റണ്‍ കേരള റണ്ണിനെ ഉല്‍സവമാക്കാന്‍ കൂരോപ്പട പഞ്ചായത്ത്

കൂരോപ്പട . റണ്‍ കേരള റണ്ണിനെ ഉല്‍സവമാക്കി മാറ്റാന്‍ കൂരോപ്പട പഞ്ചായത്ത് തീരുമാനിച്ചു. പഞ്ചായത്തിലെ പ്രധാന മൂന്നു വഴികളില്‍നിന്നു നൂറുകണക്കിന് ആളുകള്‍ റണ്‍ കേരള റണ്ണില്‍ പങ്കെടുത്തു ബൈപാസ് റോഡ് ജംക്ഷനില്‍ സംഗമിക്കുമെന്നു പ്രസിഡന്റ് അമ്പിളി മാത്യുവും വൈസ് പ്രസിഡന്റ് കെ.പി. മാത്യുവും അറിയിച്ചു. ചെമ്പരത്തിമൂട്, കൂരോപ്പട എസ്എന്‍ഡിപി, അച്ചന്‍പടി എന്നിവിടങ്ങളാണ് സ്റ്റാര്‍ട്ടിങ് പോയിന്റുകള്‍.      

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ലൈബ്രറികള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ദേശീയ തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, വിവിധ മത സംഘടനകള്‍, സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിചേരും. ഇതുസംബന്ധിച്ചു പഞ്ചായത്തില്‍ വിവിധ സംഘടന പ്രതിനിധികളെ വിളിച്ചു ചേര്‍ത്തു യോഗം നടത്തി തീരുമാനമെടുത്തു. പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ പോയിന്റുകളില്‍നിന്നു റണ്‍ കേരള റണ്ണിനു നേതൃത്വം നല്‍കും.

മണര്‍കാട് . യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി, സെന്റ് മേരീസ് കോളജ് കെഎസ്യു യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ മാലം ജംക്ഷന്‍ മുതല്‍ റണ്‍ കേരള റണ്ണില്‍ പങ്കെടുക്കുമെന്നു പ്രസിഡന്റ് സന്ദീപ് എസ്.നായര്‍, കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറി ബിനു പാതയില്‍ എന്നിവര്‍ അറിയിച്ചു.