റൺ കേരള റൺ ചരിത്രസംഭവമാക്കണം

മന്ത്രി കെ. സി. ജോസഫ്
ശ്രീകണ്ഠപുരം : ദേശീയ ഗെയിംസിന്റെ പ്രചാരണാർഥം 20നു 10.30ന് കേരളത്തിൽ നടക്കുന്ന റൺ കേരള റൺ ചരിത്രസംഭവമാക്കണമെന്നു മന്ത്രി കെ.സി.ജോസഫ്. എല്ലാ സംഘടനകളും വിദ്യാലയങ്ങളും നാട്ടുകാരും ഇതിൽ പങ്കെടുക്കണം. ജാതി, മത,രാഷ്ട്രീയ പരിഗണനകളില്ലാതെയാണ് പരിപാടി നടത്തുന്നത്.നമ്മുടെ നാടിന്റെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള അവസരം കൂടിയാണിത്. ദേശീയ ഗെയിംസ് കേരളത്തിൽ എത്തിയത് ഏറെക്കാലത്തിനു ശേഷമാണ്. സർക്കാർ ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുതാര്യമായാണ് ചെയ്തത്.

ഓരോ ഘട്ടത്തിലും വിശദമായ പരിശോധനകളും നടപടികമ്രങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. കേരളീയരായ നമ്മൾ ദേശീയ ഗെയിംസ് ഇവിടെ നടക്കുന്നതിൽ അഭിമാനിക്കണം. റൺ കേരള റൺ ഇതിന്റെ സന്ദേശം ഓരോ കേന്ദ്രത്തിലും എത്തിക്കാനുള്ള മഹത്തായ സംരംഭമാണ്. പൗരബോധമുള്ളവരെല്ലാം ഇതിന്റെ ഭാഗമാകണം. നമ്മുടെ നാട്ടിലെ വളർന്നുവരുന്ന പൗരൻമാരാണ് വിദ്യാർഥികൾ.

ഇവരിൽ ഇതിന്റെ സന്ദേശംഎത്തിക്കാനും പരിപാടിയുടെ ഭാഗമായി ഓടിക്കാനുമുള്ള ധാർമികബാധ്യത ഇവിടത്തെ അധ്യാപക സമൂഹത്തിന് ഉണ്ടായിരിക്കണം.പൊതുവായ വിഷയങ്ങൾ വരുമ്പോൾ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാനുള്ള മാനസികാവസ്ഥ നമ്മൾക്ക് ഉണ്ടായിരിക്കണം.ദേശീയ ഗെയിംസ് യുഡിഎഫോ, എൽഡിഎഫോ മറ്റു പാർട്ടികളോ നടത്തുന്നതല്ല. ജനങ്ങളുെട പരിപാടിയാണ്.


റൺ കേരള റണ്ണിലേക്ക് കായിക അഭിമാനങ്ങൾ
കണ്ണൂർ: ദേശീയ ഗെയിംസിനു മുന്നോടിയായി സർക്കാരും നാഷനൽ ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റിയും നടത്തുന്ന ‘റൺ കേരള റൺ’ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത് ഒളിംപ്യന്മാർ അടക്കം കായികതാരങ്ങളുടെയും പരിശീലകരുടെയും സംഘാടകരുെടയും നീണ്ടനിര. ജില്ലയെ കായിക ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടിയ ഇവർ ഒത്തുചേരുന്നതു തന്നെ മറ്റൊരു ചരിത്രമാവും. ഒളിംപിക്സ് മെഡൽ നേടാൻഭാഗ്യം ലഭിച്ച ഒരേയൊരു മലയാളി ബർണശേരി സ്വദേശി മാനുവൽ ഫ്രെഡറിക്സ് എത്തുന്നത് ബെംഗളൂരുവിൽ നിന്നാണ്.

1972 മ്യൂണിക് ഒളിംപിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഗോളിയായിരുന്ന ഇദ്ദേഹം ഏറെക്കാലമായി താമസിക്കുന്നതു ബെംഗളൂരുവിലാണ്. ലോക അത് ലറ്റിക് ചാംപ്യൻഷിപ്പിലും ലോക അത് ലറ്റിക് ഫൈനലിലും മെഡൽ നേടിയ ഏക ഇന്ത്യൻ അത് ലറ്റിക് ആയ അഞ്ജു ബോബി ജോർജും എത്തുന്നു. കണ്ണൂരിന്റെ ഈ മരുമകൾ 2004ൽ ആതൻസിലും 2008 ബെയ്ജിങ്ങിലും നടന്ന ഒളിംപിക്സിൽ പങ്കെടുത്തു. 2004 ആതൻസ് ഒളിംപിക്സിൽ ഹൈജംപിൽ രാജ്യത്തെ പ്രതിനിധീകരിച്ച ചെമ്പേരി സ്വദേശി ബോബി അലോഷ്യസും കണ്ണൂരിലെ റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കും.

കേരളത്തിന്റെ മണ്ണിൽ ആദ്യമായി രഞ്ജിട്രോഫി വിജയം നേടിയ നായകൻ ബാബു അച്ചാരത്ത്, മുൻ ഇന്ത്യൻ ഫുട്ബോളറും റിട്ട. ഡിവൈഎസ്പിയുമായ പി.കെ ബാലചന്ദ്രൻ, മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്ടൻ കെ വി. ധനേഷ്, 2005ൽ ഇന്ത്യയിലെ ഏറ്റവും വേഗമാർന്ന ഓട്ടക്കാരിയായി മാറി യ കെ എം ഗ്രീഷ്മ, മുൻ സംസ്ഥാന ചെസ് ചാംപ്യനും നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുമായ വി.എൻ. വിശ്വനാഥൻ,ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള വനിത ബാസ്കറ്റ്ബോൾ ടീം പരിശീലകൻ എം.എ. നിക്കോളാസ്, ജില്ലാസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.കെ വിനീഷ്, സംസ്ഥാന കൗൺസിൽ അംഗം വി.പി.പവിത്രൻ, സി.എച്ച്.അബൂബക്കർ ഹാജി, പവർ ലിഫ്റ്റിങ് ദേശീയ ടീം മാനേജരും മുൻ പരിശീലകനുമായ മോഹൻ പീറ്റേഴ്സ് തുടങ്ങിയവരും കണ്ണൂർ നഗരത്തിൽ നടക്കുന്ന മെഗാ റണ്ണിൽ പങ്കടുക്കും.