ആനന്ദപൂർവം ഓടിയെത്തുന്നു; നൂറു കണക്കിന് സ്ഥാപനങ്ങൾ

 തിരുവനന്തപുരം : ദേശീയ ഗെയിംസിന്റെ ആവേശം കേരളമൊന്നാകെ എത്തിക്കുന്ന റൺ കേരള റണ്ണിൽ നഗരത്തിലെ നൂറുകണക്കിനു സ്ഥാപനങ്ങളും സംഘടനകളും ഒറ്റക്കെട്ടായി. ടെക്നോപാർക്കിലെ വിവിധ കമ്പനികളും എൽഎൻസിപിഇ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഫ്ളാഷ് മോബും എയ്റോബിക് പ്രകടനവുമായി റൺ കേരളയ്ക്കു പിന്തുണ നൽകും.20നു രാവിലെ 10.30നു നടക്കുന്ന കൂട്ടയോട്ടം ചരിത്ര സംഭവമാക്കാൻ സ്ഥാപനങ്ങളും സംഘടനകളും സ്പോർട്സ്മാൻ സ്പിരിറ്റോടെ മൽസരിക്കുകയാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ നേതൃത്വത്തിൽ മത, ജാതി, രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ഒന്നാകെ ഒഴുകുന്ന കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കരാട്ടെ അസോസിയേഷൻ ഉൾപ്പെടെയുള്ള അനവധി പ്രഫഷനൽ, സ്പോർട്സ്, സന്നദ്ധ സംഘടനകൾ ഇതിനകം മുന്നോട്ടുവന്നിട്ടുണ്ട്. മിക്ക സംഘടനകളും സ്വന്തം ടീഷർട്ടു കളുമായി കൂട്ടയോട്ടത്തിനെ വർണാഭമാക്കും.

റൺ കേരള റണ്ണിന്റെ ആവേശത്തിൽ ട്രിവാൻഡ്രം ഓർത്തോപീഡിക് സൊസൈറ്റി പങ്കെടുക്കും. പ്രത്യേക ടിഷർട്ട് അണിഞ്ഞു ഡോക്ടർമാർ കുമാരപുരത്തു നിന്നു കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്നു ട്രിവാൻഡ്രം ഓർത്തോപീഡിക്സൊസൈറ്റി സെക്രട്ടറിഡോ.എ. ഷിജു മജീദ് പറഞ്ഞു. വ്യായാമത്തിനു ജീവിതത്തിലുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനു കൂടിയാണ് അസ്ഥിരോഗവിദഗ്ധർ കൂട്ടയോട്ടത്തിൽ പങ്കെടുക്കുക. ലോകത്തിലെ ഏറ്റവും മാന്യനായ കായികതാരത്തോടൊപ്പം ഓടാൻ കാത്തിരിക്കുകയാണെന്ന് എയർ ട്രാവൽ എന്റർപ്രൈസസിലെയും കിംസ് ആശുപത്രിയിലെയും ജീവനക്കാരും താനുമെന്ന് എടിഇ ഗ്രൂപ് ചെയർമാനും കിംസ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഇ.എം. നജീബ് പറഞ്ഞു. റൺ കേരള റണ്ണിൽ 2000 കരാട്ടെ താരങ്ങളും പങ്കെടുക്കും. കേരള കരാട്ടെ േഗാ അസോസിയേഷനാണു റൺ കേരള റണ്ണിൽ തലസ്ഥാനത്തു മാത്രം 2000 താരങ്ങളെ അണിനിരത്തുക. കരാട്ടെ വസ്ത്രങ്ങളണിഞ്ഞായിരിക്കും താരങ്ങൾ കൂട്ടയോട്ടത്തിൽ പങ്കെടുക്കുകയെന്ന് അസോസിയേഷൻ പ്രസിഡന്റ് എൻ. ജയരാജ് എംഎൽഎ, സെക്രട്ടറി സാക്കു എന്നിവർ പറഞ്ഞു.

