റൺ കേരള റൺ: കുടുംബശ്രീ വിളംബരയോട്ടം

പത്തനംതിട്ട : ദേശീയ ഗെയിംസിന്റെ ഭാഗമായി 20ന് നടക്കുന്ന റൺകേരള റണ്ണിന്റെ പ്രചാരണാർഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സെന്റ്പീറ്റേഴ്സ് ജംക് ഷനിൽ നിന്നു ഗാന്ധി സ്ക്വയർ വരെ വിളംബരയോട്ടം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഇത്തര മൊരു പരിപാടി. 10 മണിക്ക് സെന്റ് പീറ്റേഴ്സ് ജംക് ഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട ഫ്ലാഗ് ഓഫ് ചെയ്യും ജില്ലാ കലക്ടർ എസ്. ഹരികിഷോർ, ജില്ലാപൊലീസ്
മേധാവി ഡോ. എ. ശ്രീനിവാസ്, നഗരസഭാധ്യക്ഷൻ എ.സുരേഷ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സലിം പി. ചാക്കോ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും നിന്ന് 10 കുടുംബശ്രീ അംഗങ്ങൾ വീതം വിളംബരയോട്ടത്തിൽ പങ്കെടുക്കും. 20ന് അതതു പഞ്ചായത്തുകളിൽ നടക്കുന്ന റൺ കേരള റണ്ണിലും കുടുംബശ്രീ അംഗങ്ങൾ പങ്കാളികളാകും. നാളെ അടൂരിലും ഒൻപതിന് തിരുവല്ലയിലും റൺ കേരള റണ്ണിന് മുന്നോടിയായി വിളംബരയോട്ടം നടക്കും. അടൂരിൽ യുവ ജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിലും തിരുവല്ലയിൽ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലെ കുട്ടികളുെടയും
ജെസിഐയുടെയും പങ്കാളിത്തത്തിലുമാണ് വിളംബരയോട്ടം.

നാടു മുഴുവൻ ഒന്നുചേരുന്ന അസുലഭ സന്ദർഭം
ആന്റോ ആന്റണി എംപി

ദേശീയ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമാണ് ഓരോ വ്യക്തിയിലും ഓരോ കുടുംബത്തിലും ഇൗ കായികമേളയുടെ സന്ദേശം എത്തുന്നത്. ദേശീയ െഗയിംസിനെ വരവേൽക്കാനുള്ള റൺ കേരള റൺ കൂട്ടയോട്ടം അങ്ങനെ വലിയൊരു സംഭവമാകാൻപോകുകയാണ്. കായികരംഗത്ത് പിന്നിലായിപ്പോയ രാഷ്ട്രമാണ് നമ്മുടേത്. ഇനി പ്രതീക്ഷ പുതിയ തലമുറയിലാണ്. അവർക്കിതു വലിയ പ്രചോദനമാകും. റൺകേരള റണ്ണിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കണം. ഭാവിതലമുറയ്ക്കു വേണ്ടിയുള്ള നമ്മുടെ പ്രോത്സാഹനമാണത്. നാടു മുഴുവൻ കുറെ പോയിന്റുകളിലായി ഒന്നു ചേരുന്ന അസുലഭസന്ദർഭമാണ് 20നു രാവിലെ സംഭവിക്കുക. എല്ലാ രംഗത്തു നിന്നുമുള്ളവർ റൺ കേരള റണ്ണിൽ അണി ചേരും. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയെപ്പറ്റിയുള്ള സങ്കൽപത്തിന്റെ ചെറുരൂപമെന്ന് അതിനെ വിശേഷിപ്പിക്കാം. ഇൗ കൂട്ടയോട്ടത്തിൽ, ഏതെങ്കിലും പോയിന്റിൽ നിങ്ങളും കണ്ണിയാകണമെന്നു സ്നേഹപൂർവം ക്ഷണിക്കുന്നു.

