ഓടിയില്ലെങ്കിൽ മോശമല്ലേ.

മണിയൻപിള്ള രാജു

നമ്മുടെ മൂക്കിനു താഴെ ദേശീയ ഗെയിംസിന്റെ മൽസരങ്ങൾ നടക്കുമ്പോൾ തിരുവനന്തപുരത്തു ജനിച്ചുവളർന്ന എനിക്ക് ഒന്നും കണ്ടില്ലെന്നു നടിച്ച് ഇരിക്കാനാകുമോ? 27 കൊല്ലത്തിനു ശേഷം ദേശീയ ഗെയിംസ് കേരളത്തിലെത്തുമ്പോൾ നമ്മൾ തിരുവനന്തപുരത്തുകാർ സജീവമായി നിന്നിെല്ലങ്കിൽ മോശമാണ്. റൺ കേരള റൺ കൂട്ടയോട്ടത്തിനു തിരുവനന്തപുരത്തു ഞാനുമുണ്ടാകും. ഞാൻ സിനിമയിൽ എത്തിയിട്ടു 40 വർഷമായി. ഇടതു-വലതു പക്ഷങ്ങൾ മാറിമാറി ഭരിക്കുമ്പോഴും ഏതു നല്ല കാര്യം ചെയ്താലും അതുമായി സഹകരിക്കാൻ ഞാൻ തയാറായിട്ടുണ്ട്. ദേശീയ ഗെയിംസ് അത്തരമൊരു നല്ല കാര്യമാണ്. സായി മേധാവി എന്ന നിലയിൽ ഇന്ത്യയിലെ കായിക മേഖലയെ നയിച്ചിരുന്ന ജിജി തോംസൺ, മോഡൽ സ്കൂളിൽ എന്റെ സമകാലികനായിരുന്നു.

നാടു മുഴുവൻ ഒന്നുചേരുന്ന അസുലഭ സന്ദർഭം
ആന്റോ ആന്റണി എംപി

ദേശീയ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമാണ് ഓരോ വ്യക്തിയിലും ഓരോ കുടുംബത്തിലും ഇൗ കായികമേളയുടെ സന്ദേശം എത്തുന്നത്. ദേശീയ െഗയിംസിനെ വരവേൽക്കാനുള്ള റൺ കേരള റൺ കൂട്ടയോട്ടം അങ്ങനെ വലിയൊരു സംഭവമാകാൻപോകുകയാണ്. കായികരംഗത്ത് പിന്നിലായിപ്പോയ രാഷ്ട്രമാണ് നമ്മുടേത്. ഇനി പ്രതീക്ഷ പുതിയ തലമുറയിലാണ്. അവർക്കിതു വലിയ പ്രചോദനമാകും. റൺകേരള റണ്ണിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കണം. ഭാവിതലമുറയ്ക്കു വേണ്ടിയുള്ള നമ്മുടെ പ്രോത്സാഹനമാണത്. നാടു മുഴുവൻ കുറെ പോയിന്റുകളിലായി ഒന്നു ചേരുന്ന അസുലഭസന്ദർഭമാണ് 20നു രാവിലെ സംഭവിക്കുക. എല്ലാ രംഗത്തു നിന്നുമുള്ളവർ റൺ കേരള റണ്ണിൽ അണി ചേരും. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയെപ്പറ്റിയുള്ള സങ്കൽപത്തിന്റെ ചെറുരൂപമെന്ന് അതിനെ വിശേഷിപ്പിക്കാം. ഇൗ കൂട്ടയോട്ടത്തിൽ, ഏതെങ്കിലും പോയിന്റിൽ നിങ്ങളും കണ്ണിയാകണമെന്നു സ്നേഹപൂർവം ക്ഷണിക്കുന്നു.