പത്മശ്രീ ജേതാവായ ഷൈനി വിൽസണിന്റെ നേതൃത്വത്തിൽ എഫ്സിഐയിലെ എഴുപത്തിയഞ്ചോളം ജീവനക്കാർ കൂട്ടയോട്ടത്തിൽ പങ്കെടുക്കും. എസ്ബിടി, എസ്ബിഐ, റിസർവ് ബാങ്ക്, കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ, ഗവ. പ്രസ്, ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ, ലോ കോളജ്, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്റ് തുടങ്ങി അനവധി സ്ഥാപനങ്ങളും സംഘടനകളും ഇതിനകം മുന്നോട്ടു വന്നിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ആദ്യകാല സർവീസ് സംഘടനകളിലൊന്നായ കേരള ലോ സെക്രട്ടറിയേറ്റ് അസോസിയേഷൻ റൺ കേരള റണ്ണിൽ പങ്കെടുക്കും.അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്നു ജന.സെക്രട്ടറി ഡോ.ഡി. തങ്കരാജു പറഞ്ഞു.ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കർ ബ്രാൻഡ് അംബാസഡറായ ദേശീയ ഗെയിംസിനു മുന്നോടിയായുള്ള റൺ കേരള റണ്ണിൽ സംസ്ഥാനത്തു ലക്ഷക്കണക്കിനു യുവജനങ്ങളെ അണിനിരത്തുമെന്നു സംസ്ഥാന യുവജന കമ്മിഷൻ അംഗം സ്വപ്ന ജോർജ് പറഞ്ഞു. കമ്മിഷൻ ചെയർമാൻ ആർ.വി. രാജേഷിന്റെ നേതൃത്വത്തിൽ ഇതിനുള്ള തയാറെടുപ്പുകൾ ത്വരിതവേഗത്തിലാണ് .

ദേശീയ ഗെയിംസിന് ആവേശം പകരുന്ന റൺ കേരള റണ്ണിൽ പങ്കെടുക്കുമെന്നു റൂറൽ ഒളിംപിക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. റൺ കേരള റണ്ണിൽ വിവിധ കേന്ദ്രങ്ങളിൽ അസോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കുമെന്നു സംസ്ഥാനപ്രസിഡന്റ് എം. സുധീന്ദ്രനും ജന.സെകട്ട്രറി ആർ. അജിരാജകുമാറും പറഞ്ഞു.റൺ കേരള റണ്ണിൽ രക്തദാതാക്കളുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ഷെയർ മൈ ബ്ലഡ് ഡോട്ട് ഓർഗ് പങ്കാളികളാകുമെന്നു ഷെയർ മൈ ബ്ലഡ് ചെയർമാനും ചലച്ചിത്രസംവിധായകനുമായ സിദ്ദീഖ്, എക്സിക്യൂട്ടിവ് ഡയറക്ടർ അജി ബി. റാന്നി എന്നിവർ അറിയിച്ചു. അതിർവരമ്പുകളില്ലാത്ത രക്തം പോലെ 20നു കേരളം ഒന്നായി ഒഴുകുമെന്നു സംഘടന പറഞ്ഞു. ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായുള്ള മുറിഞ്ഞപാലം സിഐഎംആർ 100 പേരെ പങ്കെടുപ്പിക്കും. ഈ വർഷം അമേരിക്കയിൽ നടക്കുന്ന സ്പെഷൽ ഒളിംപിക്സിലേക്കു തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ളവർ കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്ന് സിഐഎംആർ ഡയറക്ടർ ഫാ. തോമസ് ഫെലിക്സ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബെറ്റ്സി എന്നിവർ പറഞ്ഞു. ശാസ്ത്രീയമായ പരിശീലനത്തെത്തുടർന്നു കുതിര സവാരി നടത്തുന്നവരും വാഹനങ്ങ ളോടി ക്കുന്നവരും സ്പെഷൽ സ്കൂളിലെ വിദ്യാർഥികളായുണ്ട്. റൺ കേരള റണ്ണിലെ പ്ലാമൂട്ടിലെ പോയിന്റിൽ മറൈൻ എൻഫോഴ്സ്മെന്റിന്റെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും യൂണിഫോമിൽ പങ്കെടുക്കുമെന്ന് മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ താരവും മറൈൻ എൻഫോഴ്സ്മെന്റ് അസി. കമ്മിഷണ റുമായ സിജിമോൻ േജാർജ് പറഞ്ഞു.