സച്ചിനൊപ്പം ഓടാൻ ആഗ്രഹമെന്നു കാവ്യ

തിരുവനന്തപുരം : റൺ കേരള റണ്ണിൽ സച്ചിൻ തെൻഡുൽക്കറിനൊപ്പം ഓടണമെന്നു വലിയ ആഗ്രഹമു ണ്ടെന്നു നടി കാവ്യ മാധവൻ. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനിൽനിന്നു സിഡി ഏറ്റുവാങ്ങി റൺ കേരള റൺ തീം സോങ് പ്രകാശനം ചെയ്യുകയായിരുന്നു കാവ്യ. കൂട്ടയോട്ടം നടക്കുന്ന 20നു താൻ ചെന്നൈയിൽ ആയതിനാൽ എത്താൻ സാധിക്കുമോയെന്നു സംശയമുണ്ടെന്നും കാവ്യപറഞ്ഞു.

തിരക്കുകൾ മാറ്റിവച്ച് എന്തുവന്നാലും കൂട്ടയോട്ടത്തിനു തലസ്ഥാനത്ത് എത്തണമെന്നു തിരുവഞ്ചൂർ പറഞ്ഞപ്പോൾ പരമാവധി ശ്രമിക്കാമെന്നു കാവ്യ ഉറപ്പു നൽകി. തീം സോങ്ങിന് ഈണമിട്ട പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, എം.എ. വാഹിദ് എംഎൽഎ തുടങ്ങിയവരും സന്നിഹിതരായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവി ഒ.എൻ.വി. കുറുപ്പാണ് അകലങ്ങളിൽനിന്ന് അകലങ്ങളിലേക്ക് ഇതിലേ പായുക നമ്മൾ..എന്നു തുടങ്ങുന്ന ഗാനം എഴുതിയത്.

പ്രശസ്ത ഗായകൻ ഹരിചരണും സംഘവും ചേർന്ന് ആലപിക്കുന്നു. വാതിലിൽ ആ വാതിലിൽ...,മഴയിൽ പൂ മഴയിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് മലയാള ഗാനങ്ങളിലൂടെയും കാവ്യതലൈവൻ എന്ന തമിഴ് ചിത്രത്തിലെ ഗാനങ്ങളിലൂടെയും ഹരിചരൺ ശ്രദ്ധേയനാണ്. 20നു രാവിലെ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും ഈ ഗാനം ഉയരും. ഗാനം റൺ കേരള റണ്ണിന്റെ വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം.