കായിക പ്രേമികൾക്ക് പുത്തൻ ഉണർവാകും

ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാൻ

ദേശീയ ഗെയിംസ് എന്ന കായിക മാമാങ്കത്തിന് ആതിഥേയരാകാനുള്ള തയാറെടുപ്പിലും ആവേശത്തിലുമാണു കേരളീയരായ നാം 27 വർഷത്തിനു ശേഷം കേരള മണ്ണിൽ നടക്കാൻ പോകുന്നദേശീയ ഗെയിംസ് മലയാളിയിൽ ജനിപ്പിക്കുന്ന കായികാവേശം കുറച്ചൊന്നുമല്ല. എല്ലാവിധ വിഭാഗീയ തകൾക്കുമപ്പുറം ഒരു മനസ്സോെട ഒറ്റക്കെട്ടായി ഈ ദേശീയോൽസവത്തെ വരവേൽക്കാൻ കേരളം സജ്ജമായിക്കഴിഞ്ഞുവെന്നതിന്റെ തെളിവാണു ദേശീയ ഗെയിംസ് വിളംബരം ചെയ്തുകൊണ്ട് 20നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം.

റൺ കേരള റണ്ണിലൂെട കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും ലോകത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടും എന്നു മാത്രമല്ല കേരളത്തിന്റെ ഐക്യവും ശക്തിയും പ്രതിഫലിക്കുന്ന റൺ കേരള റൺ രാജ്യത്താകെ കായികാവേശത്തിന്റെ അലയൊലികൾ സൃഷ്ടിക്കുകയും ചെയ്യും. മലയാള മനോരമയുെട സംഘാടന മികവിൽ കേരളം ഒന്നടങ്കം റൺ കേരള റണ്ണിൽ അണിചേരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ദേശീയ ഗെയിംസിനെ കായികോത്സവമായി മാത്രം കാണരുത്. അത് ഒട്ടേറെ സംസ്കാരങ്ങളുെടയും ജീവിതരീതികളുടെയും ആശയങ്ങളുടെയും സമന്വയ വേദികൂടിയാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്നു ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരമാണ് ഈ കായികോൽസവ ദിനങ്ങളിൽ സമ്മേളിക്കുന്നത്.

അക്കൂട്ടത്തിൽ കേരളീയ സംസ്കാരവും അതിന്റെ തനിമയിൽ തന്നെ പ്രതിഫലിക്കപ്പെടണം. ജാതി, വർഗ,വർണ വ്യത്യാസങ്ങളില്ലാത്ത, രാഷ്ട്രീയ വിലപേശലില്ലാത്ത, തരം തിരിവുകളില്ലാത്ത ജനതയുടെ ഉണർവിന്റെ അവസരമാക്കി കേരള മണ്ണിൽ നടക്കുന്ന ദേശീയ ഗെയിംസിനെ മാറ്റിയെടുക്കാൻ നമ്മുടെ നാടിനു സാധിക്കട്ടെ എന്നാശിക്കുന്നു. കായികരംഗത്തു വളരെയേറെ പ്രതിഭകളെ സംഭാവന ചെയ്ത കേരളത്തിനു ദേശീയ ഗെയിംസ് ഏറെ ആവേശവും പ്രതീക്ഷയുമാണു നൽകുന്നത്.

ദീർഘനാളുകളായി നടന്നുവരുന്ന പരിശ്രമങ്ങളെ ഫലപ്രാപ്തിയിലെത്തിച്ചു കൊണ്ടു ഭാവിയുടെ കായിക വാഗ്ദാനങ്ങൾക്കു പ്രോത്സാഹനം കൂടിയായി മാറണം ദേശീയ ഗെയിംസ്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ എന്നപോലെ കായിക രംഗത്തും ഭാരതത്തിലെ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ഈ കായിക മാമാങ്കം കേരളത്തെ സഹായിക്കട്ടെയെന്നും, ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ഓരോ കായികതാരത്തിനും കൂടുതൽ ദൂരവും ഉയരവും വേഗവും കണ്ടെത്താൻ കഴിയട്ടെന്നും ഞാൻ പ്രാർഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.