റണ്‍ കേരള റണ്‍ പുതിയ ചരിത്രമെഴുതും

വി.ടി. ബല്‍റാം

പാലക്കാട്: സംസ്ഥാനത്തു നടക്കുന്ന ദേശീയ ഗെയിംസിന്റെ അടയാളവും കായിക സംസ്കാരത്തിന്റെയും പ്രോത്സാഹനത്തിന്റെയും സന്ദേശവുമായി നടത്തുന്ന റണ്‍ കേരള റണ്‍ എന്ന കൂട്ടയോട്ടത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങി തൃത്താല എംഎല്‍എ വി.ടി. ബല്‍റാം.ദേശീയ ഗെയിംസില്‍ ജനങ്ങളെ പങ്കാളികളാക്കുന്ന 20ലെ കേരളത്തിന്റെ ആകെയുള്ള ആ ഓട്ടത്തില്‍ യുവജനങ്ങളെ ഉള്‍പ്പെടെ പരമാവധിപേരെ പങ്കെടുപ്പിക്കാനാണു ശ്രമം.

രാജ്യത്തിന്റെ കായികഭൂപടത്തില്‍ എന്നും തിളങ്ങി തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തിന്റെ സംഘാടനമികവുകൂടി തെളിയിക്കുന്നതാണു കൂട്ടയോട്ടവും ഗെയിംസ് നടത്തിപ്പുമെന്ന് വി.ടി. ബല്‍റാം പറഞ്ഞു. കായിക വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടിയാണു ഗെയിംസിനൊപ്പം സംസ്ഥാനത്തിനു ലഭിക്കുന്നത്.വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്കുള്ള വലിയ നേട്ടം കൂടിയാണത്. പുതിയ താരങ്ങളുടെഉദയവും നേട്ടംകൊയ്തുകൊണ്ടിരിക്കുന്നവരുടെ മികവ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരവുമാണു ദേശീയ ഗെയിംസ് നല്കുന്നത്.

കായികരംഗത്ത് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ എത്രയോ വന്‍നേട്ടങ്ങള്‍ ഇതിനകം നാം നേടിക്കഴിഞ്ഞു. അതു നിലനിര്‍ത്താനും പുതിയവരെ രംഗത്തെത്തിക്കാനുള്ള അന്തരീക്ഷവും സൃഷ്ടിക്കണം. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉണ്ടാക്കുന്ന റണ് കേരള റണ്‍ സംസ്ഥാന കായിക മേഖലയിലെ ചരിത്രമായി മാറും. കായിക സംസ്കാരം ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു പ്രോത്സാഹനജനകമായ ഈ പരിപാടി.

സ്പോര്‍ട്സിനു മനസ്സുകളെ അതിര്‍ത്തികള്‍ക്കപ്പുറം ഒന്നിപ്പിക്കാന്‍ കഴിയുമെന്നു ലോകചരിത്രം തെളിയിച്ചിട്ടുണ്ട്. സ്പോര്‍ട്സിനുവേണ്ടി യുദ്ധങ്ങള്‍പോലും മാറ്റിവച്ചും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.സമാധാനത്തിന്റെ ചിഹ്നമായ ഒളിംപിക്സിലെ ഒലീവ് ഇലപോലെ റണ് കേരള റണ്‍ മാറും. കായികരംഗത്തിനൊപ്പം സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുണ്ടാക്കാനും അതുവഴി കഴിയും.