കേരളം ആവേശത്തോടെ കാത്തിരിക്കുന്ന മഹാമേള
മാത്യു ടി. തോമസ് എംഎൽഎ

ഇരുപത്തെട്ടു വർഷത്തിനു ശേഷം വീണ്ടും ദേശീയ ഗെയിംസിനു കേരളം വേദിയാകുകയാണ്. കേരളീയ സമൂഹം തികഞ്ഞ ആവേശത്തോടെ കാത്തിരിക്കുന്ന മഹാമേളയാണത്. ഏറ്റവും സുതാര്യമായി ഗെയിംസിന്റെ ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്നും എല്ലാ വിഭാഗീയതയ്ക്കും അതീതമായി എല്ലാവരെയും പങ്കെടുപ്പിച്ച് വിജയിപ്പിക്കണമെന്നുമാണ് എല്ലാവരുടെയും ആഗ്രഹം. ഇൗ ഉത്സവത്തിന് ആതിഥ്യമരുളുന്നവരെ അഭിവാദ്യം ചെയ്യുന്നു. ഗെയിംസിന്റെ സന്ദേശം എല്ലാവരിലും എത്തിക്കാനും ഗെയിംസിനെ വരവേൽക്കുന്ന കേരളത്തിന്റെ ആരവം എല്ലായിടത്തും എത്തിക്കാനുമാണ് റൺ കേരള റൺ കൂട്ടയോട്ടം. അതിൽ പങ്കെടുക്കാൻ ഒരുങ്ങുന്നവർക്കെല്ലാം ആശംസകൾ. എല്ലാവരും റൺ കേരളറണ്ണിൽ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.

ഈ ഓട്ടം ഞങ്ങൾക്കുള്ള കയ്യടി!
വിക്ടർ മഞ്ഞില
ഇരുപതിനു 10.30നു നടക്കുന്ന റൺകേരള റൺ ഓട്ടത്തിൽ പൂർണമനസോടെ ഞാൻ ഒപ്പമുണ്ടാകും. പക്ഷേ, അതിൽ പങ്കെടുക്കാനാവില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു. മുൻപേ ചിട്ടപ്പെടുത്തിയ ഒരു വിദേശയാത്രമൂലം ആ ദിവസങ്ങളിൽ ഞാൻ നാട്ടിലില്ല.പക്ഷേ 20ന് എന്റെ മനസ്സ് നിങ്ങളോടൊപ്പമുണ്ടാകും. ഞങ്ങൾ കായികതാരങ്ങൾ കളത്തിൽ നിൽക്കുമ്പോൾ കാണികളുടെ കയ്യടിയാണു കരുത്ത്. അതാണ് ഊർജം. ഇതേ കയ്യടിയുടെ ഫലമാണ് കായികതാരങ്ങൾക്ക് ദേശീയ ഗെയിസിനോടനുബന്ധിച്ചുള്ള റൺകേരള റൺ ഓട്ടം പ്രദാനം ചെയ്യുന്നത്. നാടുമുഴുവൻ കായികത്തിനുവേണ്ടി ഒന്നിക്കുന്നു എന്നു കേൾക്കുമ്പോൾ ഞങ്ങൾ കായിക താരങ്ങൾക്ക് ഇതിൽപരമൊരു സന്തോഷമുണ്ടോ?എന്റെ നാട്ടുകാരെല്ലാം അതിൽ പങ്കെടുക്കണമെന്നാണ് എന്റെ അഭിപ്രായം.

ആരോഗ്യം അനുവദിച്ചിരുന്നെങ്കിൽ
ടി.കെ ചാത്തുണ്ണി (ഫുട്ബോൾ പരിശീലകൻ)
വിസിൽ മുഴങ്ങിയാൽ അനങ്ങാതെ അടങ്ങിയിരുന്നു ശീലമില്ല. പക്ഷേ,റൺ കേരള റൺ കൂട്ടയോട്ടത്തിനു വിസിൽ മുഴങ്ങുമ്പോൾ അനങ്ങാതി രിക്കാതെ നിവൃത്തിയില്ല. അനാരോഗ്യം അനുവദിക്കാത്തതു തന്നെ കാരണം. കാലിനേറ്റ പരുക്കു മൂലം അൽപനാളായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് ഞാൻ. ആരോഗ്യം വീണ്ടെടുത്ത് ഓടാനും ചാടാനുമൊക്കെ കുറച്ചുദിവസങ്ങൾ കൂടി കാത്തിരിക്കണമെന്നു ചികിത്സകർ പറയുന്നു. പക്ഷേ, ദേശീയ ഗെയിംസ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ ആരവങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കാൻ മനസ് അനുവദിക്കുന്നതേയില്ല. നമ്മുടെ നാടിന്റെ കൂട്ടായ്മയും ആവേശവുമൊക്കെ കൂട്ടയോട്ടത്തിൽ പ്രതിഫലിക്കണം. കൊടിയുടെ ഭേദമില്ലാതെ എല്ലാവരും ഒന്നിച്ചോടുന്നതു കാണുന്നതു തന്നെ സന്തോഷകരം. മനസു കൊണ്ട് ഞാനും ഓടും നിങ്ങളോടൊപ്പം.