കേരളം ആവേശത്തോടെ കാത്തിരിക്കുന്ന മഹാമേള
മാത്യു ടി. തോമസ് എംഎൽഎ

ഇരുപത്തെട്ടു വർഷത്തിനു ശേഷം വീണ്ടും ദേശീയ ഗെയിംസിനു കേരളം വേദിയാകുകയാണ്. കേരളീയ സമൂഹം തികഞ്ഞ ആവേശത്തോടെ കാത്തിരിക്കുന്ന മഹാമേളയാണത്. ഏറ്റവും സുതാര്യമായി ഗെയിംസിന്റെ ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്നും എല്ലാ വിഭാഗീയതയ്ക്കും അതീതമായി എല്ലാവരെയും പങ്കെടുപ്പിച്ച് വിജയിപ്പിക്കണമെന്നുമാണ് എല്ലാവരുടെയും ആഗ്രഹം. ഇൗ ഉത്സവത്തിന് ആതിഥ്യമരുളുന്നവരെ അഭിവാദ്യം ചെയ്യുന്നു. ഗെയിംസിന്റെ സന്ദേശം എല്ലാവരിലും എത്തിക്കാനും ഗെയിംസിനെ വരവേൽക്കുന്ന കേരളത്തിന്റെ ആരവം എല്ലായിടത്തും എത്തിക്കാനുമാണ് റൺ കേരള റൺ കൂട്ടയോട്ടം. അതിൽ പങ്കെടുക്കാൻ ഒരുങ്ങുന്നവർക്കെല്ലാം ആശംസകൾ. എല്ലാവരും റൺ കേരളറണ്ണിൽ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.

കാത്തിരുന്നമേളയിൽ കൈകോർക്കാൻ നീനയും
സീതത്തോട് : കാത്തിരുന്ന സ്വപ്നത്തിനു കൈകോക്കാൻ അന്തർ സർവകലാശാല ഷോട്ട്പുട്ട് താരം നീന എലിസബത്ത് ബേബിയും
റൺ കേരള റണ്ണിൽ ഓടുന്നതിനുള്ള തയാറെടുപ്പിലാണ്. ജില്ലയുടെ അഭിമാനമായിരുന്ന നീന കോതമംഗലത്തേക്കുട്രാക്ക് മാറിയെങ്കിലും മനസ്സ് ഇ
ന്നും മലയോര മേഖലയിലെ പിറന്ന നാട്ടിൽ. കോതമംഗലം എംഎ കോളജിൽ എംകോം ഒന്നാം വർഷ വിദ്യാർഥിനിയായ നീനയും കൂട്ടുകാരും ദേശീയ ഗെയിംസിന്റെ തീയതി കുറിച്ച നാൾ മുതൽ ആഘോഷത്തിമർപ്പിലാണ്. സ്വന്തം നാട്ടിൽ നടക്കുന്ന ദേശീയ ഗെയിംസിൽ തന്റെ മത്സരയിനങ്ങളായ ഷോട്ട്പുട്ടിനും ഡിസ്കസ് ത്രോയ്ക്കും പ്രാധാന്യം ലഭിക്കുമെന്നാണു പ്രതീക്ഷ. പരിശീലന കളരികളിൽ എല്ലാവരും ദേശീയ ഗെയിംസിന്റെ ആവേശത്തിലാണെന്ന് നീന പറഞ്ഞു. ട്രാക്കിൽ കൽതൊട്ട കാലം മുതൽ കാത്തിരുന്ന സ്വപ്നമാണ് യാഥാർഥ്യമാകാൻ പോകുന്നത്. റൺ കേരള റണ്ണിനൊപ്പം ഓടാൻ ദേശീയ താരമെന്ന നിലയിൽ ഞാനും ഉണ്ടാവും. ജൂനിയർ, സീനിയർ വ്യത്യാസം മറന്ന് ഓരോരുത്തരും റൺ കേരള റണ്ണിൽ പങ്കെടുത്ത് നാടിന്റെ ഉത്സവമാക്കി ഇതിനെ മാറ്റണമെന്ന് നീന പറഞ്ഞു.