റൺ കേരള റണ്ണിന് യുവത്വത്തിന്റെ പിന്തുണ; ആവേശമായി ഫ്ലാഷ്മോബ്

പുത്തൂർ ∙ റൺ കേരള റൺ കൂട്ടയോട്ടത്തിനു പിന്തുണ പ്രഖ്യാപിച്ചു പുത്തൂരിൽ നടത്തിയ ഫ്ലാഷ് മോബ് ടൗണിനു സമ്മാനിച്ചത് അദ്ഭുതത്തിന്റെയും ആവേശത്തിന്റെയും കൗതുകക്കാഴ്ചകൾ. വൈകിട്ട് മൂന്നരയോടെയാണ് ഫ്ലാഷ് മോബിനു നഗരം സാക്ഷ്യം വഹിച്ചത്. ബൈക്കിലെത്തിയ രണ്ടു യുവാക്കൾ റോഡരികിൽ നിരത്തിവച്ചിരിക്കുന്ന ഡ്രംസെറ്റിൽ നിന്നു രണ്ടെണ്ണമെടുത്തു പ്രകടനം തുടങ്ങി. കാണികളുടെ ശ്രദ്ധ കൊട്ടുകാരിലേക്കു തിരിഞ്ഞപ്പോഴേക്കും പലയിടത്തു നിന്നായി യുവാക്കൾ ഡ്രം ബാൻഡിൽ അണിചേരാൻ തുടങ്ങി. ഇതെന്തു കഥ എന്നു കാണികൾ വായ്പൊളിച്ചു നോക്കിനിക്കുമ്പോഴേക്കും യുവാക്കൾ നൃത്തച്ചുവടുകളുമായി റോഡിലൂെട മുന്നേറി. ഡ്രം ബാൻഡ് വീക്ഷിച്ചു നടന്നെത്തിയ മൂന്നു യുവതികൾ മനോഹരമായ നൃത്തച്ചുവടുകളുമായി സംഘത്തിൽ േചർന്നതോടെ കാണികളുടെ അമ്പരപ്പ് ഇരട്ടിച്ചു. വാദ്യവും നൃത്തവുമായി സംഘം വീഥി കീഴടക്കുന്നതിനിടെ ആർപ്പുവിളികളുമായി എത്തിയ മറ്റൊരു സംഘം യുവാക്കൾ ഫ്ലാഷ് മോബിനു മുന്നിൽ റൺ കേരള റണ്ണിന്റെ ബാനർ വീശിക്കാട്ടിയപ്പോഴാണ് കാണികൾക്കു കാര്യം പിടികിട്ടിയത്. വ്യാപാരിസമൂഹവും ടൗണിലെത്തിയവരുമായി വൻ ജനസഞ്ചയമാണ് ഫ്ലാഷ്മോബ് കാണാൻ ചുറ്റും കൂടിയത്. പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് നാസിക് ധോൾടീം ക്യാപ്റ്റൻ സിജോ സാലു, മാനേജർ ജിനു കോശി എന്നിവരുെട നേതൃത്വത്തിൽ 15 അംഗ സംഘമാണ് ഡ്രംബാൻഡിൽ താളവിസ്മയം തീർത്തത്. ഉമാ മഹേശ്വരി, ദേവിക, ഊർമിളാ പിള്ള എന്നിവർ നൃത്തവിരുന്നൊരുക്കി. പവിത്രേശ്വരം മാധവശേരി സെന്റ് തേവോദോറോസ് ഓർത്തഡോക്സ് യൂത്ത് ലീഗ് ഭാരവാഹികളായ ജിജോ തോമസ്, ടി.ജെ. ജോബ്സൺ എന്നിവരുെട നേതൃത്വത്തിലെത്തിയ പ്രവർത്തകരും ഫ്ലാഷ്മോബിൽ സജീവമായി. ടീം ക്രിറ്റീവിന്റെ നേതൃത്വത്തിലായിരുന്നു ആസൂത്രണം.


സ്നേഹതീരത്തിലും റൺ കേരള റൺ ആവേശം
പത്തനാപുരം ∙ റൺ കേരള റണ്ണിൽ പങ്കെടുക്കാൻ ഒരുങ്ങി വിളക്കുടി സ്നേഹതീരം ആരോരുമില്ലാത്തവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ളശ്രമങ്ങളുടെ ഭാഗമായാണു റൺ കേരള റണ്ണിൽ പങ്കെടുക്കുന്നതെന്നു സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ ചിറയിൽ പറഞ്ഞു.മാരത്തണിൽ പങ്കെടുക്കാൻ അന്തേവാസികൾക്കു പ്രത്യേക പരിശീലനം നൽകുന്നുണ്ട്. രാവിലെയും വൈകിട്ടും പ്രത്യേകം ഓട്ടം നടത്തിയാണു തയാറെടുപ്പുകൾ.ഫുട്ബോൾ ക്ലബ്ബായ പത്തനാപുരം ടിഎഫ്സി, എസ്എൻഡിപി താലൂക്ക് യൂണിയൻ, ക്ലബ്ബുകൾ, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂർ, പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകൾ എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേകം ടച്ച് പോയിന്റുകൾ കേന്ദ്രീകരിച്ച് ഓടുന്നതിനും തീരുമാനമായി.