കാനും കായികലോകം എന്നും ശ്രദ്ധിച്ചിരുന്നു. ജയവുംപരാജയവും ഏറ്റുവാങ്ങാനുള്ള മനസ് കായിക ലോകത്തിനുണ്ട്.ഒരു നല്ല സംസ്കാരം കേരള ജനതയ്ക്കു പകര്‍ന്നു നല്കാന്‍ദേശീയ ഗെയിംസിനു കഴിയും. അതുകൊണ്ടു തന്നെ റണ്‍ കേരള റണ്‍ ഒരു സംഭവമായി മാറുമെന്നതില്‍ സംശയമില്ല. ഒരു സംസ്ഥാനം മുഴുവന്‍ ഒരു ദിവസം ഒരേ സമയം ഓടുകയാണ്. റൺ കേരള റണ്ണിന് എല്ലാവിധ ആശംസകളും. ഒപ്പം ഓടാന്‍ ഞാനുമുണ്ടാകും.