ഞാനും ഓടും, മനസ്സുകൊണ്ട്

പന്ന്യൻ രവീന്ദ്രൻ

ദേശീയ ഗെയിംസിന് ആവേശം പകരാൻ നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ ഞാനും പങ്കെടു ക്കും. എന്നാൽ അതു മനസ്സ് കൊണ്ടൊയിരിക്കുമെന്നു മാത്രം. ഡൽഹിയിൽ വച്ചുണ്ടായ വീഴ്ചയിൽ കാലിനു സംഭവിച്ച പരുക്കിന്റെ വേദനയിൽ നിന്ന് ഇതുവരെ പൂർണമായി മോചനം കിട്ടാത്തതിനാൽ മാത്രമാണു താൻ ശരീരം കൊണ്ട് ഈ കൂട്ടയോട്ടത്തിൽ പങ്കെടുക്കാതിരിക്കുന്നത്. ദേശീയ ഗെയിംസ് വിജയിപ്പിക്കേണ്ടത് ഓരോ കേരളീയന്റെയും ഉത്തരവാദിത്തമാണ്. സംസ്ഥാനത്തിന്റെ അഭിമാനം രാജ്യത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കേണ്ട സന്ദർഭമാണിത്. തർക്കങ്ങൾക്കെല്ലാം തൽക്കാലത്തേക്ക് അവധി കൊടുക്കുകയാണു വേണ്ടത്. അവയ്ക്കെല്ലാം പിന്നീടു പരിഹാരമുണ്ടാക്കാം. ഇപ്പോൾ ഗെയിംസിന്റെ വിജയകരമായ നടത്തിപ്പു മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. അതിനാലാണു ശരീരം അനുവദിക്കാഞ്ഞിട്ടും ഞാൻ റൺ കേരള റണ്ണിൽ മാനസിക പങ്കാളിയാകുന്നത്.

കൂട്ടയോട്ടത്തിന് ഞാനും നമ്മളും
എൻ.കെ പ്രേമചന്ദ്രൻ എംപി

നാഡീഞരമ്പുപോൽ കേരളം ഒറ്റക്കെട്ടായി, ഒരേമനസോടെ വിശാലമായ ലക്ഷ്യത്തിലേക്ക് ഓടുന്ന ദിവസമാണ് ഈ മാസം 20. അന്ന് 10.30നു കൊല്ലം നഗരത്തിൽ മറ്റു ജനപ്രതിനിധികൾക്കൊപ്പം റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ ഞാനുമുണ്ടാകും. ദേശീയ ഗെയിംസിനു മുന്നോടിയായി നടക്കുന്ന കൂട്ടയോട്ടം വൻവിജയമാക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണ്. മറ്റു സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ മാതൃക കാട്ടാൻ നമുക്കു കഴിയണം. മറ്റെല്ലാ വികാരങ്ങളും ചിന്തകളും മാറ്റിവച്ച് ഈ മഹദ്സംഭവം ചരിത്രത്തിലെഴുതിവയ്ക്കാൻ നാം ഓരോരുത്തരും മുന്നിലുണ്ടാകണം. കേരളത്തിന്റെ കായിക ചരിത്രത്തിന്റെ തിളക്കമുള്ള ഏടുകൾക്കു കൂടുതൽ തിളക്കം നൽകുന്നതാകണം കൂട്ടയോട്ടം. ഒരേ ദിവസം ഒരേ സമയം കേരളമെമ്പാടും ഏഴായിരം കേന്ദ്രങ്ങളിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഓടുന്നുവെന്ന അത്യപൂർവ സംഭവത്തിന്റെ ഗൗരവം നാം ഉൾക്കൊള്ളണം. തിരക്കിട്ട എല്ലാ പരിപാടികളും മാറ്റിവച്ച് ഓരോരുത്തരും അതതു േകന്ദ്രങ്ങളിൽ കൂട്ടയോട്ടത്തിൽ അണിചേരണം. കൂട്ടയോട്ടം വൻവിജയമാക്കാൻ നിങ്ങളോരോരുത്തരും ഉണ്ടാകണം, ഒപ്പം ഞാനുമുണ്ട്.

കൂട്ടയോട്ടം വൻവിജയമാകണം
കെഎൻ ബാലഗോപാൽ എംപി

ദേശീയ ഗെയിംസ് സ്പോർട്സ്മാൻ സ്പിരിറ്റോടു കൂടി ദേശീയ ഉൽസവമാക്കി മാറ്റണം. 20നു കേരളമെമ്പാടും കൂട്ടയോട്ടം നടക്കുമ്പോൾ കൊല്ലത്ത് അതിനൊപ്പം ഞാനുമുണ്ടാകും. സച്ചിൻ തെൻഡുൽക്കർ തുടങ്ങിയ പ്രമുഖ കായിക താരങ്ങളും സാമൂഹിക - സാംസ്കാരിക നായകരും ഉൾപ്പെടെ എല്ലാവരും പങ്കെടുക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനു വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. അതിന്റെ വിജയത്തിന് എല്ലാ ആശംസയും നേരുന്നു. കൂട്ടയോട്ടവും ദേശീയ ഗെയിംസും ഏറ്റവും നല്ല നിലയിൽ വിജയിപ്പിക്കുക എന്നതാണു പ്രധാന കാര്യം. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ സർക്കാർ ഗൗരവപൂർവം പരിഗണിക്കുകയും പരിഹരിക്കുകയും വേണം. എന്നാൽ ഏറ്റവും പ്രധാന കാര്യം ഗെയിംസിന്റെ വിജയം തന്നെയാണ്. ദേശീയ ഉൽസവമാക്കി മാറ്റുന്നതിനു നമുക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണം.